22 December Sunday
പണിതത്‌ മദ്രാസ്‌ എൻജിനിയറിങ്‌ ഗ്രൂപ്പിലെ 150 സൈനികർ

അതിജീവനത്തിന്റെ ബെയ്‌ലി പാലം ; നീളം 190 അടി , 24 ടൺ ഭാരം താങ്ങാൻ ശേഷി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ചൂരൽമല
അതിജീവനത്തിന്റെയും പുനർനിർമാണത്തിന്റെയും പാലമിതാ യാഥാർഥ്യമായി.   സംസ്ഥാന സർക്കാരിന്റെയും സൈന്യത്തിന്റെയും മികച്ച ഏകോപനത്തിന്‌ സാക്ഷ്യപത്രമായി ബെയ്‌ലി പാലം ഇനി മുതൽ മുണ്ടക്കൈയുടെ രക്ഷയ്ക്കുള്ള കവാടം. രണ്ട്‌ രാപ്പകലുകൾനീണ്ട കഠിനാധ്വാനത്തിലൂടെ നിർമാണം പൂർത്തിയായത്‌ അസാധ്യമായത്‌ ഒന്നുമില്ലെന്ന പ്രഖ്യാപനമായി.

ഉരുൾപൊട്ടലിൽ പാലംതകർന്ന്‌ ചൂരൽമലയുടെ ഒരുഭാഗവും മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടത്‌ രക്ഷാപ്രവർത്തനങ്ങൾക്ക്‌ തടസ്സമായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ്‌ ചൂരൽമലയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് ബെയ്‌ലി പാലം നിർമിച്ചത്‌. സൈന്യത്തിന്റെ മദ്രാസ്‌ എൻജിനിയറിങ് ഗ്രൂപ്പിലെ നൂറ്റമ്പതോളം സൈനികരുടെ തീവ്രശ്രമത്തിൽ 190 അടി നീളമുള്ള പാലം ഒരുക്കി. ഉരുക്കുകൊണ്ടുള്ള സാമഗ്രികൾ കണ്ണിചേർത്തു. 24 ടൺ ഭാരംവരെ താങ്ങാനാകും.

ബുധൻ രാവിലെ അഞ്ചിന്‌ നിർമാണം ആരംഭിച്ച പാലം വ്യാഴം വൈകിട്ട്‌ പൂർത്തിയാക്കി. ഉരുൾപ്പൊട്ടലിൽ തകർന്ന പാലമുണ്ടായിടത്തുതന്നെയാണ്‌ പുതിയപാലം ഉയർന്നത്‌. ദുരന്തമുണ്ടായ ദിവസംതന്നെ സൈന്യം എത്തി പാലംനിർമിക്കാനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി. താൽക്കാലികമായി മരപ്പാലവും നിർമിച്ചു. മദ്രാസ്‌ മിലിട്ടറി എൻജിനിയറിങ്‌ റെജിമെന്റിന്റെ നിർമാണത്തിന്‌ ബ്രിഗേഡിയർ എ എസ്‌ ഠാക്കൂർ നേതൃത്വം നൽകി.

എന്താണ്‌ ബെയ്‌ലി പാലം
ദുർഘട ഭൂപ്രദേശങ്ങളിൽ സൈന്യത്തിന്‌ കടന്നുപോകാൻ നിർമിക്കുന്ന ഉരുക്കുപാലം.  സൈനികട്രക്കും ടാങ്കുമുൾപ്പെടെ ഭാരവാഹനങ്ങൾക്ക്‌ കടന്നുപോകാനാകും. ട്രക്കുകളിലെത്തിക്കാനാവുന്നതും ക്രെയിൻ സഹായമില്ലാതെ ഘടിപ്പിക്കാനാകുന്നതുമായ ഭാരംകുറഞ്ഞ ഉരുക്കുദണ്ഡുകൾ കോണോടുകോൺ കൂട്ടിയോജിപ്പിച്ച്‌ തടിക്കഷ്‌ണങ്ങൾ പാകിയാണ്‌ നിർമാണം. 

രണ്ടാംലോകയുദ്ധത്തിന്‌ തൊട്ടുമുമ്പാണ് ബ്രിട്ടീഷ്‌ സൈനികൻ ഡോണൾഡ്‌ ബെയ്‌ലി  പാലം രൂപകൽപന ചെയ്‌തത്‌. അടുത്തവർഷംതന്നെ യുദ്ധത്തിൽ വടക്കൻ ആഫ്രിക്കയിലെ ടുണീഷ്യയിൽ സഖ്യസൈന്യം പാലം  പണിതു. ഇന്ത്യയിൽ സൈനികേതര ആവശ്യങ്ങൾക്കായി നിർമിച്ച ആദ്യ ബെയ്‌ലി പാലം കേരളത്തിൽ.  1996 നവംബർ എട്ടിന്‌ പത്തനംതിട്ട റാന്നിയിൽ പമ്പാനദിക്കു കുറുകേയുള്ള പാലം തകർന്നപ്പോൾ പണിത പാലം  രണ്ടു വർഷത്തോളം ഉപയോഗിച്ചു. 2011ൽ ശബരിമല സന്നിധാനത്തു നിർമിച്ച ബെയ്‌ലി പാലം ഇപ്പോഴുമുണ്ട്‌. 2017ൽ കല്ലടയാറിനു കുറുകേ ഏനാത്തു പാലത്തിനു ബലക്ഷയം സംഭവിച്ചപ്പോഴും ബെയ്‌ലി പാലം നിർമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top