30 October Wednesday

ധനപ്രതിസന്ധി: ഡോ. ടി എം തോമസ് ഐസക്കും പ്രതിപക്ഷനേതാവുമായി ഒരു സംവാദം

ഡോ. ടി എം തോമസ് ഐസക്Updated: Wednesday Oct 11, 2023

കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അടിയന്തരപ്രമേയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയിട്ടുള്ളത് ബിജെപിയുടെ സോഷ്യൽ മീഡിയയാണ്. അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കേരളത്തോടു വിവേചനമില്ലെന്നും ഏറ്റവും ഉയർന്ന റവന്യു കമ്മി ഗ്രാന്റ് കേരളത്തിനാണു ലഭിച്ചതെന്നും അദ്ദേഹം തന്നെ പറഞ്ഞതാണ്.

റവന്യു ഡെഫിസിറ്റ് ഗ്രാന്റ്

കേരളത്തിന് 53,000 കോടി രൂപ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് കിട്ടി. ഇതു മറ്റെല്ലാ സംസ്ഥാനങ്ങളെയുംകാൾ ഉയർന്നതാണ്. നികുതി വിഹിതം പോലെ തന്നെ ഇതും കേന്ദ്ര സർക്കാരിന്റെ എന്തെങ്കിലും ഔദാര്യമല്ല. ഫിനാൻസ് കമ്മീഷന്റെ തീർപ്പാണ്. കേന്ദ്ര സർക്കാരിന്റെ നിലപാട് ഇത്തരത്തിൽ സംസ്ഥാനങ്ങൾക്കൊന്നിനും റവന്യു കമ്മി നികത്താൻ പ്രത്യേക ഗ്രാന്റ് നൽകേണ്ടതില്ലായെന്നാണ്. 15ാം ഫിനാൻസ് കമ്മീഷനു നൽകിയ പരിഗണനാ വിഷയങ്ങളിൽ ഏറ്റവും പ്രതിഷേധമുണ്ടാക്കിയ വിഷയം ഇതു സംബന്ധിച്ചായിരുന്നു.

എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നടത്തിയ ശക്തമായ പോരാട്ടത്തെക്കുറിച്ചു ഞാൻ വിശദീകരിച്ചിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ഈ ഗ്രാന്റ് ലഭിച്ചത്. ഈ ഗ്രാന്റ് വർഷംതോറും കുറഞ്ഞു വന്ന്, കഴിഞ്ഞ വർഷത്തോടെ അവസാനിച്ചു. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി വിശദീകരിക്കാൻ മുൻപുകിട്ടിയ പണത്തിന്റെ കണക്ക് ഉന്നയിക്കുന്നത് ഇന്നത്തെ കേന്ദ്ര വിവേചനത്തിനു മറയിടാനല്ലേ?

നികുതി പിരിക്കാഞ്ഞിട്ടോ?

സംസ്ഥാനം നികുതി പിരിക്കാത്തതുകൊണ്ടാണ് പ്രതിസന്ധി എന്നാണു മറ്റൊരു വാദം. അതിനുള്ള മറുപടി സംസ്ഥാന ധനമന്ത്രി തന്നെ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷം ഏതാണ്ട് 45 ശതമാനമാണ് നികുതി വരുമാനം വർദ്ധിച്ചത്. ഇതു സർവ്വകാല റെക്കോർഡാണ്.

അപ്പോൾ പ്രതിപക്ഷനേതാവ് ഗോൾപോസ്റ്റ് മാറ്റുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നികുതി പിരിവിൽ വീഴ്ചപറ്റിയെന്നാണു വിമർശനം. പ്രവേശനനികുതി സുപ്രിംകോടതി അസാധുവാക്കിയതിനെ തുടർന്നാണ് 2013 മുതൽ സംസ്ഥാനത്തിന്റെ വാറ്റ് വരുമാനം കുത്തനെ കുറഞ്ഞത്. എൽഡിഎഫ് ഭരണത്തിലും ഇതുതന്നെ തുടർന്നു. ജി.എസ്.ടി വന്നു. ജി.എസ്.ടി നികുതി വരുമാനം അഞ്ച് വർഷമെങ്കിലും എടുക്കും സാധാരണനിലയിലേക്ക് എത്താൻ എന്നായിരുന്നു ധാരണ. അതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. ഇക്കാര്യം 2011 മുതലുള്ള നികുതി വരുമാനത്തിന്റെ കണക്കും നികുതി കുടിശ്ശിക സംബന്ധിച്ച വിശദീകരണവും കഴിഞ്ഞ ചിന്ത ലേഖനത്തിൽനൽകിയതുകൊണ്ട് അവ ആവർത്തിക്കുന്നില്ല.

അനുവദനീയ വായ്പയിലുണ്ടായ 
വെട്ടിക്കുറവ്

സംസ്ഥാന തനതുവരുമാനം കുത്തനെ ഉയർന്നിട്ടും എന്തുകൊണ്ടാണു പ്രതിസന്ധി എന്നതാണു ചോദ്യം. ഇതിനു ഞങ്ങളുടെ ഉത്തരം കേന്ദ്ര സർക്കാരിന്റെ വിവേചനമാണ്. 2022നെ അപേക്ഷിച്ച് 2023ൽ കേന്ദ്രത്തിന്റെ ധനസഹായം 10% കുറഞ്ഞു. 5000ത്തിൽപ്പരം കോടി രൂപ വിവിധ ഇനങ്ങളിൽ കുടിശ്ശികയായി കിട്ടാനുണ്ട്. ഇതിനൊക്കെ പുറമേയാണ് നമുക്ക് അനുവദനീയമായ വായ്പ വെട്ടിക്കുറച്ചിരിക്കുന്നത്. 43,000 കോടി രൂപ 2022ൽ വായ്പയെടുക്കാൻ അനുവദിച്ചു. 2023ൽ അത് 22,000 കോടി രൂപയായി കുറഞ്ഞു. വായ്പ ഏതാണ്ട് പകുതിയായി വെട്ടിക്കുറച്ചു.

ഇതാണു പ്രതിസന്ധിയുടെ മൂലകാരണം. ഇതിനുപറയുന്ന പ്രധാന ന്യായം കിഫ്ബി എടുത്ത വായ്പകളുടെ ബാധ്യത ഭാവിയിൽ സർക്കാരിന് ആയതുകൊണ്ട് കിഫ്ബി വായ്പകൾ സർക്കാരിന്റെ കടത്തിൽപ്പെടും എന്നതാണ്. ഇതിനെ ന്യായീകരിക്കുകയാണു പ്രതിപക്ഷനേതാവ്.

ഈ പശ്ചാത്തലത്തിൽ ഞാൻ അദ്ദേഹത്തോട് 7 ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹം അവയ്ക്കു മറുപടി നൽകി. അവ രണ്ടും ഈ ലേഖനത്തിൽ നൽകുന്നുണ്ട്. കൂടെ മറുപടിക്കുള്ള എന്റെ പ്രതികരണവും. വായനക്കാർ തന്നെ സ്വയം തീരുമാനിക്കുക – ആരാണ് ശരിയെന്ന്.

പ്രതിപക്ഷനേതാവിന്റേത് 
ധനയാഥാസ്ഥിതിക നയം

ചോദ്യം I: കിഫ്ബി ശിവദാസമേനോൻ ധനമന്ത്രി ആയിരുന്നപ്പോൾ രൂപീകൃതമായതാണ്. ആ നിയമത്തെ സമഗ്രമായി ഭേദഗതി ചെയ്തു പരിഷ്കരിക്കുകയാണ് 2016ൽ ചെയ്തത്. നിയമ നിർമ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പ്രതിപക്ഷം “കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയിൽ വരും” എന്നു പറഞ്ഞിട്ടുണ്ടോ? നിയമസഭാ രേഖകളുണ്ടല്ലോ. പ്രസക്തമായ ഭാഗം ഉദ്ധരിക്കാൻ തയ്യാറാകുമോ? യഥാർത്ഥത്തിൽ സി&എജി റിപ്പോർട്ട് സംബന്ധിച്ച ചർച്ചയിൽ സി&എജിയുടെ വാദത്തെ പിന്താങ്ങുകയാണു യുഡിഎഫ് ചെയ്തത്.

മറുപടി: 2016 ല്‍ കിഫ്ബി നിയമ ഭേദഗതി ചര്‍ച്ചയില്‍ ‘കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയില്‍ വരും’ എന്ന് പ്രതിപക്ഷം പറഞ്ഞിട്ടേയില്ലെന്നാണ് ഐസക്കിന്റെ വാദം. ഇതിന്റെ നിയമസഭാ രേഖ സമര്‍പ്പിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു.

നിയമസഭാ രേഖകള്‍ പ്രകാരം 2016 നവംബര്‍ രണ്ടിന് കിഫ്ബി നിയമ ഭേദഗതി ചര്‍ച്ചയില്‍ ഞാന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

‘അങ്ങ് എങ്ങിനെയെല്ലാം ബൈപാസ് ചെയ്യാന്‍ ശ്രമിച്ചാലും അവസാനം എഫ്.ആര്‍.ബി.എം ആക്ട് ഇതിനെ അട്രാക്ട് ചെയ്യും. കാരണം ഫൈനലായി ഗവണ്‍ന്മെന്റിന്റെ burden  വര്‍ധിക്കുന്നതാണ്. ഗവണ്‍ന്മെന്റിന്റെfiscal deficit ഫൈനലായി കൂടുകയാണ്. കാരണം 'Government has to pay the money' എന്റെ ഈ പ്രസംഗം മറന്നു പോയെങ്കില്‍ അങ്ങേയ്ക്ക് രേഖകള്‍ പരിശോധിക്കാം.

പ്രതികരണം: സമ്മതിച്ചു. സാങ്കേതികമായി അങ്ങ് നിയമ ചർച്ചാ വേളയിൽ തന്നെ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ സി&എജിക്ക് ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തത് അങ്ങായിരുന്നുവെന്ന് അഭിമാനിക്കുകയും ചെയ്യാം. ഞാൻ അത്രയും നിനച്ചില്ല.

പക്ഷേ, ഇതു കാണിക്കുന്നതു പ്രതിപക്ഷനേതാവിന്റെ ധനകാര്യം സംബന്ധിച്ച കാഴ്ചപ്പാട് എത്ര യാഥാസ്ഥിതികമാണെന്നു മാത്രമാണ്. അതു സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽവരുമെന്നു നിയമ ഭേദഗതി വേളയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഇതു വായിച്ചപ്പോൾ എന്റെ ഓർമ്മയിൽവന്നത് ശങ്കരനാരായണൻ ധനമന്ത്രി ആയിരുന്നപ്പോൾ അവതരിപ്പിച്ച ധനഉത്തരവാദിത്വ നിയമമാണ്. ധനക്കമ്മി 2% ആയിട്ടാണ് അതിൽ വ്യവസ്ഥ ചെയ്തിരുന്നത്. ഈ നിയമം നടപ്പാക്കാനുള്ള ബദ്ധപ്പാടിലാണ് ആന്റണി സർക്കാർ ജനരോക്ഷം മുഴുവൻ ഏറ്റുവാങ്ങിയത്. യുഡിഎഫിന്റെ 2% ധനക്കമ്മി നിർദ്ദേശം കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്തു സംഭവിക്കുമായിരുന്നൂവെന്ന് ആലോചിച്ചു നോക്കൂ!

പ്രതിപക്ഷനേതാവ് മനസ്സിലാക്കേണ്ടുന്നകാര്യം ഈ തോതുകൾക്കൊന്നും ഒരു സൈദ്ധാന്തിക സാധുതയുമില്ല എന്നതാണ്. കീഴ്വഴക്കങ്ങൾ മാത്രമാണ്. യൂറോപ്യൻ യൂണിയൻ ധനക്കമ്മി 3% ആയിരിക്കണമെന്നു തീരുമാനിച്ചതുകൊണ്ട് അതു നമ്മളും സ്വീകരിച്ചു. അത്ര തന്നെ.

വേണമെങ്കിൽ മറ്റൊരു ഉദാഹരണം പറയാം. ധനക്കമ്മി കണക്കുകൂട്ടുന്നതിനു വിദ്യാഭ്യാസആരോഗ്യ ചെലവുകൾ റവന്യു ചെലവായിട്ടു കണക്കാക്കുക. എന്നാൽ മാനവവിഭവശേഷിയിലുള്ള നിക്ഷേപമായി ഈ ചെലവുകളെ കണക്കാക്കിയാൽ അവ മൂലധന ചെലവാണെന്നുവരും. ഇതാണു കേരളത്തിന്റെ വാദം. എന്നാൽ ലോകത്തെ കണക്കെഴുത്തു സമ്പ്രദായം ആദ്യം പറഞ്ഞ നിർവ്വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.

അതുപോലെ സർക്കാരിന്റെ വായ്പ കണക്കാക്കുന്നതിൽ ഇന്ത്യയിൽ സംസ്ഥാനത്തോ കേന്ദ്രത്തിലോ ഒരിക്കലും ഓഫ് ബജറ്റ് അല്ലെങ്കിൽ എക്സ്ട്രാ ബജറ്റ് വായ്പകൾ കണക്കിലെടുത്ത പാരമ്പര്യമില്ല. അതുകൊണ്ടാണു കേന്ദ്ര സർക്കാരിന്റെ ബജറ്റുകളിൽ ഇപ്പോഴും ഇവ വായ്പയായി കണക്കാക്കുന്നുണ്ടോയെന്ന എന്റെ ചോദ്യത്തിന്റെ പ്രസക്തി. കിഫ്ബി വഴി ധനമന്ത്രിമാരായ ശിവദാസമേനോന്റെ കാലത്തോ പിന്നെ ശങ്കരനാരായണന്റെ കാലത്തോ എടുത്ത വായ്പകൾ ഇപ്രകാരം വായ്പയായി കണക്കാക്കിയിരുന്നോ എന്നും ഞാൻ ചോദിക്കുകയുണ്ടായി. ഇല്ല എന്ന ഉത്തരം സത്യസന്ധമായി സമ്മതിക്കാൻ അങ്ങ് എന്തിനു മടിക്കണം?

ഉമ്മൻ ചാണ്ടിയുടെ 
കിഫ്ബി നിർദ്ദേശത്തെ 
എന്തുകൊണ്ട് എതിർത്തില്ല?

ചോദ്യംII : കിഫ്ബിക്കെതിരെ ഞങ്ങൾ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ്, ഉമ്മൻ ചാണ്ടി ധനമന്ത്രിയെന്ന നിലയിൽ അവതരിപ്പിച്ച 2016ലെ ബജറ്റ് വേളയിലും സഭയിലുണ്ടായിരുന്നു. ബജറ്റിൽ ഇങ്ങനെയൊരു പ്രസ്താവനയുണ്ട്. “കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കു 30,000 കോടി രൂപ മൂലധനം സമാഹരിക്കുന്നതിനായി Kerala Infrastructure Investment Fund സജ്ജമാക്കുന്നതാണ്”. എന്തുകൊണ്ട് അന്ന് മുന്നറിയിപ്പു നൽകിയില്ല. 2011ലെ ബജറ്റിൽ ഞാനാണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. അന്നൊന്നും തോന്നാതിരുന്ന ജാഗ്രത ഇപ്പോൾ ഉണ്ടായത് ഈ വൻകിട പദ്ധതികൾ പൂർത്തീകരിച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വേവലാതിമൂലമല്ലേ?

മറുപടി: അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ എടുക്കുന്നതിന് ഞങ്ങള്‍ അന്നും ഇന്നും എതിരല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ വായ്പയെടുത്തുകൊണ്ടാണ് നടപ്പാക്കിയത്. അതെല്ലാം വായ്പ തിരിച്ചടക്കാന്‍ സാധിക്കുന്ന Self Sustaining പദ്ധതികളായിരുന്നു. എന്നാല്‍ കിഫ്ബി അത്തരത്തിലുള്ള മോഡലല്ല പിന്തുടരുന്നത്. നേരത്തെ ബജറ്റിലൂടെ നടത്തിവന്നിരുന്ന പദ്ധതികളും ഇപ്പോള്‍ കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെയാണ് എല്ലാ ബാധ്യതയും സഞ്ചിത നിധിയിലേക്ക് വരുന്നതും. കിഫ്ബി ഭേദഗതി ബില്‍ ചര്‍ച്ച പരിശോധിച്ചാല്‍ അങ്ങേയ്ക്ക് അത് ബോധ്യമാകും.

പ്രതികരണം: പ്രതിപക്ഷനേതാവിന്റെ ബദൽ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയതുപോലെ ഓരോന്നിനും പ്രത്യേക കമ്പനികൾ സ്ഥാപിച്ചു വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വായ്പകള്‍ സ്വീകരിച്ചു നടപ്പാക്കുകയെന്നതാണ്.

ഇതിന് എൽഡിഎഫും എതിരല്ല. മേൽപ്പറഞ്ഞ വൻകിട പദ്ധതികളിലെ ല്ലാം എൽഡിഎഫിനും യുഡിഎഫിനും പങ്കുണ്ടെന്നുള്ള യാഥാർത്ഥ്യം പ്രതിപക്ഷനേതാവ് നിഷേധിക്കില്ലായെന്നു കരുതട്ടെ. അതുകൊണ്ട് ഈ മാർഗ്ഗം എൽഡിഎഫും യുഡിഎഫും അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, ഈ പ്രൊജക്ടുകളൊക്കെ ആദായദായകമായ പ്രൊജക്ടുകളാണ്. അല്ലാതുള്ള പശ്ചാത്തലസൗകര്യങ്ങൾ എങ്ങനെയാണ് ഈ മാതൃകയിൽ നിർമ്മിക്കുക?

ഇതിനുള്ള ഉത്തരമാണ് 2011ലെ ബജറ്റ് പ്രസംഗത്തിൽ ഞാൻ നിർദ്ദേശിച്ചതും 2016ലെ ബജറ്റ് പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ചതുമായുള്ള പദ്ധതി. ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച കിഫ്ബി “വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന Self Sustaining പദ്ധതികൾ” മാത്രം ഏറ്റെടുക്കുന്ന സ്ഥാപനമായിരിക്കുമെന്ന് എങ്ങനെയാണു പറയാൻ കഴിയുക? അങ്ങനെയെങ്കിൽ ഇത്തരം ഓരോ പ്രൊജക്ടുകൾക്കും പ്രത്യേകം കമ്പനികൾ രൂപീകരിച്ച്, ആ കമ്പനികൾ വഴി വായ്പയെടുത്താൻ പോരേ? എന്തിനു പ്രത്യേകമൊരു സ്ഥാപനം രൂപീകരിക്കാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു?

മെട്രോ പോലുള്ള പ്രൊജക്ടുകൾക്കേ വായ്പയെടുത്ത് അതിന്റെ വരുമാനത്തിൽനിന്ന് വായ്പ തിരിച്ചടയ്ക്കാനാകൂ. അതും ദീർഘനാളിൽ. കൊച്ചിൻ മെട്രോയുടെ വരുമാനനഷ്ടം ഇപ്പോൾ സർക്കാർ വർഷംതോറും നികത്തിക്കൊണ്ടിരിക്കുകയാണല്ലോ.

പക്ഷേ, എങ്ങനെയാണ് ഈ മാതൃകയിൽ നമ്മുടെ സംസ്ഥാനപാതകളും ജില്ലാപാതകളും ആധുനികവൽക്കരിക്കുക? ചുരുങ്ങിയത് 40000 കോടി രൂപയെങ്കിലും മുതൽമുടക്കു വേണം. ഇതു സതീശൻ പറയുന്ന Self Sustaining മാതൃകയിൽ ആകണമെങ്കിൽ ടോൾ പിരിച്ചേ മതിയാകൂ. അതാണോ യുഡിഎഫിന്റെ മോഡൽ? അതല്ലെങ്കിൽ ദേശീയപാതയുടെ വികസനത്തിന് 6000 കോടി സംസ്ഥാനം നൽകണം. അതും ഒറ്റവർഷത്തിനുള്ളിൽ. എങ്ങനെയാണ് ഈ പണം Self Sustaining മോഡലിൽ നൽകുക? സ്കൂൾ നവീകരണത്തിനും ആശുപത്രി നവീകരണത്തിനും 6000ത്തോളം കോടി രൂപ മുടക്കണം. ഇവ  Self Sustainable  ആക്കാൻ ഇനി ഇവിടെയെല്ലാം യൂസർഫീ ഏർപ്പെടുത്തണമോ?

എവിടെയെല്ലാം വരുമാനദായക പ്രൊജക്ടുകൾക്കു ഫണ്ട് നൽകുന്നുവോ അവിടെയെല്ലാം കിഫ്ബിയും തിരിച്ചടവ് നിർബന്ധമാക്കുന്നുണ്ട്. അഥവാ ആ പ്രൊജക്ടുകൾ Self Sustainable ആണ്. അങ്ങനെ അല്ലാത്ത പ്രൊജക്ടുകൾ എങ്ങനെയാണ് ഏറ്റെടുക്കുക? അതിനു യുഡിഎഫിന്റെ ബദൽ എന്ത്?

ഒരുകാര്യവുംകൂടി കൂട്ടിച്ചേർത്തുകൊള്ളട്ടെ. സി&എജിയും പ്രതിപക്ഷനേതാവും പറയുന്നതുപോലെ കിഫ്ബിയുടെ എല്ലാ പ്രൊജക്ടുകളും സർക്കാർ ധനസഹായത്തെ ആശ്രയിച്ചു നടത്തുന്നവയില്ല. 25% പ്രൊജക്ടുകൾ വരുമാനദായകമാണ്. അവയ്ക്കു നൽകുന്ന വായ്പകൾ പലിശ സഹിതം തിരികെ കിഫ്ബിക്കു ലഭിക്കും.

ഏതെങ്കിലും സംസ്ഥാനത്തിന്റെ 
ബജറ്റിതര വായ്പ 
സർക്കാർ കടമായി 
മുൻപ് കണക്കാക്കിയിട്ടുണ്ടോ?

ചോദ്യം കകക: ശിവദാസമേനോന്റെ കാലത്തും തുടർന്നു വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. അന്ന് ആ വായ്പ സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ ഭാഗമായി കണക്കിൽ ഉൾപ്പെടുത്തിയിരുന്നോ? ധനഉത്തരവാദിത്വ നിയമം നിലവിൽ വന്നതിനുശേഷം ഏപ്പോഴെങ്കിലും ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ വായ്പ സർക്കാരിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ടോ? കേരളം പോകട്ടെ. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെ കാര്യത്തിൽ ഇന്നു ബിജെപി സർക്കാർ ഇത്തരമൊരു സമീപനം സ്വീകരിച്ചതായി ചൂണ്ടിക്കാണിക്കാനാകുമോ? എന്തിനാണു ബിജെപി നയത്തെ വെള്ളപൂശുന്നത്?

മറുപടി: ശിവദാസമേനോന്റെ കാലത്തും തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ടെന്ന വാദമാണ് മുന്‍ ധനമന്ത്രി ഉയര്‍ത്തുന്നത്. വായ്പയെടുക്കാതെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ യു.ഡി.എഫ് കാലത്തെടുത്ത വായ്പകളുടെ പ്രത്യേകതകളെ കുറിച്ച് തൊട്ടുമുകളിലുള്ള ഉത്തരത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. യു.ഡി.എഫ് പിന്‍തുടര്‍ന്ന മാതൃകയില്‍ നിന്നും വ്യത്യസ്തമാണ് കിഫ്ബി മോഡല്‍. യാതൊരു അവധാനതയും ഇല്ലാതെ മസാല ബോണ്ടുകളിറക്കി 9.723 ശതമാനം പലിശയ്ക്ക് സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത് കിഫ്ബിയുടെ സാമ്പത്തിക മോഡല്‍ പരാജയമാണെന്നതിന്റെ നേര്‍ചിത്രമാണ്.

പ്രതികരണം: ചോദ്യം കൃത്യമായി പ്രതിപക്ഷനേതാവ് മനസിലാക്കിയിട്ടുണ്ട്. പക്ഷേ, ഉത്തരമില്ല. ഉത്തരം ഞാൻ പറഞ്ഞുതരാം. കിഫ്ബി പ്രകാരം നിങ്ങൾ വായ്പ എടുത്തപ്പോഴും അത് സംസ്ഥാന സർക്കാരിന്റെ വായ്പയായി ഉൾപ്പെടുത്തിയിട്ടില്ല. അതായിരുന്നു ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന കീഴ്വഴക്കം. കിഫ്ബി മോഡലിനെക്കുറിച്ചുള്ള പരിഹാസത്തിനു മറുപടി അവസാന ചോദ്യവുമായി ബന്ധപ്പെട്ടു നൽകുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ 
ബജറ്റിതര വായ്പകൾ 
അവരുടെ കടത്തിൽ എന്നെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ടോ?

ചോദ്യം IV. കേന്ദ്ര സർക്കാർ “ഓഫ് ബജറ്റ്”, “എക്സ്ട്രാ ബജറ്റ്” വായ്പകൾ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവയെ കേന്ദ്ര സർക്കാർ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉൾക്കൊള്ളിച്ചിട്ടുണ്ടോ? നിർമ്മലാ സീതാരാമൻ മന്ത്രി ആയതിനുശേഷം ഈ തുകകൾ ഒരു അനുബന്ധമായി നൽകുന്ന പതിവ് തുടങ്ങി.

എന്നാൽ 2019–20ൽ ഈ ലിസ്റ്റിൽപ്പെടാത്ത 3 ലക്ഷം കോടിയോളം രൂപ ബജറ്റിനു പുറത്തു കേന്ദ്ര സർക്കാർ വായ്പ എടുത്തൂവെന്ന് സി&എജി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സി&എജി ഈ തുകകൾ കേന്ദ്രത്തിന്റെ കടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? എന്നാൽ കേരളത്തിന്റെ കാര്യം വരുമ്പോൾ എന്തിനാണ് ഇരട്ടത്താപ്പ്? ഇതിനെയല്ലേ യുഡിഎഫ് പിന്താങ്ങുന്നത്?

മറുപടി: എഫ്.ആര്‍.ബി.എം നിയമത്തിന് അനുസൃതമായി മാത്രമേ സംസ്ഥാനങ്ങളും കേന്ദ്രവും പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കേന്ദ്രം പാസാക്കിയ എഫ്.ആര്‍.ബി.എം നിയമത്തിനെതിരെ കേന്ദ്രവും സംസ്ഥാനം പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ എതിര്‍ക്കുക തന്നെ ചെയ്യും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

പ്രതികരണം: ആദർശം വളരെ നന്നായി. കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമങ്ങൾ ഒരുപോലെ ബാധകമാകണം. പക്ഷേ, പ്രായോഗികമായി കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും ബിജെപി ഭരിക്കുമ്പോഴും എഫ്ആർബിഎം ആക്ട് കേന്ദ്രത്തിനു ബാധകമാകാറില്ല. സംസ്ഥാനങ്ങൾ മൊത്തത്തിൽ ധനക്കമ്മി അനുവദനീയ പരിധിയായ 3 ശതമാനത്തിലേക്കു താഴ്ത്തി.

കേന്ദ്രത്തിന്റെ ധനക്കമ്മി 4 ശതമാനത്തിലേറെയുമാണ്. സംസ്ഥാനങ്ങൾ മൊത്തത്തിൽ റവന്യുക്കമ്മി പൂജ്യത്തിൽ എത്തിച്ചു. കേന്ദ്രത്തിന് ഇപ്പോഴും റവന്യുക്കമ്മി 3 ശതമാനത്തിനു മുകളിലാണ്. ഈ കേന്ദ്രമാണ് ഇതുവരെയുള്ള കീഴ്വഴക്കങ്ങൾ ലംഘിച്ചു സംസ്ഥാനത്തിന്റെ കടത്തിൽ ബജറ്റിതര വായ്പകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്; സംസ്ഥാന സർക്കാരിനെ ധനപ്രതിസന്ധിയിലാക്കുന്നത്. ഇതിനു യുഡിഎഫ് ചൂട്ടുപിടിക്കുകയാണ്.

ബജറ്റിതര വായ്പയുടെ 
പുതിയ ചട്ടത്തിനു 
മുൻകാല പ്രാബല്യം നൽകുന്നതു 
ശരിയോ?

ചോദ്യം V:: ഇനി സംസ്ഥാനങ്ങളുടെമേൽ എന്തു വായ്പാ നിബന്ധനയും അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട് എന്നാണു യുഡിഎഫിന്റെ അഭിപ്രായം എന്നിരിക്കട്ടെ. പക്ഷേ, അവയ്ക്കു മുൻകാല പ്രാബല്യം നൽകുന്നത് എന്തടിസ്ഥാനത്തിലാണു ന്യായീകരിക്കുക? ഇപ്പോൾ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത് എന്താണെന്നോ? 2016 മുതൽ കിഫ്ബി എടുത്ത എല്ലാ വായ്പകളും ഇന്നു സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പ വെട്ടിച്ചുരുക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് പ്രതിപക്ഷനേതാവേ ന്യായീകരിക്കാൻ കഴിയുന്നത്? സ്വാഭാവിക നീതി എന്നൊന്നില്ലേ?

മറുപടി: ഇത് തികച്ചും അവാസ്തവമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധിക്കുന്നത് കോണ്‍ഗ്രസാണ്. നോട്ടു നിരോധനത്തിലും ജി.എസ്.ടിയിലും സംസ്ഥാനങ്ങളോട് കാട്ടുന്ന അവഗണനയിലും ഉള്‍പ്പെടെ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയിട്ടുണ്ട്. ജി.എസ്.ടി കോണ്‍ഗ്രസിന്റെ ആശയമാണെങ്കിലും മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികലമായ ജി.എസ്.ടി നിയമത്തിന്റെ വക്താക്കളായി ഞങ്ങള്‍ നിന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ജി.എസ്.ടിയുടെ വക്താവായി നടന്നത് താങ്കളാണെന്ന കാര്യം കേരളം മറന്നിട്ടില്ല.

പ്രതികരണം: പുതിയ ചട്ടത്തിനു മുൻകാല പ്രാബല്യം നൽകുന്നതു സ്വാഭാവിക നീതിക്ക് എതിരല്ലേയെന്ന ചോദ്യത്തിൽ നിന്നു പ്രതിപക്ഷനേതാവ് എത്ര വിദഗ്ധമായി ഒഴിഞ്ഞുമാറിയിരിക്കുന്നു. എന്നിട്ട് ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ എനിക്കുനേരെ ഉന്നയിക്കുകയാണ്. കോൺഗ്രസ് നടപ്പാക്കിയ അതേ നിയോലിബറൽ നയങ്ങളാണ് ബിജെപിയും ഒരുപക്ഷേ കൂടുതൽ ശക്തമായിട്ടു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനി ജി.എസ്.ടിയുടെ കാര്യം പറഞ്ഞാൽ ഞാൻ മന്ത്രി ആകുന്നതിനുമുമ്പ് ലോക്സഭയിൽ ബില്ല് അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു.

അന്ന് യുഡിഎഫ് ആണ് കേരളം ഭരിക്കുന്നത്. യുഡിഎഫിന്റെ ധനമന്ത്രിയായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റിയുടെ കൺവീനർ. അവർ രൂപം നൽകിയതായിരുന്നു ലോക്സഭ പാസ്സാക്കിയ ബില്ല്. ഈ കരട് ബില്ല് എങ്ങനെ കേരളത്തിനു കൂടുതൽ അനുകൂലമാക്കാം എന്നതിനു പരിശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, യുപിഎ കാലത്ത് കേന്ദ്രമന്ത്രി പി. ചിദംബരം ആണ് ജി.എസ്.ടി നിർദ്ദേശം ബജറ്റിലൂടെ അവതരിപ്പിച്ചത്. ഇവയൊക്കെ നിഷേധിക്കാൻ പ്രതിപക്ഷനേതാവിനു കഴിയുമോ?

എന്താണ് യുഡിഎഫിന്റെ ബദൽ?

ചോദ്യം VI:: ക്ഷേമ കേരളത്തിന്റെ ഇനിയുള്ള വികസനത്തിനു പശ്ചാത്തലസൗകര്യങ്ങളിലെ പിന്നോക്കാവസ്ഥ വലിയ പ്രതിബന്ധമാണ്. ഇത് എന്നെങ്കിലും പരിഹരിച്ചാൽ പോരാ. ഇന്നു തന്നെ പരിഹരിക്കണം. തീരദേശ ഹൈവേ ഒഴികെ ഒരു കിഫ്ബി പ്രൊജക്ടും അനാവശ്യമാണെന്നു യുഡിഎഫ് അഭിപ്രായപ്പെട്ടിട്ടില്ല. (തീരദേശ ഹൈവേയുടെ കാര്യത്തിൽ മലബാറിലെ പല യുഡിഎഫ് എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിൽ പുതിയ ഹൈവേയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നതു മറ്റൊരു കാര്യം).

കിഫ്ബി തെറ്റാണെങ്കിൽ യുഡിഎഫിന് ഒരു ബദൽ മാർഗ്ഗം ചൂണ്ടിക്കാണിക്കാൻ ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞാട്ടെ, ഇതാണു ഞങ്ങൾ കേരളത്തിലെ ജനങ്ങളോടു പറയുന്നത്: ഭരണകക്ഷി – പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ തുടരണമോ? വേണമെങ്കിൽ യുഡിഎഫ് നയത്തെ തിരുത്തിക്കണം. അതിനുള്ള രാഷ്ട്രീയ പ്രഹരം നൽകണം.

മറുപടി: ഈ ചോദ്യം തികച്ചും സാങ്കല്‍പികമാണ്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ എല്ലാ വികസന പ്രവര്‍ത്തങ്ങളും കിഫ്ബിയിലൂടെയാണ് നടപ്പാക്കിയതെന്നേ ഈ ചോദ്യം കേട്ടാല്‍ തോന്നൂ. യു.ഡി.എഫ് കാലത്തടക്കം കേരളത്തില്‍ ഉണ്ടായ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയത് കിഫ്ബിയിലൂടെ അല്ലല്ലോ? കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിയ ഏതെങ്കിലും ഒരു വന്‍കിട പദ്ധതിയുടെ പേര് ഐസക്കിന് പറയാമോ? വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് കൊച്ചി മെട്രോ അടക്കമുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയ രീതി തന്നെയായാണ് യു.ഡി.എഫ് ഇപ്പോഴും മുന്നോട്ടു വയ്ക്കുന്ന മാതൃക.

പ്രതികരണം: വരുമാനദായക പ്രൊജക്ടുകൾ മാത്രമേ യുഡിഎഫിന്റെ ബദലിൽ വരൂ. റോഡോ, ആശുപത്രി – സ്കൂൾ കെട്ടിടങ്ങളോ, പാലങ്ങളോ, റെയിൽ ഓവർ ബ്രിഡ്ജോ ഒന്നും നിർമ്മിക്കാൻ പരിപാടിയില്ലായെന്നാണു പ്രതിപക്ഷനേതാവ് പറയുന്നത്. ഇവയെല്ലാം പത്തോ ഇരുപത്തിയഞ്ചോ വർഷംകൊണ്ട് ബജറ്റിൽ പണം ലഭ്യമാകുന്ന മുറയ്ക്കു നിർമ്മിക്കാമെന്നാണു പ്രതിപക്ഷനേതാവിന്റെ വാഗ്ദാനം. കേരളത്തിന് ഇതുപോരാ.

കിഫ്ബിയും ഒരു ആന്വിറ്റി 
മാതൃകയിലുള്ള നിക്ഷേപ പദ്ധതി

ചോദ്യം VII: യുഡിഎഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ളത് ആന്വിറ്റി മാതൃകയിൽ ഇത്തരം വലിയ പ്രൊജക്ടുകൾക്കു ടെണ്ടർ വിളിക്കണം എന്നതാണ്. കരാറുകാരൻ വായ്പയെടുത്തു പണിയണം. സർക്കാർ 15–20 വർഷംകൊണ്ട് പണം നൽകും. ഇതു തന്നെയല്ലേ കിഫ്ബി മാതൃകയും? 70,000 കോടി രൂപയുടെ പ്രൊജക്ടുകൾ നിർമ്മിക്കുന്നതിനു കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ തുക അടുത്ത 20–25 വർഷംകൊണ്ട് വർഷംതോറും ഗ്രാന്റായി കിഫ്ബിക്കു നൽകും. 25 ശതമാനത്തോളം വരുന്ന തുക കിഫ്ബി ചില പ്രൊജക്ടുകളുടെ തിരിച്ചടവായി ഉറപ്പാക്കുകയും ചെയ്യും. ഇത്തരം ഒരു പദ്ധതി പ്രയോഗികമാണെന്നുള്ളതു തെളിഞ്ഞു കഴിഞ്ഞതാണല്ലോ. ഇതു പൊളിക്കാൻ എന്തിനാണ് യുഡിഎഫ് കേന്ദ്ര ബിജെപി സർക്കാരിനു കൂട്ടുനിൽക്കുന്നത്? ഇതു ബിജെപിയുടെ കാവിയെ വെള്ളപൂശുന്ന രാഷ്ട്രീയമാണെന്നു പറയുമ്പോൾ അലോസരപ്പെട്ടിട്ടു കാര്യമില്ല.

മറുപടി: യു.ഡി.എഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ള ആന്വിറ്റി മാതൃക തന്നെയാണ് കിഫ്ബി പിന്തുടരുന്നതെന്ന വിചിത്ര വാദമാണ് ഐസക്ക് ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ കിഫ്ബി പുതിയ സാമ്പത്തിക മാതൃകയാണെന്ന് അങ്ങ് വാദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കരാറുകാര്‍ വായ്പയെടുത്തു നടത്തുന്ന ആന്വിറ്റി മാതൃക കിഫ്ബി പിന്തുടരുന്നെങ്കില്‍ 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്തിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാമോ?

പ്രതികരണം: യുഡിഎഫിന്റെ ബദൽ മാതൃക ആന്വിറ്റി മോഡലിൽ കരാർ കൊടുക്കുകയാണ്. കരാറുകാരൻ വായ്പയെടുത്തു പണിയണം. സർക്കാർ 15–20 വർഷംകൊണ്ട് പണം നൽകും. പക്ഷേ, കരാറുകാരൻ ടെണ്ടർ എടുക്കുമ്പോൾ എസ്റ്റിമേറ്റ് തുകയ്ക്കൊപ്പം 15–20 വർഷക്കാലത്തെ പലിശകൂടി ചേർത്താണ് തുക നിശ്ചയിക്കുക. ഞങ്ങൾ ഈ ഇംപ്ലിസിറ്റ് പലിശ നിരക്ക് എത്ര വരുമെന്നു യുഡിഎഫിന്റെ കാലത്തും എൽഡിഎഫിന്റെ കാലത്തും ടെണ്ടർ വിളിച്ചുകൊടുത്ത ഏതാനും പ്രവൃത്തികൾ എടുത്തു പരിശോധിക്കുകയുണ്ടായി. ഞെട്ടിപ്പിക്കുന്ന തുകയാണു ഞങ്ങൾ കണ്ടത് 12–18 ശതമാനമാണ് ഈ ടെണ്ടറുകളിലെ പലിശനിരക്ക്. ഈ പലിശ നൽകുന്നതിന് പ്രതിപക്ഷനേതാവിന് ഒരു വൈമനസ്യവും ഇല്ല. പ്രതിഷേധവും ഇല്ല. പക്ഷേ, കിഫ്ബി 9.723 ശതമാനം പലിശയ്ക്കു മസാലബോണ്ട് വഴി പണം സമാഹരിച്ചതിനോടു ഭയങ്കര എതിർപ്പാണ്. വളരെ വിചിത്രമായ ഇഷ്ടാനിഷ്ടങ്ങൾ തന്നെ.

എന്തിന് ഉയർന്ന പലിശയ്ക്കു വായ്പയെടുത്തു താഴ്ന്ന പലിശയ്ക്കു ബാങ്കിൽ നിക്ഷേപിച്ചുവെന്നാണു ചോദ്യം. കരാറുകാരന്റെ ബില്ല് വരുമ്പോഴല്ലേ വായ്പയെടുക്കാൻ പോകേണ്ടത്. ഓരോ വർഷത്തെയും ആവശ്യകത മുൻകൂട്ടിക്കണ്ട് വായ്പ മുൻകൂറായി എടുത്തു സൂക്ഷിക്കണം. എന്നിട്ടു കൃത്യമായി മുടക്കം വരാതെ ബില്ലുകൾ വരുമ്പോൾ പണം നൽകണം. ഇതാണു കിഫ്ബി ചെയ്യുന്നത്.

അതെ. കിഫ്ബി ഒരു ആന്വിറ്റി മാതൃകയാണ്. ഓരോ പ്രൊജക്ടും നേരിട്ടു കരാറുകാരനു ടെണ്ടർ വിളിച്ചു നൽകുന്നതിനു പകരം കമ്പോളത്തിൽ നിന്നും പണം സമാഹരിച്ചു പ്രൊജക്ട് നടപ്പാക്കാൻ കിഫ്ബിയെ അധികാരപ്പെടുത്തുന്നു. ഇതിന്റെ ചെലവിലേക്കു വർഷംതോറും മുൻകൂട്ടി നിശ്ചയിച്ച ഒരു ആന്വിറ്റി ഗ്രാന്റ് നൽകുന്നു. യുഡിഎഫ് നടപ്പാക്കിയ ആന്വിറ്റി പ്രൊജക്ടുകളൊന്നും സർക്കാരിന്റെ വായ്പയായി കണക്കാക്കിയിട്ടില്ല. പക്ഷേ, കിഫ്ബിയുടെ വായ്പ സർക്കാർ വായ്പയിൽ ഉൾപ്പെടുത്തണമെന്നു പ്രതിപക്ഷനേതാവിനു വലിയ ശാഠ്യമാണ്. നിങ്ങൾ കൊടുത്ത ആന്വിറ്റി പ്രൊജക്ടുകളുടെ തിരിച്ചടവെല്ലാം സർക്കാരിന്റെ ബാധ്യതയല്ലേ? എന്നിട്ട് എന്തേ ഇപ്പോഴത്തെ ബുദ്ധി അന്ന് ഇല്ലാതെ പോയി? ഇരട്ടത്താപ്പ് എന്നാണ് ഇതിന്റെ പേര്.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top