മഹാവസന്തമാണ് മധു. സിനിമയുടെ ശൈശവ കാലത്തിനൊപ്പം ചുവടുവച്ച് ഒപ്പം വളർന്നതാണ് മധുവും മലയാളവും. മലയാളി ആദ്യമായി അഭിനയം പഠിക്കാൻ പോയത് മധുവിലൂടെയാണ്, ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ചിൽ. പിന്നെ 1962 മുതൽ 70, 80, 90, 2000... സിനിമ മധുവിനൊപ്പം പലരൂപത്തിൽ മലയാളത്തിൽ പൂവിട്ടുനിന്നു. വിശേഷണങ്ങളുടെ ഒരു കള്ളിയിലും തിരുവനന്തപുരത്തുകാരൻ മാധവൻ നായരെന്ന മധു ഒതുങ്ങില്ല. ഓണവിശേഷം പങ്കുവച്ച് മധുസാറിനൊപ്പം ഇത്തിരി നേരം
ഓർമയിലെ ഓണം
യൗവനകാലത്തിനിപ്പുറം ഓണം വലിയ അനുഭവമായിട്ടില്ല. സ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് ഓണം ആഘോഷമായിരുന്നു. അച്‌ഛന്റെ ജോലി സംബന്ധമായ കാരണങ്ങളാൽ 5–-6 വയസ്സുവരെ കൊല്ലത്തായിരുന്നു താമസം. അതുകഴിഞ്ഞാണ് തിരുവനന്തപുരം ഗൗരീശപട്ടത്ത് താമസത്തിനെത്തുന്നത്. അവിടെ തറവാടിനു മുന്നിൽ ഓണപ്പൂക്കളം ഒരുക്കുന്നതും കൂറ്റൻ പുളിമരത്തിൽ ആകാശംതൊട്ട് പറക്കുന്ന ഉഞ്ഞാലിടുന്നതുമെല്ലാം വല്ലാത്ത അനുഭവമായിരുന്നു. ബന്ധുക്കളും കൂട്ടുകാരും സുഹൃത്തുക്കളുമൊക്കെ ചേർന്ന വൻ സംഘംതന്നെയുണ്ടായിരുന്നു അക്കാലത്ത്. അന്ന് ഗ്രാമം മുഴുവൻ വീട്ടുമുറ്റത്ത് ഒത്തുചേരുമായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലെ കുട്ടികളും മുതിർന്നവരും എല്ലാം ആഘോഷമായി എത്തിച്ചേരും. അന്നും നഗരമായിരുന്നെങ്കിലും തികഞ്ഞ ഗ്രാമീണ അന്തരീക്ഷമായിരുന്നു ഇവിടെയൊക്കെ. അകലേക്ക് നീണ്ടുപോകുന്ന പാടങ്ങളും പറമ്പുകളും തൊടിയും പൂക്കളുമെല്ലാം സമ്മാനിച്ച ഗൃഹാതുരത ഇപ്പോഴുമുണ്ട്. ആ പറമ്പുകളിൽ അന്നൊരിക്കൽ തലപ്പന്തുകളിച്ചുനടന്നിട്ടുണ്ട്. തറവാട് ഭാഗം വച്ചപ്പോൾ ഒരു വീടിനു പകരം ആറ് വീടുകൾ ഉയർന്നു. എല്ലാ മരങ്ങളും വെട്ടിയ കൂട്ടത്തിൽ ഉഞ്ഞാലിളക്കി ഇലപ്പെയ്‌ത്തുനടത്തിയ പഴയ പുളിമരവും മുറിഞ്ഞു വീണു. ഇപ്പോൾ വെറും ഫോർമൽ ഓണം മാത്രമാണുള്ളത്. വിവിധ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ കഴിയുമെങ്കിൽ പങ്കുചേരുമെന്നല്ലാതെ മറ്റൊന്നുമില്ല.
ഊഞ്ഞാലാട്ടവും വഴക്കും
കുട്ടിക്കാലത്തെ അല്ലെങ്കിൽ കൗമാര ഓർമകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് വീട്ടിലെ പുളിമരത്തിലെ ഊഞ്ഞാലാട്ടം തന്നെ. ഞങ്ങളുടെ വീട്ടിൽ മാത്രമേ അന്ന് ഊഞ്ഞാലിടാറുള്ളൂ. ചുറ്റുമുള്ളവരൊക്കെ ആടാൻ വരും. ഊഞ്ഞാലിൽ കയറിയിരിക്കുന്നവരെ കൂടുതൽ ഉയരങ്ങളിലേക്ക് തള്ളിവിടുമ്പോൾ കൊച്ചുകുട്ടികളിൽ ചിലരെങ്കിലും താഴെവീഴും. ആരു വീണാലും ഞാനെന്ന മാധവൻകുട്ടിക്കാണ് അമ്മൂമ്മയുടെ വഴക്ക് മുഴുവൻ കേൾക്കേണ്ടിവരുന്നത്. അക്കാലത്തായിരുന്നു ശരിക്കും ഓണാഘോഷം. വഴക്ക് എത്ര കിട്ടിയാലും അതിന്റെ തമാശ ആഘോഷമാക്കിയ നാളുകൾ. അന്ന് അമ്മൂമ്മയുടെ പ്രതാപകാലമാണ്. അമ്മയ്‌ക്കൊന്നും അത്ര കാര്യബോധം ഒന്നുമില്ലായിരുന്നു. ഒരു ചേച്ചിയെപ്പോലെ അമ്മ ഞങ്ങൾക്കൊപ്പം കളിച്ചുനടന്നു.
നല്ലവരെ നമ്മൾ ആദരിക്കും
തിരുവനന്തപുരത്ത് ഡിഗ്രി പഠനം കഴിഞ്ഞതോടെ സത്യത്തിൽ കേരളത്തിലെ ജീവിതം തന്നെ ഏതാണ്ട് ഇല്ലാതായെന്ന് പറയാം. പോസ്റ്റ് ഗ്രാജുവേഷന് ബനാറസ് ഹിന്ദു യൂണിവഴ്സിറ്റിയിലായിരുന്നു പഠനം. ഉത്തർ പ്രദേശിലെ വാരാണസി പട്ടണത്തിൽ അനേകായിരം വിദ്യാർഥികൾക്കൊപ്പം താമസിച്ചു പഠിക്കാൻ എല്ലാ സൗകര്യങ്ങളുളള ക്യാമ്പസ്. അവിടത്തെ ഹിന്ദി ബിരുദാനന്തര ബിരുദവുമായി നാഗർകോവിലിൽ രണ്ടുവർഷം അധ്യാപനം.1959 ൽ ഡെൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അതുകഴിഞ്ഞ് സിനിമയ്‌ക്കൊപ്പം മദിരാശിയിൽ. യഥാർഥത്തിൽ ജീവിതം മദിരാശിയിലേക്ക് പറിച്ചുനട്ടുവെന്ന് പറയാം. അതോടെ ഓണവും ആഘോഷങ്ങളുമെല്ലാം അവസാനിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയിൽ ഞങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ഏക്കർ കണക്കിന് വിസ്‌തൃതിയുള്ള വിശാലമായ ക്യാമ്പസിൽ വിവിധ ഇൻസ്‌റ്റിറ്റ്യൂട്ടുകളിലും ഡിപ്പാർട്ടുമെന്റുകളിലുമായി നിരവധി മലയാളികളുണ്ട്. അതിനാൽ മിക്ക ഹോസ്‌റ്റലുകളിലും മലയാളി മെസ്സുണ്ട്. ഓണത്തെക്കുറിച്ചും ആഘോഷത്തെക്കുറിച്ചും പറയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ അത്ഭുതം കൂറിയിട്ടുണ്ട്. അസുര രാജാവിനെ ആദരിക്കുന്ന ആഘോഷത്തെക്കുറിച്ചാണ് അവരിൽ പലർക്കും അറിയാനുണ്ടായിരുന്നത്. മഹാബലിക്കഥ പറഞ്ഞ് മലയാളികളുടെ മനസ്സ് അവർക്കുമുന്നിൽ തുറന്നുവച്ചു, ‘നല്ലവരെ നമ്മൾ മലയാളികൾ ബഹുമാനിക്കും, ആദരിക്കും.’
ആഘോഷമൊന്നുമില്ല
സിനിമാരംഗത്ത് സജീവമായതോടെ ഓണത്തിനെന്നല്ല, മിക്കവാറും ഒരു ആഘോഷത്തിനും വീട്ടിൽ ഉണ്ടാകാറില്ല. ഇപ്പോൾ കണ്ണമ്മൂലയിലെ വീട്ടിലാണ് താമസം. ഇവിടെ അന്നുമിന്നും കാര്യമായ ആഘോഷമൊന്നുമില്ല. സാധാരണ ജീവിതം തന്നെ. മിക്കപ്പോഴും മദിരാശിയിലും പുറത്തുമൊക്കെ ഷൂട്ടിങ്ങും യാത്രയുമൊക്കെയായിരുന്നു. ഒന്നോ രണ്ടോ വട്ടം ഇവിടെ അത്തപ്പൂവിട്ടത് ഓർമയുണ്ട്. അത്രതന്നെ. സിനിമയിൽ വന്നശേഷം ഓണക്കാലത്ത് സിനിമ കാണാൻ പോലും പറ്റിയിട്ടില്ല. ഞങ്ങൾ അഭിനയിക്കുന്ന സിനിമകൾ റിലീസ് ആകുന്നത് കേരളത്തിലാണ്. ഞങ്ങൾ താമസിക്കുന്നത് മദിരാശിയിലും.
‘ഹാപ്പി ഓണം’ മാത്രം
ഷൂട്ടിങ് സെറ്റുകളിൽ അങ്ങനെ കാര്യമായ ഓണാഘോഷം ഒന്നും ഉണ്ടായിരുന്നില്ല. തമ്മിൽ കാണുമ്പോൾ സാധാരണ അങ്ങോട്ടുമിങ്ങോട്ടും പറയുന്നപോലെ ഒരു ‘ഹാപ്പി ഓണം’ മാത്രം. ചെന്നൈയിലും വിദേശത്തും നഗരങ്ങളിലെ മലയാളി അസോസിയേഷനുകൾ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. അതിൽ പലപ്പോഴും അതിഥിയായും മറ്റും പങ്കെടുത്തിട്ടുണ്ട്. സത്യത്തിൽ അത്തരം ആഘോഷങ്ങൾ ഓണത്തിനൊന്നുമല്ല നടക്കുന്നത്. പലപ്പോഴും ജനുവരി വരെ ഓണാഘോഷം നീണ്ടു പോയിട്ടുണ്ട്. ഞാൻ സാധാരണ പറയാറുണ്ട്, പണ്ട് മാവേലി വന്നാൽ പിറ്റേന്ന് തന്നെ മടങ്ങുമായിരുന്നു. ഇപ്പോൾ ജനുവരിയൊക്കെ കഴിഞ്ഞേ പോകാൻ പറ്റൂ. കാരണം അദ്ദേഹത്തിന് വർഷത്തിലൊരിക്കൽ ഒരു ലാൻഡിങ്ങേ അനുവദിച്ചിട്ടുള്ളൂ. എപ്പോഴും പോയി വരാനൊന്നും പറ്റില്ല. അതുകൊണ്ട് ആഘോഷങ്ങൾ തീരുംവരെ ഇവിടെ ചുറ്റിക്കറങ്ങിയേ പറ്റൂ.
സിനിമയും ഓണവും
ഓണത്തെക്കുറിച്ച് പ്രത്യേക മലയാളസിനിമ ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പില്ല. നിരവധി പാട്ടുകളിൽ ഓണം എത്തിയിട്ടുണ്ട്. ഞാൻ തന്നെ അഭിനയിച്ച എത്രയോ സിനിമകളിൽ ഓണപ്പാട്ടുകൾ കടന്നുവന്നിട്ടുണ്ട്. 1968ൽ പുറത്തിറങ്ങിയ തുലാഭാരം സിനിമയിൽ , ‘ഓമനത്തിങ്കളിന്നോണം പിറക്കുമ്പോൾ താമരക്കുമ്പിളിൽ പനിനീര്...’. വയലാർ-–-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ആ ഗാനമാലപിച്ചത് യേശുദാസും സുശീലയുമാണ്. ഗാനരംഗത്തിൽ പ്രേംനസീറും ശാരദയുമാണ്. 1972ൽപുറത്തിറങ്ങിയ ചെമ്പരത്തിയിൽ ‘പൂവേ പൊലി പൂവേ പൊലി പൂവേ..’ എന്ന പാട്ടും ഓർമയിൽ വരുന്നു. 1983ൽ പുറത്തിറങ്ങിയ യുദ്ധം എന്ന സിനിമയിലെ ഒരു ഗാനം ഇപ്പോഴും മനസ്സിൽ നിൽപ്പുണ്ട്. ‘ഓണപ്പൂക്കൾ വിരുന്നുവന്നു ഓണത്തുമ്പികൾ പറന്നുവന്നു’ എന്നുതുടങ്ങുന്ന ഗാനം. ‘ മതങ്ങളില്ലാ, ജാതികളില്ലാ തിരുവോണത്തിൻ നാളുകളിൽ...’ എന്നൊക്കെ വരികളുള്ള മനോഹരമായ പാട്ട്. ഓല കെട്ടിയ വീടിന്റെ മുന്നിൽ ഞാനും പ്രേംനസീറും ശ്രീവിദ്യയും കെ ആർ സാവിത്രിയുമെല്ലാം ആടിപ്പാടുന്ന ആ പാട്ട് സത്യത്തിൽ വളരെ മനോഹരമായ ഓണപ്പാട്ടുകളിൽ ഒന്നാണ്. ഓർത്തെടുത്താൽ ഇനിയും നിരവധിയുണ്ടാകും.
ഓണക്കോടി ഇന്നുമുണ്ട്
പുതിയകാല ഓണാഘോഷത്തെക്കുറിച്ച് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. എങ്കിലും വീട്ടുമുറ്റങ്ങളിൽനിന്ന് പൊതുയിടങ്ങളിലേക്ക് ആഘോഷം മാറി എന്ന് വേണമെങ്കിൽ പറയാം. സർക്കാർ സംവിധാനങ്ങളാണ് ഇപ്പോൾ ഓണാഘോഷങ്ങളിൽ മുമ്പിൽ നിൽക്കുന്നത്. തിരുവനന്തപുരം പോലുള്ള നഗരത്തിൽ അത് വളരെ കൂടുതലായി കാണുന്നുണ്ട്. ഇപ്പോൾ വയനാടും മുമ്പ് വെള്ളപ്പൊക്കവും കോവിഡുമൊക്കെ ഇതിന് മാറ്റം വരുത്തിയിട്ടുണ്ട്. ‘ഓണക്കോടി’ എന്നത് ഇപ്പോഴും വച്ചുപുലർത്തുന്ന പ്രത്യക്ഷ സ്വഭാവമാണ്. ഇതിൽ പുതിയതലമുറയ്‌ക്കും ആഭിമുഖ്യമുണ്ടെന്ന് തോന്നിയിട്ടുണ്ട്.
വയലില്ലാതെ എന്ത് കൊയ്‌ത്ത്
പുതിയ ജീവിത രീതികൾ ഓണാഘോഷത്തെ ബാധിച്ചുവെന്ന് പറയാനാകില്ല. അതിന് സാമൂഹ്യമായ ചുറ്റുപാടുകളും കാരണമാണ്. അന്ന് കൂടുതൽ പേർ ദരിദ്രരായിരുന്നു. സാധാരണക്കാരായ അവരുടെ വയറുനിറച്ചുള്ള അന്നയൂണും ആഘോഷങ്ങളും കാർഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്നു. ഇപ്പോൾ അങ്ങനെ പഴയപോലെ ദാരിദ്ര്യമില്ല. അതുമാത്രമല്ല, വയലില്ലാത്തിടത്ത് എന്ത് കൊയ്‌ത്തുത്സവം? ഓണം എന്നത് മാനവികതയുടെ സന്തോഷമാണ്. ഒരിക്കൽ യഥാർഥത്തിൽ കൃഷിയധിഷ്ഠിതമായ സമ്പദ് ഉത്സവം കൂടിയായിരുന്നു. ഇപ്പോൾ വെറും ഫോർമൽ ആണ്. കാർഷിക സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഓണം ആ സംസ്കാരത്തിന്റെ ചുവടുപിടിച്ച് ഇനി തിരിച്ചുവരില്ല. അത്തരത്തിലള്ള ഓണം ഇപ്പോൾ കുട്ടനാട്ടിൽ പോലും ഉണ്ടെന്നു തോന്നുന്നില്ല.
മനുഷ്യൻ മാറുന്നു
ഓണം മാത്രമല്ല, പല ആഘോഷങ്ങളുടെയും പേരിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ വരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ അത് അത്ര ശരിയല്ല. ദൈവങ്ങൾക്ക് പാഠഭേദം ഉണ്ടായി എന്ന് മനസ്സിലാക്കണം. രാഷ്‌ട്രീയ ധാരകളും ചിന്തകളും ഒരിക്കൽ ദൈവങ്ങളെ മാറ്റിനിർത്തുകയും ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും ചെയ്‌തു. അവർ സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ രക്ഷിതാവായിമാറി. എന്നാൽ പിൽക്കാലത്ത് പാർടികളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ജനങ്ങൾ ദൈവങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്‌തുവെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ എല്ലാ അമ്പലങ്ങളും ഹൗസ് ഫുൾ ആണ്. അതിന് കാരണങ്ങളിലൊന്ന് മേൽപ്പറഞ്ഞതാണ്. സാധാരണക്കാരന് എപ്പോഴും ഒരു രക്ഷിതാവ് വേണം. അവിടെയാണ് ആദ്യം പാർടികൾ ദൈവത്തിന്റെ സ്ഥാനത്തെത്തിയത്. മനുഷ്യന് ഒരു ബലം വേണം. അതാണ് വിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്ക് കാണിക്കുന്നത്. പുരോഗമനം പറയുന്നവർ പോലും അമ്പലവാസികൾ ആകുന്നത് നമ്മൾ കാണുന്നു. അത് അബദ്ധമല്ല, മനുഷ്യനുവന്ന ഒരു മാറ്റമാണ്. അതുകൊണ്ട് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വന്നേക്കാം എന്നും ന്യായീകരിക്കരുത്.
നമ്മൾ ഉൾക്കൊള്ളണം
പുതിയ ജനറേഷൻ, പുതിയ ചിന്തകൾ എന്നത് നമ്മൾ ഉൾക്കൊള്ളണം. അവർ മാവേലിക്കഥപോലും അറിയുന്നില്ല. ആഘോഷം വെറും ആഘോഷമായി മാറുന്നു. ഓണം തന്നെ ഇനിയും മാറും. മാറ്റം വന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഒന്നും കൈവിട്ടുപോയതായി ഞാൻ ചിന്തിക്കുന്നില്ല. എല്ലാത്തിന്റെയും രൂപം മാറുന്നതിനൊപ്പം ആഘോഷങ്ങളും മാറി. നമ്മുടെ നാട്ടിലെ വിവാഹ ആഘോഷങ്ങളിൽപ്പോലും എന്തുമാത്രം മാറ്റമാണ് ഇപ്പോൾ. വീട്ടുമുറ്റത്തെ പന്തൽ കല്യാണങ്ങൾ ശീതീകരിച്ച ഹാളുകളിലേക്ക് മാറിയില്ലേ? ഹൽദിയും മെഹ്‌ന്ദിയും സംഗീതവുമെല്ലാം ഇവിടെയും വന്നില്ലേ? അത് കാണാതിരിക്കരുത്.
ഒത്തുചേരലിന്റെ ഉത്സവം
മതസൗഹാർദത്തിന്റെ ഉത്സവമാണ് ഓണം. ലോകത്തെവിടെയെല്ലാം മലയാളിയുണ്ടോ അവിടെല്ലാം ഓണവും ആഘോഷവുമുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഓണത്തിന് പ്രത്യേകിച്ച് ഒരു ആരാധനാമൂർത്തി ഇല്ല എന്നതാണ്. എല്ലാ മതക്കാരും അംഗീകരിക്കുന്ന ഉത്സവമാണ് ഓണം. കേരളത്തിന് പുറത്താണ് യഥാർഥത്തിൽ ഓണം. പുറംനാട്ടിലുള്ളവരുടെ ഗൃഹാതുരമായ ഓർമകൂടിയാണത്. ഗൾഫിലും അമേരിക്കയിലും ക്യാനഡയിലുമൊക്കെ ഓണാഘോഷത്തിൽ പലവട്ടം അതിഥിയായി പോയിട്ടുണ്ട്. പക്ഷേ, അതൊന്നും ഓണനാളുകളിൽ ആയിരുന്നില്ല. അതാണ് ഓണാഘോഷത്തിന്റെ സവിശേഷത. അത് ഒത്തുചേരലിന്റേത് കൂടിയാണ്.
മഹാബലി കോമാളിയല്ല
അടുത്തകാലത്തായി ഓണാഘോഷങ്ങൾ കാണുമ്പോൾ മഹാബലിയെ കോമാളി ആക്കുന്നുണ്ടോയെന്ന് സംശയം. കുടവയറൊക്കെ ചാടിയ ഒരു കൊമേഡിയൻ രൂപത്തെയാണ് ആഘോഷങ്ങൾക്ക് മുന്നിൽ നിർത്തുന്നത്. എന്തൊക്കെ പറഞ്ഞാലും ആരും നേരിൽ കണ്ടില്ലെങ്കിലും മഹാബലി ഇങ്ങനെ ആവില്ല. കരുത്തും ശക്‌തിയുമുണ്ടായിരുന്ന അസുര ചക്രവർത്തി ആയിരുന്നുവെന്ന് ഓർക്കണം. അസുരന്മാർ നല്ല ബോഡിയൊക്കെ ഉള്ളവരാണ്. രാവണനെയൊക്കെ വില്ലാളിവീരനായല്ലേ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാവർക്കും ഓണാശംസകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..