26 December Thursday

അന്ന്‌ ചേർത്തല ഒരു കനാൻ ദേശം

ലെനി ജോസഫ്‌ lenidesh@gmail.comUpdated: Sunday Oct 8, 2023

ചേർത്തല വെട്ടയ്‌ക്കലെ കൊച്ചാ ബംഗ്ലാവ്‌. ഇപ്പോൾ പട്ടണക്കാട്‌ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം

കനാൻ ദേശം പോലെ പാലും തേനും ഒഴുകുന്നതായിരുന്നോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചേർത്തലയിലുള്ള മുട്ടവും വെട്ടയ്‌ക്കലും യഹൂദർക്ക്‌?  ആയിരുന്നുവെന്നാണ്‌ ചരിത്രത്തിന്റെയും  തെളിവുകളുടെയും പിൻബലമുള്ള അനുമാനം. ചേർത്തലയ്‌ക്ക്‌ ഇങ്ങനെയൊരു ചരിത്രമോയെന്ന്‌ പുതുതലമുറ അദ്‌ഭുതംകൂറിയേക്കാം. ചേർത്തലയെന്ന നഗരം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യഹൂദസംസ്‌കൃതിയുടെ ചരിത്രം വിസ്‌മൃതിയുടെ കനൽമൂടിക്കിടക്കുന്നു.

ചേർത്തല നഗരഹൃദയത്തിൽ ഇപ്പോഴുമുള്ള യഹൂദനിർമിതികൾക്കു പറയാനുണ്ടാകും,യഹൂദ ജനപദങ്ങളുടെ നൂറായിരം കഥകൾ. ചേർത്തലയിലുണ്ടായിരുന്ന  യഹൂദർ കോച്ചമാർ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. കോഹൻ എന്ന പദം കോച്ചയായി മാറുകയായിരുന്നു. വടക്കേ അങ്ങാടിക്കവലയിലെ കോച്ചേരി മൈതാനത്തിന്റെ പേര്‌ കോച്ചയിൽനിന്ന്‌ ഉത്ഭവിച്ചതാണ്‌. ഇന്ന്‌ മൈതാനമല്ല ഈ സ്ഥലം. ഇതിനു തൊട്ടടുത്തു തന്നെ സിനഗോഗും ആരാധനയ്‌ക്കുമുമ്പ്‌ ശരീരശുദ്ധി വരുത്താൻ ഉപയോഗിച്ചിരുന്ന കിണറും ശ്‌മശാനവും ഉണ്ടായിരുന്നത്‌ പഴമക്കാരുടെ ഓർമയിലുണ്ട്‌. ഇവിടം കുഴിച്ചപ്പോൾ കല്ലറകൾ കണ്ടിരുന്നു. ചേർത്തലനഗരത്തിൽ മലബാറി യഹൂദരായിരുന്നു കൂട്ടമായി താമസിച്ചിരുന്നത്‌.

 നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഏതാനും കെട്ടിടങ്ങൾ യഹൂദ പാരമ്പര്യത്തിന്റെ ശേഷിപ്പായി ഇപ്പോഴുമുണ്ട്‌. ചേർത്തലയിലെ യഹൂദർ വെളിച്ചെണ്ണയും കൊപ്രയും ചേർത്തലയിലെ കന്നിട്ടയിൽനിന്ന്‌ കയറ്റി അയച്ചിരുന്നു. കൊപ്രാക്കളം എന്നർഥമുള്ള കന്നിട്ടയും പണ്ടകശാലപ്പറമ്പും  നഷ്ടപ്രതാപവും പേറി നഗരത്തിൽ നിലകൊള്ളുന്നു. ഇറാഖിലെ ബസ്രയിലേക്കും മറ്റും യഹൂദർ ഇവിടെനിന്നാണ്‌ കൊപ്രയും വെളിച്ചെണ്ണയും കയറ്റി അയച്ചിരുന്നത്‌. ഇവിടെനിന്ന്‌ കേവുവള്ളത്തിൽ  കൊച്ചിയിലെ കൽവത്തി തുറമുഖത്തെത്തിച്ച്‌ അറബ്‌ നാടുകളിലേക്ക്‌ കയറ്റിയയച്ചു. ചേർത്തല ബ്രാൻഡ്‌ കൊപ്ര (കരപ്പുറം കൊപ്ര) അക്കാലത്ത്‌ അറബ്‌ മേഖലയിൽ പുകൾപെറ്റതായിരുന്നു.

തന്റെ പിതാവും എഴുത്തുകാരനുമായ ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണൻ 50 വർഷംമുമ്പ്‌ ഇവിടുത്തെ യഹൂദരെപ്പറ്റിയും സിനഗോഗിനെപ്പറ്റിയും നടത്തിയ പ്രഭാഷണങ്ങൾ കേട്ടവർ ഇപ്പോഴും ചേർത്തലയിലുണ്ടെന്ന്‌ മകൻ സാജു ചേലങ്ങാട്ട്‌ സാക്ഷ്യപ്പെടുത്തുന്നു. യഹൂദ കല്ലറകൾ കണ്ടവർ അടുത്തകാലംവരെയുണ്ടായിരുന്നു. ചരിത്രകുതുകി കൂടിയായ സാജു ചേലങ്ങാടിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ യഹൂദർ പടുത്തുയർത്തിയ ഏക പട്ടണമാണ്‌ ചേർത്തല.

ചേർത്തല മുട്ടത്തങ്ങാടി സ്ഥാപിച്ചത്‌ യഹൂദരായിരുന്നു. മുപ്പതോളം കൂട്ടു കുടുംബങ്ങളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. ഇസ്രായേലിൽ ഇന്ന് "മുട്ടത്ത്’ എന്നു കുടുംബപ്പേരുള്ള അഞ്ഞൂറോളം മലയാളി യഹൂദർ ഉണ്ട്.

മുട്ടം ഗ്രാമം യഹൂദരുടെ സാന്നിധ്യത്താൽ പണ്ടേ ചരിത്ര ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചതാണ്‌. Muttam, Muttom, Mootam, Muton (Madatankil), എന്നെല്ലാം ഡച്ച്, ഇംഗ്ലീഷ് രേഖകളിലും മൊട്ടം/ മുട്ടം എന്ന് ഹീബ്രു രേഖകളിലും കാണുന്നു.

1686ൽ കൊച്ചി സന്ദർശിച്ച ഡച്ചുകാരനായ മോശെ പരേര ഡി പൈവ എഴുതിയ "നോട്ടീസിയസ് ഡോസ് ജൂഡിയോസ് ദേ കൊച്ചിം’ എന്ന പുസ്തകമാണ്‌ മുട്ടത്തെ യഹൂദരെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയെന്ന്‌ ചരിത്രഗവേഷകനായ തൗഫീഖ്‌  സക്കരിയ പറയുന്നു. മുട്ടത്ത് 35 യഹൂദ കുടുംബങ്ങളും ഒരു സിനഗോഗും ഉണ്ടെന്നാണ് ആ രേഖയിൽ പറയുന്നത്.

രണ്ടു പതിറ്റാണ്ടായി തൗഫീക്ക്‌ മുട്ടത്തെ യഹൂദ സാന്നിധ്യത്തിന്റെ ചരിത്രത്തിനു പിറകെയാണ്‌. ആലപ്പുഴയ്ക്ക് അടുത്തായിരുന്നു അവരുടെ സ്ഥാനമെന്ന്‌ കൊച്ചിയിലെ പരദേശി പള്ളിയുടെ വാർഡനായിരുന്ന സാമുവേൽ ഹല്ലെഗുവാ ഉൾപ്പെടെയുള്ളവരിൽ നിന്നറിഞ്ഞതാണ്‌ തൗഫീക്കിന്‌ പ്രചോദനമായത്‌.

എസക്കിയേൽ റഹാബിയുടെ (1694–1771) വോട്ടർ ജെ ഫിസ്‌ക്കിൽ മുട്ടത്ത് 10 യഹൂദ കുടുംബങ്ങളും ഒരു സിനഗോഗും ഉണ്ടെന്നാണ് പറയുന്നത്. 1770ൽ കൊച്ചിയിലെ ഡച്ച് ഗവർണർ ആയിരുന്ന അഡ്രിയാൻ മോൻസും മുട്ടത്തെ യഹൂദരെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഓസ്ട്രിയൻ മിഷനറി ഫാ. പൗലീനോ ബാർത്തലൊമ്യോ എഡി 1777 മാർച്ചിൽ ചേർത്തല സന്ദർശിച്ചിരുന്നു. അദ്ദേഹം തന്റെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയ വാക്കുകൾ വ്യാപാരരംഗത്തെ മുട്ടത്തിന്റെ മേൽക്കോയ്‌മയും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. വലിയ വ്യവസായ നഗരമായ മുട്ടത്ത്‌ ക്രിസ്‌ത്യാനികൾ, കറുത്ത യഹൂദർ , മുഹമ്മദീയർ, ബനിയ എന്നും ചെട്ടികൾ എന്നു വിളിക്കപ്പെടുന്നവർ തുടങ്ങിയവർ താമസിച്ചിരുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു. 1787ൽ നടന്ന ഒരു കണക്കെടുപ്പിനെക്കുറിച്ചും അദ്ദേഹം പറയുന്നു:

"The number of Jews who resides at Mattincera, Muttam, Cayamcolla, may be about from 15 to 20,000.

 1995ൽ പ്രസിദ്ധീകരിച്ച റൂബി ഓഫ് കൊച്ചിൻ എന്ന പുസ്തകത്തിൽ മുട്ടത്തെക്കുറിച്ചും അവിടുത്തെ സിനഗോഗിനെക്കുറിച്ചും  പെൺപാട്ടുകളിൽ പ്രതിപാദിക്കുന്നുണ്ടെന്ന് കൊച്ചിയിൽ താമസിച്ചിരുന്ന യഹൂദ സ്ത്രീ റൂബി ഡാനിയേൽ (1912–- -2002) രേഖപ്പെടുത്തുന്നു. ചേർത്തല മുട്ടത്തെ യഹൂദ ജീവിതത്തെപ്പറ്റിയുള്ള മറ്റൊരു തെളിവാണ് 1781ലെ "തൊൽദോത്ത് യഹൂദേ കുചീൻ" എന്ന ഹീബ്രു ഭാഷയിൽ ഉള്ള ചുരുൾ.

വെട്ടയ്ക്കലെ യഹൂദപ്പെരുമ

ചേർത്തല നഗരത്തിൽനിന്ന്‌  ആറു കിലോമീറ്റർ വടക്കോട്ട്‌ മാറി പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടക്കലായിരുന്നു യഹൂദരുടെ മറ്റൊരു സ്വാധീനകേന്ദ്രം.  ഇവിടെയുണ്ടായിരുന്നത്‌ പരദേശി യഹൂദരാണ്‌. ഇന്നു ചേർത്തല എന്നറിയുന്ന കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു. അദ്ദേഹം കരപ്പുറത്തെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശം ജൂതവംശജനായ ഒരു കോച്ചയ്ക്ക് പാരിതോഷികമായി പതിച്ചുകൊടുത്ത പ്രദേശമാണ് വെട്ടക്കൽ എന്ന പേരിൽ അറിയപ്പെടുന്നത് എന്നാണു വാമൊഴി. കൊച്ചിയിലെ യഹൂദ മുതലിയാർ ആയിരുന്ന യോസേഫ് ഹല്ലെഗുവായുടെ (1697-–-1764) കൈവശം "ബേട്ടെകർ" (വെട്ടക്കൽ) എന്നിടത്ത്‌ 16 മൈൽ ചുറ്റളവിൽ ഉള്ള സ്ഥലം ഉണ്ടായിരുന്നു എന്ന് 1757ൽ ലിയോപോൾഡ് വാൻ ഡോർട് എന്ന ഡച്ചുകാരൻ എഴുതിയ രേഖയിലുണ്ട്‌.

അർത്തുങ്കലിന്‌ വടക്കുള്ള ആയിരംതൈ എന്ന സ്ഥലത്തിന്‌ ആ പേരു വരാൻ കാരണക്കാരനും യോസേഫ് ഹല്ലെഗുവയാണ്‌. തെക്കു ഡച്ച് അധീനതതയിൽ വന്ന സ്ഥലം കമ്പനിയിൽനിന്നും വാങ്ങി അദ്ദേഹം ആയിരം തൈ നട്ട്‌ തെങ്ങിൻതോപ്പ്‌ സ്ഥാപിച്ചു. കരപ്പുറത്ത് ശാസ്ത്രീയമായി സ്ഥാപിച്ച ആദ്യ തെങ്ങിൻ തോപ്പ് ഇതാണ്.

എഡി 1341ൽ പ്രകൃതിയുടെ കലിതുള്ളലിൽ ഉയർന്നുവന്നതാണ്‌ വൈപ്പിൻമുതൽ തെക്കോട്ട് കരപ്പുറംവരെയുള്ള പ്രദേശങ്ങൾ. മുസിരിസിന്റെ തകർച്ചയും ചേരസാമ്രാജ്യത്തിന്റെ അന്ത്യവും സൃഷ്ടിച്ച അരാജകാവസ്ഥയിൽ പൊറുതിമുട്ടിയ കൊടുങ്ങല്ലൂരിലെ ജനങ്ങളിൽ ഒരു കൂട്ടർ തെക്കോട്ടേക്ക് കുടിയേറി. വൈപ്പിനും ഇന്നത്തെ ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളും കരപ്പുറവും പതുക്കെ പതുക്കെ ജനനിബിഡമായി. കുടിയേറ്റക്കാരിൽ മുന്നിലുണ്ടായിരുന്നത് യഹൂദരായിരുന്നു.  അങ്ങനെ കൃഷിയിൽ അഗ്രഗണ്യരായ അവർ കരപ്പുറത്ത് തെങ്ങും നെല്ലും കൃഷി ചെയ്യാൻ തുടങ്ങി. തമിഴിൽ അതിർത്തിക്ക് മുട്ടം എന്ന പേരുണ്ട്. കൊച്ചി രാജ്യത്തിന്റെ തെക്കേ അറ്റം കരപ്പുറമായിരുന്നല്ലോ. അതാകാം മുട്ടം എന്ന പേരുവീഴാൻ കാരണം

1757ൽ മാർത്താണ്ഡവർമ കൊച്ചി രാജ്യം ആക്രമിച്ചു. സന്ധിയുടെയടിസ്ഥാനത്തിൽ കരപ്പുറം തിരുവിതാംകൂർ രാജാവിന് വിട്ടുകൊടുത്തുവെങ്കിലും വെട്ടക്കൽ പ്രദേശം യഹൂദരുടെ കീഴിൽ തന്നെ തുടർന്നു. രാജവാഴ്ചക്കാലത്തു വെട്ടക്കൽ ഗ്രാമം പൂർണമായും ഇവരുടെ ജന്മിത്വത്തിൻ കീഴിലായിരുന്നു. കേരളത്തിൽ  ഭൂപരിഷ്കരണ നിയമം വരുമ്പോൾ ഈ സ്ഥലങ്ങൾ ഹല്ലെഗുവ കുടുംബത്തിന്റെ കയ്യിൽത്തന്നെ. കൊച്ചിയിലെ പ്രമുഖ യഹൂദനായിരുന്ന കോഡറുടെ  കുടുംബത്തിനും ഇവിടെ സ്ഥലങ്ങളും മറ്റും ഉണ്ടായിരുന്നു.

‘‘കോടതിയായിരുന്നു കോച്ചയുടെ മുറ്റം’’

93 വയസ്സുള്ള വെട്ടയ്‌ക്കൽ അന്തോണിയുടെ ഓർമയിൽ ഇന്നുമുണ്ട്‌ ആ പ്രദേശമാകെയുള്ള ഏക്കർ കണക്കിന്‌ പാടങ്ങളുടെ ഉടമകളായിരുന്ന കോച്ചമാർ. കോച്ചമാരുടെ പാടത്ത്‌ അന്തോണി പണിതിട്ടുണ്ട്‌. സലോമി കോച്ചയും  ജോണി സായുവും സാറാ കോഹനും അവരുടെ ശമ്പളക്കാരും കാര്യസ്ഥൻമാരുമെല്ലാമുണ്ടായിരുന്ന പഴയകാലം. കോച്ചയുടെ മുറ്റം അന്ന്‌ കോടതിയായിരുന്നു. അവരുടെ മുറ്റത്താണ്‌ നാട്ടുകാരുടെ തർക്കങ്ങൾ തീർക്കുന്നത്‌. ജന്മിമാരായിരുന്നെങ്കിലും കോച്ചമാർക്ക്‌ ക്രൂരതയില്ലത്രെ.

പച്ചോലയും കോഴിയും യഹൂദൻമാരുടെ പന്തപ്പെരുന്നാളിന്‌ കാര്യസ്ഥൻമാരും തൊഴിലാളികളും കൊടുക്കും. വള്ളത്തിൽ വന്ന്‌ അത്‌ യഹൂദർ കൊച്ചിയിലേക്ക്‌ കൊണ്ടുപോകും.

വെട്ടയ്‌ക്കൽ തന്നെയുള്ള 78കാരൻ ചെല്ലപ്പന്റെ അച്ഛൻ കോച്ചയുടെ പറമ്പിൽ തേങ്ങപെറുക്കാനും മറ്റും പോയിട്ടുണ്ട്‌. കൊച്ചിയിൽനിന്ന്‌ കോച്ചമാർ  പൊന്നാംവെളിവരെ വാഹനത്തിലെത്തി വെട്ടയ്ക്കലേക്ക്‌ വള്ളത്തിലാണ്‌ വരിക. വെട്ടയ്ക്കൽ സ്വദേശിയായ പറമ്പിൽ കൃഷ്ണൻ ആയിരുന്നു കോച്ചയുടെ നടത്തിപ്പുകാരൻ. അദ്ദേഹത്തിന്റെ മകനായ വി കെ വാസുണ്ണിയാണ് അവസാന കാലത്ത്‌ നടത്തിപ്പുകാരനായത്‌–- ചെല്ലപ്പൻ ഓർക്കുന്നു.

കൃഷിയിൽ വൈദഗ്ധ്യമുള്ള യഹൂദർക്ക്‌ കൊച്ചി രാജകുടുംബം കൊടുത്തതാണ്‌ ഏക്കർ കണക്കായ പാടം. യഹൂദർ ഇസ്രയേലിലേക്കു മടങ്ങിയതോടെ പാടങ്ങൾ കാര്യസ്ഥൻമാരുടെ കൈവശമായി. നൂറുക്കണക്കിന്‌ ഏക്കർ ഭൂമിയുടെ തണ്ടപ്പേർ ഇപ്പോ ഴും യഹൂദരുടെ പേരിലാണെന്ന്‌ റീസർവേയിൽ വ്യക്തമായി.

വെട്ടയ്‌ക്കൽ കവല പണ്ട്‌ അറിയപ്പെട്ടിരുന്നത്‌ മിറിയം മാർക്കറ്റ്‌ എന്നായിരുന്നു. യഹൂദരുടെ കാലത്ത്‌ വലിയ പ്രൗഢിയിലായിരുന്നു ഏറെ സജീവമായിരുന്ന  ഈ മാർക്കറ്റ്‌. കായലും കടലും ചേരുന്ന ഇടമായതിനാലാണ്‌ വെട്ടയ്ക്കൽ മാർക്കറ്റായി മാറിയത്‌. കൊച്ചി രാജ്യത്തിന്റെ അരിവിപണി ഇതായിരുന്നു. ഇതിനടുത്തായി പെർത്താം എന്ന യഹൂദന്റെ നാമവും പേറി പെർത്താംകൂഴി എന്ന സ്ഥലമുണ്ട്‌.

കോച്ചാ ബംഗ്ലാവ്‌ ആരോഗ്യകേന്ദ്രമായി

വെട്ടയ്ക്കൽ കവലയ്ക്കുസമീപം പ്രവർത്തിക്കുന്ന പട്ടണക്കാട്‌ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം കോച്ചമാരുടെ ബംഗ്ലാവായിരുന്നു. കോച്ചാ ബംഗ്ലാവ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. സർക്കാരിന് കെട്ടിടം വിട്ടുകൊടുത്ത്‌ യഹൂദർ വെട്ടക്കലിൽനിന്നു മടങ്ങി. ഇന്നും ആ കെട്ടിടത്തിനു ള്ളിൽ  രണ്ട് യഹൂദരുടെ ഛായാചിത്രങ്ങൾ ഉണ്ട്.   ഐസക് ഹല്ലെഗുവയുടെയും (1863–--1948), എസ്ഥേർ ഹല്ലെഗുവയുടെയും (1870–--1957). ഇവരുടെ സന്തതിപരമ്പരകൾ ഇന്നും ഇസ്രയേലിലും യുകെയിലും അമേരിക്കയിലുമുണ്ട്‌.  

യഹൂദർ മടങ്ങിയത്‌

1839ൽ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ലഫ്റ്റനന്റ്‌ വില്യം ഹെൻറി ഹോർസ്ലെയ് തന്റെ "മെമ്മയേഴ്സ് ഓഫ് ട്രാവൻകൂർ" എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപെടുത്തിയിരിക്കുന്നു: ‘പടിഞ്ഞാറെ വശത്ത്‌ സിറോ മലബാർ പള്ളിയുണ്ട്‌. വലിയ പള്ളികളിൽ ഒന്നായ ഇത്‌ 370 വർഷംമുമ്പ്‌ പണിതതാണ്‌. കറുത്ത യഹൂദരുടെ ഒരു കോളനി(മുട്ടത്ത്‌) ഇവിടെയുണ്ടായിരുന്നു. വ്യാപാരത്തിന്റെ തകർച്ചയും തൊഴിലിന്റെ കുറവും കൊണ്ടാകണം അവർ ഇവിടം വിട്ടത്‌. പള്ളിക്കു തൊട്ടടുത്തുള്ള അവരുടെ സിനഗോഗ്‌ ഇടിഞ്ഞുവീഴാറായ സ്ഥിതിയിലാണ്‌.’ 1839 മുമ്പായി തന്നെ യഹൂദർ മുട്ടം വിട്ടുവെന്നാണ്‌ ഇതു നൽകുന്ന സൂചന. കുറെക്കാലംകൂടിക്കഴിഞ്ഞാണ്‌  വെട്ടക്കലിനും സമീപപ്രദേശങ്ങളിൽനിന്നും അവർ വിടപറഞ്ഞത്‌. വെട്ടയ്ക്കലിൽ ജന്മിമാരായിരുന്ന കോച്ചമാർക്ക്‌ പിൻവാങ്ങേണ്ടിവന്നതിന്റെ കാരണങ്ങളിലൊന്ന്‌ ഭൂപരിഷ്‌കരണമായിരുന്നു.  ചേർത്തയിൽ വ്യാപകമായിരുന്ന മന്തുരോഗവും അവർ വാഗ്‌ദത്തഭൂമിയെന്നു കരുതുന്ന ഇസ്രയേലിന്റെ പിറവിയും  മുട്ടത്തുനിന്നും വെട്ടയ്ക്കൽനിന്നുമുള്ള അവരുടെ പുറപ്പാട്‌ ദ്രുതഗതിയിലാക്കി.

റെബാക്കാ കോഹൻ അറിയുന്ന മുട്ടം

കേരളത്തെയും മലയാളത്തെയും പറ്റി ചോദിച്ചപ്പോൾ ഇസ്രയേലിലെ നഥാനിയയിലുള്ള റെബേക്ക കോഹന്റെ  മറുപടി ഇങ്ങനെയായിരുന്നു. ‘‘വയലാറിന്റെ ഒരു പാട്ടുണ്ടല്ലോ. കടലിലെ ഓളവും കരയിലെ  മോഹവും അടങ്ങുകില്ലോമനെ അടങ്ങുകില്ല’’. റെബേക്ക കോഹന്‌ ചേർത്തല മുട്ടത്തെ യഹൂദപാരമ്പര്യത്തെപ്പറ്റി നന്നായി അറിയാം. 99ലെ (1924) വെള്ളപ്പൊക്കത്തെത്തുടർന്നാണ്‌ തങ്ങൾ മറ്റൊരു യഹൂദ കേന്ദ്രമായ പറവൂർക്ക്‌ പറിച്ചുനടപ്പെട്ടതെന്ന്‌ അവർക്ക്‌ പപ്പ പറഞ്ഞുള്ള അറിവാണ്‌.  ‘‘അമ്മൂമ്മ പറഞ്ഞാണ്‌ തന്റെ പപ്പ സൈമൺ കോഹൻ ഇക്കാര്യം അറിഞ്ഞത്‌. തനിക്ക്‌ അമ്മൂമ്മയെ ചെറിയ ഓർമയേയുള്ളൂ.’’ വിനോദസഞ്ചാരരംഗത്തു പ്രവർത്തിക്കുന്ന റെബേക്ക കോഹൻ ഇസ്രയേലിലേക്കു മടങ്ങിയശേഷം പലതവണ കേരളത്തിൽ വന്നിട്ടുണ്ട്‌. ഫോണിൽ ബന്ധപ്പെടുമ്പോൾ മലയാളം ടെലിവിഷൻ ചാനലിന്റെ ശബ്ദം. ഇനി കേരളത്തിലേക്കു വരുമോയെന്നു ചോദിച്ചപ്പോൾ 2017ലാണ്‌ വന്നതെന്നും ‘പണ്ടാരം കൊറോണ’ കാരണം പിന്നീട്‌ യാത്ര മുടങ്ങിയെന്നും പച്ചമലയാളത്തിലുള്ള മറുപടി. ചെറായിയിലെ വിക്ടറി ടാക്കീസ്‌  റെബേക്കയുടെ പപ്പയുടേതായിരുന്നു.’’ പതിനെട്ടര വയസ്സുവരെ കേരളത്തിലുണ്ടായിരുന്ന റെബേക്ക പറവൂർ സെന്റ്‌ അലോഷ്യസ്‌ സ്‌കൂളിലാണ്‌ പഠിച്ചത്‌. അമ്മയുടെ അപ്പൂപ്പൻ ഇത്‌സാക്ക്‌ (സാഹി മൂത്ത) റബ്ബായി (പുരോഹിതൻ)യായിരുന്നു. 1974ലായിരുന്നു വിവാഹം. ഭർത്താവ്‌ ദോദി ( ഡേവിഡ്‌) 10 മാസം മുമ്പ്‌ മരിച്ചു. ഏകമകൻ യോസി (ജോസഫ്‌).

മുട്ടത്തെ പേരിനൊപ്പം കൂടിയവർ

മുട്ടത്ത്‌ എന്നു പേരിനോടൊപ്പം ചേർക്കുന്ന നിരവധിപേർ ഇപ്പോഴും ഇസ്രയേലിലുണ്ടെന്ന്‌  റഹോവാത്ത്‌ നഗരത്തിൽ താമസിക്കുന്ന മെനാഹിം മുട്ടത്ത്‌ പറഞ്ഞു. Muttath, Muttu, Muttatha, Muttas എന്നിങ്ങനെയാണ്‌ പേരിനോടൊപ്പം ഉപയോഗിക്കുന്നത്‌. ചേർത്തല മുട്ടത്ത്‌ വ്യാപാരിയായിരുന്ന തന്റെ മുത്തച്ഛന്റെ അഛൻ ഏലിയാവ്‌ പറവൂർക്ക്‌ മാറുകയായിരുന്നു. എൻജിനിയറായ മെനാഹിം തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിൽ പഠനം പൂർത്തിയാക്കിയത്‌ 1970ലാണ്‌. വൈകാതെ ഇസ്രയേലിലേക്കു മടങ്ങി.

ഹനൂക്ക വിളക്കിനുമുണ്ട്‌ കഥ പറയാൻ

യഹൂദരുടെ ഹനൂക്ക വിളക്കും ഇവിടെയുണ്ട്‌. ചേർത്തല അഞ്ചീക്കര ജോളി ചെറിയാന്റെ കൈവശമാണ് ഇതുള്ളത്‌. ബിസി 164ൽ ജറുസലം കീഴടക്കാൻ വന്ന ഗ്രീക്കുകാരുടെമേൽ തങ്ങൾ നേടിയ വിജയം ഒരു കാലത്ത് ഹനൂക്ക വിളക്ക് തെളിച്ച്‌ ചേർത്തല മുട്ടത്തെ യഹൂദർ ആഘോഷിച്ചിരുന്നതിന് തെളിവുകൂടിയാണിത്. ചേർത്തല വിട്ടപ്പോൾ തങ്ങളുമായി അടുപ്പമുള്ളവർക്ക് ഇതു സമ്മാനിച്ചതാകാം. അല്ലെങ്കിൽ അവർ വിറ്റത്‌ കൈമാറി അഞ്ചീക്കര കുടുംബത്തിൽ വന്നതാകാം.    ദാവീദിന്റെ നക്ഷത്രവും വിളക്കിൽ കാണാം. ചിലരുടെ കൈവശം മുട്ടത്തെ യഹൂദർ ഉപയോഗിച്ച ഭരണിയടക്കമുള്ള പാത്രങ്ങളുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top