പാലക്കാട്
അവാർഡ് പ്രഖ്യാപനം വരുമ്പോൾ ക്ലാസിൽ കുട്ടികൾക്കൊപ്പമായിരുന്നു ബീന. അനുമോദനം അറിയിച്ച് തുടരെയുള്ള ഫോൺ വിളികൾ. സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശിക്കൊപ്പം പങ്കിട്ട ആഹ്ലാദത്തിലാണ് ബീന ആർ ചന്ദ്രൻ.
‘തടവ്’ എന്ന സിനിമയിലെ ഗീത എന്ന കഥാപാത്രത്തിനാണ് പുരസ്‌കാരം. അവാർഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ ആഗ്രഹിച്ചിട്ട് കിട്ടിയില്ലെങ്കിൽ സങ്കടമാകുമല്ലോ എന്നുകരുതി പ്രതീക്ഷവച്ചില്ല. ‘തടവി’ന്റെ സംവിധായകൻ ഫാസിൽ റസാഖിന്റെ ചില ഷോർട്ട് ഫിലിമുകളിൽ മുമ്പും അഭിനയിച്ചിട്ടുണ്ട്.
പരുതൂരിൽ തന്നെയായിരുന്നു ‘തടവി’ന്റെ ഷൂട്ടിങ്. ഗീത എന്ന അങ്കണവാടി ടീച്ചർ, രണ്ടുതവണ വിവാഹം കഴിച്ചിട്ടും വിവാഹമോചിത. ജീവിതത്തിലെ ഒറ്റപ്പെടൽ. അറിയാതെ ചെയ്‌തുപോകുന്ന കുറ്റകൃത്യം. സ്വയം തടവിലാകുന്ന സ്‌ത്രീയുടെ ജീവിതമാണ് സിനിമയിലൂടെ തുറന്നുകാണിക്കുന്നത്. ഐഎഫ്‌എഫ്‌കെയിലും ‘തടവിലെ’ അഭിനയത്തിന് നിറഞ്ഞ കൈയടിയായിരുന്നു.
പഠിച്ചത് എംഎസ്‌സി ബോട്ടണിയാണെങ്കിലും പരുതൂർ പഴയങ്ങാടി സിഇയുപി സ്‌കൂളിൽ മലയാളം, ഇംഗ്ലീഷ് അധ്യാപികയാണ് ബീന. കുട്ടിക്കാലംമുതൽ അഭിനയ രംഗത്തുണ്ട്. പട്ടാമ്പി നീലകണ്ഠ സംസ്‌കൃത കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാടകത്തെ ഗൗരവമായി സമീപിക്കുന്നത്. പരുതൂർ പള്ളിപ്പുറം സ്വദേശിയാണ്. ഭർത്താവ് വിജയകുമാർ, അമ്മ ശാന്തകുമാരി, അച്ഛൻ പി ടി രാമചന്ദ്രൻ എന്നിവരെല്ലാം പ്രോത്സാഹനവുമായി കൂടെയുണ്ട്. അവാർഡിന്റെ തിളക്കത്തിൽ വെള്ളിയാഴ്‌ച പരുതൂർ പിഎച്ച്‌എസ്‌എസിൽ ‘ഒറ്റഞാവൽമരം’ എന്ന ഏകപാത്ര നാടകവും ബീന അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..