24 November Sunday

നിറഞ്ഞാടി ; ആനന്ദ്‌ ഏകർഷിയുടെ ആട്ടം

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024


കൊച്ചി
കഴിഞ്ഞവർഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്‌എഫ്‌കെ) തരംഗമായ ചിത്രമാണ്‌ ഇക്കുറി ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ആനന്ദ്‌ ഏകർഷിയുടെ ‘ആട്ടം’. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്‌തത പുലർത്തിയ ആട്ടം മികച്ച മലയാളചിത്രം, തിരക്കഥ, എഡിറ്റിങ് എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ്‌ സ്വന്തമാക്കിയത്‌. നവാഗതസംവിധായകൻ ആനന്ദ്‌ ഏകർഷി രചനയും സംവിധാനവും നിർവഹിച്ച ആട്ടത്തിലെ 13 അഭിനേതാക്കളിൽ ഒമ്പതുപേരും സിനിമയിൽ പുതുമുഖങ്ങളായിരുന്നു. അണിയറയിലും പുതുമുഖങ്ങൾ. വലിയ നേട്ടമാണിതെന്ന്‌ അവാർഡ്‌ പ്രഖ്യാപനത്തിനുപിന്നാലെ ആനന്ദ് ഏകർഷി പ്രതികരിച്ചു. ‘ഇത്തരമൊരു സിനിമ നിർമിക്കാൻ തയ്യാറായ നിർമാതാവ് ഡോ. അജിത് ജോയ്ക്കും സിനിമയുണ്ടാകാൻ കാരണമായ നടൻ വിനയ് ഫോർട്ടിനും പ്രത്യേകം നന്ദി. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്‌’–- ആനന്ദ്‌ ഏകർഷി പറഞ്ഞു.

ഐഎഫ്‌എഫ്‌കെയിൽ സിനിമ ടുഡെ വിഭാഗത്തിലാണ്‌ ആട്ടം ആദ്യമായി പ്രദർശിപ്പിച്ചത്‌. പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം വലിയ ചർച്ചകൾക്കും വിഷയമായി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്‌പാക്‌ പുരസ്‌കാരം ആട്ടത്തിനായിരുന്നു. 12 പുരുഷന്മാരും ഒരു സ്‌ത്രീയുമടങ്ങിയ നാടകസംഘം അരങ്ങിന്‌ പുറത്ത്‌ നേരിടുന്ന ആന്തരികസംഘർഷങ്ങളാണ്‌ പ്രമേയം. അരങ്ങിന്റെ അവതരണ സങ്കേതങ്ങളും നാടകീയതയും സിനിമയിൽ ഉൾച്ചേർത്തതുപോലെ നാടകരംഗത്തെ അഭിനേതാക്കളെയും അണിനിരത്തിയാണ്‌ ആട്ടം ഒരുക്കിയത്‌. എറണാകുളം കളമശേരി സ്വദേശിയാണ്‌ ആനന്ദ്‌ ഏകർഷി. ലോക്‌ധർമി നാടകസംഘത്തിൽ അഭിനേതാവായാണ്‌ അരങ്ങേറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top