26 December Thursday

ചെ ഗുവേരയുടെ ശബ്ദം- കെ പി ഭാനുമതി ചെ ഗുവേരയുമായി ആകാശവാണിക്കുവേണ്ടി നടത്തിയ അഭിമുഖം

ആര്യ എ ടിUpdated: Thursday Oct 19, 2023

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തീൻമൂർത്തി ഭവനിൽ ചെ ഗുവേരയെ സ്വീകരിക്കുന്നു

ചെ ഗുവേരയുടെയും സംഘത്തിന്റെയും അഞ്ച് ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ ഓൾ ഇന്ത്യാ റേഡിയോയുടെ കെ പി ഭാനുമതി ആകാശവാണിക്കുവേണ്ടി നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ്, കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്ന ഒന്നായിരുന്നു. നവ കൊളോണിയലിസവും മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധിയും ആയിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ പ്രധാന ഉള്ളടക്കം.

കാലത്തോട് കലഹിക്കുന്ന മനുഷ്യർക്കുള്ളിൽ ചെ ഗുവേര നിലകൊള്ളുന്നത് ചരിത്ര സ്മരണ എന്നതിലുപരി ഒരു വികാരമായിക്കൂടിയാണ്. അതുകൊണ്ടാണ് ടീഷർട്ടുകളിൽ നെഞ്ചോടു ചേർത്ത്‌ യുവത ഇപ്പോഴും അയാളെ അണിയുന്നത്. നോർമൻ ലൂയിസ് പറഞ്ഞതുപോലെ ‘അയാളുടെ വാക്കുകളിൽ, സോഷ്യലിസ്റ്റ് പിതാക്കന്മാരിൽ എല്ലാം അദൃശ്യമായുൾച്ചേർന്ന മനുഷ്യത്വത്തിന്റെ കണം പരക്കെ ദൃശ്യമാണ്’ എന്നതുകൊണ്ട് തന്നെയാവണം അയാളിന്നും ക്യൂബയിലും വൻകരകിൾക്കിപ്പുറവും കലുഷിതമായ തലച്ചോറുകളിൽ ആഴത്തിൽ പതിയുന്നത്, അതേ കാരണത്താലാണ് ദശാബ്ദങ്ങൾ പിന്നിട്ടും ഇന്നും സമരമതിലുകൾ അയാളുടെ ചിത്രം നെറുകയിൽ കോറിയിടുന്നത്.

അബു എബ്രഹാം വരച്ച ചെ ഗുവേരയുടെ സ്‌കെച്ച്‌

അബു എബ്രഹാം വരച്ച ചെ ഗുവേരയുടെ സ്‌കെച്ച്‌

ഫിദൽ കാസ്ട്രോയ്ക്കുശേഷം ക്യൂബ കണ്ട ഏറ്റവും ശക്തനായ നേതാവായി ചെ ഗുവേര. വിപ്ലവകാരിയും ധൈഷണികനും ഒത്തുതീർപ്പില്ലാത്ത സമരക്കാരനുമായിരുന്ന ചെ ക്യൂബയുടെ ഔദ്യോഗിക അധികാര സ്ഥാനത്ത് നിൽക്കെ 1959ൽ നെഹ്‌റുവിന്റെ ക്ഷണം സ്വീകരിച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യ സന്ദർശിച്ചിരുന്നു എന്നത് വിസ്മരിക്കപ്പെട്ടുപോയ ചരിത്രമാണ്.

ചെ ഗുവേരയുടെ ഇന്ത്യാ സന്ദർശനം 2007 വരെ പൊതുമണ്ഡലത്തിൽ അജ്ഞാതമായി തുടരുകയും ഇന്ത്യയുടെ രാഷ്ട്രീയ ബൗദ്ധിക വൃത്തങ്ങളിൽ അത് പൂർണമായി അവഗണിക്കപ്പെടുകയും ചെയ്തു. 2007ൽ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ഹിന്ദി ദിനപത്രമായ ജനസത്തയിലും പിന്നീട് ഹിമാൽ സൗത്ത് ഏഷ്യൻ മാസികയിലും പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലൂടെയാണ് ചെ ഗുവേരയുടെ 1959 ലെ ഇന്ത്യാ സന്ദർശന ചരിത്രം പൊതുസ്മരണയിൽ ദൃശ്യത നേടുന്നത്.

2007 ആഗസ്‌ത്‌‐സെപ്‌തംബർ മാസങ്ങളിൽ, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ഹിന്ദി ദിനപത്രമായ ജനസത്തയുടെ എഡിറ്ററായ ഓം തൻവി, ഏണസ്റ്റോ ചെ ഗുവേരയുടെ 1959ലെ ചരിത്രപരമായ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ലേഖന പരമ്പര തന്റെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.

ഈ ലേഖനങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ ഗ്രാമത്തിലെ കർഷകരുമായി ചെ സംസാരിക്കുന്നതിന്റെയും, ചെയും ആറ് ക്യൂബൻ സഹപ്രവർത്തകരും താമസിച്ചിരുന്ന ഹോട്ടൽ അശോകിൽവെച്ച് ആകാശവാണി ചെയുമായി അഭിമുഖം നടത്തുന്നതിന്റേയും, തീൻമൂർത്തി ഭവനിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി ചെ ഹസ്തദാനത്തിൽ ഏർപ്പെടുന്നതിന്റെയും, പ്രശസ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാം വരച്ച ചെയുടെ ഒരു രേഖാചിത്രത്തിന്റെയും അടക്കം പതിനാലോളം ഫോട്ടോഗ്രാഫുകൾ ജനസത്ത പ്രസിദ്ധീകരിച്ചു. 

ചെ യുടെയും സംഘത്തിന്റെയും അഞ്ച് ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ ഓൾ ഇന്ത്യാ റേഡിയോയുടെ കെ പി ഭാനുമതി ആകാശവാണിക്ക് വേണ്ടി ചെ യുമായി നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ്, കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്ന ഒന്നായിരുന്നു. നവ കൊളോണിയലിസവും മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധിയും ആയിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ പ്രധാന ഉള്ളടക്കം.

ഓം തൻവി ചെ യുടെ സന്ദർശനവുമായി ബന്ധപ്പെട്ട്‌ നടത്തിയ 2007ലെ വിശദമായ ചരിത്ര പരിശോധനയാണ് വിസ്മരിക്കപ്പെട്ട ഈ അഭിമുഖത്തെ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നത്.  കെ പി ഭാനുമതിയുടെ ‘കാൻഡിഡ് കൺവർസേഷൻസ്‌’ എന്ന പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖ സമാഹാരത്തിൽ ചെ യുമായുള്ള ഈ സംഭാഷണത്തിന്റെ ഓർമ രേഖപ്പെടുത്തിയിട്ടുണ്ട്. 

1959 ഫെബ്രുവരിയിൽ ക്യൂബൻ സൈനിക ഏകാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അട്ടിമറിച്ച് രണ്ട് വർഷത്തെ ഗറില്ലാ യുദ്ധത്തിന് ശേഷം സ്ഥാപിതമായ ഫിദൽ കാസ്ട്രോയുടെ വിപ്ലവ ഗവൺമെന്റിന്റെ കീഴിലുള്ള ഔദ്യോഗിക ക്യൂബൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായായിരുന്നു ചെ ഗുവേരയുടെ ഇന്ത്യാ സന്ദർശനം.

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായാണ്‌ ചെ ഗുവേരയെ കാസ്‌ട്രോ അയച്ചത്‌. 'ക്യൂബയുടെ ദേശീയ നേതാവ്’ എന്ന നിലയിൽ യൂറോപ്പും, ലോകമെമ്പാടും പുതുതായി രൂപീകരിച്ച ഗവൺമെന്റുകളുമായി ആത്മവിശ്വാസവും സൗഹാർദവും വളർത്തിയെടുക്കാനും അതുപോലെ ക്യൂബയിൽ നിന്നുള്ള ചരക്കുകളുടെ വിപണി പര്യവേക്ഷണം ചെയ്യാനും ആയിരുന്നു ആ യാത്രകൾ.

വിയറ്റ്നാമും മറ്റ് രാജ്യങ്ങളും സന്ദർശിച്ചശേഷം 1959 ജൂണിൽ ചെ ക്യൂബൻ പ്രതിനിധികൾക്കൊപ്പം കെയ്റോ വഴി ഡൽഹിയിലേക്ക് പറന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിന്റെ വിമാനം  ഇന്ത്യയിൽ എത്തിയത്. അദ്ദേഹം താമസിച്ച അശോക ഹോട്ടലിൽ വെച്ച് ഓൾ ഇന്ത്യ റേഡിയോക്കുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ചെ ചിന്താപൂർവം, നീണ്ട ഇടവേളകളോടെ ഒരു ജ്യോതിഷിയെപ്പോലെയാണ് സംസാരിച്ചിരുന്നത് എന്ന് ഭാനുമതി ഓർത്തെടുക്കുന്നു.

“അദ്ദേഹത്തിന്റെ സൈനിക യൂണിഫോമും ഭാരമുള്ള ബൂട്ടുകളും മോണ്ടെ കാർലോ 4 സിഗാറും മാറ്റി നിർത്തിയാൽ, ചെഗുവേരയിൽ വെളിവാകുന്ന ലാളിത്യവും മര്യാദയും ഒരു വിശുദ്ധ പുരോഹിതനെ അനുസ്മരിപ്പിക്കുന്നതാണ്” എന്ന് ഓം തൻവിയുമായുള്ള സംഭാഷണത്തിൽ ഭാനുമതി പറയുന്നുണ്ട്.

ആകാശവാണിക്കുവേണ്ടി കെ പി ഭാനുമതി ചെ ഗുവേരയെ  ഇന്റർവ്യൂ ചെയ്യുന്നു.     ഫോട്ടോ: പി എൻ ശർമ

ആകാശവാണിക്കുവേണ്ടി കെ പി ഭാനുമതി ചെ ഗുവേരയെ ഇന്റർവ്യൂ ചെയ്യുന്നു. ഫോട്ടോ: പി എൻ ശർമ

എന്താണ് താങ്കളെ ഇന്ത്യയിലേക്ക് എത്തിച്ചത് എന്ന ചോദ്യത്തിന് സിഗാറിലെ ചാരം തട്ടിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചെ ഇങ്ങനെ മറുപടി പറഞ്ഞു. “ക്യൂബയെ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചിപ്പിച്ചതിനു ശേഷം, കൊളോണിയൽ നുകത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ട്‌ കഴിയുന്ന വിയറ്റ്നാമിലും മറ്റ് രാജ്യങ്ങളിലും നേരിട്ടുചെന്ന്‌ കാര്യങ്ങൾ പഠിക്കാനുള്ള ഉദ്ദേശത്തിലാണ് ഞാൻ യാത്ര ചെയ്യുന്നത്.

നിങ്ങളുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നെ ക്ഷണിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം എന്നും എനിക്ക് ആഗ്രഹമുണ്ട്, ലാറ്റിനമേരിക്കയിൽ ഞങ്ങൾ സാമ്രാജ്യത്വത്തിന് കീഴിൽ കഷ്ടപ്പെട്ടു, ഇനി ഞങ്ങൾക്ക്‌ എല്ലാം ആദ്യം മുതൽ കെട്ടിപ്പടുക്കേണ്ടതുണ്ട്.

ഒരു സോഷ്യലിസ്റ്റ് എന്നാണ് ചെ സ്വയം അടയാളപ്പെടുത്തുന്നത്. താൻ വിശ്വസിച്ചിരുന്ന ‘സോഷ്യലിസ്റ്റ് മനുഷ്യൻ’, ‘സോഷ്യലിസ്റ്റ് സമ്പദ്ഘടന’ എന്നീ ആശയങ്ങൾ അദ്ദേഹം ഉൾക്കൊണ്ടത്‌, അവികസിത രാജ്യങ്ങൾക്ക്‌ നവകൊളോണിയൽ ചൂഷണങ്ങളിൽനിന്ന്‌ മുക്തമായ വ്യവസ്ഥ സൃഷ്ടിക്കാനുള്ള മാർഗമായാണ്. “സാമ്രാജ്യത്വ നുകത്തിൽനിന്നും പാവ ഗവൺമെന്റുകളിൽനിന്നും അവരുടെ സൈന്യങ്ങളിൽനിന്നും അവികസിത രാജ്യങ്ങളിലെ ചൂഷണ വ്യവസ്ഥയിൽ നിന്നും അവികസിത ലോകത്തിലെ നാം സ്വയം മോചിതരാകേണ്ടതുണ്ട്. അവികസിതമോ വികലമായ വികസനം നടന്നതോ ആയ നമ്മൾ കോളനികളോ ആശ്രിത രാജ്യങ്ങളോ ആണ്.

സ്വാതന്ത്ര്യ സമരത്തിനുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് ജനങ്ങളുടെ പട്ടിണിയാണ്. ഒരു സോഷ്യലിസ്റ്റ് മനുഷ്യനേയും സോഷ്യലിസ്റ്റ് സമ്പദ്‌ വ്യവസ്ഥയേയും ഒരു വിദേശ ശക്തിയുടെയും അടിമയാകാതെ നേടിയെടുക്കാൻ നമുക്ക് കഴിയും, ഒരു വികസിത ലോകത്തിനും ഒരിക്കലും അഴിമതി രഹിത ഘടനയുടെ പ്രയോജനം അനുഭവിക്കാൻ കഴിയില്ല. അതിനായി അവികസിതരായ നമ്മൾ ഒന്നിക്കണം”. ഒതുക്കി വെട്ടിയ താടിയും തീക്ഷ്ണമായ കണ്ണുകളും മറക്കാനാവില്ല. ആ മുഖം വിപ്ലവ വീര്യത്തിൽ ജ്വലിച്ചു.

വിരുദ്ധ അഭിപ്രായങ്ങൾക്കിടയിലും സ്വാതന്ത്ര്യത്തോടുള്ള വ്യത്യസ്ത സമീപനങ്ങൾക്കിടയിലും ചെ ഗുവേര ഗാന്ധിയുടെ രാഷ്ട്രീയത്തെയും തത്വശാസ്ത്രത്തെയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്തു.

വിരുദ്ധ അഭിപ്രായങ്ങൾക്കിടയിലും സ്വാതന്ത്ര്യത്തോടുള്ള വ്യത്യസ്ത സമീപനങ്ങൾക്കിടയിലും ചെ ഗുവേര ഗാന്ധിയുടെ രാഷ്ട്രീയത്തെയും തത്വശാസ്ത്രത്തെയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്തു. ‘നിങ്ങൾക്ക് ഗാന്ധിയും ഒരു പഴയ ദാർശനിക പാരമ്പര്യവും ഉണ്ട്;  ലാറ്റിനമേരിക്കയിൽ ഞങ്ങൾക്ക്‌ രണ്ടും ഇല്ല. അതുകൊണ്ടാണ് ഞങ്ങളുടെ ചിന്താഗതി വ്യത്യസ്തമായി വികസിച്ചത്’ എന്ന് തങ്ങളുടെ വിഭിന്ന മാർഗങ്ങളെ ചൂണ്ടി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിയെക്കുറിച്ചും അഹിംസയുടെ പങ്കിനെക്കുറിച്ചും ചെ തന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. “ഇന്ത്യയിൽ, യുദ്ധം എന്നത് ജനങ്ങളുടെ ആത്മാവിൽനിന്ന് വളരെ അകലെയാണ്,

ഇന്ത്യാ സന്ദർശനവേളയിൽ ഡൽഹിക്കടുത്ത്‌ ഗ്രാമീണ  കർഷകൻ ചെ ഗുവേരയെ ഹാരമണിയിച്ച്‌ സ്വീകരിക്കുന്നു -  കടപ്പാട്‌: ഫോട്ടോ ഡിവിഷൻ ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ

ഇന്ത്യാ സന്ദർശനവേളയിൽ ഡൽഹിക്കടുത്ത്‌ ഗ്രാമീണ കർഷകൻ ചെ ഗുവേരയെ ഹാരമണിയിച്ച്‌ സ്വീകരിക്കുന്നു - കടപ്പാട്‌: ഫോട്ടോ ഡിവിഷൻ ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളിൽ പോലും അവർ ഹിംസയുടെ മാർഗം അവലംബിച്ചില്ല. അതൃപ്തിയിൽനിന്നുളവായ കൂട്ടായതും സമാധാനപരവുമായ മഹത്തായ പ്രകടനങ്ങൾ, നൂറ്റമ്പത് വർഷക്കാലം അവർ നശിപ്പിച്ച ഭൂമി എന്നേക്കുമായി ഉപേക്ഷിക്കാൻ ഇംഗ്ലീഷ് കൊളോണിയലിസത്തെ നിർബന്ധിച്ചു” എന്ന് ചെ ഇന്ത്യൻ ചെറുത്തു നില്പിനെയും ഗാന്ധിയൻ വീക്ഷണത്തെയും നിരീക്ഷിച്ചുകൊണ്ട്‌ എഴുതിയിട്ടുണ്ട്.

ഭാനുമതിയുമായുള്ള സംഭാഷണത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്‌റുവിന്റെ നേതൃത്വം മുന്നോട്ടു വെയ്ക്കുന്ന സോഷ്യലിസ്റ്റ് പദ്ധതികളിൽ  തനിക്കുള്ള ശുഭാപ്തി വിശ്വാസം ചെ പങ്കുവെയ്‌ക്കുന്നത് ഇങ്ങനെയാണ്; “ഇന്ത്യ നീണ്ട പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യം നേടിയത്, ഞാൻ നെഹ്‌റുവിനെ ബഹുമാനിക്കുന്നു.

അദ്ദേഹം ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ടുവരികയും ഇന്ത്യയെ ശക്തമായ ഭരണകൂടമാക്കി മാറ്റുകയും ചെയ്യും” എന്ന്‌ നെഹറുവിയൻ വികസന വീക്ഷണത്തോടുള്ള മതിപ്പ് ചെ വ്യക്തമാക്കുന്നു. സാമ്രാജ്യത്വ ശക്തികൾക്ക്‌ എതിരെ മൂന്നാം ലോക രാജ്യങ്ങൾ സംഘടിച്ച്‌ ചെറുത്തു നില്ക്കണം എന്നതായിരുന്നു ചെ ഗുവേര ഊന്നിപ്പറയുന്ന രാഷ്ട്രീയ പദ്ധതി.

“എല്ലാ മനുഷ്യരും മനുഷ്യന്റെ വ്യക്തിഗത അഭിലാഷങ്ങളുടെ കൂട്ടായ മനോഭാവം പങ്കിടുന്ന ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. നിയോകൊളോണിയലിസം ആദ്യം വളർന്നത് തെക്കേ അമേരിക്കയിലാണ്, ആഫ്രിക്കയിലും ഏഷ്യയിലും അത് തീവ്രതയോടെ അവതരിപ്പിക്കപ്പെട്ടു.

വിയറ്റ്നാമിലും കൊറിയയിലും എന്താണ് സംഭവിക്കുന്നതെന്ന് കാണുക. ഏഷ്യയിലെ ചില രാജ്യങ്ങളിലെ ക്രൂരത കൂടുതൽ സൂക്ഷ്മമായ രൂപത്തിലാണ്. കൊളോണിയലിസ്റ്റുകളുടെയും സാമ്രാജ്യത്വവാദികളുടെയും കുതന്ത്രങ്ങളെ മറികടക്കാൻ മൂന്നാം ലോക അവികസിത രാജ്യങ്ങളിലെ നമ്മൾ ഒന്നിക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'നിങ്ങൾ ഒരു കമ്യൂണിസ്റ്റാണെന്ന് പറയപ്പെടുന്നു, എന്നാൽ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ ഒരു ബഹുമത സമൂഹം അംഗീകരിക്കില്ല’ എന്ന ഭാനുമതിയുടെ തുറന്ന അഭിപ്രായത്തോട് ചെ ഗുവേരയുടെ പ്രതികരണം ശ്രദ്ധേയമാണ്.

അദ്ദേഹം പറഞ്ഞു,

“ഞാൻ എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിക്കില്ല. ഞാൻ ഒരു കത്തോലിക്കനായി ജനിച്ചു. ഞാൻ സമത്വത്തിലും ചൂഷണം ചെയ്യുന്ന രാജ്യങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റാണ്. ലാറ്റിൻ അമേരിക്കയിലെ എന്റെ ചെറുപ്പകാലം മുതൽ തന്നെ പട്ടിണി, വളരെയധികം കഷ്ടപ്പാടുകൾ, കടുത്ത ദാരിദ്ര്യം, രോഗം, തൊഴിലില്ലായ്മ എന്നിവ ഞാൻ കണ്ടിട്ടുണ്ട്.ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും ഇത് സംഭവിക്കുന്നു.

“ഞാൻ എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിക്കില്ല. ഞാൻ ഒരു കത്തോലിക്കനായി ജനിച്ചു. ഞാൻ സമത്വത്തിലും ചൂഷണം ചെയ്യുന്ന രാജ്യങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റാണ്. ലാറ്റിൻ അമേരിക്കയിലെ എന്റെ ചെറുപ്പകാലം മുതൽ തന്നെ പട്ടിണി, വളരെയധികം കഷ്ടപ്പാടുകൾ, കടുത്ത ദാരിദ്ര്യം, രോഗം, തൊഴിലില്ലായ്മ എന്നിവ ഞാൻ കണ്ടിട്ടുണ്ട്.ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും ഇത് സംഭവിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആരംഭിക്കുന്നത് ജനങ്ങളുടെ പട്ടിണിയിൽ നിന്നാണ്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് സിദ്ധാന്തത്തിൽ ഉപയോഗപ്രദമായ പാഠങ്ങളുണ്ട്. പ്രായോഗിക വിപ്ലവകാരി തന്റെ സ്വന്തം പോരാട്ടം ആരംഭിക്കുന്നത് മാർക്സ് മുൻകൂട്ടി കണ്ട നിയമങ്ങൾ നിറവേറ്റിക്കൊണ്ടാണ്. ഇന്ത്യയിൽ, ഗാന്ധിജിയുടെ പാഠങ്ങൾക്ക്‌ അതിന്റെതായ മേന്മയുണ്ട്, അതാണ് ഒടുവിൽ സ്വാതന്ത്ര്യം നേടിത്തന്നത്”.

2007ൽ ഈ അഭിമുഖം പുറം ലോകം ചർച്ച ചെയ്യാൻ ഇടവരുത്തിയ ഓം തൻവിയുടെ ശ്രമങ്ങൾ സ്മരിക്കപ്പെടേണ്ടതാണ്. താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോൾ കൂടുതൽ ആധികാരിക രേഖകൾ കണ്ടെത്തുക എന്ന ചുമതല തൻവിക്കു വന്നുചേർന്നു. ചെയുടെ 1959ലെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഓം തൻവി 2007 ജൂണിൽ ക്യൂബ സന്ദർശിച്ചു.

അദ്ദേഹം ചെയുടെ മകൻ കാമിലോ ഗുവേര മാർച്ചുമായി ബന്ധപ്പെടുകയും അവിടെ ലാ ഹവാനയിലെ ചെഗുവേരയുടെ ഭവനം സന്ദർശിക്കുകയും ചെയ്തു. ഇന്ന് ചെഗുവേര പഠന കേന്ദ്രമായ സെൻട്രോ ഡി എസ്റ്റുഡിയോസ് ആണ് ഇത്. അവിടെ നിന്നും  ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് പിതാവ് എഴുതിയ സ്പാനിഷ് ഭാഷയിലുള്ള ഒരു റിപ്പോർട്ടിന്റെ പകർപ്പ് കാമിലോ തൻവിക്കു നല്കി. കൂടാതെ ചെയുടെ ഇന്ത്യാ യാത്രയുടെ കുറച്ച് ചിത്രങ്ങളും അദ്ദേഹത്തിന് ലഭിച്ചു,

കാമിലോ തന്റെ പിതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കാൻ ചെയുടെ മാതൃരാജ്യമായ അർജന്റീനയിലേക്ക് പോകാനൊരുങ്ങുന്നതിനാൽ, ഓം തൻവിയെ സഹായിക്കാൻ അദ്ദേഹം റിസർച്ച് ഓഫീസർ ലസാറോ ബക്കലാവോയെ ചുമതലപ്പെടുത്തി. പ്രതിനിധി സംഘാംഗങ്ങളുടെ പേരുകളും സ്വീകരിച്ച തുടർനടപടികളും പോലുള്ള പ്രസക്തമായ വിവിധ വിവരങ്ങൾ ബക്കലാവോ തൻവിയുമായി പങ്കിട്ടു.

ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ ചെ നിരവധി പ്രമുഖ മൂന്നാം ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ഫോട്ടോകൾ കൊണ്ട് അലങ്കരിച്ച ഒരു കലണ്ടർ അദ്ദേഹം ഓം തൻവിക്കു പരിചയപ്പെടുത്തി. അതിലെ ഒരു ഫോട്ടോ ജവഹർലാൽ നെഹ്റു ചെ യും ഒന്നിച്ചുള്ളതായിരുന്നു.

ചെ ഗുവേര ഡൽഹിക്ക്‌ സമീപത്തെ സ്‌കൂൾ സന്ദർശിക്കാനെത്തിയപ്പോൾ

ചെ ഗുവേര ഡൽഹിക്ക്‌ സമീപത്തെ സ്‌കൂൾ സന്ദർശിക്കാനെത്തിയപ്പോൾ

ഡൽഹിയിൽ തിരിച്ചെത്തിയ തൻവി തന്റെ തിരച്ചിൽ തുടർന്നു. സന്ദർശനത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾക്കായി അദ്ദേഹം കേന്ദ്ര സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി.

ആദ്യം മന്ത്രാലയം അങ്ങനെ ഒരു സംഭവം നടന്നില്ല എന്ന് പ്രസ്താവിച്ചു, അവർ ചൂണ്ടിക്കാട്ടിയത് അത്തരമൊരു സന്ദർശനം നടന്നതിന്റെ രേഖകൾ ഡിപ്ലോമാറ്റിക് ഗാലറിയിൽ ഇല്ല എന്നാണ്. രേഖകളിൽ അദ്ദേഹത്തിന്റെ പേര് 'ചെ’ എന്ന് പരാമർശിക്കാത്തതിനാൽ ആശയക്കുഴപ്പം കാരണം ഔദ്യോഗിക രേഖകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. അദ്ദേഹം  ഔദ്യോഗിക രേഖകളിൽ അടയാളപ്പെടുത്തപ്പെട്ടത് ‘ക്യൂബയുടെ ദേശീയ നേതാവ്', കമാൻഡർഏണസ്റ്റോ ഗുവേര എന്നായിരുന്നു.

ഇന്നും ക്യൂബക്കാരും മറ്റ് ലാറ്റിനമേരിക്കക്കാരും ചെ ഗുവേരയെ ഒരു സ്വർഗീയ പ്രവാചകനായി കാണുന്നു. അദ്ദേഹം  അധികാരത്തിന്റെ ഇടനാഴികൾ ഉപേക്ഷിച്ച് മർദിതരുടെ നിലവിളി കേട്ട ദിശയിൽ മുന്നോട്ടു നടന്നു.

1965 ൽക്യൂബയിലെ തന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഉപേക്ഷിച്ച്, ചെ തോക്കുകളെന്തി മൂന്നാം ലോക രാജ്യങ്ങളുടെ അധിനിവേശവിരുദ്ധ പോരാട്ടങ്ങൾക്ക്‌ ഊർജമായി മുന്നിൽ നിന്നു. ഇന്ത്യയിൽ ആയിരിക്കെ പോലും, ലാറ്റിനമേരിക്കയുടെ മറ്റ് ഭാഗങ്ങളിൽ വിപ്ലവം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സ്വപ്നം കണ്ടു.

ക്യൂബൻ പ്രതിനിധി സംഘത്തിലെ ഒരംഗം, “തെക്കേ അമേരിക്കയിൽ ഒരു ഉയർന്ന പീഠഭൂമി ഉണ്ട്. ബൊളീവിയ, പരാഗ്വേ, ബ്രസീൽ, ഉറുഗ്വേ, പെറു, അർജന്റീന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം.

അവിടെ നമ്മൾ ഒരു ഗറില്ലാ സേനയിൽ പ്രവേശിച്ചാൽ നമുക്ക് തെക്കേ അമേരിക്കയിലുടനീളം വിപ്ലവം വ്യാപിപ്പിക്കാനാകും” എന്ന് ചെ പറഞ്ഞതിന്റെ ഓർമ പങ്കുവെയ്‌ക്കുന്നു. 

എല്ലാം ഉപേക്ഷിച്ച് തിരിച്ചെത്തിയ അയാൾ കോംഗോയിലേക്കും ബൊളീവിയയിലേക്കും ഗറില്ലാ യുദ്ധം വ്യാപിപ്പിച്ചു. ബൊളീവിയയിൽ പോരാട്ടത്തിനിടെ അമേരിക്കൻ സൈന്യം തങ്ങളുടെ പേടിസ്വപ്നമായ ആ ഗറില്ല നേതാവിനെ പിടികൂടി.

1967 ഒക്ടോബർ 9ന് അമേരിക്കൻ സൈനികരാൽ ചെ വധിക്കപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ ഉയരാൻ ആയിരങ്ങൾക്ക്‌ വെളിച്ചം നല്കി. വിപ്ലവത്തിന്റെ അനശ്വരതയിൽ വിശ്വസിച്ചു, ചെ ഗുവേര.

മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടരുന്ന വിപ്ലവത്തിന്റെ ജൈവികതയിലുള്ള പ്രതീക്ഷയായിരുന്നു തനിക്ക് നേരെ നിറയൊഴിക്കുന്ന സൈനികനും അവസാന മറുപടിയായി അയാൾ കരുതിവെച്ചിരുന്നത്. മരിച്ച് അന്പതു വർഷങ്ങൾക്ക് ശേഷവും ഭൂമിയിൽ മനുഷ്യർക്ക്‌ അനീതിക്കെതിരെ മുഷ്ടി ഉയർത്താൻ കരുത്തുപകരുന്നു എന്നതിലും വലിയ മറ്റ് എന്ത് തെളിവാണ് അയാളുടെ വിശ്വാസത്തിന്‌ ലോകത്തിനു നല്കാനാകുക.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top