ഈ നാദം അച്ഛന്‌ വെളിച്ചമായി

Friday Jan 6, 2023
ആദർശ്‌ രാജും അച്ഛൻ സി ആർ ജയരാജനും

ശ്രുതി തെറ്റാതെ, താളംപിഴയ്‌ക്കാതെ ഓടക്കുഴലിലും നാഗസ്വരത്തിലും ക്ലാര്‍നെറ്റിലും
ആദര്‍ശ്‌രാജ്‌ നിറഞ്ഞു. മൂന്നിനത്തിലും എ ഗ്രേഡ്‌ നേടി. ആ ആഹ്ലാദം ഗുരുവായ അച്ഛൻ അകക്കണ്ണാൽ അറിഞ്ഞു. വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്‌ ആദര്‍ശ്‌രാജ്‌.
പനവല്ലി ജിയുപി സ്കൂൾ അധ്യാപകനാണ്‌ സി ആര്‍ ജയരാജൻ. കാഴ്‌ചയില്ലെങ്കിലും സം​ഗീതത്തിന്റെ വെളിച്ചമാണ് കരുത്ത്‌. ചെറുപ്പത്തിൽ ശാസ്ത്രീയമായി സം​ഗീതം പഠിച്ചിട്ടുണ്ട്‌. മകന്‌ അഞ്ചാംക്ലാസുമുതൽ അത്‌ പകർന്നു. തെയ്യം കലാകുടുംബമായതിനാൽ അമ്മാവനൊപ്പം തെയ്യക്കാവുകളിലും ആദര്‍ശ് പോകാറുണ്ട്‌. പനവല്ലി ജിയുപി സ്കൂൾ അധ്യാപിക സീമയാണ്‌ ആദര്‍ശിന്റെ അമ്മ. സഹോദരൻ ആനന്ദ്‌രാജ്‌.