30 October Wednesday

പോരാട്ടം ദിനചര്യ ; ജോലി ഉപേക്ഷിച്ചു തൊഴിലാളി നേതാവായി

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2023

കടയ്‌ക്കാവൂർ വിളബ്‌ ഭാഗം കേന്ദ്രീകരിച്ച് 1950ൽ രൂപപ്പെട്ട ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സമരം നടന്നപ്പോൾ ആനത്തലവട്ടം മുൻനിരയിലുണ്ടായിരുന്നു. 1958ൽ സമരം ഫലപ്രാപ്തിയിലെത്തി. റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ലഭിച്ച ജോലി അദ്ദേഹം ഈ സമരത്തിനായി വേണ്ടെന്നുവച്ചു. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ മാനേജിങ്‌ കമ്മിറ്റി അംഗം, മറ്റു തൊഴിലാളി യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. എണ്ണമറ്റ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക്‌ നേതൃപരമായ പങ്കുവഹിച്ച ആനത്തലവട്ടം ആനന്ദൻ കയർതൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടി. പരമ്പരാഗത തൊഴിൽമേഖലയാകെ സംരക്ഷിക്കുന്നതിന്‌ നിരവധി പ്രക്ഷോഭങ്ങൾ നയിച്ചു.ട്രാവൻകൂർ കയർതൊഴിലാളി യൂണിയൻ, കേരള കയർ വർക്കേഴ്സ് സെന്റർ തുടങ്ങി നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായി. സ്‌റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ അസോസിയേഷൻ (കെഎസ്‌ആർടിഇഎ), ബീവറേജസ്‌ കോർപറേഷൻ എംപ്ലോയീസ്‌ അസോസിയേഷൻ, ഖാദി എംപ്ലോയീസ്‌ യൂണിയൻ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌. 


 

ജോലി ഉപേക്ഷിച്ചു 
തൊഴിലാളി നേതാവായി
കയർ തൊഴിലാളി പ്രക്ഷോഭം ശക്തിയാർജിക്കുന്ന കാലം. അവരുടെ നേതാവ്‌ ആനന്ദന്‌ റെയിൽവേയിൽ ടിടിഇ ആയി ജോലികിട്ടി. സമ്പന്നമല്ലാത്ത കുടുംബത്തിലെ മൂത്ത മകന്‌ കേന്ദ്രസർക്കാർ ജോലി ലഭിച്ചപ്പോൾ വീട്ടുകാർ ആഹ്ലാദിച്ചു. ‘ ഇവന്റെ ശല്യം ഇനി നാട്ടിൽ ഉണ്ടാകില്ലല്ലോ’ എന്ന്‌ പ്രദേശത്തെ മുതലാളിമാരും സന്തോഷിച്ചു. ആനന്ദൻ ജോലിക്ക് പോകുന്നതാണ് നല്ലതെന്ന്‌ പറഞ്ഞ്‌ അവരിൽ ചിലർ അച്ഛനെ എരികയറ്റി.
കയർ തൊഴിലാളികളെ സമരത്തിന് തള്ളിവിട്ടിട്ട് ജോലി സ്വീകരിക്കാൻ ആനന്ദൻ എന്ന വിപ്ലവകാരിക്ക് മനസ്സുണ്ടായില്ല. ഉറച്ച തീരുമാനത്തിലെത്തി. റെയിൽവേയിലെ ജോലിക്ക്‌ പോകില്ല. ഈ സാഹചര്യം കുടുംബവുമായി അകൽച്ചയ്‌ക്ക് കാരണമായി. വീട്ടിൽനിന്നും മാറി നിൽക്കേണ്ടിവന്നു. കൂട്ടുകാർ രണ്ടു പേർക്ക്‌ അന്ന്‌ റെയിൽവേയിൽ ജോലികിട്ടിയിരുന്നു.

ആ കാലങ്ങളിൽ കയർതൊഴിലാളികളുടെ അവകാശപോരാട്ടങ്ങളിൽ ഊണും ഉറക്കവും ഒഴിഞ്ഞ്‌ കർമനിരതനായി. 1958ൽ കയർ സഹകരണ സംഘങ്ങൾക്ക് രൂപം നൽകി. 93 ശതമാനം തൊഴിലാളികൾക്ക് ഭൂരിപക്ഷമുള്ളതായിരുന്നു സംഘങ്ങൾ. ആനത്തലവട്ടത്ത് 500 പേരുടെ സംഘം അദ്ദേഹം രൂപീകരിച്ചു. 9.30 രൂപ സർക്കാർ ഓഹരി. 50 പൈസ തൊഴിലാളി വിഹിതം ഇതായിരുന്നു നിരക്ക്. സംഘങ്ങൾ ചേർന്ന് തൊണ്ട് വാങ്ങാനും കയർ പിരിക്കുവാനും തുടങ്ങി. ഒരു ദിവസത്തെ കൂലി 50 പൈസ. റാട്ട് വയ്ക്കാനും തൊണ്ട് തല്ലാനും സ്ഥലമില്ല എന്നതാണ് അവസ്ഥ.
സ്ഥലം കൈയിലുള്ളത് മിക്കവാറും കോൺഗ്രസുകാരുടെ ഉടമസ്ഥതയിലുമാണ്. അവരെല്ലാം തൊഴിലാളികൾക്ക് എതിരായതോടെ ചതുപ്പ് നികത്തി ആനന്ദനും സഖാക്കളും സ്ഥലം ഒരുക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top