ഒരൊറ്റ കേരളം... അതിനെത്ര വർണങ്ങൾ ; വൈറലായി മറ്റത്തൂർ എസ്‌കെഎച്ച്എസിന്റെ സംഘനൃത്തം
Sunday Jan 8, 2023
കോഴിക്കോട്
കേരളത്തിന്റെ വൈവിധ്യങ്ങൾ ഒറ്റവേദിയിൽ സമന്വയിപ്പിച്ച മനോഹരകാഴ്‌ചക്ക് നിലയ്‌ക്കാത്ത കൈയടി. കോഴിക്കോടിന്റെ ബാബുക്കയും തൃശൂർ പൂരവും കണ്ണൂരിന്റെ വിപ്ലവവീര്യവും പ്രളയത്തിലെ സാഹോദര്യവും വേദിയിൽ സംഗമിച്ച സംഘനൃത്തം വൈറലായി. തൃശൂർ മറ്റത്തൂർ എസ്‌കെഎച്ച്എസിലെ വിദ്യാർഥികളാണ് നൃത്തം അവതരിപ്പിച്ചത്.
പതിനാല് ജില്ലയുടെയും രാഷ്ട്രീയ സാംസ്കാരിക ഭാവങ്ങളെ അവതരിപ്പിച്ചു. പ്രളയവും മഹാവ്യാധിയും വന്നപ്പോഴും ജാതി–-മത ഭേദമില്ലാതെ മലയാളികൾ ഒന്നിച്ചുനിന്നു. അതേ ഒരുമ കലോത്സവവേദിയിലും വേണമെന്ന് പറഞ്ഞാണ് നൃത്തം അവസാനിച്ചത്.
ജ്യോതിഷ് തെക്കേടത്താണ് രചന. അരുൺ നമ്പലത്ത് കൊറിയോഗ്രാഫിയും കലാഭവൻ സുമേഷ് സംഗീതവും നൽകി. ഇതേ സ്‌കൂൾ ടീം ഹയർ സെക്കൻഡറി സംഘനൃത്തത്തിൽ മാറുമറയ്ക്കൽ വിപ്ലവനായിക ചിരുതയുടെ കഥയാണ് അവതരിപ്പിച്ചത്.