കലോത്സവം കൊടിയിറങ്ങി ; കലയുടെ നഗരമേ നന്ദി

Sunday Jan 8, 2023

കോഴിക്കോട്‌
എല്ലാ നിറങ്ങളും വാരിയണിഞ്ഞ്‌, അതിന്റെ അഴകിൽ കുളിച്ച്‌ കോഴിക്കോട്‌ ഗുഡ്‌ബൈ പറഞ്ഞു. ഇത്രയും ഹൃദ്യമായ കലാമേളയെ സമ്മാനിച്ച കോഴിക്കോടിനെ ഹൃദയത്തോടുചേർത്തുവച്ചാണ്‌ അതിഥികളത്രയും മടങ്ങിയത്‌. കൗമാര കലോത്സവത്തിൽ വിദ്യാർഥിപക്ഷം ചേർന്നുള്ള പരിഷ്‌കരണങ്ങൾക്ക്‌ വഴിതുറന്നുവെന്ന ആഹ്ലാദത്തോടെയാണ്‌ കലോത്സവപ്പതാക താഴ്‌ന്നത്‌. രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷമെത്തിയ 61ാം കലോത്സവം എല്ലാ  പൊലിമയോടെയുമാണ്‌ കൊടിയിറങ്ങിയത്‌.  

എപ്പോഴും വൈകിയോടുന്ന വണ്ടിയെന്ന ചീത്തപ്പേരിനെ മായ്‌ച്ചുകളഞ്ഞ കലോത്സവമായി കോഴിക്കോടുത്സവം ചരിത്രത്തിലേക്കും നടന്നുകയറി. 24 വേദികളിലായി 14,000 കുട്ടികളാണ്‌ അഞ്ചുദിവസങ്ങളിലായി വിവിധ ഇനങ്ങളിൽ  മത്സരിച്ചത്‌.  ദേശത്തിന്റെ കഥാകാരന്റെ ഓർമയുടെ സ്‌മാരകമായ അതിരാണിപ്പാടത്ത്‌ സമാപന സമ്മേളനം തുടങ്ങവേ വിക്രം മൈതാനിയിലെ അറുപതിനായിരം പേരെ ഉൾക്കൊള്ളാവുന്ന പന്തൽ കവിഞ്ഞ്‌ ജനമുണ്ടായിരുന്നു. പ്രതിപക്ഷ ഉപനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. സ്‌കൂൾ കലോത്സവവേദിയിൽ ഉദിച്ചുയർന്ന പ്രിയഗായിക കെ എസ്‌ ചിത്രയുടെ വിശിഷ്ടസാന്നിധ്യമായിരുന്നു സമാപനച്ചടങ്ങിന്‌ ചന്തമേറ്റിയത്‌. മന്ത്രി ആന്റണി രാജു കലോത്സവ സുവനീർ മേയർ ബീന ഫിലിപ്പിന്‌ നൽകി പ്രകാശിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി ട്രോഫികൾ സമ്മാനിച്ചു. മന്ത്രിമാരായ അഹമ്മദ്‌ ദേവർകോവിൽ, എ കെ ശശീന്ദ്രൻ, എംപിമാരായ എം കെ രാഘവൻ, എളമരം കരീം, നടിയും നർത്തകിയുമായ ഡോ. വിന്ദുജാ മേനോൻ, എംഎൽഎമാരായ ടി പി രാമകൃഷ്‌ണൻ, ഇ കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്‌, സച്ചിൻദേവ്‌, ഡെപ്യൂട്ടി മേയർ വി മുസാഫർ അഹമ്മദ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, കലക്ടർ എൻ തേജ്‌ ലോഹിത്‌ റെഡ്ഡി, സിറ്റി പൊലീസ്‌ കമീഷണർ രാജ്‌പാൽ മീണ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌ തുടങ്ങിയവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു സ്വാഗതം പറഞ്ഞു.