20 September Friday

പുതുവഴി വെട്ടിയ വംഗനായകൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയ 1977 ബുദ്ധദേബ് ഭട്ടാചാര്യയും സഭയിൽ അംഗം. മുപ്പത്തിമൂന്നുകാരൻ കാസിപൂരിൽ തോൽപ്പിച്ചത്, കോൺഗ്രസ് നേതാവ് പ്രഫുല്ലകാന്തി ഘോഷിനെ. തുടക്കക്കാരനായിട്ടും ബുദ്ധദേബ് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മന്ത്രിയായി. ബംഗാളിൽ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും അമരക്കാരനായ പ്രമോദ്ദാസ് ഗുപ്തയാണ് ഭരണരംഗത്തേക്ക് കൊണ്ടുവന്നത്. ദക്ഷിണ കൊൽക്കത്തയിലെ ചുവപ്പുകോട്ടയായ ജാദവ്പൂരിൽനിന്ന് പിന്നീട് മൂന്ന് തവണ തുടർച്ചയായ ജയം.

ജ്യോതിബസു മന്ത്രിസഭയിൽ 10 വർഷം വാർത്താവിനിമയസാംസ്കാരിക വകുപ്പുകൾ കൈകാര്യംചെയ്തു.  1996 ആഭ്യന്തമന്ത്രി. 99 ജനുവരി മുതൽ 2000 നവംബർവരെ ഉപമുഖ്യമന്ത്രി. ബസു സ്ഥാനമൊഴിഞ്ഞാൽ ബുദ്ധദേബായിരിക്കും മുഖ്യമന്ത്രിയെന്ന ധാരണ അതോടെ പ്രബലമായി. രാഷ്ട്രീയ പ്രക്ഷുബ്ധമായ സംസ്ഥാനത്ത് 23 വർഷം മുഖ്യമന്ത്രി പദത്തിലിരുന്ന ബസുവിന്റെ പിൻഗാമിയാവുക വെല്ലുവിളിയായിരുന്നു. മന്ത്രിസഭയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയം ബുദ്ധദേബിന് കൈമുതലായുണ്ടായി. കൂടുതൽ രാഷ്ട്രീയ പക്വത നേടാനും ഇക്കാലത്ത് സാധിച്ചു. ബസു ഒഴിഞ്ഞതിനെ തുടർന്ന് 2000 നവംബർ ആറിന്, 56ാം വയസ്സിൽ ബുദ്ധദേബ് മുഖ്യമന്ത്രിയായി. 2001 മെയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും മുഖ്യമന്ത്രിയാകുമ്പോഴേക്കും അദ്ദേഹം സ്വീകാര്യത നേടിക്കഴിഞ്ഞിരുന്നു. ഭരണം കാര്യക്ഷമമായി കൊണ്ടുപോകുന്നതിനൊപ്പം ഏതിനും ബസുവുമായി താരതമ്യപ്പെടുത്തുന്ന ജനങ്ങളെ തൃപ്തിപ്പെടുത്തേണ്ടതും പ്രധാനമായി. 

സാധാരണക്കാരനായ മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ടു. ബസുവിനെ അകലെനിന്ന് ആരാധനയോടെയാണ് ജനം വീക്ഷിച്ചതെങ്കിൽ ആർക്കും സമീപിക്കാവുന്നയാളായ ബുദ്ധദേബിന്റെ വ്യക്തിത്വം എതിരാളികൾക്കുപോലും സ്വീകാര്യം. പതിനെട്ടര വർഷം മന്ത്രി പദവിയിലിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും ലളിത ജീവിതത്തിൽ മാറ്റമുണ്ടായില്ല. 77 മന്ത്രിയായപ്പോൾ ദക്ഷിണ കൊൽക്കത്തയിൽ പാം അവന്യുവിൽ രണ്ട് മുറിയുള്ള ചെറിയ ഫ്ളാറ്റാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായപ്പോഴും ഭാര്യയും മകളുമൊത്ത് താമസിച്ചത്അവിടെ. സ്വാതന്ത്ര്യാനന്തര തലമുറയുടെ പ്രതിനിധിയാണെങ്കിലും ദേശീയ സമരത്തിന്റെ മൂല്യങ്ങളാണ് ബുദ്ധദേബിനെ നയിച്ചത്. മുഖ്യമന്ത്രിയായപ്പോഴും ആർഭാടങ്ങളിൽ രമിക്കാതിരുന്ന മനോഭാവം പാരമ്പര്യത്തിൽനിന്ന്. ഗൂർഖാലാൻഡ് പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടുന്നതിലും പരിഹാരം കാണുന്നതിലും വഹിച്ച പങ്കാണ് ഭരണാധികാരിയെന്ന നിലയിൽ വലിയ നേട്ടങ്ങളിലൊന്ന്. സാംസ്കാരിക മേഖലയിലെ സമഗ്ര പരിവർത്തനം, പൊലീസ് വകുപ്പിനെ ജനകീയമാക്കൽ എന്നിവയും എടുത്തുപറയേണ്ടവ.


 

ബുദ്ധദേബ് അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ വ്യവസായ വളർച്ച ആശാവഹമായിരുന്നില്ല. നടപടികളിൽ ചില പാളിച്ചകൾ പറ്റിയെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമം ആത്മാർഥമായിരുന്നു. എന്നാല്വ്യവസായ വികസനം തന്നെ ഇല്ലാതാക്കാനാണ് എതിരാളികള്ശ്രമിച്ചത്.  സിംഗൂരിലും നന്ദിഗ്രാമിലുമുണ്ടായ കർഷകസമരവും തുടർന്നുള്ള സംഭവവങ്ങളും എതിരാളികൾ മുതലെടുത്തു. എന്നാൽ വ്യവസായ മുരടിപ്പ് പിന്നെയും യാഥാർഥ്യമായി അവശേഷിച്ചു. കൃഷിയോടൊപ്പം വ്യവസായത്തെയും ഐടി മേഖലയെയും വളർത്താനും യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടി ബംഗാളിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചുവെന്ന് വിമർശകരും സമ്മതിച്ചു. വീരവാദങ്ങൾ ഉന്നയിച്ച് അധികാരത്തിലേറിയ മമതയ്ക്ക് ഇക്കാര്യങ്ങളിൽ ഒന്നും ചെയ്യാനായില്ലെന്ന് മാത്രമല്ല, സർവത്ര തകർച്ചയിലേക്കും നയിച്ചു. ഭരണാധികാരിയെന്ന നിലയിൽ ബുദ്ധദേബ് പുലർത്തിയ സത്യസന്ധതയും ലാളിത്യവും കർമോത്സുകതയും ഒരിക്കലും ചോദ്യംചെയ്യപ്പെട്ടില്ല. അധികാരമൊഴിഞ്ഞപ്പോഴും ബംഗാളി ജനത സ്നേഹിച്ചതും അതുകൊണ്ട്.

പ്രബുദ്ധതയുടെ  സംസ്കാരമുദ്ര
സാംസ്കാരിക
സ്ഥാപനങ്ങളുടെ ശിൽപിയായാണ്  ബുദ്ധദേബ് അറിയപ്പെട്ടത്. രാഷ്ട്രീയക്കാരനിലുപുരി ബുദ്ധിജീവിയും സാഹിത്യകാരനുമായി വേറിട്ടൊരു വ്യക്തിത്വം. സിനിമയും കവിതയും നാടകവുമൊക്കെ ഇഷ്ടമേഖല.  പത്രപ്രവർത്തകരും എഴുത്തുകാരുമായി അടുത്ത സൗഹൃദം പുലർത്തി. സുനിൽ ഗംഗോപാധ്യായ, ബുദ്ധദേബ് ഗുഹ തുടങ്ങിയ കമ്യൂണിസ്റ്റ് വിമർശകരും അക്കൂട്ടത്തിൽ. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും അദ്ദേഹത്തിന്റെ ചേംബറിൽ എപ്പോഴും പ്രവേശനമുണ്ടായി. തിരക്കുകൾക്കിടയിലും സാഹിത്യ പ്രവർത്തനത്തിന് സമയം കണ്ടെത്തി. സ്വന്തമായി കവിതയും നാടകങ്ങളുമെഴുതി. നാടകങ്ങൾ പലതും വലിയ സദസ്സിനു മുമ്പിൽ അവതരിപ്പിച്ചു. മികച്ച ലോക രചനകൾ ബംഗാളിയിലേക്ക് വിവർത്തനംചെയ്തു.

 വിയറ്റ്നാം വിപ്ലവകാരി ലേ ഡുക് ദോയുടെ കവിത പരിഭഷപ്പെടുത്തി. (1973 അമേരിക്കൻ സ്റ്റേറ്റ്സ് സെക്രട്ടറി ഹെൻറി കിസിഞ്ചറിനൊപ്പം സമാധാന നൊബേലിന് തെരഞ്ഞെടുക്കപ്പെട്ടു ദോ. കിസിഞ്ചറോടുള്ള വിയോജിപ്പ് മുൻനിർത്തി നിരസിച്ചു). ബംഗാളി കവി ജീബനാനന്ദദാസിന്റെ "ഹൃദയേർ ശബ്ദോഹീൻ ജ്യോത്സന ഔർ ബിത്തോർ', മണിക് ബന്ദോപാധ്യായയുടെ നോവലുകൾ എന്നിവയ്ക്ക് ബുദ്ധദേബ് എഴുതിയ വിമർശങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

മയക്കോവ്സ്കി, എലിയറ്റ്‌, നെരൂദ, മാർക്വസ് എന്നിവരുടെ രചനകൾ പരിഭാഷപ്പെടുത്തി. "ചെനെ ഫുലേർ ബന്ദോ' കവിതാ സമാഹാരവും "ദുഷ്മയ്' നാടകവും സ്വന്തം കൃതികളാണ്.  ഇന്ത്യയിലെ വലിയ സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ നന്ദൻ തിയേറ്റർ രൂപം കൊണ്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായി. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനോട് കിടപിടിക്കുന്ന സ്ഥാപനം. ഒപ്പം സത്യജിത്റേ ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ടും പുസ്തകശാലയും. ബംഗ്ലാ അക്കാദമിയും രവീന്ദ്രഭവനും ബുദ്ധദേബിന്റെ സംഭാവന.തുടക്കം അച്ഛന്റെ

തുടക്കം അച്ഛന്റെ പുസ്തകശാല
ഉത്തര കൊൽക്കത്തയിലെ സാധാരണ കുടുംബത്തിൽ 1944 മാർച്ച് ഒന്നിന് ജനനം. ശൈലേന്ദ്ര സർക്കാർ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. പ്രസിഡൻസി കോളേജിൽനിന്ന് ബംഗാളി സാഹിത്യത്തിൽ ബിരുദം.

അച്ഛൻ കൊൽക്കത്തയിൽ പുസ്തകശാല നടത്തിപ്പുകാരൻ. വിപ്ലവ കവി സുകാന്ത ഭട്ടാചാര്യ അച്ഛന്റെ അനുജൻ. അക്ഷരലോകവുമായി അടുക്കുന്നതിന് സ്വാഭാവികമായും അവസരങ്ങളുണ്ടായി. ബംഗാളിന്റെ സാഹിത്യസാംസ്കാരിക ലോകവുമായി ബന്ധംവെച്ചു. കേളേജ് വിദ്യാർഥിയായിരിക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക്. പശ്ചിമബംഗാളിലെ ഭക്ഷ്യ പ്രക്ഷോഭത്തിലും വിയറ്റ്നാം ഐക്യദാർഢ്യ പ്രസ്ഥാനത്തിലും പങ്കെടുത്തു. 66 സിപിഐ എം അംഗം. 68 ജൂണിൽ ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി. 71 സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. 82 സെക്രട്ടറിയേറ്റിൽ. 84 മുതൽ കേന്ദ്രകമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവ്. 85 കേന്ദ്രകമ്മിറ്റിയംഗം. 2000 പിബിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top