അടുത്ത കലോത്സവം പുതിയ മാന്വലിൽ:മന്ത്രി ശിവൻകുട്ടി

Friday Jan 6, 2023

കോഴിക്കോട്‌
അടുത്ത സ്‌കൂൾ കലോത്സവം പുതിയ മാന്വലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. അപ്പീലുകൾ അനുവദിക്കുന്നതിൽ ഉൾപ്പെടെ മാറ്റംവരുത്തും. സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിൽ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യമുണ്ടെങ്കിൽ പരിശോധിക്കും. ഇനി ഇത്തരം വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ്‌ ജാഗ്രതപാലിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 60 കലോത്സവത്തിലും വെജിറ്റേറിയൻ ഭക്ഷണമാണ്‌ വിതരണം ചെയ്‌തത്‌. ഇത്തവണയും  അങ്ങനെയാകും. മാന്വൽ പരിഷ്‌കാരത്തിൽ ഇതും പരിഗണിക്കും. അടുത്തതവണമുതൽ ഭക്ഷണപ്പന്തലിൽ ഉണ്ടാകുന്ന തിരക്ക്‌ ഒഴിവാക്കാൻ രണ്ടിടങ്ങളിൽ ഭക്ഷണം ക്രമീകരിക്കും. ഇത്തവണത്തെ കലോത്സവത്തിലുണ്ടായ ഏറ്റവും വലിയ പ്രത്യേകത വേദികളിൽ സമയത്ത്‌ പരിപാടികൾ ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും കഴിഞ്ഞതാണ്‌.

ഇതുവരെ 310 ലോവർ അപ്പീലുകളും 93 ഹയർ അപ്പീലുകളുമാണ്‌ വന്നത്‌. ഇതിൽ 63 എണ്ണത്തിൽ ഹിയറിങ്‌ പൂർത്തിയായി. മുൻവർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ അപ്പീലുകൾ വളരെ കുറവാണ്‌. ശനിയാഴ്‌ച ചേരുന്ന  സമാപനസമ്മേളനം വൈകിട്ട്‌ 4.30ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഗായിക കെ എസ്‌ ചിത്ര മുഖ്യാതിഥിയാകുമെന്നും മന്ത്രി പറഞ്ഞു.