ഇതാ... ഫ്രീക്കൻ സിറ്റി
Friday Jan 6, 2023
കോഴിക്കോട്
കോഴിക്കോട്ട് പിൽക്കാലത്ത് പിറക്കാനിരിക്കുന്ന തലമുറയെക്കുറിച്ചാകണം ‘തലയിൽ നിലാവെളിച്ചമുള്ളവരെ’ന്ന് ബഷീർ പറഞ്ഞത്. ആ നിലാവെളിച്ചക്കാരെല്ലാം കലോത്സവവേദിയിലുണ്ട്. തിളച്ചുമറിയുന്ന പ്രസരിപ്പും ആകാശത്തോളം ആത്മവിശ്വാസവുമുള്ളവർ. അവരിൽ കലോത്സവക്കാരും കാഴ്‌ചക്കാരുമുണ്ട്.
സന്നദ്ധസേവനത്തിന് എത്തിയവരുണ്ട്. വായ്‌നോട്ടമാണ് നമ്മടെ മെയിനെന്ന് മടിയില്ലാതെ പറയുന്നവരുണ്ട്. മുഖത്ത് ചായം തേച്ചവരും കടുക്കനിട്ടവരും നീളൻമുടിക്കാരും മൊട്ടത്തലകളും ബാൻഡിട്ടവരും... എല്ലാവരുമുണ്ട്. വിക്രം മൈതാനത്ത് ക്യൂരിയോസ് എന്ന മുഖത്തെഴുത്തുകാരെ കണ്ടു. സാന്ത്വനപരിചരണത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയെ ക്ഷണിക്കുകയാണവർ. ‘ക്യൂരിയോസ്’ കാർണിവലിന്റെ കോർണറിൽ എത്തുന്നവർക്കെല്ലാം ചായം തേക്കാം. കലോത്സവനഗരിയിലെ നോട്ടപ്പുള്ളികളാകാം.
മത്സരത്തിന് തൊട്ടുമുമ്പും കൂളായി നിൽക്കുന്ന പിള്ളേരാണ് ഗ്രീൻറൂമിലെ കാഴ്‌ച. സ്‌റ്റേജിൽ കയറുമ്പോൾ മുട്ടിടിക്കുന്ന കുട്ടികളുടെ കാലമൊക്കെ കഴിഞ്ഞെന്ന് ചുവരെഴുതുന്നുണ്ട് കൗമാരം. മത്സരത്തിന് തൊട്ടുമുമ്പ് സെൽഫിയെടുത്ത് ഇൻസ്‌റ്റയിൽ പോസ്‌റ്റി ചറപറാ ലൈക്കിന് കാക്കുകയാണവർ. കലോത്സവനഗരിയിലെ കാഴ്‌ചകളെല്ലാം സെൽഫിയും ചിത്രങ്ങളുമായി ചുറ്റുമുള്ള ലോകത്തിലേക്ക് പറത്തുന്നുണ്ട് കുട്ടികൾ. സംഘാടകർമുതൽ കാഴ്‌ചക്കാരിൽവരെ കൗമാരക്കാരാണ് ഭൂരിഭാഗവും. എല്ലാ വേദിയിലും കർമനിരതരായി സ്‌കൗട്ടും എസ്‌പിസിയും എൻഎസ്‌എസും ഉൾപ്പെടെയുള്ള യൂത്തുകാർ.
കോഴിക്കോടൻ കാഴ്‌ചകളിൽ ഹരംപൂണ്ടും രുചികൾ നുണഞ്ഞും കലോത്സവവേദികളിലും തെരുവുകളിലും നിറയുന്ന സംഘങ്ങൾ കോഴിക്കോടിനെ ചെറുപ്പമാക്കുന്നുണ്ട്. കലോത്സവം അവനവൻ തുരുത്തുകളെ മായ്‌ച്ചുകളയുന്നുണ്ടെന്ന് മയ്യഴിയുടെ കഥാകാരൻ പറഞ്ഞത് ഓർക്കാം.
എച്ച്എസ്എസ് കുച്ചിപ്പുടി: സൂര്യഗായത്രി(വയനാട് കോളേരി ജിഎച്ച്എസ്എസ്)ഓട്ടൻതുള്ളൽ എച്ച്എസ്:ബി അനന്ദ് കൃഷ്ണൻ (സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്)