08 September Sunday
കൊല്ലവർഷം 1099 കർക്കടകം ഒന്നിന് (1924 ജൂലൈ 16) 
ആരംഭിച്ച്‌ മൂന്നാഴ്ചയോളം നീണ്ട പേമാരി കേരളത്തെ മുക്കി

99 ലെ മഹാപ്രളയത്തിന്‌ 100 ; ഇരുപതാം നൂറ്റാണ്ടിൽ മലയാളി നേരിട്ട പ്രളയദുരന്തം

പി സുരേശൻUpdated: Monday Jul 15, 2024


കണ്ണൂർ
ഇന്ന്‌ കർക്കടകം ഒന്ന്‌. കൃത്യം നൂറു വർഷം മുമ്പ്‌ ഇതുപോലൊരു കർക്കടകം ഒന്നിനാണ്‌ കേരളത്തെ അടിമുടി മുക്കിയ മഹാപ്രളയാരംഭം. കൊല്ലവർഷം 1099 കർക്കടകം ഒന്നി(1924 ജൂലൈ 16)നാരംഭിച്ച്‌ മൂന്നാഴ്ചയോളം നീണ്ട പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന പ്രദേശം മുഴുവൻ മുങ്ങി. ഇരുപതാം നൂറ്റാണ്ടിൽ മലയാളി നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തം. മരണവും നഷ്‌ടവും  വിവരണാതീതം. ജൂലൈ 17നാണ്‌ ഏറ്റവും രൂക്ഷമായത്‌. മരിച്ചവരുടെ കണക്ക്‌ തിട്ടപ്പെടുത്താനായില്ല. ഈ വെള്ളപ്പൊക്കത്തിന്റെ  നോവുകളിൽനിന്നാണ്‌  തകഴിയുടെ  ‘വെള്ളപ്പൊക്കത്തിൽ’ കഥയും കാക്കനാടന്റെ ‘ഒറോത’ നോവലും പിറന്നത്‌. തൊണ്ണൂറ്റൊമ്പതിലേതിനൊപ്പം വരില്ലെങ്കിലും 1939, 1961, 1974, 2018, 2019 വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായി.

സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ തൊണ്ണൂറ്റൊമ്പതിൽ വെള്ളപ്പൊക്കമുണ്ടായി. മൂന്നാർ പട്ടണവും റോഡും തകർന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മോണോ റെയിലായ മൂന്നാറിലെ കുണ്ഡളവാലി റെയിൽപ്പാതയും  സ്റ്റേഷനും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മധ്യകേരളത്തെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ആലപ്പുഴ മുഴുവനായും എറണാകുളത്തിന്റെ നാലിൽമൂന്നു ഭാഗവും വെള്ളത്തിനടിയിലായി. മലബാറിനെയും പ്രളയം വൻതോതിൽ ബാധിച്ചു. തെക്കേ മലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി.  കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും മാറി. തൃശൂർ, എറണാകുളം, കോട്ടയം, മൂന്നാർ എന്നീ മേഖലകളെയാണ് തൊണ്ണൂറ്റൊമ്പതിലെ പ്രളയം മുക്കിക്കളഞ്ഞത്. 2018ലെ പ്രളയത്തിലും ഏറ്റവുമധികം നാശനഷ്ടമുണ്ടായതും ഇതേ പ്രദേശങ്ങളിൽ. കേരളത്തിൽ ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലവർഷത്തിൽ ലഭിക്കേണ്ട ശരാശരി മഴ 2039.6 മില്ലീമീറ്ററാണ്‌. 1924ൽ 3463.1 മില്ലീമീറ്റർ മഴപെയ്‌തു. സാധാരണയേക്കാൾ 64 ശതമാനം കൂടുതൽ.  മലബാറിന്‌ അന്നത്തെ കലക്ടർ അടിയന്തര ദുരിതാശ്വാസസഹായമായി ആവശ്യപ്പെട്ടത്‌ 6,500 രൂപയായിരുന്നു.  രണ്ട്‌ ഘട്ടങ്ങളിലായി 7,000 രൂപ ലഭിച്ചു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ദുരിതിശ്വാസ നിധിയിലേക്ക്‌ 6,000 രൂപ പിരിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top