26 December Thursday

മരുഭൂമിയിൽ 
നനുത്ത ‘ചെങ്കാറ്റ്‌’ 
വീശുന്നുണ്ട്‌

കെ ഗിരീഷ്‌Updated: Thursday Dec 15, 2022

ബൽവാൻ പുണിയ / ഗിരിധാരിലാൽ മൈയ


തൃശൂർ
മരുഭൂമിയിൽ ‘ചുവന്ന നിറമുള്ള’ കാറ്റ്‌ പതിയെ വീശാൻ തുടങ്ങിയിട്ടുണ്ട്‌.   രാജസ്ഥാൻ നിയമസഭയിലെ സിപിഐ എം അംഗങ്ങളായ ബൽവാൻ പുണിയ(ഭാദ്ര മണ്ഡലം)യും ഗിരിധാരിലാൽ മൈയ(ശ്രീ ധനഗാഹ്‌ഗഡ്‌)യും സംസാരിക്കുമ്പോൾ ഈ ‘ചെങ്കാറ്റ്‌’ പകരുന്ന ഊർജവും അത്‌ കൊടുങ്കാറ്റാകുമെന്ന  പ്രതീക്ഷയും നുരയുന്നുണ്ട്‌.

കാർഷികപ്രതിസന്ധി രൂക്ഷമായിത്തന്നെ നേരിടുന്ന നാടാണ്‌ രാജസ്ഥാൻ.ഡൽഹി കർഷകസമരത്തിലെ മുഖ്യസാന്നിധ്യവും രാജസ്ഥാനിൽനിന്നുള്ളവരായിരുന്നു. സംസ്ഥാനത്ത്‌ ഇപ്പോഴും തുടരുന്ന കർഷകസമരങ്ങളുടെ ഫലമാണത്‌. ഇക്കൂട്ടത്തിൽ  വൈദ്യുതി, വെള്ളം എന്നിവ സംബന്ധിച്ച സമരങ്ങൾ വിജയിപ്പിക്കാനായത്‌ കിസാൻസഭയുടെ നേട്ടമാണ്‌. അഖിലേന്ത്യാ കിസാൻസഭയേയും അതുവഴി സിപിഐ എമ്മിനേയും ജനം മാനിക്കാൻ തുടങ്ങിയെന്നതാണ്‌  അനന്തരഫലം. ഗ്രാമങ്ങളിലെല്ലാം കിസാൻസഭ യൂണിറ്റുകൾ പടരുകയാണ്‌. തീർച്ചയായും ഇത്‌ സിപിഐ എമ്മിന്റെകൂടി പടർന്നുപിടിക്കലാണ്‌. സമകാലീനാവസ്ഥയിൽ പ്രതീക്ഷാനിർഭരമായ  വളർച്ചയാണ്‌ ഇടതുരാഷ്‌ട്രീയത്തിന്‌, മുഖ്യമായും സിപിഐ എമ്മിന്‌ ഉണ്ടാകുന്നത്‌.  വിദ്യാർഥികൾക്കിടയിൽ എസ്‌എഫ്‌ഐക്കും യുവാക്കൾക്കിടയിൽ ഡിവൈഎഫ്‌ഐക്കും വേരോട്ടം കിട്ടാൻ തുടങ്ങിയത്‌ ചെറിയ കാര്യമല്ല. ജോധ്‌പൂർ ജയ്‌നാരായൻ വ്യാസ്‌ യൂണിവേഴ്‌സിറ്റിയിലും ഷേഖാവതി പണ്ഡിറ്റ്‌ ദീൻദയാൽ ഉപാധ്യായ യൂണിവേഴ്‌സിറ്റിയിലും യൂണിയൻ ഭരണം എസ്‌എഫ്‌ഐക്കാണ്‌. മറ്റു യൂണിവേഴ്‌സിറ്റികളിലെ ചില കോളേജ്‌ യൂണിയനുകളും എസ്‌എഫ്‌ഐയോടൊപ്പമാണ്‌.

കർഷകവിരുദ്ധ, കോർപറേറ്റ്‌ അനുകൂല വ്യവസ്ഥകളിൽ  ഭരിക്കുന്ന കോൺഗ്രസിനും പ്രതിപക്ഷമായ ബിജെപിക്കും ഒരേ നിലപാടാണ്‌. കർഷകരുടെ ഭൂമി സംബന്ധിച്ച കടുത്ത നിയമങ്ങൾ നടപ്പിലാക്കുമ്പോൾത്തന്നെ സോളാർ പ്ലാന്റുപോലുള്ള കോർപറേറ്റ്‌ വ്യാപാരങ്ങൾക്ക്‌ അളവില്ലാതെ ഭൂമി എഴുതിക്കൊടുക്കയാണ്‌. ദളിത്‌, ന്യൂനപക്ഷ, തൊഴിലാളി, ആദിവാസി പ്രശ്‌നങ്ങളിലും ഇവർക്ക്‌ ഒരേ ഭാഷയാണ്‌. ജാതീയത, ജന്മിത്തം തുടങ്ങി വൈവിധ്യമാർന്ന ആക്രമണങ്ങൾ ദളിതർ നേരിടുന്നുണ്ട്‌. പാർടി എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ ഇടപെടാനുള്ള കരുത്ത്‌ ആയിട്ടില്ലെങ്കിലും ദളിതരോടൊപ്പം നിലകൊള്ളുന്നത്‌ അതതുപ്രദേശത്തെ പാർടി പ്രവർത്തകരോ  കിസാൻസഭാ പ്രവർത്തകരോ ആണ്‌. 

ജീവിക്കാൻ പൊരുതണമെന്ന്‌ ബോധ്യമുള്ള മനുഷ്യരെല്ലാം സിപിഐ എമ്മിനൊപ്പം അണിചേരാൻ തുടങ്ങുന്നു.  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതു പ്രതിഫലിക്കുമെന്നതാണ്‌ പ്രതീക്ഷ.  കൂടുതൽ മണ്ഡലങ്ങളിൽ നിർണായകശക്തിയാവാൻ ഇടതുസഖ്യത്തിനാവും. നിയമസഭാതെരഞ്ഞെടുപ്പിലെ വിജയത്തിനു പുറകെ നടന്ന പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പുകളിൽ നേടാൻ കഴിഞ്ഞ വിജയം ഒരു ചൂണ്ടുപലകയാണെന്നും ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top