തിരുവനന്തപുരം
കോവിഡിനെ ഭയന്ന് എല്ലാവരും വീടുകളിൽ കഴിഞ്ഞപ്പോൾ സന്നദ്ധസേവകരായി അവരുണ്ടായിരുന്നു. മഹാമാരിയിൽനിന്ന് കേരളത്തെ കരകയറ്റാൻ അവർ ആക്രിപെറുക്കിയും കൂലിപ്പണിയെടുത്തും പണം സമ്പാദിച്ചുനൽകി. പ്രകൃതിദുരന്തത്തിൽ സർവവും തകർന്ന വയനാടിനെ രക്ഷിക്കാനും പുനർനിർമിക്കാനും രാപകലില്ലാതെ അധ്വാനിക്കുന്നു. വീണ്ടുമൊരു അന്താരാഷ്‌ട്ര യുവജന ദിനംകൂടിയെത്തുമ്പോൾ ലോകത്തിനുതന്നെ മാതൃകയായി ഡിവൈഎഫ്‌ഐ മാറിക്കഴിഞ്ഞു.
തൊഴിലില്ലായ്മയുൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുക്കുന്ന ഡിവൈഎഫ്‌ഐ, നാടിനോട് പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നവർകൂടിയാണ് തങ്ങളെന്ന് തെളിയിക്കുകയുമാണ്.
കോവിഡ് കാലത്ത് അവർ ആക്രി പെറുക്കിയപ്പോൾ മറ്റ് സംഘടനകൾ കളിയാക്കി. ‘ആക്രിപെറുക്കികളേ, നിങ്ങൾക്ക് പറ്റിയപണി ഇതുതന്നെ’ എന്നായിരുന്നു പരിഹാസം. പക്ഷേ, തളർന്നില്ല. മീൻവിറ്റും കരിങ്കൽ ചുമന്നും അച്ചാറുണ്ടാക്കി വിറ്റും 11 കോടിയിലേറെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയപ്പോൾ പരിഹസിച്ചവർക്കും കൈയടിക്കേണ്ടിവന്നു.
‘ഹൃദയപൂർവം’ പൊതിച്ചോർ പദ്ധതിയിലൂടെ ദിനംപ്രതി പതിനായിരങ്ങളുടെ വിശപ്പടക്കുന്നുണ്ട് ഇവർ. ഇപ്പോൾ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാടിന് കൈത്താങ്ങേകുന്നതും ഡിവൈഎഫ്‌ഐയാണ്. രാവും പകലുമില്ലാതെ, സ്വരക്ഷ നോക്കാതെ എല്ലാം നഷ്‌ടപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ദൗത്യവും അവർ ഏറ്റെടുത്തിരിക്കുകയാണ്.
അതിന്റെ ഭാഗമായി ‘ We rebuild Wayanad’ എന്ന ലക്ഷ്യത്തോടെ ദുരന്തബാധിതർക്ക് 25 വീടുകൾ നിർമിക്കുന്നതിനുവേണ്ടി വിവിധ പ്രവർത്തനങ്ങളിൽ സജീവമാണ്. ഈ യുവജനദിനത്തിലും മാതൃകയായി ചൂണ്ടിക്കാട്ടാവുന്ന സംഘടന ഡിവൈഎഫ്‌ഐ തന്നെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..