22 December Sunday

മലയാളസിനിമയുടെ പാലക്കാടൻ ഭൂമിക

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Nov 3, 2024


സർവകലാശാല എന്ന സിനിമയ്‌ക്കു ശേഷമാണ്‌ മോഹൻലാലിനെ മലയാളി ഹൃദയത്തോട്‌ ചേർത്ത്‌ ലാലേട്ടാ എന്ന്‌ വിളിക്കാൻ തുടങ്ങിയത്‌ . ‘ലാലേട്ടാ മാപ്പ്‌’ എന്ന്‌ എഴുതിയ ബാനർ ഉയർത്തുന്ന വിദ്യാർഥി സമൂഹത്തിന്റെ ഫ്രെയിമിലാണ്‌  വേണുനാഗവള്ളി സംവിധാനം ചെയ്‌ത സർവകലാശാല അവസാനിക്കുന്നത്‌. മൂന്നാമത്തെ എംഎ ബിരുദത്തിനായി ക്യാമ്പസിൽ എത്തുന്ന അനാഥനായ യുവാവ്‌ ലാൽ ആയാണ്‌ മോഹൻലാൽ എത്തിയത്‌. കുട്ടികളുടെ വല്യേട്ടൻ കഥാപാത്രം. അധ്യാപകർവരെ ‘ലാലേട്ടാ’ എന്ന് വിളിക്കുന്നയാൾ. ഈ സിനിമയുടെ ലൊക്കേഷൻ അധികവും പാലക്കാട്‌ വിക്‌ടോറിയ കോളേജായിരുന്നു. ‘അവനെ ഞാൻ വിക്‌ടോറിയ കോളേജിന്റെ നട തൊട്ട്‌ പാലക്കാട്‌ കോട്ട മൈതാനം വരെ ഓടിച്ചിട്ട്‌ തല്ലിയതാ’  എന്ന്‌ നരസിംഹത്തിൽ ഭീമൻ രഘു മാസ്‌ ഡയലോഗിൽ സൂചിപ്പിക്കുന്ന അതേ വിക്‌ടോറിയ കോളേജ്‌. മലയാളത്തിലും വിവിധ ഭാഷകളിലും ലൊക്കേഷനായി മാറിയ ഇടം.

മലയാളിയുടെ പ്രണയജോഡി സങ്കൽപ്പത്തിൽ മണ്ണാർത്തൊടി ജയകൃഷ്ണനും ക്ലാരയും സൃഷ്ടിച്ച പോലെയൊന്ന്‌  ദീർഘകാലം വേറെയുണ്ടായിട്ടുണ്ടാകില്ല. ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന്‌ ജയകൃഷ്ണനും ക്ലാരയും ഇനിയൊരു കണ്ട്‌ മുട്ടലില്ലെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞപ്പോൾ ഹൃദയം മുറിഞ്ഞത്‌ പ്രേക്ഷകന്റേത്‌ കൂടിയായിരുന്നു. ഇതിന്‌ സാക്ഷിയായ ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷൻ. പിന്നീട്‌ അതിനപ്പുറം മലയാള സിനിമയുടെ ചിത്രീകരണ ഭൂമികയായി ഒറ്റപ്പാലം മാറി. ഭാരതപ്പുഴയും വരിക്കാശ്ശേരി മനയുമെല്ലാം മലയാള സിനിമയുടെ പലവിധ അടയാളമായി പരിണമിച്ചു.

വരിക്കാശ്ശേരി മനയുടെ സൃഷ്ടി
വരാന്തയിലെ ചാരുകസേരയിൽ കിടക്കുന്ന  മംഗലശേരി നീലകണ്ഠൻ–- ദേവാസുരം സിനിമ ചിത്രീകരിച്ച ഇടം മലയാള സിനിമയുടെ ‘തമ്പുരാൻ’ സിനിമകളുടെ ഈറ്റില്ലമായി മാറുകയായിരുന്നു. ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ തുടങ്ങി നൂറു കണക്കിന് സിനിമകൾ ഇവിടെ ചിത്രീകരിച്ചു. വരിക്കാശ്ശേരിയിലെ പടിക്കെട്ടും വരാന്തയിലെ ചാരുകസേരയും അതിലിരിക്കുന്ന നായകനുമൊക്കെ മലയാള സിനിമയുടെ ബിംബമായി. വള്ളുവനാടൻ സിനിമയും അതിനെ ചുറ്റിനിൽക്കുന്ന സവർണ സിനിമാ ബോധത്തിന്റെ അടയാളവുമായി വരിക്കശ്ശേരി മന വിമർശിക്കപ്പെട്ടു. 2000കളിൽ തുടക്കമിട്ട താരാധിപത്യ തറവാട്‌ സിനിമകൾ ഇതിന്‌ അടിവരയിട്ടു. കാലം മുന്നോട്ട്‌ പോയിട്ടും അതിന്റെ ‘പ്രേത’ങ്ങൾ പലയാവർത്തി സിനിമയായി.

പല വിധ ഭൂപ്രകൃതിയാൽ സമ്പന്നമായ പാലക്കാട്‌ സിനിമാ പ്രവർത്തകരുടെ ഇഷ്ടഭൂമികയായി എല്ലാ കാലവും തുടർന്നു. സിനിമയുടെ ശൈലി സ്വഭാവ മാറ്റങ്ങളിലെല്ലാം പാലക്കാടൻ ഭൂമികയുടെ കാഴ്‌ചാ സാക്ഷ്യവും ഉണ്ടായിരുന്നു. അയ്യപ്പനും കോശിയിലൂടെ വരിക്കാശ്ശേരി മന സംസ്‌കാരത്തിന്‌ അട്ടപ്പാടിയുടെ ഭൂമികയിൽനിന്ന്‌ പ്രതിസംസ്‌കാരവും സൃഷ്ടിക്കപ്പെട്ടു. മമ്മൂട്ടിയുടെ താരഭാരം ഇറക്കിവച്ച വാത്സല്യം, സുകൃതം തുടങ്ങിയ സിനിമകൾക്ക്‌ താറവാടായതും പാലക്കാടാണ്‌. പനമണ്ണയിലെ വാപ്പലക്കളം വീട്ടിലായിരുന്നു ചിത്രീകരണം. ലോഹിതദാസും ലാൽ ജോസും ഒരുക്കിയ ഒരുപാട്‌ ഗ്രാമീണ ജീവിതങ്ങൾക്ക്‌ ആസ്‌പദമാക്കിയതും പാലക്കാടിനെ തന്നെയാണ്‌. കോട്ടയും മലമ്പുഴയും ഉൾപ്പെടെ വിവിധ ഇടങ്ങൾ സിനിമകളിൽ  ഇടം പിടിച്ചു.

മുതലമട എന്ന ഹിറ്റ്‌ ഇടം
അരയാൽ വള്ളികൾക്കിടയിലൂടെ ചൂളം വിളിച്ച് പാഞ്ഞുപോകുന്ന തീവണ്ടി. പല ഭാഷാ സിനിമകൾ കണ്ട ഈ ഇടം സെറ്റിട്ടതാണോയെന്ന്‌ പലപ്പോഴും ചോദിക്കാറുണ്ട്‌. എന്നാൽ പാലക്കാട്‌–-പൊള്ളാച്ചി പാതയിൽ കേരളത്തിലെ അവസാന സ്റ്റേഷനായ മുതലമടയാണത്‌. പ്രിയദർശൻ ചിത്രത്തിൽ അവിചാരിതമായി കഥാപാത്രങ്ങൾ ഇറങ്ങിയ ഇടം. വിനീത്‌ ശ്രീനിവാസൻ ഒരുക്കിയ ഹൃദയത്തിൽ പ്രണവ്‌ മോഹൻലാൽ കഥാപാത്രം ട്രെയിൻ കയറുന്ന ഇടം–- മണിരത്നം, പ്രിയദർശൻ സിനിമകളടക്കം മുപ്പതോളം ചിത്രങ്ങളുടെ ഭാഗമായ സ്‌റ്റേഷൻ.

മലയാള സിനിമാക്കാർക്ക്‌ എന്നും ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകൾ പ്രിയ ഇടമാണ്‌. ഗ്രാമീണ അന്തരീക്ഷവും പശ്ചാത്തലമായ റെയിൽവേ സ്റ്റേഷനുകളുമാണ്‌ ലൊക്കേഷനാക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്‌.  തമിഴ്, തെലുങ്ക് സിനിമകളും ചിത്രീകരണത്തിന്‌ എത്തുന്നുണ്ട്‌. മുതലമട കൂടാതെ വാളയാർ, പുതുനഗരം, പാലക്കാട് ടൗൺ എന്നിവടങ്ങളിലാണ്‌ ചിത്രീകരണങ്ങളിൽ അധികവും. പ്രകൃതി ഭംഗിക്കൊപ്പം തിരക്ക്‌ കുറവുള്ള സ്‌റ്റേഷൻ എന്നതും സിനിമാക്കാരെ ആകർഷിക്കുന്നുണ്ട്‌.

എം ജി ആർ മുതൽ ഫാസിൽ റസാഖ്‌ വരെ
മലയാളത്തിന്റെ അതിരുകൾ കടന്നുപോലും പാലക്കാടൻ വേരുകൾ സിനിമയിൽ ശക്തമായിട്ടുണ്ട്‌. വടവന്നൂരിലെ അമ്മ വീട്ടിലെ ബാല്യകാല ഓർമകൾ സൂപ്പർ താരവും തമിഴ്‌ മുഖ്യമന്ത്രിയുമായിരുന്ന എംജിആറിലുണ്ട്‌. ഇന്ന്‌  ആ വീടൊരു സ്‌മാരകമാണ്‌. ഒറ്റപ്പാലത്തെ കുടുംബ വീടിനെക്കുറിച്ച്‌  തമിഴ്‌ സംവിധായകൻ ഗൗതം വാസുദേവ മേനോന്‌ എന്നും നല്ല ഓർമകളാണ്‌. ഇങ്ങനെ പാലക്കാടൻ ബന്ധമുള്ളവർ നിരവധി. ലോഹിതദാസും ലാൽ ജോസും തുടങ്ങി എം ജി ശശിയും അനിൽ രാധാകൃഷ്ണ മേനോനും വരെയുള്ള സിനിമാ തലമുറ. സുദേവൻ പെരിങ്ങോടിനെപ്പോലെ സിനിമയിലെ കമ്പോള സംസ്‌കാരത്തിനോട്‌ എതിരിട്ടവർ. പുതിയ നിരയിലേക്ക്‌ തടവിലൂടെ പട്ടാമ്പി സ്വദേശി ഫാസിൽ റസാഖും എത്തി.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ പലക്കാടിന്‌ വലിയ നേട്ടമായിരുന്നു. സിനിമയുടെ സങ്കേതങ്ങളിൽ മുൻപരിചയമില്ലാതെയാണ്‌ ഫാസിൽ റസാഖ്‌ തടവ്‌ ഒരുക്കിയത്‌. എന്നാൽ സിനിമ എന്ന കലയോടുള്ള അഭിനിവേശത്തിൽ ഐഎഫ്‌എഫ്‌കെയിലും സംസ്ഥാന അവാർഡിലും തിളങ്ങി. ചിത്രത്തിലെ പ്രകടനത്തിന്‌ നവാഗതയായ ബീന കെ ചന്ദ്രൻ മികച്ച നടിയായി. ഫാസിലിന്റെ സംവിധാന മികവും അംഗീകരിക്കപ്പെട്ടു. ഓരോ കാലത്തും മലയാള സിനിമയുടെ മികവ്‌ ഉയർത്തിപ്പിടിക്കാൻ സിനിമാപ്രവർത്തകരെ സൃഷ്ടിക്കുന്ന ഭൂമിക കൂടിയാണിത്‌.

കാൻസ്‌ - നേട്ടത്തിലെ പാലക്കാടൻ സ്‌പർശം
ഇന്ത്യൻ സിനിമയ്ക്ക്‌ അഭിമാനിക്കാവുന്ന നേട്ടങ്ങളുമായാണ്‌ 77–--ാമത് കാൻ ചലച്ചിത്രോത്സവം അവസാനിച്ചത്‌. പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ (പ്രഭയായി നിനച്ചതെല്ലാം) മേളയിലെ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാൻഡ് പ്രിക്‌സ്‌ നേടി. സിനിമയുടെ അണിയറയിൽ പ്രവർത്തച്ചവരിൽ പാലക്കാടുനിന്നുള്ള യുവ സംഘമുണ്ട്‌. ചിത്രത്തിന്റെ അണിയറപ്രവർത്തകരിലും മലയാളി സാന്നിധ്യമുണ്ട്‌. അസോസിയറ്റ് ഡയറക്ടർ റോബിൻ ജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കാസ്റ്റിങ് ഡയറക്ടറുമായ പ്രണവ് രാജ്, സ്‌ക്രിപ്‌റ്റ്‌ സൂപ്പർവൈസർ നസീം ആസാദ്, കാസ്റ്റിങ് ടീം അംഗം അഖിൽ ദേവൻ, ഡബ്ബിങ്‌ സൂപ്പർവൈസർ സുബ്രഹ്മണ്യൻ കെ വി, അഭിനേതാവായി ആർദ്ര കെ എസ്‌ എന്നിവരുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top