19 December Thursday

സഹനസമര ജീവിതത്തിന്‌ വിട ; അവരഞ്ചുപേർക്കൊപ്പം 
പുഷ്‌പനും ജ്വലിക്കും

പ്രത്യേക ലേഖകൻUpdated: Sunday Sep 29, 2024


കണ്ണൂർ
സമരേതിഹാസങ്ങളിലെ ജ്വലിക്കുന്ന രക്തപുഷ്‌പമായ പുഷ്‌പൻ ഇനി കൂത്തുപറമ്പ്‌ രക്തസാക്ഷി. കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ സമരഭൂമിയിൽ  രക്തസാക്ഷിത്വം വരിച്ചപ്പോൾ മൂന്നുപതിറ്റാണ്ട്‌ നീണ്ട സഹന–-സമര ജീവിതത്തിനൊടുവിൽ മരണത്തിന്‌ കീഴടങ്ങിയ പുഷ്‌പൻ ഇനി അഞ്ച്‌ പ്രിയ സഖാക്കളോടൊപ്പം ജ്വലിക്കുന്ന സ്‌മരണയാകും. ജീവിക്കുന്ന രക്തസാക്ഷിയായിരിക്കെ  തളർന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും  എസ്‌എഫ്‌ഐയുടെയും സമ്മേളനങ്ങളിൽ പലവട്ടമെത്തി യുവജന–-വിദ്യാർഥി പ്രവർത്തകർക്ക്‌ കരുത്തും ആവേശവും പകർന്നു. തന്നോടൊപ്പം സമരഭൂമിയിൽ പൊരുതിവീണ പ്രിയ സഖാക്കളായ കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ,  ബാബു, മധു എന്നിവരുടെ  ജ്വലിക്കുന്ന ഓർമകളുമായി ചലനമറ്റ ശരീരവുമായി വിപ്ലവ ജീവിതം നയിച്ചു.


 

കോടിയേരിക്കൊപ്പം, 
ആവേശത്തിന്റെ 
തീപ്പന്തം
പാർടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം ആവേശത്തിന്റെ തീപ്പന്തമായി  കരുത്തേകി. ചലനമറ്റ ശരീരവുമായി മൂന്നുപതിറ്റാണ്ട്‌ നീണ്ട സമരജീവിതയാത്ര തുടർന്ന പുഷ്‌പനെ ലോകത്തെങ്ങുമുള്ള കമ്യൂണിസ്‌റ്റുകാർ  ആവേശത്തോടെ കണ്ടുവെന്നതിന്റെ സാക്ഷ്യമാണ്‌  ചെഗുവേരയുടെ മകൾ അലിഡ ഗുവേര ഉൾപ്പെടെയുള്ളവരുടെ സന്ദർശനം. കേരളത്തിലെത്തിയ അലിഡ ആദ്യംചെന്നത്‌ പുഷ്‌പനെ കാണാൻ. കൂത്തുപറമ്പ്‌ പോരാട്ടം നടക്കുന്ന ഘട്ടത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ പുഷ്‌പനുമായും പുഷ്‌പൻ തിരിച്ചും പുലർത്തിയ ആത്മബന്ധം കമ്യൂണിസ്‌റ്റ്‌ സാഹോദര്യത്തിന്റെ നേർസാക്ഷ്യം. കോടിയേരി വിട്ടുപിരിയുമ്പോൾ  അസുഖബാധയാൽ  അവശനിലയിലായ ഘട്ടത്തിലായിരുന്നു പുഷ്‌പൻ. എന്നാൽ പ്രിയ സഖാവിനെ അന്ത്യാഞ്ജലി അർപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ  ടൗൺഹാളിൽ എത്തിച്ച് അന്ത്യാഭിവാദ്യം അർപ്പിച്ച രംഗം അത്യന്തം വികാരനിർഭരമായിരുന്നു. ഒക്‌ടോബർ ഒന്നിന്‌ കോടിയേരിയുടെ വേർപാടിന്‌ രണ്ടുവർഷം പൂർത്തിയാകുമ്പോൾ അതിനും മൂന്നുദിവസംമുമ്പാണ്‌ പുഷ്‌പൻ വിടവാങ്ങുന്നത്‌.

അന്തരിച്ച  സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‌ 
അന്ത്യാഞ്ജലിയർപ്പിക്കാൻ പുഷ്‌പൻ  എത്തിയപ്പോൾ  (ഫയൽ ചിത്രം)

അന്തരിച്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‌ 
അന്ത്യാഞ്ജലിയർപ്പിക്കാൻ പുഷ്‌പൻ എത്തിയപ്പോൾ (ഫയൽ ചിത്രം)

കൂത്തുപറമ്പ്‌ സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങൾ അധിക്ഷേപിച്ച സന്ദർഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുമായി പ്രസ്ഥാനത്തെ ചേർത്തുപിടിച്ചു.  ഡിവൈഎഫ്‌ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. നാട്ടിലെ സിപിഐ എം–-ഡിവൈഎഫ്‌ഐ പ്രവർത്തകരും കുടുംബവും ഇക്കാലമത്രയും സാന്ത്വന തണലായി ഒപ്പംനിന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top