പ്രമേഹം ഔട്ട്‌

Friday Jan 6, 2023

കോഴിക്കോട് > അരങ്ങിൽ തകർത്താടി വിജയം സ്വന്തമാക്കിയാലും അശ്വിനും സുനുവും ആഘോഷിക്കുന്നത്‌ മധുരം നുണഞ്ഞല്ല. ചെറുപ്പംമുതൽ കൂട്ടുകിട്ടിയ ടൈപ്പ്‌ വൺ പ്രമേഹത്തോടുംകൂടിയാണ്‌ ഇവരുടെ പോരാട്ടം. അതുകൊണ്ട്‌ വിജയമധുരത്തിന്റെ വില ഇരുവർക്കുമറിയാം; മറ്റാരെക്കാളും.

തൊട്ടുമുന്നിലെ മത്സരാർഥി വേദിവിടുന്നതിന്‌ ഏഴു മിനിറ്റുമുമ്പ്‌ അശ്വിൻ വിരൽത്തുമ്പിൽ സൂചികുത്തി രക്തമെടുത്തു. ഗ്ലൂക്കോമീറ്ററിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച്, അമ്മയെ നോക്കി പേടിക്കേണ്ടതില്ലെന്ന് ആംഗ്യംകാട്ടി സ്‌റ്റേജിൽ കയറി. മറ്റൊരു വേദിയിൽ എച്ച്‌എസ്‌എസ്‌ പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിനൊരുങ്ങിയ പത്തനംതിട്ട തൊട്ടക്കോണം ജിഎച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാർഥിനി സുനു സാബു ചിലങ്കയ്‌ക്കൊപ്പം ശരീരത്തിൽ ഘടിപ്പിച്ച ഇൻസുലിൻ പമ്പുകൂടി ഉറപ്പിച്ചുവച്ചു. ഫലംവന്നപ്പോൾ ഇരുവർക്കും എ ഗ്രേഡ്‌.

പത്താംവയസ്സുമുതൽ അശ്വിൻ ടൈപ്പ് വൺ പ്രമേഹബാധിതനാണ്‌. അന്നുമുതൽ സൂചികുത്തലിന്റെ നിരന്തരവേദന. കാസർകോട്‌ ചെമ്മനാട് പരവനടുക്കം ഗവ. സ്കൂളിലെ  പ്ലസ് വൺ വിദ്യാർഥിയാണ്. ദിവസം എട്ടുതവണ വിരൽത്തുമ്പിൽ സൂചികുത്തി രക്തമെടുത്ത് പരിശോധിക്കും. നാലുതവണ ഇൻസുലിൻ കുത്തിവയ്ക്കും. മാസം 240 ഇൻസുലിൻ സ്ട്രിപ്പ്‌ വേണം. ഇതിൽ 50 എണ്ണം സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ ലഭിക്കും. ചികിത്സയ്ക്ക്‌ മാസം 15,000 രൂപ ചെലവാകും.

ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ചാൽ സൂചികുത്താതെ പഞ്ചസാരയുടെ അളവ് അറിയാനാകും. ഇതിന് ആറുലക്ഷം രൂപയും മാസം 21,000 രൂപ വേറെയും വേണം. ഇതിനുള്ള സാമ്പത്തികമില്ല. പരുമ്പള ചെല്ലുഞ്ഞി നടുവിൽവീട്ടിൽ രവീന്ദ്രനാണ് അച്ഛൻ. അനിയൻ ആരോമൽ. ആറാംവയസ്സിലാണ് സുനുവിനെ ടൈപ്പ് വൺ പ്രമേഹം പിടികൂടിയത്. അന്നുമുതൽ ഇൻസുലിൻ പമ്പ്‌ ശരീരത്തിന്റെ ഭാഗം. അരങ്ങിൽ നടനമാടുമ്പോൾ ചുവടുകൾക്കൊപ്പം ഇൻസുലിൻ പമ്പ് അഴിയാതിരിക്കാനും ശ്രദ്ധവേണം. വെല്ലുവിളികളെ അതിജീവിച്ച്‌ എ ഗ്രേഡിന്റെ തിളക്കവും. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും നൃത്തവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. അച്ഛൻ സാബു ജോർജ് ഡ്രൈവറും അമ്മ അനുവിന് തയ്യൽജോലിയുമാണ്. കേരളനടനത്തിലും മത്സരിക്കുന്നുണ്ട്‌.