അയ്യപ്പചരിതവുമായി
 സെന്റ് സെബാസ്റ്റ്യൻസ്‌ എച്ച്എസ്എസ്

ചവിട്ടുനാടകത്തിൽ ഗോതുരുത്തുസംഘം പ്രതീക്ഷ തെറ്റിച്ചില്ല.

Friday Jan 6, 2023

കോഴിക്കോട്
ചവിട്ടുനാടകത്തിൽ ഗോതുരുത്തുസംഘം പ്രതീക്ഷ തെറ്റിച്ചില്ല. കലോത്സവങ്ങളിലെ നിറസാന്നിധ്യമായ എറണാകുളം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ്‌ എച്ച്എസ്എസ് ഇക്കുറിയും എ ഗ്രേഡ് നേടിയാണ് മടക്കം.  എച്ച്‌എസ്‌എസ്‌ മത്സരത്തിൽ അയ്യപ്പചരിതം അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടി. അയ്യപ്പന്റെ ജനനംമുതൽ മഹിഷിയെ ശാപത്തിൽനിന്ന്‌ മോചിപ്പിച്ച്‌ മാളികപ്പുറത്തമ്മയായി കുടിയിരുത്തുന്നതും പുലിപ്പുറത്തുള്ള മടക്കവുംവരെയാണ് അരങ്ങിലെത്തിച്ചത്. നാട്ടുകാരൻതന്നെയായ ജോസഫ് സലീമിനുകീഴിൽ നാലുമാസത്തെ പരിശീലനത്തിനൊടുവിലാണ് പ്രകടനം. കഥ നാടകമാക്കി അണിയിച്ചൊരുക്കിയതും സലീമാണ്.

ക്രിസ്ത്യൻ കഥകളിൽനിന്ന് വ്യത്യസ്തമായി ഹിന്ദുപുരാണങ്ങളെ അടിസ്ഥാനമാക്കി ചവിട്ടുനാടകകഥകൾ രചിക്കാമെന്നത്‌ കേരള ചവിട്ടുനാടക അക്കാദമിയുടെ തീരുമാനമായിരുന്നു. നാലുവർഷമായി അക്കാദമി പുരാണകഥകളും അരങ്ങിലെത്തിക്കുന്നു. ചവിട്ടുനാടകം കലോത്സവത്തിൽ ഉൾപ്പെടുത്തിയ 2013 മുതൽ ഗോതുരുത്ത്‌ സ്കൂൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങുന്നു. 2013ലെ സംഘത്തിലുണ്ടായിരുന്ന ബോവാസ് ജോയി ഇന്നത്തെ സഹപരിശീലകനാണ്.