ആരുതൊടും സ്വര്‍ണക്കപ്പ്
Friday Jan 6, 2023
കോഴിക്കോട് > കൈവിട്ടുപോയ കിരീടം നാട്ടുകാരുടെ മുന്നിൽ കോഴിക്കോട്ടുകാർക്ക് ഏറ്റുവാങ്ങണം. പാലക്കാടിന് തുടർച്ചയായ മൂന്നാംകിരീടമാണ് നോട്ടം. എല്ലാവരുടെയും പൂതി തകർത്ത് 22 വർഷത്തിനുശേഷം കപ്പ് സ്വന്തമാക്കുകയാണ് കണ്ണൂരുകാരുടെ മോഹം. ആ ഓട്ടത്തിൽ മൂന്നാംനാൾവരെയും മുന്നിലോടുകയാണ് കണ്ണൂർ. കോഴിക്കോടും പാലക്കാടും തൃശൂരുമുണ്ട് കിരീടം തൊടാനുള്ള മത്സരത്തിൽ.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കൂടുതൽ തവണ കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ്–- 19 തവണ. 1959ലായിരുന്നു ആദ്യനേട്ടം. പിന്നീട് ’91 മുതൽ ’93 വരെ കപ്പ് കൂടെപ്പോന്നു. ആദ്യ ഹാട്രിക്. 2001 മുതൽ 2018 വരെ മൂന്നുതവണമാത്രമാണ് കിരീടം കൈവിട്ടത്. 2003, 05, 06 വർഷങ്ങളിൽ. തൊട്ടുപിന്നിൽ തിരുവനന്തപുരത്തുകാരാണ്. 17 തവണ. പക്ഷേ, സമീപകാല ചരിത്രത്തിലൊന്നും തിരുവനന്തപുരം കിരീടപോരാട്ടത്തിലില്ല. പാലക്കാട് അഞ്ചുതവണയും കണ്ണൂർ മൂന്നുതവണയും സ്വർണക്കപ്പ് ഉയർത്തി. ഒരുപതിറ്റാണ്ടായി സ്‌കൂൾ കലാമേളയിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിലാണ് അവസാനറൗണ്ടിലെ ഇഞ്ചിനിഞ്ച് പോരാട്ടക്കാർ.