ചുവടിലുയരാൻ വഴി തെളിയണം
Saturday Jan 7, 2023
കോഴിക്കോട്
നൃത്തവേദിയിൽ പ്രതിഭയാൽ പാത തുറക്കുമ്പോഴും ശിവഗംഗയ്‌ക്ക് അതിലും വലിയ ആഗ്രഹമുണ്ട്–- വീട്ടിലേക്കൊരു വഴി. തടസ്സങ്ങളെ തട്ടിമാറ്റിയാണ് ഭരതനാട്യത്തിൽ ഈ പത്താംക്ലാസുകാരിയുടെ യാത്ര. ചേർത്തല ഗവ. ജിഎച്ച്എസ്എസ് വിദ്യാർഥിനിയാണ്.
സംഗീതനാടക അക്കാദമിയുടെ സ്‌റ്റൈപെൻഡിന് യോഗ്യത നേടിയത് പ്രതീക്ഷയേകുന്നു. ഒറ്റമുറി ഷെഡിലാണ് താമസം. സ്‌കൂളിലേക്കും പരിശീലനത്തിനും അയൽവാസിയുടെ വീടിനുമുന്നിലൂടെ പോകണം. വാദ്യകലാകാരനായ അച്ഛൻ ശ്രീകാന്തിന്റെ വരുമാനമാണ് ഏക ആശ്രയം. കോവിഡ് കാലത്ത് പരിപാടികളില്ലാതായതോടെ സാമ്പത്തികപ്രശ്‌നമേറി. വാടക നൽകാൻ പണമില്ലാതായപ്പോൾ ശ്രീകാന്തിന് ഓഹരിയായി ലഭിച്ച പള്ളിപ്പുറത്തെ ആറരസെന്റിൽ ഷീറ്റിട്ട് കെട്ടിയ കൂരയിലേക്ക് മാറി. ബാങ്ക് വായ്പയെടുത്ത് വീട് ഉണ്ടാക്കാമെങ്കിലും വഴിയില്ലാത്തതാണ് തിരിച്ചടി. ഇതിനായി പള്ളിപ്പുറം പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഇരുപത്തയ്യായിരം രൂപ കടംവാങ്ങിയാണ് അമ്മ സുജാത മകളെ വേദിയിലെത്തിച്ചത്. ചിറ്റാറ്റുകുളം ഗവ. എൽപി സ്‌കൂളിൽ പഠിക്കുമ്പോൾ അധ്യാപിക റാണി നൃത്താഭരണങ്ങൾ സമ്മാനിച്ചിരുന്നു. അതേ ആഭരണങ്ങളിട്ടാണ് വർഷങ്ങളായി വേദിയിലെത്തുന്നത്. മൂന്നുവയസ്സുമുതൽ സന്ധ്യയാണ് ഗുരു.