ചായ കുടിച്ചാൽമതി; വീടൊരുക്കാം

Friday Jan 6, 2023


കോഴിക്കോട്‌
കലോത്സവവേദിയിൽനിന്ന്‌ നിങ്ങളൊരു ചായയും കടിയും കഴിച്ചാൽ അതൊരു കുട്ടിക്ക്‌ തണലാകും. പറയുന്നത്‌ വെറുതെയല്ല, വെസ്‌റ്റ്‌ഹിൽ സെന്റ്‌ മൈക്കിൾസ്‌ സ്‌കൂൾ മുറ്റത്തെത്തിയാൽ നിങ്ങൾക്കത്‌ നേരിൽ കാണാം. എട്ടുവർഷമായി സ്‌കൂൾ പിടിഎ കമ്മിറ്റി നടപ്പാക്കുന്ന ‘സഹപാഠിക്കൊരു വീട്‌’ പദ്ധതിയിലേക്ക്‌ പണം കണ്ടെത്താൻ ഫുഡ്‌കോർട്ട്‌ ഒരുക്കിയിരിക്കുകയാണിവിടെ.

2015ലാണ്‌ പദ്ധതി തുടങ്ങിയത്‌. ഇതിനകം ഏഴു കുട്ടികൾക്ക്‌ വീട്‌ നിർമിച്ചുനൽകി. എല്ലാവർഷവും കുട്ടികളിൽനിന്ന്‌ അപേക്ഷ സ്വീകരിച്ചാണ്‌ ഗുണഭോക്താവിനെ കണ്ടെത്തുക. പണം കണ്ടെത്താൻ ഇത്തവണ കുട്ടികൾ പ്രത്യേകമേള നടത്തി. 2,10,000 രൂപ സമാഹരിച്ചു. ബാക്കി എട്ടുലക്ഷത്തോളം രൂപ കണ്ടെത്താനാണ്‌ ഫുഡ്‌കോർട്ട്‌ ഒരുക്കിയത്‌.

പിടിഎ കമ്മിറ്റിയാണ്‌ പൂർണനിയന്ത്രണം. പിടിഎ പ്രസിഡന്റ്‌ പ്രമോദ്‌ മോവനാരി, പ്രിൻസിപ്പൽ സിസ്‌റ്റർ കെ കെ മേഴ്‌സി, പ്രധാനാധ്യാപിക സിനി കുര്യൻ എന്നിവരാണ്‌ നേതൃത്വം. ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ്‌ പ്രവർത്തനം.