ഒപ്പത്തിനൊപ്പം ചേർന്നാൽ അവർക്കൊപ്പമായി
Friday Jan 6, 2023
കോഴിക്കോട്
‘ഒപ്പം' അവർക്കൊപ്പം ചേരാനുള്ള പല വഴികളിൽ ഒന്നുമാത്രമാണ്. കലോത്സവവേദിയിൽ മുപ്പതോളം അമ്മമാർ ചേർന്ന് ഒരുക്കിയ സ്റ്റാളിൽ എത്തുന്ന നമ്മളോരോരുത്തരും ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പവും അവരുടെ അമ്മമാരുടെ ജീവിതത്തിനൊപ്പവും ചേരുകയാണ്.
കോഴിക്കോടൻ പലഹാരങ്ങളുമായി സമഗ്ര ശിക്ഷാ കോഴിക്കോട് ആരംഭിച്ച തൊഴിൽ യൂണിറ്റായ ‘ഒപ്പം' തളി സാമൂതിരി സ്കൂളിലാണ് അതിജീവന രുചിയൊരുക്കുന്നത്. 30 അമ്മമാർ അംഗങ്ങളായി ആരംഭിച്ച സംരംഭം വിവിധ ഇനം വിഭവങ്ങളുണ്ടാക്കാനാണ് പരിശീലിപ്പിച്ചത്. സമഗ്ര ശിക്ഷാ പ്രവർത്തകരുടെയും വിദ്യാലയങ്ങളുടെയും സഹായത്തോടെയാണ് വിപണി കണ്ടെത്തുക. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലോത്സവങ്ങളിലും അമ്മമാർ രുചി ഒരുക്കിയിരുന്നു.
പദ്ധതിയുടെ കോ ഓർഡിനേറ്റർ വി പ്രവീൺ കുമാർ, അധ്യാപകരായ കദീജ, ഹംസിറ തുടങ്ങിയവരാണ് ഒപ്പത്തിന്റെ പ്രവർത്തനം നയിക്കുന്നത്. പരിശീലനത്തിനായി സ്കിൽ ഡെവലപ്മെന്റ് സെന്ററിനേയും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനേയും തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിവർ.