ഇനി കനിവിന്റെ വേദിയിലേക്ക്‌

Saturday Jan 7, 2023

കോഴിക്കോട്‌
കോവിഡ് പ്രതിസന്ധി വിട്ട് കലോത്സവവേദികൾ ഉണർന്നതിന്റെ ആഹ്ലാദത്തിലാണ് പരിശീലകർ. എത്ര വിവാദങ്ങൾ ഉയർന്നാലും കല വിജയിക്കുമെന്നതിൽ മാപ്പിളകലാ പരിശീലക കൂട്ടായ്മയ്‌ക്ക് സംശയമില്ല. വിവിധ ജില്ലകളിലായി അഞ്ഞൂറോളം കുട്ടികളെ പരിശീലിപ്പിക്കുന്നവരുടെ വാട്സാപ് കൂട്ടായ്മ സാന്ത്വനപരിചരണ രംഗത്തേക്ക് കടക്കുകയാണ്.

നൗഷാദ് കൂത്തുപറമ്പ്, അഫ്സൽ കോമത്ത്, ഷഹീർ വടകര, നസീർ പാനൂർ, ഉമ്മർ മാവൂർ, കബീർ നല്ലളം, ഷിഹാബ് മാറാട്, ഹിബ്സ് റഹ്മാൻ, കബീർ കോഴിക്കോട്, ബഷീർ പൊന്നാനി, ഹാരിസ് വയനാട് എന്നിവരാണ് പ്രധാനികൾ. 15 മുതൽ 30 വർഷംവരെ ഈ രംഗത്ത് തുടരുന്നവരാണിവർ. നാട്ടിലും വിദേശത്തുമുള്ള ശിഷ്യർ ഇവർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഉമ്മർ മാവൂർ, ഷഹീർ വടകര, കബീർ നല്ലളം എന്നിവർ മാപ്പിളകലാ അക്കാദമി അധ്യാപകരാണ്. ‘ചാണക്യതന്ത്രം’ സിനിമയുടെ കൊറിയോഗ്രാഫിയും സംഗീതവും അഫ്സൽ കോമത്തിന്റേതാണ്. ‘കിസ്മത്ത്’ സിനിമയുടെ ടൈറ്റിൽ സോങ് കബീർ നല്ലളമാണ് ചെയ്തത്.