26 December Thursday

ബാങ്ക് വെട്ടിപ്പുകളും കള്ളപ്പണവും ബിജെപിയും - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Thursday Oct 5, 2023

കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കുകയാണ് ഇഡിയുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും ലക്ഷ്യം. ഇന്ത്യയിലെ പല നല്ല കാര്യങ്ങളിലെന്നപോലെ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയിലും സംഘപരിവാറിന് ഒരു സ്ഥാനവുമില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള സഹകരണപ്രസ്ഥാനം സംഘപരിവാറിന്റെ കണ്ണിൽ പണ്ടേ കരടായിരുന്നുവെന്നു ആർഎസ്എസിന്റെ മുഖപത്രത്തിലും മറ്റും വന്നിട്ടുള്ള ലേഖനങ്ങൾ വ്യക്തമാക്കുന്നു.

ഈ ലക്കം ചിന്തയിൽ എ.കെ. രമേശ് അങ്ങനെയൊരു ലേഖനത്തെ വിശദമായി ഉദ്ധരിക്കുന്നുമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകൾക്കു നേരെയുള്ള ആർഎസ്എസിന്റെ കടന്നാക്രമണം നോട്ടുനിരോധനകാലം മുതലാണ് രൂക്ഷമായത്. സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ പ്രഭവകേന്ദ്രമാണെന്നു പറഞ്ഞു നോട്ടുനിരോധനകാലത്ത് വാണിജ്യ ബാങ്കുകൾക്ക് ഇടപാടുകൾ നടത്തുന്നതിനുണ്ടായിരുന്ന സ്വാതന്ത്ര്യം സഹകരണ ബാങ്കുകൾക്കു നിഷേധിച്ചു. ഈ പരീക്ഷണഘട്ടത്തെ കേരളത്തിലെ സഹകരണപ്രസ്ഥാനം അതിജീവിച്ചു.

കേരളത്തിലാണു രാജ്യത്തെ ഏറ്റവും ശക്തമായ വായ്പാ സഹകരണ സംഘങ്ങളുള്ളത്. നമ്മുടെ കാർഷിക മേഖലയുടെ വായ്പാ ആവശ്യത്തിന്റെ നല്ലൊരുപങ്ക് സഹകരണ ബാങ്കുകളാണ് നിർവ്വഹിച്ചുപോന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉദാരവൽക്കരണ കാലഘട്ടത്തിൽ കൃഷിക്കാർക്കും മറ്റും വായ്പ നൽകുന്നതിൽനിന്നു വാണിജ്യ ബാങ്കുകൾ പിൻവാങ്ങുകയും തൽസ്ഥാനം ബാങ്കിതര സ്ഥാപനങ്ങളും ഹുണ്ടികക്കാരും ഏറ്റെടുക്കുന്ന സ്ഥിതിയാണുള്ളത്. കേരളത്തിലെ സഹകരണ പ്രസ്ഥാനംമൂലം ഇത്തരമൊരു പ്രതിഭാസം കേരളത്തിൽ ദുർബലമാണ്.

സഹകരണ മേഖലയിലെ പുഴുക്കുത്തുകൾ

മേൽപ്പറഞ്ഞ നേട്ടങ്ങളിലൊക്കെ അഭിമാനിക്കുന്നതോടൊപ്പം സഹകരണ ബാങ്കിംഗ് മേഖലയിലുള്ള ദൗർബല്യങ്ങളെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാർടി സംസ്ഥാന സമ്മേളനം ചില ബാങ്കുകളിൽ ഉണ്ടായിട്ടുള്ള ക്രമക്കേടുകളും അഴിമതിയും അനഭിലഷണീയ പ്രവണതകളും ചൂണ്ടിക്കാണിക്കുകയും അവയ്ക്കെതിരെ പാർടി ജാഗ്രത പുലർത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പാർടി ഫ്രാക്ഷനുകളും സബ് കമ്മിറ്റികളും ചേർന്ന് ഓരോ ബാങ്കിലെയും സ്ഥിതി പരിശോധിക്കുകയും ദൗർബല്യങ്ങൾ തിരുത്തിക്കൊണ്ടിരിക്കുകയുമാണ്. തെറ്റുതിരുത്തൽ രേഖയിലടക്കം നമ്മൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

എന്നാൽ കരുവന്നൂർ പോലുള്ള ചില ബാങ്കുകളിൽ ക്രമക്കേടുകൾ ലളിതമായി തിരുത്താനാവാത്തവിധം വലുതായിരുന്നു. ഇക്കാര്യങ്ങളിൽ വീഴ്ചവരുത്തിയ ബാങ്കുമായി ബന്ധപ്പെട്ട പാർടി നേതാക്കളുടെ മേൽ അച്ചടക്കനടപടികൾ സ്വീകരിക്കുകയും സർക്കാർതലത്തിൽ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും നടക്കുന്നു.

ഇഡിയും കള്ളപ്പണവും

ഇതിനിടയിലാണ് ഇഡിയുടെ ഇടപെടലുണ്ടാകുന്നത്. കള്ളപ്പണം സംബന്ധിച്ച് സവിശേഷ അന്വേഷണ അധികാരങ്ങൾ ഈ ഏജൻസിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യുന്നതിനും എത്രനാൾ തടവിൽ സൂക്ഷിക്കുന്നതിനും ഇഡിക്കുള്ള അധികാരങ്ങൾ കോടതികളും ശരിവച്ചിട്ടുണ്ട്. ഇവ തികച്ചും സ്വേച്ഛാപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് ഉപയോഗപ്പെടുത്തി വരുന്നത്. ഒരു പക്ഷേ രാജ്യത്തുതന്നെ ഇഡിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള അപൂർവ്വം കേസുകളിലൊന്ന് കിഫ്ബി സംബന്ധിച്ച അവരുടെ അന്വേഷണമാണ്.

കൃത്യമായ ഒരു ചാർജ്ഷീറ്റുപോലുമില്ലാതെ എത്ര നാളാണ് കിഫ്ബി പോലുള്ള ഒരു ധനകാര്യ ഏജൻസിയേയും ഉത്തരവാദിത്വപ്പെട്ടവരെയും വാൾമുനയിൽ നിർത്തിയത്. അവസാനം കോടതിക്കുപോലും ചോദിക്കേണ്ടിവന്നു ഇത്തരമൊരു അന്വേഷണം നടത്തേണ്ട കാരണം പറയുവാൻ. ഒരു വർഷത്തിലേറെയായി കാരണം പറയാൻ കിട്ടാതെ ഇഡി വിഷമിച്ചുകൊണ്ടിരിക്കുകയാണ്.

കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ക്രൈംബ്രാഞ്ചും മറ്റും അന്വേഷിക്കുന്ന വെട്ടിപ്പുകൾക്കു പുറമേ കള്ളപ്പണം വെളുപ്പിക്കാൻ ഒരു സംഘം കരുവന്നൂർ ബാങ്കിനെ ഉപയോഗപ്പെടുത്തിയെന്ന് ഇഡി കണ്ടെത്തി. ബിസിനസ്സിൽ നിന്നോ പണമിടപാടുകളിൽ നിന്നോ അഴിമതിയിൽ നിന്നോ ഉണ്ടാക്കുന്ന വരുമാനം നികുതി കണക്കിലൊന്നും ചേർക്കാതെ പല ധനാഢ്യരുടെ കൈകളിലും ഉണ്ട്. അതു വെളുപ്പിക്കാനുള്ള ഒരു എളുപ്പമാർഗ്ഗം ഏതെങ്കിലും ബാങ്കിൽ നിക്ഷേപിച്ച് പിന്നീടത് പിൻവലിച്ച് ബിസിനസിൽ മുടക്കുകയാണ്.

ഇത്തരത്തിൽ വലിയതോതിൽ കരുവന്നൂർ ബാങ്കിൽ ഒരാൾ പണം നിക്ഷേപിച്ചുവെന്നും അത് പിൻവലിച്ചു എന്നതുമാണ് കേസ്. ഇപ്പോൾ തന്നെ ഇത്തരത്തിൽ പണം മറ്റു പല സഹകരണ ബാങ്കുകളിലും നിക്ഷേപിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഇഡി പൊലീസ് അകമ്പടിയോടെ അവ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. നിശ്ചയമായും ഇഡിക്കു പരിശോധിക്കാനുള്ള അവകാശമുണ്ട്.

അതിനു പൊലീസുകാരുടെയോ മാധ്യമപടകളുടെയോ അകമ്പടി ആവശ്യമില്ല. സഹകരണ ബാങ്കുകളെല്ലാം കള്ളപ്പണത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഡെപ്പോസിറ്റർമാരിൽ ഭീതിയുയർത്തി അവരുടെ ഡെപ്പോസിറ്റുകൾ പിൻവലിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്.

ഈയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ കള്ളപ്പണവും വാണിജ്യബാങ്കുകളും തമ്മിലുള്ള ബന്ധത്തപ്പറ്റിയും വാണിജ്യ ബാങ്കുകളിൽ നടമാടുന്ന ഭീകരമായ വെട്ടിപ്പുകളെക്കുറിച്ചും ഒരു ധാരണ ഉണ്ടാകുന്നതു കരുവന്നൂർ ബാങ്കിലെ വെട്ടിപ്പിനെയും കള്ളപ്പണത്തേയും ഒരാനുപാതിക പ്രാധാന്യത്തിൽ വിലയിരുത്തുന്നതിനു സഹായകരമായുരുക്കും.

രാജ്യത്തെ ബാങ്ക് വെട്ടിപ്പുകാർ

മോദിയുടെ എട്ടുവർഷക്കാലത്തിനിടയിൽ (2014–15/2021–22) ബാങ്കുകളുടെ മൊത്തം നിഷ്ക്രിയാസ്തികൾ 66.5 ലക്ഷം കോടി രൂപ വരും. ഇതിൽ 14.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. അതായത് നിഷ്ക്രിയാസ്തികളുടെ 22 ശതമാനത്തിലേറെ മോദി സർക്കാർ എഴുതിത്തള്ളി. ഇതുവെറും സാങ്കേതികം മാത്രമാണ്. എഴുതിത്തള്ളിയ കിട്ടാക്കടങ്ങൾ കേസ് നടത്തി തിരികെ വാങ്ങുമെന്നാണ് ബിജെപി വക്താക്കൾ പറയാറ്. ഇതുവരെ ഇത്തരത്തിൽ തിരിച്ചു പിടിച്ചത് എല്ലാ വർഷവും 10–20 ശതമാനം വീതമേ വരൂ. ഇനിയിപ്പോൾ ഭീമൻ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും പേടിക്കേണ്ട. രാഷ്ട്രീയ സ്വാധീനംവച്ച് ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തി തട്ടിപ്പ് തുടരാം.



ആരാണ് ഈ വെട്ടിപ്പുകാർ? ഇവരിൽ 15 ശതമാനം ഗുജറാത്തിൽ നിന്നാണ്. ഋഷി അഗർവാളിന്റെ എബിജി ഷിപ്പ് യാർഡ് 28 ബാങ്കുകളിൽ നിന്ന് 23000 കോടി രൂപയാണ് ചോർത്തിയിട്ടുള്ളത്. ഇവരിൽ പലർക്കും ബിജെപിയുമായി വലിയ ബന്ധമുള്ളവരാണ്. വിൻസം ഡയമണ്ട്സിന്റെ ജതിൻ മേത്ത അദാനിയുടെ ബന്ധുവാണ്.

ഈ വൻകിടക്കാർ മാത്രമല്ല 42 കോടി മുദ്രാ വായ്പ ഗുണഭോക്താക്കളുണ്ട്. ഇവർക്ക് 24 ലക്ഷം കോടി രൂപയാണ് വായ്പ നൽകിയിട്ടുള്ളത്. ഇവയുടെ വിതരണം തികച്ചും രാഷ്ട്രീയ പക്ഷപാതപരമായിട്ടായിരുന്നു. യുപി തിരഞ്ഞെടുപ്പിൽ വിജയിച്ചത് മുദ്രാ ലോൺ ഉദാരമായി വിതരണം ചെയ്തുകൊണ്ടാണ്. ഇപ്പോൾ അവയിൽ നല്ലപങ്കും കുടിശ്ശികയാണ്. മുദ്രാ വായ്പ കുടിശ്ശികയായാൽ 25 ശതമാനം ബാങ്ക് നൽകിയാൽ മതി. 75 ശതമാനം കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ഗ്യാരണ്ടി ഫണ്ടിൽ നിന്നും നൽകും. ഈ പണി തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വായ്പ ലഭിച്ചവരിൽ പലരും തട്ടിപ്പിനും വെട്ടിപ്പിനും വേണ്ടി വായ്പയെടുത്ത ബിജെപി അനുഭാവികളാണ്. അവർക്കും ഈ പുതിയ ഉത്തരവ് കുശാലായി.

കള്ളപ്പണം വെളുപ്പിക്കൽ – കോബ്രപോസ്റ്റ് കണ്ടത്

പറഞ്ഞുപറഞ്ഞ് ഇപ്പോൾ ചിലർക്കു സഹകരണബാങ്ക് എന്നു പറഞ്ഞാൽ മുഴുവൻ കള്ളപ്പണമാണെന്ന് വന്നിരിക്കുന്നു. വാണിജ്യബാങ്കുകൾ ശുദ്ധരും. സഹകരണബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടിട്ടില്ല എന്നൊന്നും ഞാൻ പറയില്ല. പക്ഷേ കള്ളപ്പണം തിരിമറി ചെയ്യപ്പെടുന്നത് വാണിജ്യബാങ്കുകളിലൂടെയാണ്.

കളളപ്പണം വെളുപ്പിക്കാനുളള ഉപായങ്ങള്‍ അറിയണമെങ്കില്‍ ഐസിഐസിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി എന്നീ പുത്തന്‍തലമുറ സ്വകാര്യബാങ്കുകളോട് ചോദിച്ചാല്‍ മതിയാകും. കോബ്രാപോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററായ സെയ്ദ് മന്‍സൂര്‍ ഹസന്‍ പേരു മാറ്റി ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലുമുളള ഈ ബാങ്കുകളിലെ ഡസന്‍ കണക്കിനു മാനേജര്‍മാരെ സമീപിച്ചു. താന്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഏജന്റാണ്, ഏതാനും കോടി രൂപയുടെ കളളപ്പണം ഉണ്ട്, അതു വെളുപ്പിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു അന്വേഷണം. ബാങ്കുകളുമായി ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടുപോലും എല്ലായിടത്തും ചുവപ്പു പരവതാനി സ്വീകരണമാണ് ഹസനു ലഭിച്ചത്. എല്ലായിടത്തുനിന്നും ബാങ്കുകളിലൂടെ തന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി പറഞ്ഞു കൊടുത്തതിന്റെ ഓഡിയോ ലഭ്യമാണ്.

വിദേശത്താണെങ്കിലോ? നമ്മുടെ രാജ്യത്തെ കള്ളപ്പണത്തിന്റെ ഭൂരിഭാഗം വിദേശത്താണല്ലോ. അതു വെളിപ്പിക്കാൻ നാട്ടിലേക്കു കൊണ്ടുവരുന്നതു കണ്ടെയ്‌നറുകളിലല്ല; വാണിജ്യ ബാങ്കുകളിലൂടെയാണ്. ഇങ്ങനെ കള്ളപ്പണയിടപാടുകൾ വാണിജ്യ ബാങ്കുകൾ നടത്തുന്നതുകൊണ്ട് അവരുടെ ഇടപാടുകൾ മരവിപ്പിച്ചിട്ടുണ്ടോ? പിന്നെ എന്തുകൊണ്ട് സഹകരണബാങ്കുകളോട് ഈ ചിറ്റമ്മനയം?

സീ ടിവിയുടെ വെളുപ്പിക്കൽ

ഏതാനും ആഴ്ചകൾക്കു മുമ്പ് സംഭവിച്ച മറ്റൊരു ബാങ്ക് വെട്ടിപ്പ് വെളിപ്പിക്കലിന്റെ കഥകൂടി വിവരിക്കട്ടെ. സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ ടിവി എന്ന മാധ്യമ ഭീമന് യെസ് ബാങ്കിൽ 6500 കോടി രൂപയുടെ കിട്ടാക്കടമാണ് ഉണ്ടായിരുന്നത്. ഈ കിട്ടാക്കടം അടക്കം യെസ് ബാങ്ക് 48000 കോടി രൂപയുടെ കിട്ടാക്കടം ജെസി ഫ്ലവേഴ്സ് എന്ന അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്കു വിറ്റു. ജെസി ഫ്ലവേഴ്സ് 11,183 കോടി രൂപ ബാങ്കിനു നൽകാമെന്നായിരുന്നു കരാർ. പരമാവധി പണം കുടിശികക്കാരിൽ നിന്നും ഈടാക്കുകയെന്നത് ഫ്ലവേഴ്സ് കമ്പനിയുടെ ചുമതലയാണ്.

ഇതിനിടയിൽ സീ ടിവി കമ്പനിക്ക് സോണി കമ്പനിയുമായി പുതിയൊരു കരാറിൽ ഏർപ്പെടേണ്ടിവന്നു. ഇതിന് ഒരു മുൻ ഉപാധി കിട്ടാക്കട കുടിശിക പാടില്ല എന്നുള്ളതാണ്. സുഭാഷ് ചന്ദ്ര എന്തു ചെയ്തു? ജെസി ഫ്ലവേഴ്സ് എന്ന അസ്റ്ററ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി ചർച്ച ആരംഭിച്ചു. അവസാനം ധാരണയായി: 6500 കോടി രൂപയ്ക്കു പകരം 1500 കോടി രൂപ നൽകും. കടം വീട്ടിയതായി ജെസി ഫ്ലവേഴ്സ് കമ്പനി പ്രഖ്യാപിച്ചു. ഇത്തരത്തിൽ കട കുടിശ്ശികയിൽ കുറവു വരുത്തുന്നതിനെ ‘ഹെയർകട്ട്’ (തലമുടി വെട്ട്) എന്നാണു പറയുക. സീ ടിവിയുടെ കടത്തിന് 75 ശതമാനം ഹെയർകട്ട്!

ഇതോടെ സുഭാഷ് ചന്ദ്രൻ ക്ലീൻ. അയാൾക്കിനി സോണിയുമായി കരാറുണ്ടാക്കാം. ആവശ്യമെങ്കിൽ പുതിയ കടം ബാങ്കിൽ നിന്നും എടുക്കാം. പണ്ട് ഇതു കഴിയുമായിരുന്നില്ല. മനഃപൂർവ്വം കുടിശ്ശിക വരുത്തുന്നവർക്കും പറ്റിക്കാൻ വേണ്ടി വായ്പയെടുക്കുന്നവർക്കുമെല്ലാം പിന്നെ ബാങ്കുകൾ വായ്പകൾ നൽകില്ലായിരുന്നു. രണ്ടുമാസം മുമ്പ് റിസർവ്വ് ബാങ്ക് ഈ നിയന്ത്രണം എടുത്തുമാറ്റി. ഇത്തരം വെട്ടിപ്പുകാർക്കും സുഭാഷ് ചന്ദ്ര ചെയ്തതുപോലെ വായ്പ ഒറ്റത്തവണ തീർപ്പാക്കലിലൂടെ കടം വീട്ടിയാൽ പുതിയ വായ്പകൾ ബാങ്കിൽ നിന്നും എടുക്കാനാകും. വെട്ടിപ്പുകാരോട് എത്ര ഉദാരമായ സമീപനമാണ് ബിജെപിയുടേത് എന്നു നോക്കൂ.

വെട്ടിപ്പുകാരെ പുനരധിവസിപ്പിക്കൽ

ആർബിഐയുടെ ഈ പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ വിജയ് മല്യ, മെഹുൽ ചോംക്സി, നീരവ് മോദി തുടങ്ങിയവർക്കൊക്കെ വിദേശത്ത് ഒളിവിൽ കഴിയേണ്ട. അവർക്കു നാട്ടിലേക്കു തിരിച്ചു വരാം. തിരഞ്ഞെടുപ്പിനു മുമ്പുള്ള കൊടിയ രാഷ്ട്രീയ അഴിമതിയാണ് ബാങ്കിങ് മേഖലയിലെ ഈ പുതിയ ഉത്തരവ്.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ലക്ഷക്കണക്കിനു കോടി രൂപ കിട്ടാക്കടം ആക്കി മാറ്റിയ മുതലാളിമാരുടെ പേര് പറയാന്‍ ധൈര്യം കാണിക്കാത്ത സര്‍ക്കാര്‍ അല്ലേ മോഡിയുടേത്. വിവരാവകാശനിയമ പ്രകാരം ഈ പേരുകള്‍ ചോദിച്ചതിനെതിരെ സുപ്രീം കോടതിയില്‍ പോയിരിക്കുകയാണ് മോദി സര്‍ക്കാര്‍, ഇവരാണിപ്പോള്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ വേവലാതിയുമായി ഇറങ്ങിയിരിക്കുന്നത്.

വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയില്‍ കൊണ്ടുവന്നു ഒളിപ്പിക്കാന്‍ മൗറീഷ്യസ് ഉടമ്പടി നിലനിര്‍ത്തുന്നതിനെക്കുറിച്ചു ബിജെപിക്കാര്‍ എന്തുപറയുന്നു? വിദേശത്ത് നിന്നുള്ള പണം ആണെങ്കില്‍ പേരുവിവരം വെളിപ്പെടുത്തേണ്ട, ഒരു പാര്‍ട്ടിസിപ്പെറ്ററി നോട്ട് മാത്രം മതി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ എന്ന സൗജന്യം കള്ളപ്പണക്കാര്‍ക്ക് വേണ്ടിയല്ലേ? ഇതാണു കള്ളപ്പണത്തിനെതിരെ കേരളത്തിൽ വേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്ന ബിജെപിയുടെ പാരമ്പര്യം.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top