18 October Friday

ആയുർവേദത്തിനൊരു ആമുഖം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


ഇന്ത്യയുടെ
ആയുർവേദ പാരമ്പര്യത്തെ ലോകത്തിനു മുന്നിലെത്തിക്കാൻ പ്രയത്നിച്ചത് അലോപ്പതി ചികിത്സാരംഗത്ത് കേരളം സംഭാവന ചെയ്ത വൈദ്യപ്രതിഭയായിരുന്നുവെന്നത് കൗതുകകരം. ഹൃദ്രോഗ ചികിത്സാരംഗത്ത് അഭിമാനനേട്ടങ്ങൾ സമ്മാനിച്ച ഡോ. എം എസ് വല്യത്താന്റെ പിൽക്കാല ഗവേഷണങ്ങളാണ് ആയുർവേദത്തിന് മുതൽക്കൂട്ടായത്.

ലണ്ടനിലെയും അമേരിക്കയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഹൃദ്രോഗ ചികിത്സയിലും ശസ്ത്രക്രിയയിലും വൈദഗ്ധ്യം നേടിയാണ്  വല്യത്താൻ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് ഹൃദ്രോഗ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി സ്ഥാപിക്കാൻ നിയോഗം ലഭിച്ച അദ്ദേഹം സ്തുത്യർഹമായ രീതിയിൽ ഉത്തരവാദിത്തം നിർവഹിച്ചു.1974 മുതൽ 1994 വരെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയരക്ടറായ  അദ്ദേഹം അതിനെ രാജ്യാന്തര നിലവാരത്തിലെത്തിച്ചു. തുടർന്ന് ചുമതല വഹിച്ച മണിപ്പാൽ സർവകലാശാല വൈസ്ചാൻസ്ലർ പദവി ഒഴിഞ്ഞശേഷം സ്വമേധയാ വലിയ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1999 ലാണ്ആയുർവേദത്തെക്കുറിച്ച് ഗൗരവ പഠനം തുടങ്ങിയത്‌.

65‐ാം വയസിൽ വൈദ്യഭൂഷണം രാഘവൻ തിരുമുൽപാട് ഉൾപ്പെടെയുള്ള പണ്ഡിതരിൽനിന്നും ആയുർവേദം അഭ്യസിച്ചു. പഠന ഗവേഷണങ്ങൾ വേണ്ടത്ര നടക്കാത്ത പാരമ്പര്യ മേഖലയെ ആധുനിക വൈദ്യശാസ്ത്രവുമായി കൂട്ടിയിണക്കി ആധികാരികത സ്ഥാപിക്കാൻ അന്വേഷണങ്ങൾക്ക് സാധിച്ചു. ലെഗസി ഓഫ് ചരക, ലെഗസി ഓഫ്സുശ്രുത, ലെഗസി ഓഫ് വാഗ്ഭട എന്നീ ഗ്രന്ഥങ്ങൾ അതിന്റെ ഫലശ്രുതികൾ. ആയുർവേദത്തിനൊരു ആമുഖം എന്ന ഗ്രന്ഥവും  തയ്യാറാക്കി.

ബൃഹത് ത്രയികൾ മലയാളത്തിലും വിവർത്തനം ചെയ്തു. കുറഞ്ഞകാലം കൊണ്ട് ആയുർവേദ ചികിത്സാരംഗത്തിന് ശാസ്ത്രീയപിൻബലമേകാൻ  ഗവേഷണങ്ങൾക്ക് കഴിഞ്ഞു. കൃതികൾ ആയുർവേദശാസ്ത്രത്തിലെ അടിസ്ഥാന പാഠപുസ്തകങ്ങളുമായി. ബംഗളൂരുവിലെ രാമൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഗാന്ധിസ്മാരക പ്രഭാഷണത്തിൽ നിന്നാണ് "ലെഗസി ഓഫ് ചരക'യുടെ  പിറവി. രണ്ട് വർഷം ചരക ദർശനത്തിലൂടെ  ഡോ. വല്യത്താൻ ആഴത്തിൽ സഞ്ചരിച്ചു. ഡി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച ആയുർവേദാചാര്യന്റെ വിശ്രുത വൈദ്യഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്നതിലുപരി കാലോചിതം  വിശകലനം ചെയ്യാനായിരുന്നു ശ്രമം. ആധുനിക ജീവശാസ്ത്ര വീക്ഷണങ്ങൾ ഉപയോഗിച്ച് ചരകനെ ശാസ്ത്രീയമായി പഠിക്കുകയാണ് ഗ്രന്ഥത്തിൽ. "ചരക പൈതൃകം' എന്ന പേരിൽ മുത്തുലക്ഷ്മി മലയാളത്തിലേയ്ക്ക് മൊഴിമാറ്റി.

ചരകസംഹിതയ്ക്ക് പിന്നാലെ "ലെഗസി ഓഫ് സുശ്രുത' പുറത്തുവന്നു. ചികിത്സയിൽ ശസ്ത്രക്രിയയുടെ പ്രാധാന്യം മനസിലാക്കുകയും പ്രായോഗികമായി നടപ്പാക്കുകയുംചെയ്ത ആചാര്യനാണ് സുശ്രുതൻ. അദ്ദേഹത്തിന്റെ "സുശ്രുതസംഹിത'ക്ക് നൽകിയ വ്യാഖ്യാനവും പുതുമയുള്ളതായി. ശരീരഭാഗങ്ങളുടെ ഘടനയും ധർമങ്ങളും, രോഗത്തിന്റെ കാരണം, പൂർവരൂപം, പ്രകടരൂപം, ചികിത്സശസ്ത്രക്രിയാ സങ്കേതങ്ങൾ, രോഗി, ശുശ്രൂഷ എന്നിങ്ങനെ വൈദ്യശാസ്ത്രത്തിന്റെ ആഴങ്ങൾ മനസ്സിലാക്കിത്തരുന്നതാണ് ഗ്രന്ഥം.ആയുർവേദത്തിന്റെ അപ്പോസ്തലരിലൊരാളായ വാഗ്ഭടൻ രണ്ടായിരം വർഷം മുമ്പ് സംസ്കൃതത്തിൽ രചിച്ച "അഷ്ടാംഗഹൃദയം' അധികരിച്ച് തയ്യാറാക്കിയതാണ് "ലെഗസി ഓഫ് വാഗ്ഭട'. ആയുർവേദത്തെ ശാസ്ത്രം എന്ന നിലയിൽ കണ്ട് അതിന്റെ തത്ത്വങ്ങളെ സാമാന്യജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് അത്‌. ആധുനിക ചികിത്സാശാസ്ത്രത്തിൽ നിഷ്ണാതനായപ്പോഴും  പാരമ്പര്യത്തെ വിലമതിക്കാൻ ജ്ഞാനവും ഉൾക്കാഴ്ചയുമുള്ളവർക്കേ കഴിയൂ. അതാണ് വല്യത്താന്റെ മഹത്വമെന്ന് ബോധ്യപ്പെടുത്തുകയാണ് പഠനഗ്രന്ഥങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top