കാസർകോട്
രാജ്യത്ത കോവിഡ് വ്യാപനത്തിന്റെ രൂക്ഷത നേരിട്ടറിയാൻ, ഫീൽഡ് റിപ്പോർട്ടിങ്ങിനിറങ്ങിയ പ്രശസ്‌ത ടെലിവിഷൻ മാധ്യമപ്രവർത്തക ബർക്കാ ദത്ത് കാസർകോട്ടെത്തി. ജില്ലയിലെ മേൽപറമ്പ്, പാലക്കുന്ന്, ഉദുമ ഭാഗങ്ങളിൽ എത്തിയ അവർ, രാജ്യത്തിനാകെ മാതൃകയായ സംസ്ഥാനത്തിന്റെ കോവിഡ് അനുഭവം പ്രേക്ഷകരുമായി പങ്കിട്ടു. അവരുടെ യൂട്യൂബ് വീഡിയോ ലക്ഷങ്ങളാണ് കണ്ടത്.
ഉയർന്ന സാക്ഷരതാ നിരക്ക്, മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതി, രോഗം കണ്ടെത്താനുള്ള പരിശോധന, രോഗിയുടെ ട്രാക്ക് റെക്കോഡ് കണ്ടെത്തുന്ന രീതി, കർശനമായ വാഹനപരിശോധന തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ ഇടപെടൽ രാജ്യത്തിന് മാതൃകയാണെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദി സംസാരിക്കുന്ന ബേക്കറി കച്ചവടക്കാർ, ഓട്ടോ–- ടാക്‌സി ഡ്രൈവർമാർ, ഹോട്ടൽ തൊഴിലാളികൾ എന്നിവരുമായി സംസാരിച്ചാണ് അവർ കേരള അനുഭവം പങ്കിടുന്നത്. സർക്കാരും പൊലീസും കൃത്യമായി കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ്, കേരളം രാജ്യത്തിന് മാതൃകയാകുന്നതെന്ന് നാട്ടുകാർ, തങ്ങളുടെ അനുഭവം മുൻനിർത്തി പറഞ്ഞു. അടച്ചുപൂട്ടലിൽ, കച്ചവടം കുറഞ്ഞെങ്കിലും അത് ജീവിതദുരിതമായി മാറിയിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലാണ് അതിന് കാരണമെന്നും ബർക്കാ ദത്തിനോട് നാട്ടുകാർ വിവരിച്ചു.
കോവിഡിന്റെ രണ്ടുഘട്ടവും കേരളം വിജയകരമായി തരണം ചെയ്‌തു. വിദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരിലൂടെ രോഗത്തിന്റെ മൂന്നാംഘട്ടത്തിലാണ് കേരളം. ‘ആപ്‌കാ സർക്കാർ ബഹുത്ത് അച്ഛാ ഹെ!’–- അവർ പറയുന്നു. രാജ്യത്താകമാനം 1400 കിലോമീറ്റർ സഞ്ചരിച്ചാണ് അവർ കേരളത്തിലെത്തിയത്.
മുംബൈയിൽ ധാരാവിയിലുള്ള രോഗികളുടെ പാതി മാത്രമെ കേരളമാകമാനമുള്ളൂ എന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. ‘ഡേയ്‌സ് ഓൺ ദ റോഡ് വിത്ത് പാൻഡമിക്’ എന്ന പരിപാടിയുടെ ഭാഗമായി ‘72–-ാം ദിനമാണ് അവർ കാസർകോട്ടെത്തിയത്. മംഗളൂരുവിലാണ് ഇപ്പോഴുള്ളത്.
സർക്കാറിനെ പിന്തുണച്ച്, ജനങ്ങൾ സംസാരിക്കുന്നത് തന്റെ റിപ്പോർട്ടിംഗിൽ ആദ്യത്തെ അനുഭവമാണെന്ന് ബർക്ക ദത്ത് ട്വീറ്റ് ചെയ്‌തു. ഡൽഹി, പഞ്ചാബ്, യുപി, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുടെ 14000 കിലോമീറ്റർ സഞ്ചരിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറയുന്നു.
യൂട്യൂബ് ലിങ്ക്: www.youtube.com/watch?v=QsaIx0ux3_w
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..