22 November Friday

അനീതിക്കുമുന്നിൽ സൗമ്യനാകാത്ത നേതാവ്; ഓരോ വാക്കും ഇന്ത്യയെ പൊള്ളിച്ചത്

ആനി അന്ന തോമസ്Updated: Thursday Sep 12, 2024

"ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമുയർത്തുന്നവർ മാത്രമെങ്ങനെ രാജ്യസ്നേഹികളാകുന്നു. ഞങ്ങൾ ജയ്ഹിന്ദ് വിളിക്കുമ്പോൾ എന്തുകൊണ്ട് രാജ്യസ്നേഹ പ്രഖ്യാപനം ആകുന്നില്ല. ഭ​ഗത് സിങ്ങിന്റെ ഇൻക്വിലാബ് സിന്ദാബാദ് എന്തുകൊണ്ടാണ് ദേശസ്നേഹം സ്ഫുരിക്കുന്ന മുദ്രാവാക്യമാകാത്തത്. അദ്ദേഹം രാജ്യസ്നേഹിയായിരുന്നില്ലേ...

എന്ത് മുദ്യാവാക്യം വിളിക്കുന്നുവെന്നതിന്റെ പേരിൽ ഈ രാജ്യത്തെ ജനങ്ങളിൽ വേർതിരിവ് കാട്ടരുത്.

ഒരാൾ രാജ്യസ്നേഹിയാണെന്നതിന് ഒറ്റ അർഥമേയുള്ളു, അയാൾ ഇന്ത്യയെ സ്നേഹിക്കുന്നു.

ഹിന്ദു ദേശീയതയ്‌ക്കായല്ല ഇന്ത്യൻ ദേശീയതയ്‌ക്കു വേണ്ടിയാണ് നാം നിലകൊള്ളേണ്ടത്. ഇന്ത്യൻ ദേശീയതയെ പരിപോഷിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അത് ചെയ്യാതെ വെറുപ്പ് പടർത്തുന്നതു കൊണ്ടാണ് ഈ രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ നടക്കുന്നത്.

ഏറെ സങ്കടത്തോടെ പറയട്ടേ, മോദി ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന ദേശീയതാവാദം ചേർന്നു നിൽക്കുന്നത് ഹിറ്റ്‌ലറുടെ ദേശീയതയോടാണ്. ജർമൻ ദേശീയതക്കന്യമായതിനെയെല്ലാം നശിപ്പിക്കാനാണ്  ഹിറ്റ്‌ലർ ആഹ്വാനം ചെയ്തത്. ഹിന്ദുത്വ ദേശീയത ആവശ്യപ്പെടുന്നത് ഹിന്ദുവല്ലാത്തതിനെയെല്ലാം പിഴുതെറിയാനും."    

ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആൾക്കൂട്ട കൊലപാതകങ്ങളും അതിക്രമങ്ങളും വർധിക്കുന്നതിനെക്കുറിച്ച് 2017 ജൂലൈ 19ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ സീതാറാം യെച്ചൂരി നടത്തിയ പ്രസം​ഗത്തിലെ പ്രസക്തഭാ​ഗമാണിത്. സദാ ചിരിച്ച് സൗമ്യനായി കാണുന്ന കമ്യൂണിസ്റ്റ്, അന്യായങ്ങൾക്ക് നേരെ വിരൽചൂണ്ടി ആക്രോശിക്കുന്നത് അന്നാദ്യമായായിരുന്നില്ല ആ സഭ കാണുന്നത്. സഭയിൽ മോദി സർക്കാരിനും ഹിന്ദുത്വ രാഷ്ട്രീയത്തനുമെതിരായ പ്രതിപക്ഷ പോരാട്ടത്തിന്റെ കടിഞ്ഞാണേന്തിയ ആളായിരുന്നു യെച്ചൂരി.

2005 മുതൽ 2017 വരെ ബംഗാളിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലുണ്ടായിരുന്ന യെച്ചൂരിയെക്കുറിച്ച് ഏറ്റവും മികച്ച പാർലമെന്റേറിയനെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏതൊരാളും സംശയമേതുമില്ലാതെ പറയും. ജനകീയ വിഷയങ്ങൾ ഉന്നയിച്ചും വർഗീയത വാദികളോട് ചെറുത്തും സഭയെ ചിന്തിപ്പിച്ചും ചിരിപ്പിച്ചുമൊക്കെ യെച്ചൂരി നടത്തിയ പ്രസംഗങ്ങൾ ഓരോ അംഗവും ഏറെ ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ വർ​ഗീയ നയങ്ങൾക്കതിരെ പ്രതിപക്ഷ നിരയിൽ നിന്നുയർന്നു കേട്ട ഏറ്റവും തീക്ഷ്ണമായ ആ ശബ്ദം ഒരന്യായത്തിനു നേരെയും മൗനം പാലിച്ചിട്ടില്ല.

നോട്ട് നിരോധനം, ആധാർ, ജെഎൻയു-ഹൈദരാബാദ് സർവകലാശാലകളിലെ സാഹചര്യങ്ങൾ, ഗോസംരക്ഷണം, സർജിക്കൽ സ്ട്രൈക്കുകൾ, വിദേശനയം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും യെച്ചൂരി ഉയർത്തുന്ന ചോദ്യങ്ങളും നിരത്തുന്ന വസ്തുതകളും മോദി സർക്കാരിന്റെ അബദ്ധന്യായങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. പല വിഷയങ്ങളും യെച്ചൂരിയെപ്പോലെ ഫലപ്രദമായി കൈകാര്യം ചെയ്ത മറ്റൊരു എംപി അദ്ദേഹത്തിന്റെ കാലയളവിലുണ്ടായിരുന്നോ എന്നുചോദിച്ചാൽ ഇല്ലെന്ന് നിസ്സംശയം പറയാം.
 
സീതയും രാമനും പേരിലുള്ള യെച്ചൂരി ഹിന്ദുത്വ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്നത് ബിജെപി ബെഞ്ചുകളെ തെല്ലൊന്നുമായിരുന്നില്ല ചൊടിപ്പിച്ചിട്ടുള്ളത്. ആ പേരുകാരൻ എങ്ങനെ ഒരു കമ്യൂണിസ്റ്റായെന്നും ഒരിക്കൽ യെച്ചൂരി അതേ സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

'ഞാൻ ജനിച്ചത് ഒരു ഹൈന്ദവ പാരമ്പര്യമുള്ള കുടുംബത്തിലാണ്. വേദപഠനം പൂർത്തിയാക്കി പതിനൊന്നാം വയസ്സിൽ പൂണൂൽധാരണം നടത്തി. എല്ലാ വേദങ്ങളും പഠിച്ചു. സീതാറാം എന്ന പേരോടെ, എല്ലാ വേദങ്ങളും അറിയുന്ന ഞാൻ എന്തിനാണ് ഒരു കമ്യൂണിസ്റ്റ് ആയി വളർന്നതെന്ന് നിങ്ങൾ ചോദിക്കുന്നു. ഇതെല്ലാം പഠിച്ചതുകൊണ്ടാണ് കമ്യൂണിസ്റ്റായതെന്നാണ് എന്റെ മറുപടി. പഠിച്ചതൊന്നും ഇനിയും പഠിപ്പിക്കാൻ ശ്രമിക്കേണ്ടതില്ല. പകരം വാദപ്രതിവാദങ്ങളിലോ തർക്കത്തിലോ ഏർപ്പെടണമെങ്കിൽ നിങ്ങൾക്ക് സ്വാ​ഗതം. അങ്ങനെയേ നമ്മുടെ തത്വശാസ്ത്രം വളരൂ. ഇന്ന് തടയപ്പെടുന്നതും ഈ സംവാദങ്ങൾക്കുള്ള അവസരങ്ങളാണ്.'
 
മതത്തിന്റെയും ആശയങ്ങളുടെയും പേരിൽ ഇന്ത്യ ഭിന്നിക്കപ്പെടുന്നതിലെ വേദനകളും ഈ രാജ്യത്തിന്റെ പുരോ​ഗതിക്കായുള്ള അതിതീവ്രമായ ആ​ഗ്രഹവും യെച്ചൂരി സദാ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. ഈ രാജ്യം എല്ലാവരുടേതുമാണെന്ന്, അവകാശങ്ങൾ ഔദാര്യമല്ലെന്ന്, എല്ലാറ്റിനും മേൽ ഭരണഘടനയാണെന്ന് ഓരോ പ്രസം​ഗത്തിലും ഊന്നിപ്പറഞ്ഞുകൊണ്ടേയിരുന്നു. 2017 ആഗസ്‌ത്‌ 10ന്‌ രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ രാജ്യത്തിന്റെ ബഹുസ്വരതയെ നിർവചിക്കാൻ യെച്ചൂരി ഉദാഹരിച്ചത് സ്വന്തം കുടുംബത്തെയായിരുന്നു.  

"1952ൽ ഇന്ന് ചെന്നൈ എന്ന് അറിയപ്പെടുന്ന മദ്രാസിലെ ജനറൽ ആശുപത്രിയിൽ തെലുങ്ക്‌ സംസാരിക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു എന്റെ ജനനം. എന്റെ മുത്തച്ഛൻ ജഡ്‌ജിയായിരുന്നു. സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി മദ്രാസ്‌ ഹൈക്കോടതിയുടെ ആന്ധ്രാ ബെഞ്ച്‌ ഗുണ്ടൂരിലേക്ക്‌ മാറ്റിയപ്പോൾ അൻപത്തിനാലിൽ ഞങ്ങൾ അങ്ങോട്ടേക്ക്‌ മാറി. അൻപത്തിയാറിൽ ഹൈദരാബാദിലേക്കും താമസം മാറി.

എന്റെ സ്കൂൾ വിദ്യാഭ്യാസം അന്ന് ഹൈദരാബാദിൽ പ്രബലമായിരുന്ന മുസ്ലീം സംസ്കാരത്തിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളായതുകൊണ്ടുതന്നെ ഹൈദരാബാദ് നിസാം ഭരണത്തിനു കീഴിലായിരുന്നു. അവിടെ നിന്നാണ് എന്നിലെ സംസ്കാരം രൂപപ്പെടുന്നത്. പിന്നീട് ഡൽഹിയിലേക്ക് വന്നു, പഠനം തുടർന്നു.

ഞാൻ വിവാഹം ചെയ്‌തിട്ടുള്ള വ്യക്തിയുടെ പിതാവ്‌ ഒരു ചിഷ്ടി സൂഫിയും അമ്മ എട്ടാം നൂറ്റാണ്ടിൽ മൈസൂരുവിലേക്ക്‌ കുടിയേറിയ രാജ്‌പുത്‌ കുടുംബാംഗവുമാണ്. ദക്ഷിണേന്ത്യയിലെ ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ഞാൻ ഇത്തരം കുടുംബ പശ്ചാത്തലമുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ എന്റെ  മകൻ എങ്ങനെയാകും അറിയപ്പെടുക.

അവൻ ആരാണ്‌?

ബ്രാഹ്മണനാണോ? മുസ്ലിമാണോ? ഹിന്ദുവാണോ?

ഒരു ഇന്ത്യക്കാരൻ എന്നതിനപ്പുറം മറ്റൊന്നുമായി എന്റെ മകനെ വിശേഷിപ്പിക്കാനാകില്ല.

ഇതാണ്‌ നമ്മുടെ രാജ്യം. ഞാൻ സംസാരിക്കുന്നത് എന്റെ കാര്യമാണ്. എന്നെപ്പോലെ എത്രയധികം പേർ നമുക്കു ചുറ്റുമുണ്ട്. അങ്ങനെയുള്ള ഇന്ത്യയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ്‌ നമ്മൾ നിറവേറ്റേണ്ടത്‌."

ഭരണാധികാരികൾ യഥാർഥ ഇന്ത്യയെ കാണണമെന്നും അതിന്റെ ബഹുസ്വരത കാക്കണമെന്നും അഭ്യർഥിച്ചുകൊണ്ട് അവസാനിപ്പിച്ച യെച്ചൂരിയോട് അന്ന് സഭാധ്യക്ഷനായിരുന്ന പി ജെ കുര്യൻ പറഞ്ഞത് തന്നെയാണ് ഇന്ന് ഈ രാജ്യത്തിന് പറയാനുള്ളത്. "മഹത്തായ സന്ദേശങ്ങൾ ‌തന്നു പടിയിറങ്ങുന്നതിന് നന്ദി സഖാവേ..."


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top