പൂഞ്ചിലെ പുഞ്ചിരി വിരിയട്ടെ

Friday Jan 6, 2023
കശ്‌മീരിൽനിന്നുള്ളവർ കലോത്സവവേദിയിൽ

വടക്ക്‌ ഇന്ത്യയുടെ പൂന്തോട്ടത്തിൽനിന്നെത്തി ഇങ്ങ്‌ തെക്ക്‌ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കലോത്സവത്തിൽ വസന്തം സൃഷ്‌ടിക്കുന്ന അഞ്ചുപേർ. കഥയായും കവിതയായും പ്രസംഗമായും ദേശത്തിന്റെ അതിർത്തികളെ കലയുടെ മാനവികതകൊണ്ട്‌ മായ്‌ച്ച അഞ്ചംഗസംഘം രചനാവിഭാഗത്തിൽ താരങ്ങളായി.

ജമ്മുവിലെ പൂഞ്ച്‌ സ്വദേശികളും മർക്കസ്‌ എച്ച്‌എസ്‌എസിലെ വിദ്യാർഥികളുമായ മുഹമ്മദ്‌ റിഹാൻ, ബിലാൽ അഹമ്മദ്‌, ഫൈസാൻ റസ, നസർ മഹമൂദ്‌, മഹമൂദ്‌ അഹമ്മദ്‌ എന്നിവരാണ്‌ ഉറുദു വിഭാഗം മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്‌. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി കഥാരചന, പ്രസംഗം, കവിതാരചന എന്നീ ഇനങ്ങളിലാണ്‌ ഇവർ മാറ്റുരച്ചത്‌.

സ്വന്തം നാട്ടിൽ കാണാത്ത കലാമാമാങ്കത്തിന്റെ ആവേശത്തിലാണ്‌ ഇവർ. പല വേദികളിലേക്കായി അധ്യാപകൻ കെ വി അഹമ്മദിന്റെകൂടെ പോകുമ്പോൾ ആരവവും ആൾക്കൂട്ടവും ഇവർക്ക്‌ കൗതുകം. ‘ഞങ്ങളുടെ നാട്ടിൽ കായിക ഇനങ്ങൾക്കാണ്‌ അവസരവും പ്രാധാന്യവും. കലാപ്രകടനത്തിന്‌ വേദികൾ കുറവാണ്‌. കേരളത്തിന്റെ കലോത്സവം കാണുമ്പോൾ വലിയ സന്തോഷം. ഇത്‌ മാതൃകയാണ്‌’–- മുഹമ്മദ്‌ റിഹാൻ പറഞ്ഞു.