കടാങ്കടയുടെ ഗൗരീഗർജനം

Friday Jan 6, 2023

യുദ്ധം അങ്ങനെയാണ്. അത് വിജയിക്കുംവരെ കൊന്നുകൊണ്ടേയിരിക്കും’ ഗൗരി കഥപറഞ്ഞ് തീർന്നിട്ടും മുഴങ്ങുകയാണ് കടാങ്കടയുടെ വാക്കുകൾ.
ഇതിഹാസങ്ങൾ മറന്നുപോയ ഘടോൽക്കച പത്നി കടാങ്കടയുടെ ജീവിതകഥ പറഞ്ഞ് പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി ഗൗരി ചന്ദ്ര എച്ച്എസ് വിഭാഗം കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടി. സഹപാഠികളായ ശിവ് നന്ദൻ, കാർത്തിക് മുരളി, നിദാൻ, ദീക്ഷിത് എന്നിവർ പശ്ചാത്തലമൊരുക്കി. പ്രശസ്ത യുദ്ധത്തിൽ കൊല്ലപ്പെട്ട ഘടോൽക്കചന്റെ മൃതദേഹം തേടിയെത്തുന്ന കടാങ്കട കേൾവിക്കാരിൽ നൊമ്പരമായി. അരികുവൽക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങളും സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളും കടാങ്കട വിളിച്ചുപറയുന്നു. എഴുത്തുകാരനും ഗാനരചയിതാവുമായ രമേശ് കാവിലിന്റേതാണ് രചന.
ഇതേ സ്‌കൂളിലെ അധ്യാപിക ദീപയുടെയും കുഞ്ഞാലി മരയ്‌ക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്രയുടെയും മകളാണ്. ചേച്ചി ആദിത്യയും കലോത്സവമത്സരങ്ങളിൽ തിളങ്ങിയിട്ടുണ്ട്‌. അച്ഛൻതന്നെയാണ് ഓർക്കസ്ട്രയിലെ വയലിൻ പരിശീലിപ്പിച്ചതും.