18 October Friday

സാങ്കേതികവിദ്യ അഞ്ചാം തലമുറയ്‌ക്കുമപ്പുറം

ജയാ ജി നായര്‍ (jaya.gn@gmail.com)Updated: Sunday Sep 29, 2024


മൊബൈൽ ഫോണുകൾ ഉൾപ്പെടുന്ന സെല്ലുലാർ ശൃംഖലകളിൽ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് ഫൈവ്‌ ജി (5G). ലോകം മുഴുവനും പിന്തുടരുന്ന ഒരു സാങ്കേതിക പ്രമാണം അഥവാ സ്റ്റാൻഡേർഡ് ആണിത്. പേരിലെ ‘ജി’ - ജനറേഷൻ (Generation) സൂചിപ്പിക്കുന്നതുപോലെ ‘അഞ്ചാം തലമുറ' സാങ്കേതികവിദ്യ.

ചരിത്രം
വയർലെസ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതിക സ്റ്റാൻഡേർഡിന്റെ പ്രധാന മാറ്റങ്ങളെ ‘തലമുറകൾ' ആയാണ്‌ വിളിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തിഎൺപതു-കളിൽ തുടങ്ങി, ഏകദേശം പത്തുവർഷത്തിൽ എന്ന രീതിയിൽ തലമുറമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 1G എന്ന ഒന്നാംതലമുറ നടപ്പായ കാലത്ത് മൊബൈൽ ഫോണുകൾ ഇന്നത്തേതുപോലെയൊന്നും അല്ലായിരുന്നു. ‘അനലോഗ്’ സിഗ്നലുകൾ ഉപയോഗിക്കുന്ന, സംസാരിക്കാൻമാത്രം ഉപയോഗിക്കാവുന്ന ഫോണുകൾ. രണ്ടാം തലമുറ 2G- യിലാണ് ഡിജിറ്റൽ സിഗ്നലുകൾ പ്രയോഗത്തിൽ വന്നത്. 3G -യോടെ സ്മാർട്ട് ഫോണുകളുടെ കാലമായി. മൊബൈൽ ഫോൺ വഴി ഇന്റർനെറ്റിലേക്കും എളുപ്പം കടക്കാമെന്നായി. ശൃംഖലയിലൂടെ വിവരം (ഡാറ്റ) അയക്കുന്നതിന്റെ വേഗവും കൂടി. 4G എത്തിയപ്പോൾ വേഗം പലമടങ്ങ്‌ വർധിച്ചു. അടുത്ത മാറ്റമാണ് 5Gയിൽ എത്തിയിരിക്കുന്നത്‌.

പ്രത്യേകത

വളരെ വർധിച്ച വേഗത്തിൽ 5G നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നു. സെക്കൻഡിൽ സാമാന്യമായി 100 മെഗാബൈറ്റിലധികം എന്നുതുടങ്ങി 20 ജിഗാബൈറ്റുവരെ എന്ന രീതിയിൽ ഡാറ്റാ കൈമാറ്റം നടത്താം. വലിയ വീഡിയോ ഫയലുകൾ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാൻ നിമിഷങ്ങൾ മതി. ശൃംഖലയിൽ ഡാറ്റാ കൈമാറ്റത്തിനുണ്ടാകുന്ന താമസം വളരെ കുറവാണ് എന്നതാണ് മറ്റൊരു  നേട്ടം. വളരെയധികം ഉപകരണങ്ങൾ ഒരേസമയം ഒരു 5G- ശൃംഖലയിൽ ഘടിപ്പിക്കാനാകും.
സെല്ലുലാർ ശൃംഖലകളിൽ ഡാറ്റാ കൈമാറ്റം നടത്തുന്നത് റേഡിയോ തരംഗങ്ങൾ വഴിയാണ്‌. മുമ്പ്‌ ഉപയോഗിച്ചിരുന്നതിനേക്കാൾ വളരെ കൂടുതൽ ആവൃത്തിയു (ഫ്രീക്വൻസി)ള്ള തരംഗങ്ങൾകൂടി 5G-യിൽ ഉപയോഗിക്കുന്നുണ്ട്. വേഗം വർധിക്കുന്നതിന് ഒരു കാരണവും ഇതാണ്.

സേവനങ്ങൾ പലതരം
മൊബൈൽ ഫോണുകൾ വഴിയുള്ള ആശയവിനിമയം മാത്രമല്ല, ഒരു 5G- ശൃംഖലയിലുള്ള ഉപകരണങ്ങൾകൊണ്ട് മറ്റു പല നിർണായകമായ സേവനങ്ങളും സാധ്യമാണ്‌. മനുഷ്യനായ ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന കാറുകൾ, ഡ്രോണുകൾ, സങ്കീർണമായ ചികിത്സാ പ്രവർത്തനങ്ങൾ എന്നിവയെ ദൂരെനിന്നും, റിമോട്ടായി, തത്സമയം നിയന്ത്രിക്കാം. ഒരു 5G- ശൃംഖലയിലുള്ള ഉപകരണത്തിനു ചുറ്റുമുള്ള പലതരം ഉപകരണങ്ങളുമായി ബന്ധപ്പെടാനാകും. താപവും മറ്റു വിവരങ്ങളും അളക്കുന്ന വിവിധ ഉപകരണങ്ങൾ (സെൻസറുകൾ) തരുന്ന വിവരം തത്സമയം ശേഖരിക്കുന്നത് വ്യക്തികളിൽ, ഫാക്ടറികളിൽ, പരിസ്ഥിതിയിൽ ഒക്കെ പല സേവനങ്ങളും നടപ്പാക്കാൻ സഹായിക്കുന്നു. വെർച്വൽ റിയാലിറ്റി/ ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ പദ്ധതികൾ ഉപയോഗിക്കുന്ന സേവനങ്ങൾ എന്നിവയും  സാധ്യമാക്കുന്നു. 5G- പോലെയുള്ള സാങ്കേതികവികാസം തുറന്നുവയ്‌ക്കുന്ന സാധ്യതകൾ അനന്തമാണ്.

ഇന്ന്, നാളെയും
ലോകത്ത്‌ 2019ലാണ്‌  5G സേവനങ്ങൾ ആരംഭിച്ചത്. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ മുഴുവനും ലോകമെമ്പാടും നടപ്പാക്കാൻ ഇനിയും സമയമെടുക്കും. അടുത്ത തലമുറ 6G യിലേക്ക്‌  എത്തുമ്പോൾ  ഇനിയുമധികം സാങ്കേതിക മികവാണ്‌ പ്രതീക്ഷിക്കുന്നത്‌. നൂറിരട്ടിയിലധികം വേഗതയും ശേഷിയുമാണ്‌ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top