വണ്ടിയുംകൊണ്ട് ഒന്ന് പുറത്തേക്കിറങ്ങുമ്പോള്‍ പൊലീസ് കൈ കാണിക്കുന്നു. ലൈസന്‍സ് കൈയിലില്ല. ആര്‍സി ആണെങ്കില്‍ ഫോട്ടോസ്റ്റാറ്റ്. ഫോട്ടോസ്റ്റാറ്റ് പോരെന്ന് പൊലീസ്. നിങ്ങള്‍ക്കാണെങ്കില്‍ നിയമം വലിയ പിടിയുമില്ല. പൊലീസായതുകൊണ്ട് തര്‍ക്കിച്ചുനില്‍ക്കാനുള്ള സ്റ്റാമിനയും ഇല്ല. ഫോട്ടോസ്റ്റാറ്റ് പോരെന്ന് പൊലീസ് പറഞ്ഞാല്‍ അത് സമ്മതിക്കുകതന്നെ.
ഇത്തരം അലോസരങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കാനാണ് ഡിജി ലോക്കറും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ചേര്‍ന്ന് ലൈസന്‍സും, ആര്‍സിയും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. സൂക്ഷിക്കല്‍ മാത്രമല്ല, ഫോണിലെ ഡിജിറ്റല്‍ കോപ്പി കാണിച്ചാല്‍ മതി ഇനി പൊലീസിനെ.
ഡിജിലോക്കര്‍ അക്കൌണ്ട് ഇല്ലെങ്കില്‍ തുടങ്ങുക. ഉണ്ടെങ്കില്‍ അതില്‍ ലോഗിന്‍ചെയ്യുക. അതിനുശേഷം അതിനുള്ളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഇങ്ങോട്ടു വലിക്കാനുള്ള പുള്‍ സംവിധാനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്തശേഷം Issued Documents എന്ന മെനുവില്‍ ക്ളിക്ചെയ്യുക. അതിന്റെ അടിയില്‍ Pull Partner Documents എന്നതില്‍ പോവുക. അതില്‍ പാര്‍ട്നര്‍മാരുടെ പട്ടികയില്‍ Ministry of Road Transport തെരഞ്ഞെടുക്കുക. അതിനുശേഷം ലൈസന്‍സ് ആണോ, ആര്‍സിയാണോ എന്നത് തെരഞ്ഞെടുക്കുക. പുതുതായി വരുന്ന ഫീല്‍ഡുകളില്‍ ബാക്കി വിവരങ്ങള്‍ ലൈസന്‍സില്‍ കാണുന്നത് അതേപോലെ പൂരിപ്പിക്കുക. എന്നിട്ട് Get Document എന്നതില്‍ ക്ളിക് ചെയ്താല്‍ നിങ്ങളുടെ ലൈസന്‍സ്/ആര്‍സി എന്നിവയുടെ ഡിജിറ്റലൈസല്‍ ചെയ്ത പതിപ്പ് നിങ്ങളുടെ ഡിജി ലോക്കറില്‍ എത്തും. ലൈസന്‍സിലും ആര്‍സിയിലും ഉള്ള വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ ഒന്ന് നോക്കി, അതുപോലെതന്നെ ഡിജി ലോക്കറില്‍ പൂരിപ്പിച്ചാല്‍ നന്ന്. കാരണം ചിലപ്പോഴെങ്കിലും നിങ്ങളുടെ ലൈസന്‍സിലും ആര്‍സിയിലും ഒക്കെയുള്ള വിവരങ്ങള്‍ ചില അക്ഷരപ്പിശകുകളോടുകൂടിയാവും മോട്ടോര്‍ വാഹന വകുപ്പിന്റെ സെര്‍വറില്‍ സൂക്ഷിച്ചിരിക്കുക. ഒരു കുത്തൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ഈ പരിപാടി പാളും. അതുകൊണ്ട് മോട്ടോര്‍വാഹന വകുപ്പിന്റെ സൈറ്റിലുള്ളത് അതുപോലെ ഡിജി ലോക്കറില്‍ കൊടുക്കുക. ഇനി നിങ്ങളുടെ ലൈസന്‍സിലുള്ള പേരിലും ആധാറിലെ പേരിലും എന്തെങ്കിലും ചെറിയ വ്യത്യാസം ഉണ്ടെങ്കില്‍ അത് തിരുത്തിയശേഷമേ ഈ പുള്‍ നടക്കൂ.
പൊലീസ് ലൈസന്‍സും ആര്‍സിയും ചോദിച്ചാല്‍ ഡിജിലോക്കര്‍ ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇവ കാണിച്ചാല്‍ മതി. എന്ത് എളുപ്പം അല്ലെ! സിബിഎസ്ഇ, ഹിമാചല്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍, ആന്ധ്ര സ്കൂള്‍ ബോര്‍ഡ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും ഇതുപോലെ പുള്‍ ചെയ്യാവുന്നതാണ്.
ഇതുകൂടാതെ കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന, ഡല്‍ഹി, ഒഡിഷ മുതലായ സംസ്ഥനങ്ങളുടെ ഇ–ഡിസ്ട്രിക്ട് സേവനങ്ങള്‍ ഡിജി ലോക്കറിന്റെ പുഷ് പാര്‍ട്നര്‍മാരാണ്. അതായത് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇ–ഡിസ്ട്രിക്ട്വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങളുടെ ഡിജി ലോക്കറില്‍ ഇടാന്‍ സര്‍ട്ടിഫിക്കറ്റ് ദാതാവിനോട് പറയാം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള ക്യൂവും, സൂക്ഷിക്കാനുള്ള ഫയലും ഒക്കെ ഇനി ഇല്ല. കേരളത്തിന്റെ ഇ–ഡിസ്ട്രിക്ട് സേവങ്ങളെക്കുറിച്ച് അറിയാന്‍: -https://edistrict.kerala.gov.in/
ഇങ്ങനെ ആര്‍സിപോലെ നിങ്ങള്‍ വലിക്കുന്നതും, ഇ–ഡിസ്ട്രിക്ട് സേവനം പുഷ്ചെയ്യുന്നതുമായ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈ സ്ഡ് ആയതുകൊണ്ട് ഒറിജിനലിനു തത്തുല്യമായ ഡിജിറ്റല്‍കോപ്പിയാണ്. ഇതുരണ്ടും കൂടാതെ നിങ്ങളുടെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ്ചെയ്ത്, സ്വയം ഡിജിറ്റലൈസ്ചെയ്ത് സൂക്ഷിക്കാനുള്ള വഴിയുമുണ്ട് ഡിജി ലോക്കറില്‍. ഭാവിയില്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാംതന്നെ സൂക്ഷിക്കാവുന്ന സുരക്ഷിതമായൊരു ഷെല്‍ഫായി ഈ ലോക്കര്‍സംവിധാനം മാറുമെന്നതില്‍ സംശയമേ വേണ്ട.
വിവരങ്ങള്‍ക്ക്: https://digilocker.gov.in
nikhilnarayanan@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..