23 December Monday

ഡോ. എം എസ്‌ വല്യത്താൻ ; ഹൃദയത്തിന്റെ ‘ബ്രാൻഡ്‌ അംബാസഡർ'

അശ്വതി ജയശ്രീUpdated: Friday Jul 19, 2024


തിരുവനന്തപുരം
വിദേശത്ത്‌ മാത്രം ലഭ്യമായിരുന്ന, ലക്ഷങ്ങൾ വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിന്റെ ഇങ്ങേ അറ്റത്തിരുന്ന് നിർമിച്ചെടുത്ത നേതൃപാടവത്തിന്റെ പേരാണ്‌ ഡോ. എം എസ്‌ വല്യത്താൻ. ലോകത്ത്‌ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൃത്രിമ ഹൃദയ വാൽവിന്റെ ഉപജ്ഞാതാവ്‌. 1974മുതൽ 1994 വരെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടറായി ദേശീയ, അന്തർദേശീയതലത്തിൽ വളർത്തിയ ഡോ. എം എസ്‌ വല്യത്താന്റെ  വികസനആശയങ്ങൾ വൈദ്യശാസ്‌ത്രമേഖലയ്‌ക്ക്‌ സമ്മാനിച്ച പുത്തൻമാറ്റങ്ങൾ വാക്കുകൾക്കതീതം.

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ശ്രീ ചിത്രയിലെ ബയോമെഡിക്കൽ വിഭാ​ഗത്തിൽ ആദ്യമായി കൃത്രിമ ഹൃദയവാൽവ് നിർമിച്ചത്. ബ്ലഡ് ബാഗ്, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വികസിപ്പിച്ചു. ഇന്ന്‌ സ്വന്തമായി നൂറുകണക്കിന്‌ പേറ്റന്റുള്ള ശ്രീ ചിത്രയുടെ ചരിത്രത്തിന്‌ പിന്നിൽ വല്യത്താൻ എന്ന പേര്‌ "വലിയ' അക്ഷരങ്ങളാൽ കൊത്തിയിടപ്പെട്ടിട്ടുണ്ട്‌. അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടെന്ന മഹത്തായ സ്ഥാപനം കെട്ടിപ്പടുക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

തിരുവിതാംകൂർ രാജകുടുംബം നൽകിയ ഒഴിഞ്ഞുകിടന്ന കെട്ടിടം, ഉപകരണങ്ങളോ ജീവനക്കാരോ ഇല്ല. എന്നാൽ "ലീഡറാ'യിനിന്ന്‌ ആ കെട്ടിടത്തെ ‘ശ്രീ ചിത്ര’ എന്ന ബ്രാൻഡാക്കിയത്‌ ഡോ. വല്യത്താന്റെ ജീവിതത്തിലെ കർമനിരതമായ 20 വർഷമാണ്‌. മാവേലിക്കരക്കാരനായ വല്യത്താൻ ജീവിതത്തിന്റെ സിംഹഭാഗവും തിരുവനന്തപുരത്തായിരുന്നു. 1951ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ 63 വിദ്യാർഥികളിലൊരാൾ. എംബിബിഎസിനുശേഷം ഉപരിപഠനത്തിനും ഫെല്ലൊഷിപ്പിനുമൊക്കെയായി ബ്രിട്ടനിലും അമേരിക്കയിലും കാനഡയിലും വർഷങ്ങൾ ചെലവഴിച്ച അദ്ദേഹം 1974ൽ വീണ്ടും തലസ്ഥാന ജില്ല പ്രവർത്തന മണ്ഡലമാക്കി.
 

ജീവിത രേഖ
മാർത്താണ്ഡവർമയുടെയും ജാനകിയുടെയും മകനായി 1934 മെയ് 24 ന് മാവേലിക്കരയിൽ ജനനം. മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്ന് പൂർണപേര്. മാവേലിക്കര ഗവ. സ്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം. 1956 എംബിബിഎസ് പൂർത്തിയാക്കി.

തുടർന്ന് ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിലെ സർജറി വിഭാഗത്തിൽ പഠനം. എഡിൻബർഗ് ഫെലോഷിപ്പോടെ എഫ്ആർസിഎസ് നേടി. ചണ്ഡിഗഡിലെ പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ അൽപകാലം ഫാക്കൽറ്റി അംഗം. തുടർന്ന് അമേരിക്കയിലെ ജോൺ ഹോപ്കിൻസ്, ജോർജ് ടൗൺ സർവകാലാശാല ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയയിൽ ഉപരിപഠനവും സേവനവും. പീഡിയാട്രിക് കാർഡിയാക് സർജറി, ട്രോപ്പിക്കൽ ഹാർട് മസിൽസ് രോഗങ്ങൾ, കാർഡിയോ വാസ്കുലർ ഡിവൈസിസ് വികസനം എന്നിവയിൽ വൈദഗ്ധ്യം. 1974 തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ സെന്റർ ഡയരക്ടറായി.

1994വരെ രണ്ട് ദശാബ്ദക്കാലത്തെ സേവനത്തിനിടെ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാർ അംഗീകാരത്തോടെ ദേശീയ പ്രാധാന്യമുള്ള (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർടൻസ്) ആരോഗ്യ കേന്ദ്രമായി ഉയർത്തി.  ചെലവു കുറഞ്ഞ കൃത്രിമ ഹൃദയവാൽവുകൾ രൂപകൽപന ചെയ്യുകയും സാധാരണക്കാർക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിൽ അക്കാലത്തെ പ്രവർത്തനങ്ങൾ ശ്ലാഘനീയം.

തുടർന്ന് മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി 1999വരെ സേവനമനുഷ്ഠിച്ചു.ശേഷം കേരളത്തിന്റെ ആയുർവേദ മേഖലയെക്കുറിച്ച് പഠനം. ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി ഇംഗ്ലീഷിൽ ബൃഹത് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. അവ മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്തി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top