23 December Monday

പാഫിയോപെഡിലം ; ആദരപൂർവം ഓർക്കിഡും

എ സുരേഷ്Updated: Friday Jul 19, 2024


പാഫിയോപെഡിലം എം എസ് വല്യത്താൻ എന്ന ശാസ്ത്രനാമത്തിൽ   നിത്യസ്മരണീയൻ. ഇന്ത്യയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത സങ്കരയിനം ഓർക്കിഡിന് നൽകിയ പേരാണ് കേരളത്തിന്റെ പ്രിയ ഭിഷഗ്വരനുള്ള ആദരമായത്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) വികസിപ്പിച്ചെടുത്ത ഓർക്കിഡ് ആണ് ശാസ്ത്രജ്ഞർ ഡോ. വല്യത്താന്റെ പേരിൽ രേഖപ്പെടുത്തിയത്. അദ്ദേഹം "സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയേൺമെന്റ്' വൈസ് ചെയർമാനായിരിക്കെയാണ് ജെഎൻടിബിജിആർഐയിൽ ഓർക്കിഡ് പ്രജനന ഗവേഷണ പദ്ധതി തുടങ്ങിയത്. കേരളത്തിന്റെ ശാസ്ത്ര ഗവേഷണമേഖലയിൽ അദ്ദേഹം പ്രകടിപ്പിച്ച ആഭിമുഖ്യം വിലമതിച്ചായിരുന്നു നാമകരണം.

ആധുനിക വൈദ്യശാസ്ത്രത്തിന് കേരളം സംഭാവനചെയ്ത അതുല്യ പ്രതിഭയായ വല്യത്താൻ ശാസ്ത്രജ്ഞനായ ഭിഷഗ്വരൻ എന്ന നിലയിൽ ഇന്ത്യയിലെ ആദ്യപഥികനുമാണ്. 1951 തിരുവനന്തപുരത്ത് ആരംഭിച്ച കേരളത്തിലെ വൈദ്യശാസ്ത്ര കലാലയത്തിലെ ആദ്യബാച്ച് വിദ്യാർഥി. ഇംഗ്ലണ്ടിൽ ഹൃദയശസ്ത്രക്രിയയിൽ ഉപരിപഠനം. തുടർന്ന് അമേരിക്കയിൽ വിദഗ്ധ പരിശീലനം. അവിടെ ജോർജ് ടൗൺ സർവകലാശാലയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ചാൾസ് ഹഫ്നഗലിനൊപ്പം പ്രവൃത്തിച്ചു. ഹൃദയശസ്ത്രക്രിയക്കുള്ള യന്ത്രോപകരണങ്ങൾ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് ഡോക്ടറുടെ അനുഭവങ്ങളായിരുന്നു പഠന പ്രവർത്തനങ്ങളിൽ പ്രാഥമികം. ഹഫ്നഗലിന്റെ സന്തത സഹചാരിയായാണ് വല്യത്താൻ ശസ്ത്രക്രിയയിൽ വൈദഗ്ധ്യം നേടിയത്. യുഎസിൽ തുടരണമെന്ന് അധ്യാപകൻ ആഗ്രഹിച്ചെങ്കിലും  മടങ്ങാനുള്ള വല്യത്താന്റെ താൽപര്യം ശക്തമായിരുന്നു. ഹഫ്നഗലുമായുള്ള ബന്ധം പിന്നീടും തുടർന്നു.

ഇന്ത്യയിൽ തിരിച്ചെത്തിയ വല്യത്താൻ  അൽപകാലം ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവർത്തിച്ചു. അതിനിടെയാണ് കേരളത്തിൽനിന്ന്  മുഖ്യമന്ത്രി സി അച്യുതമേനോന്റെ ക്ഷണം. ശ്രീ ചിത്തിരത്തിരുനാളിന്റെ ഷഷ്ഠിപൂർത്തിയോടനുബന്ധിച്ച്് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗനാഡീ ചികിത്സകൾക്ക് പ്രത്യേക വിഭാഗം തുടങ്ങിയിരുന്നു. കുട്ടികളിലെ ഹൃദയവൈകല്യ ചികിത്സയ്ക്കും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്കും അപ്പോഴും സാധിച്ചിരുന്നില്ല. ഇവയ്ക്കുകൂടി സൗകര്യമുള്ള സ്പെഷ്യാലിറ്റി ആശുപത്രി വേണമെന്ന ആലോചന ശ്രീ ചിത്തിരത്തിരുനാൾ സെന്ററിന്റെ വിപുലീകരണത്തിന് വഴിയൊരുക്കി. അതിലേക്കാണ് . വല്യത്താനെ വരുത്തിയത്.

1974 ഒക്ടോബറിൽ ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്തുടങ്ങി. വല്യത്താന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരുടെ കഠിനശ്രമത്തിൽ രണ്ട് വർഷത്തിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനക്ഷമമായി. ഭരണതലത്തിൽ ഒരുവിധ ഇടപെടലുമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് അവർക്ക് പ്രചോദനമായി. 1976 ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നാടിന് സമർപിച്ചു.

ശസ്ത്രക്രിയയ്ക്ക് കുപ്പിയിൽ രക്തം ശേഖരിക്കുന്നതിന്റെയും കൃത്രിമ ഹൃദയവാൽവ് കൂടിയ വിലനൽകി ഇറക്കുമതി ചെയ്യുന്നതിന്റെയും പ്രതിബന്ധങ്ങൾ തരണംചെയ്യാനായി   പിന്നത്തെ ആലോചന. രക്തബാഗുകൾ, കൃത്രിമ ഹൃദയവാൽവ് എന്നിവ സ്വന്തമായി ഉൽപാദിപ്പിക്കാനായതോടെ മൂന്ന് വർഷത്തിനകം ഇൻസ്റ്റിറ്റ്യൂട്ട് ഉയരങ്ങൾ താണ്ടി. 1980 കേന്ദ്രസർക്കാർ ലോകസഭയിൽ പ്രത്യേക നിയമം പാസാക്കിയതിലൂടെ ശ്രീ ചിത്രയ്ക്ക് ദേശീയ പ്രാധാന്യം കൈവന്നു.

ബ്ലഡ് ബാഗുകൾ, ഓക്സിജനേറ്റർ, ടിടികെ ഹാർട്ട് വാൽവുകൾ, വാസ്കുലാർ ഗ്രാഫ്, ഹൈഡ്രോസെഫലസ് തുടങ്ങിയ മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാണ വിതരണത്തിൽ ലോകത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായി ഇൻസ്റ്റിറ്റ്യൂട്ട് വളർന്നു. വിവിധ ചികിത്സാ വിഭാഗങ്ങളും പഠന ഗവേഷണ മേഖലകളും തുടങ്ങി. അടിസ്ഥാന സൗകര്യംപോലുമില്ലാത്ത ആതുരാലയത്തെ രാജ്യത്തെ മുൻനിര ആരോഗ്യ കേന്ദ്രമായി വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹം.

20 വർഷത്തെ സേവനത്തിനുശേഷം 1994   ശ്രീ ചിത്രയുടെ പടിയിറങ്ങിയ വല്യത്താൻ,  മണിപ്പാൽ സർവകലാശാലാ വൈസ്ചാൻസിലറായി. അഞ്ച് വർഷത്തിനുശേഷം പദവി ഒഴിഞ്ഞെങ്കിലും  മണിപ്പാലിൽ സ്ഥിരതാമസമാക്കി. അതിനിടെ മുഖ്യമന്ത്രി കെ ആന്റണിയുടെ ക്ഷണപ്രകാരം 2002 സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ വൈസ്ചെയർമാനായി. സെന്റർ ഫോർ വാട്ടർ റിസോഴ്സസ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഏഴ് സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന "സ്റ്റെക്' എന്ന സംവിധാനമായിരുന്നു അന്നത്തേത്. അത് ഒഴിവാക്കി "സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയേൺമെന്റ്' എന്ന പുതിയ കൗൺസിലാക്കി  മാറ്റി. മുഖ്യമന്ത്രി പ്രസിഡന്റും വല്യത്താൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായി പ്രവർത്തനമാരംഭിച്ചു. ആന്റണി മുഖ്യമന്ത്രി ഒഴിഞ്ഞ് ഉമ്മൻചാണ്ടി വന്നതോടെ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് രാജിവെച്ചു.

മണിപ്പാലിൽ ജോലിചെയ്യവെ, മാസത്തിൽ പലതവണ ട്രെയിനിൽ തിരുവനന്തപുരത്തുചെന്ന് യാത്രാപ്പടി മാത്രം കൈപ്പറ്റിയാണ് വല്യത്താൻ അന്ന് കൗൺസിലിന്റെ ചുമതലകൾ നിർവഹിച്ചത്. അതിനുശേഷം ഔദ്യോഗിക പദവികളിൽനിന്നെല്ലാം അകന്ന് കേരളത്തിന്റെ ആയുർവേദ പൈതൃകത്തെ ആഴത്തിൽ പഠിക്കാനും ശാസ്ത്രീയമായി വിശകലനം ചെയ്യാനുമുള്ള ശ്രമത്തിൽ മുഴുകി.

ചരക, ശുശ്രുത, വാഗ്ഭട സംഹിതകൾ ശാസ്ത്രീയമായി പരിശോധിക്കുന്ന പഠനഗ്രന്ഥങ്ങൾ അതിന്റെ ഫലമായി ലഭിച്ചവ. വൈദ്യശാസ്ത്രത്തിന്റെ പാശ്ചാത്യപൗരസ്ത്യ പാരമ്പര്യങ്ങളെ പിന്തുടർന്നപ്പോഴും ചികിത്സയുടെയും സേവനത്തിന്റെയും നൈതികത മുറകെപ്പിടിച്ച ഭിഷഗ്വരൻ ഒരു കാലത്തിന്റെയും പൈതൃകത്തിന്റെയും മഹത്വത്തെ ഓർമപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top