നന്ദുവിന്റെ 
നെട്ടോട്ടത്തിന്‌
ഹാപ്പി എൻഡിങ്‌

Saturday Jan 7, 2023


കോഴിക്കോട്
വേദിയിലെത്താൻ നന്ദു ഓടിയ ഓട്ടത്തിന്‌ കണക്കില്ല. വേദിയിലെത്തിയപ്പോൾ മൈക്കിന്റെ പണിമുടക്കുവരെ നീണ്ടു. പക്ഷേ, ഈ തടസ്സങ്ങൾക്കൊന്നും എറണാകുളം ഉദയംപേരൂർ എസ്എൻഡിപിഎച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാർഥി നന്ദുവിന്റെ വിജയം തടുക്കാനായില്ല.

തുള്ളലിൽ ജില്ലയിൽ ഒന്നാംസ്ഥാനക്കാരനായിട്ടും സംസ്ഥാനത്ത്‌ പങ്കെടുക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത് മത്സരത്തിന് തൊട്ടുമുമ്പ്‌. പാർടിസിപ്പേഷൻ, ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിൽ സ്കൂൾ അധികൃതർക്കും ഉദ്യോഗസ്ഥർക്കുമുണ്ടായ ആശയക്കുഴപ്പം പങ്കാളിത്തം അനിശ്‌ചിതത്വത്തിലാക്കി. തടസ്സങ്ങൾ നീങ്ങി വേദിയിൽ കയറിയപ്പോൾ മൈക്ക് പണിമുടക്കി, ശബ്ദമില്ല. ഇത് അവഗണിച്ച്‌ നന്ദു മത്സരം പൂർത്തിയാക്കിയ ഉടൻ അച്ഛൻ പങ്കജനാഭൻ പ്രതിഷേധിച്ചു. ഫലംവന്നപ്പോൾ എ ഗ്രേഡോടെ നന്ദു തലയുയർത്തിനിന്നു.പഠനത്തോടൊപ്പം ഇതിനകം മുന്നൂറോളം വേദികളിൽ തുള്ളൽ അവതരിപ്പിച്ചു. ‘പെരുച്ചാഴി' ഉൾപ്പെടെയുള്ള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.