ഈണം കൂട്ടിനുണ്ട്
Saturday Jan 7, 2023
കോഴിക്കോട്
സൗഹൃദങ്ങൾ അങ്ങനെയാണ്. അതിന് പരിമിതികളുടെ പരിധികളുണ്ടാകില്ല. ശാസ്ത്രീയസംഗീത മത്സരവേദിയിൽ കണ്ടതും അത്തരമൊരു കാഴ്ചയാണ്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബാബുവും ചക്കാലയ്ക്കൽ ഹൈസ്കൂളിൽനിന്ന് വിരമിച്ച സുരേന്ദ്രൻ മാഷും തമ്മിലുള്ള സൗഹൃദം. രണ്ടുപേരും സംഗീത അധ്യാപകരാണ്. ബാബു മാഷിന് കാഴ്ച പരിമിതിയുണ്ട്. പക്ഷേ, മുടങ്ങാതെ സുരേന്ദ്രൻ മാഷിന്റെ കൈയും പിടിച്ച് കലോത്സവ വേദിയിലെത്തും. ശാസ്ത്രീയസംഗീതമാണ് ഇരുവരുടെയും പ്രിയപ്പെട്ട ഇനം. മത്സരത്തിന്റെ ഇടവേളകളിൽ ചുറ്റുമുള്ള കാഴ്ചകൾ സുരേന്ദ്രൻ മാഷ് വിവരിച്ചു നൽകും.
ബാബുവിന് ജന്മനാ കാഴ്ച നഷ്ടമായതാണ്. സ്കൂൾ മുതൽ സംഗീതമത്സരങ്ങളിൽ മത്സരിച്ചു. കലോത്സവങ്ങളിൽ വിജയിച്ചു കയറി. കർണാടക സംഗീതത്തിൽ ഉപരിപഠനം നടത്തി, അധ്യാപകനായി.