23 November Saturday

നെറോണ അഥവാ മുല്ലക്കൽ തെരുവിന്റെ ബൗളർ-ഫ്രാൻസിസ് നൊറോണയുടെ ക്രിക്കറ്റ് അനുഭവങ്ങൾ...

ഫ്രാൻസിസ് നൊറോണUpdated: Saturday Oct 7, 2023

സനാതനം സ്കൂൾ ഗ്രൗണ്ടിൽ ഓടാൻ പോകുമ്പോഴാണ് ക്രിക്കറ്റ് കളി വീണ്ടും തുടങ്ങുന്നത്. വ്യായാമം കഴിഞ്ഞ് കുറച്ചുനേരം ഗ്രൗണ്ടിലെ കളിയും നോക്കിയിരിക്കും. ടൗണിലെ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങളാവും മിക്കപ്പോഴും. അതിന്റെ വീറുംവാശിയും എപ്പോഴും കാണും. ഒരു ദിവസം ആളു തികയാതെ വന്ന ഒരു ടീമിലേക്ക് കളിക്കാനിറങ്ങാമോയെന്നു ചോദിച്ചു. ഞാൻ സമ്മതിച്ചു...

കപ്പത്തണ്ടിന്റെ സ്റ്റെംപും, ഓലമടൽബാറ്റും നാടൻപന്തുമൊക്കെയായിട്ടാണ് ചാത്തനാട്ടെ ക്രിക്കറ്റ് ഓർമ തുടങ്ങുന്നത്. പത്തുവരെയേ എനിക്ക് കളി തുടരാനായുള്ളു. അപ്പോഴേക്കും കാലം കൈനീട്ടിയെറിഞ്ഞൊരു യോർക്കറിനെ ചെറുക്കാനാവാതെ എന്റെ കൌമാര ഇന്നിംഗ്സിൽ നിന്നും ഞാൻ ഔട്ടായി..

ആലപ്പുഴയിലും കോട്ടയത്തുമുള്ള മെഡിക്കൽ കോളേജിലാണ് റിപ്പയർ വർക്കുകൾക്കായി ജീവിതവണ്ടി കയറ്റിയത്.. സർവ്വീസും കഴിഞ്ഞ് മര്യാദയ്ക്കൊന്ന് ശകുടം ഓടിത്തുടങ്ങാൻ പിന്നെയും ഏഴെട്ടുകൊല്ലമെടുത്തു.

അത്രയും കാലംകൊണ്ട് ബിരുദമൊക്കെ നേടി  ചേനപ്പറമ്പിൽ തിരുമേനിയുടെ അരമനയിൽ  കണക്കെഴുത്ത് പണിയുമായി ഞാനൊതുങ്ങിപ്പോയിരുന്നു..  വീട്ടുപരിസരത്തുള്ള കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ ചെല്ലുമ്പോഴാണ്

ചിത്രീകരണം: ദേവപ്രകാശ്‌

ചിത്രീകരണം: ദേവപ്രകാശ്‌

വീണുപോയവനൊ രിക്കലും എഴുന്നേൽക്കില്ലെന്നൊരു തോന്നൽ ചുറ്റുമുള്ള മനുഷ്യരുടെ മനസ്സിലുണ്ടെന്നത് അറിയുന്നത്.. കസേരകൾ പെറുക്കിയിടാൻ തുടങ്ങുമ്പോഴോ, ടർപോളിന്റെ ഒരറ്റത്തു പിടിക്കുമ്പോഴോ നെഞ്ചുപിളർത്തുന്ന കമന്റ് എത്തും. എടാ അവനെക്കൊണ്ടൊന്നും ചെയ്യിക്കല്ലേ.. സുഖമില്ലാത്ത കുട്ടിയാണ്.. കേട്ടപാടെ ആരെങ്കിലും പിടിച്ചൊരു മൂലയ്ക്കിരുത്തും.. ചേട്ടാ എനിക്കിപ്പോ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞാലും സമ്മതിച്ചുതരില്ല.. ഒരു കസേരയെടുത്തു പൊക്കിയാൽ ഞാൻ മരിച്ചുപോകുമെന്നായിരുന്നു ആളുകളുടെ വിചാരം..

അരമന സൊസൈറ്റിയിലെ ഡയറക്ടറച്ചനായ ആന്റണി ജേക്കബിനോടാണ് ഈവക സങ്കടങ്ങളൊക്കെ പറയാറുള്ളത്.. നീയെന്തിനാ ചക്കരേ സെമിനാരിയിൽ ചേർന്നതെന്ന് പെൺകുട്ടികൾ ചോദിക്കുംപോലെ സുന്ദ രനായിരുന്നു ആന്റണി ജേക്കപ്പച്ചൻ. കക്ഷിയുടെ പ്രധാന വിനോദം ബാസ്ക്റ്റ്ബോളും ഷട്ടിൽ കളിയുമായിരുന്നു.. ഇപ്പോഴത്തെ സൂപ്പർസ്റ്റാർ കുഞ്ചാക്കോബോബനും കൂട്ടുകാരും അന്ന് അച്ചനോടൊപ്പമാണ് ബാസ്‌ക്കറ്റ്‌  ബോൾ കളിച്ചി രുന്നത്. എന്റെ സങ്കടം കേട്ടിട്ടാവണം അച്ചൻ എനിക്കൊരു ഷട്ടിൽബാറ്റ് വാങ്ങിതന്നു.. കൂടെ കളിക്കാൻ എന്നേയും കൂട്ടി..

അരമനയിലെ ജോലിയും കഴിഞ്ഞിറങ്ങുന്ന വൈകുന്നരങ്ങളിൽ പഴയസെമിനാരിക്ക് മുന്നിലെ കോർട്ടിലാണ് കളി. ഒരു ദിവസം കളിയും കഴിഞ്ഞ് മടങ്ങുമ്പോൾ അച്ചന്റെ വക ഒരു ഉപദേശം കിട്ടി.. നീയൊരു ട്രാക്ക്സ്യൂ ട്ടും ഷൂവും വാങ്ങ്.. എന്നിട്ട് രാവിലെ എഴുന്നേറ്റ് നിന്റെ നാട്ടുകാരുടെ മുന്നിലൂടെ ഓടി തുടങ്ങെന്ന്..

രാവിലെയുള്ള ഓട്ടം തുടങ്ങുന്നത് അങ്ങനെയാണ്.. അമ്മയാണ് ആദ്യം പേടിച്ചത്.. മോനെ ഇതൊക്കെ നിനക്ക് പറ്റുമോ.. ഓടി നോക്കട്ടമ്മാ.. ബുദ്ധിമുട്ടു വരികയാണെങ്കിൽ നിർത്താം..

രാവിലെയുള്ള ഓട്ടം തുടങ്ങുന്നത് അങ്ങനെയാണ്.. അമ്മയാണ് ആദ്യം പേടിച്ചത്.. മോനെ ഇതൊക്കെ നിനക്ക് പറ്റുമോ.. ഓടി നോക്കട്ടമ്മാ.. ബുദ്ധിമുട്ടു വരികയാണെങ്കിൽ നിർത്താം..

നേരം നന്നായി വെളുത്തിട്ടേ ഓടാനിറങ്ങു.. വ്യായാമത്തേക്കാൾ ആളുകൾ എന്റെ കസർത്തു കാണണം.. വീട്ടിൽനിന്നു തുടങ്ങി സനാതനം സ്ക്കൂളിന്റെ ഗ്രൗണ്ടുവരെ ഓടും.. ആദ്യത്തെ ഒന്നുരണ്ടാഴ്ച്ച ആളുകൾ തടഞ്ഞു നിർത്തി. എന്റെ കൊച്ചനേ നിനക്ക് വയ്യാത്തതല്ലേ.. ആ തന്തേം തള്ളേം ഇനീം ബുദ്ധിമുട്ടിക്കാനാണോ പുറപ്പാട്. പതുക്കെ പതുക്കെ അവരുടെ ഉപദേശങ്ങളൊക്കെ കുറഞ്ഞുവന്നു.. എന്റെ അസുഖകാലം അവർ മറക്കാൻ തുടങ്ങി..

ഒന്നുരണ്ടു മാസം കഴിഞ്ഞതോടെ ഗ്രൌണ്ടിൽ നിന്നും എനിക്കൊരു കിടിലൻ സപ്പോർട്ട് കിട്ടി.. കുട്ടനാട്ടുകാരനായ ഒരു എക്സ് മിലട്ടറി അച്ചായൻ.. ഒറ്റാംതടി.. വൈഎംസിഎ യിലാണ് താമസം.. കക്ഷിയായിരുന്നു എന്റെ ട്രെയിനർ..

കൊമ്പൻമീശ പിരിച്ചുവെയ്ക്കാറുള്ള അച്ചായൻ ആലപ്പുഴയിലെ വെറ്റനന്റ് സ്പോർട്സിലെ സൂപ്പ ർസ്റ്റാർ ആയിരുന്നു.. കൃത്യമായി എനിക്ക് വ്യായാമമുറകൾ പറഞ്ഞു തന്നു.. വാംഅപ് എങ്ങനെ ചെയ്യണം.. എപ്പോ ഴാണ് സ്പ്രിന്റ് ചെയ്യേണ്ടത്.. എപ്പോഴൊക്കെ വിശ്രമിക്കണം.. അങ്ങനെ പലതും.. ആദ്യമൊക്കെ ശരീരം മുഴുവൻ വേദനയായിരുന്നു.. എന്നാലും ആരോടും പറയാതെ കടിച്ചുപിടിച്ചു കസർത്ത് തുടർന്നു.. ഒരു പത്തുപന്ത്രണ്ട് ഗ്രൗണ്ടോളം ഈസിയായി ഓടാവുന്ന നിലയിലേക്ക് കാര്യങ്ങളെത്തി..

അയലത്തെ വീടുകളിലെ ആവശ്യങ്ങൾക്ക്  അത്യുത്സാഹത്തോടെ ഞാൻ സഹായത്തിനു കൂടി.. ഓട്ടവും ചാട്ടവുമായി കഴിയുന്നവനോട് എതിർപ്പൊന്നും പറയാൻ ആർക്കും തോന്നിയില്ല.. പാതിരിയുടെ ഉപദേശം ഫ ലിച്ചെന്ന് എനിക്ക് ബോധ്യമായി.

ആ സമയത്താണ്  എന്റെ വീടിന്റെ പണി തുടങ്ങുന്നത്.. മണ്ണെണ്ണ വിളക്കും കത്തിച്ചുവെച്ച് ഞാനും അപ്പനും കൂടി അടിത്തറയ്ക്കുള്ള വാനം ഒറ്റരാത്രികൊണ്ട് എടുത്തു.. നേരം വെളുത്ത് തൊഴിലാളിയൂണിയൻകാരുടെ ശകാരം കേട്ടെങ്കിലും ശരീരം നുറുങ്ങി പണിയെടുക്കുന്നതിന്റെ ആഹ്ലാദം ഞാൻ തിരിച്ചറിഞ്ഞു.. ഒന്നിനും കൊള്ളാത്തവനെന്ന നിലയിൽ എന്നെ അണിയിച്ചിരുന്നൊരു അങ്കി വലിച്ചു കീറാനായതിന്റെ തിമിർപ്പു കൂടി അന്നെന്റെ മനസ്സു നിറയെ ഉണ്ടായിരുന്നു..

സനാതനം സ്‌കൂൾ ഗ്രൗണ്ടിൽ ഓടാൻ പോകുമ്പോഴാണ് ക്രിക്കറ്റ് കളി വീണ്ടും തുടങ്ങുന്നത്.. വ്യായാമം കഴിഞ്ഞ് കുറച്ചുനേരം ഗ്രൗണ്ടിലെ കളിയും നോക്കിയിരിക്കും. ടൌണിലെ ടീമുകൾ തമ്മിലുള്ള സൌഹൃദ മത്സരങ്ങളാവും മിക്കപ്പോഴും.. അതിന്റെ വീറുംവാശിയും എപ്പോഴും കാണും.. ഒരു ദിവസം ആളു തികയാതെ വന്ന ഒരു ടീമിലേക്ക് കളിക്കാനിറങ്ങാമോയെന്നു ചോദിച്ചു.. ഞാൻ സമ്മതിച്ചു.

ചിത്രീകരണം: ദേവപ്രകാശ്‌

ചിത്രീകരണം: ദേവപ്രകാശ്‌

ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ നിന്നുള്ള ടീമായിരുന്നു അത്. കളിക്കാരെല്ലാം മുല്ലയ്ക്കൽ സ്ട്രീറ്റിലെ സ്വർണ്ണപണിക്കാരും.. ഗോൾഡൻ ഇലവൻ എന്നാണ് ടീമിന്റെ പേര്.. കച്ചവടത്തിനായി ഗുജറാത്തിൽ നിന്നെത്തിയ ഗോരഖ്നാഥായിരുന്നു  ടീം ക്യാപ്റ്റനും മാനേജരും.. ആദ്യമത്സരത്തിൽ തന്നെ രണ്ട് ക്യാച്ചും മൂന്ന് വിക്കറ്റും എടുക്കാനായതോടെ ഗോരഖ് എന്നെ അവരുടെ ടീമിലെടുത്തു.. പിന്നീട് ഞാൻ അവരുടെ ഓപ്പണിംഗ് ബൗളറായി..

 ആലപ്പുഴയിലെ ഗ്രാമങ്ങളിൽ നടക്കാറുള്ള ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ പങ്കെടുക്കാൻ തുടങ്ങി.. ഗോരഖിന്റെ വണ്ടിയിലാണ് യാത്ര.. അക്കാലത്ത് ഗുജറാത്തിൽ നിന്നും പഴയ വണ്ടികൾ വാങ്ങി കേരളത്തിൽ കൊണ്ടുവന്ന് വിൽക്കുന്ന കച്ചവടം കൂടി ഗോരഖിന് ഉണ്ടായിരുന്നു..  മത്സരം കഴിഞ്ഞാൽ ഭക്ഷണം വാങ്ങിത്തരും.. ഗോരഖും, സ്പിന്നറായ കുമരനും അത്യാ വശ്യം തടിയുള്ള കളിക്കാരായിരുന്നു.. അവർ ഫീൽഡു ചെയ്യുന്നതും  റൺ എടുക്കാൻ ക്രീസിലൂടെ പായുന്നതും രസ കരമായ കാഴ്ച്ചയായിരുന്നു.. ഇരട്ടകളായ റെജിയും സജിയുമായിരുന്നു ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ.. ടീമിലുണ്ടാ യിരുന്നവരിൽ രാജേഷ്, സന്തോഷ്, ദീപക്, അങ്ങനെ ചിലരുടെ പേരുകളേ എന്റെ ഓർമ്മയിലിപ്പോഴുള്ളു..

ഗോരഖ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് അയാൾ ആരോടും പറയാതെ കടപ്പുറത്തിനടുത്തുള്ള റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കാറുമായി പോയി.. തനിച്ചങ്ങനെ ഒരു യാത്ര പതിവില്ല.. മരിച്ചുകി ടക്കുന്നതാണ് പിന്നീട് കണ്ടത്.. സൈനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് അറിഞ്ഞു.. ക്രിക്കറ്റും ഗണേശ ഭക്തിയും ആയിരുന്നു ഗോരഖിന്റെ ജിവിതത്തെ ആഹ്ലാദഭരിതമാക്കിയിരുന്നത്.. പറയത്തക്ക പ്രശ്നങ്ങളൊന്നും അയാൾക്കില്ലായിരുന്നു.. എന്നിട്ടും എന്തിനാണ് അയാൾ ഈ  ആവശ്യമില്ലാത്ത ഷോട്ടിനു ക്രീസ് വിട്ടിറങ്ങിയത്.. കുറച്ചുകാലം ആ മരണം എന്നെ വല്ലാണ്ട് അലട്ടിയിരുന്നു..

ഗോരഖിന്റെ മരണത്തോടെ ഗോൾഡൻ ഇലവനെന്ന ടീം ഇല്ലാണ്ടായി.. അതിൽ കളിച്ചിരുന്ന റെജിയും സജിയും പാതിവഴിയിൽ അവരുടെ ജീവിതം അവസാ നിപ്പിച്ചെന്ന് പിന്നീട് ഞാനറിഞ്ഞു.. ഒരുപക്ഷെ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തൊരു ക്രിക്കറ്റ് ടീം ആയിരുന്നിരിക്കണം ഞങ്ങളുടെ ഗോൾഡൻ ഇലവൻ..

  ക്ലബ്ബുകളിലെ കളി അവസാനിച്ചെങ്കിലും വീടിനു തൊട്ടടുത്ത നായരുപറമ്പിൽ എല്ലാ ഞായറാഴ്ച്ചകളിലും നാട്ടിലെ കൂട്ടുകാരുമായുള്ള ക്രിക്കറ്റ് കളി തുടർന്നു. പൂഴിമണ്ണിൽ മരപ്പലക നിരത്തി കോർക്കിന്റെ ബോൾകൊണ്ടാണ് കളി.. പാഡും ഗ്ലൌവുമില്ല.. കോർക്കിന്റെ ബോളിന് ഏറ് കിട്ടിയാൽ നല്ല വേദനയാണ്.. മുട്ടിന് താഴേക്ക് തടവി നോക്കുമ്പോഴെല്ലാം അന്നു കിട്ടിയ ഏറിന്റെ മുഴകൾ വിരൽതുമ്പിൽ തടയാറുണ്ട്... അനി,സുനിൽ, സന്തോ ഷ്, രാജേഷ്, സജി, കൊച്ചനി എന്നു വിളിക്കുന്ന അനിൽകുമാർ, ഇരുട്ടിത്തുടങ്ങുന്ന നേരത്തു മാത്രം സിക്സറും ഫോറും അടിക്കുന്ന അൻസാരി.. അങ്ങനെ പ്രാദേശികമായൊരു  ക്രിക്കറ്റ്കൂട്ടം എന്റെ ഓർമ്മയിലുണ്ട്..

മിക്കവരുടേയും വീട്ടിൽ ടിവിയുണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ച് ക്രിക്കറ്റ് കളി കാണാൻ കൂടിയിരുന്നത് ആലപ്പുഴ വൈ എം സി എ  യുടെ മെയിൽ ഹാളിലായിരുന്നു.. പത്തറുപത് പേരോളം തിങ്ങിനി റഞ്ഞിരുന്നാണ് കളി കാണുക.. ഓരോ സിക്സറിനും ഫോറിനും വിക്കറ്റിനുമെല്ലാം ആരവങ്ങളുയരും.. ടെൻഷൻ കൂടുമ്പോഴെല്ലാം തമ്പാക്ക് ചുണ്ടിനടിയിൽ തിരുകി വിയർത്തൊലിക്കുന്ന പക്കിസുരേഷിനായിരുന്നു വീറ് കൂടുതൽ..

ചിത്രീകരണം: ദേവപ്രകാശ്‌

ചിത്രീകരണം: ദേവപ്രകാശ്‌

അന്നൊക്കെ ആണ്ടിലൊരു നാലോ അഞ്ചോ സീരീസുകളേ ലൈവായി ക്രിക്കറ്റ് ഉണ്ടാവൂ.. ഇന്ത്യ ‐ആസ്ട്രേലിയ മത്സരങ്ങളുടെ ലൈവായിരുന്നു കേമം.. എല്ലാ ദിവസവും ഇങ്ങനെ ക്രിക്കറ്റ് ലൈവും കണ്ട് ഒരു മുറിയിൽ ജീവിതകാലം മുഴുവൻ അടച്ചിരിക്കുക എന്നതാണ് തന്റെ മോഹമെന്ന് ഗോരഖ്നാഥ് പറയുമായിരുന്നു.. ലെഫ്റ്റ് ഫുട്ടിൽ പിന്നാക്കം മലർന്നുള്ള ഗോരഖിന്റെ പുള്ളിംഗ് ഷോർട്ടുകൾ ഇപ്പോഴും എന്റെ കണ്ണിലുണ്ട്.. ദൈവത്തിന്റെ ക്രീസിൽ അയാളിപ്പോഴും നോട്ടൌട്ടായി ബാറ്റിംഗ് തുടരുന്നുണ്ടാവും..

ആലപ്പുഴ വൈഎംസിഎ യിലെ  ക്രിക്കറ്റ് ഹാളിലിരുന്ന് കണ്ട ഒട്ടനവധി സുന്ദരകാഴ്ച്ചകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്..

ചേതൻ ശർമ്മയുടെ ഹാട്രിക്.. അദ്ദേഹത്തിന്റെ തന്നെ അവസാന ബോളിൽ പാക്കിസ്താൻ ബാറ്റ്സ്മാനായ മിയാൻദാദ് സിക്സർ അടിക്കുന്നത്.. കഷണ്ടിക്കാരൻ കിർമാനിയുടെ അസാധ്യ വിക്കറ്റ്കീപ്പിംഗ്.. തലേക്കെട്ടുകാരൻ മനീന്ദർസിങിന്റെ ഉജ്ജ്വല സ്പിന്നിംങ്‌. ക്ഷമയുടെ നെല്ലിപ്പലകയായി ക്രീസിൽ നിൽക്കുന്ന സുനിൽ ഗവാസ്കറും, വെങ്‌സർക്കാരും.. ഗവസ്‌ക്കറോടൊപ്പം ഓപ്പണിങിനിറങ്ങി വെടിക്കെട്ട് ബാറ്റിങ്‌ തീർക്കുന്ന  ശ്രീകാന്ത്.. മദൻലാലിന്റെ പന്തിൽ മുപ്പതുവാരയോളം പുറകിലേക്കോടി ഇന്ത്യക്ക് പ്രഥമ ലോകകപ്പ് കിരീടം ഉറപ്പിച്ച ക്യാപ്റ്റൻ കപിൽദേവിന്റെ മനോഹരമായ ക്യാച്ച്.. അവിശ്വസനീയമായ ആ പുറത്താക്കലിൽ ഒന്നു പകച്ചുനിന്നിട്ട് ക്രീസുവിടുന്ന വിവയൻ റിച്ചാർഡ്സ്..

ഫുൾസ്ലീവ് ടീഷർട്ടിന്റെ കോളർ ഉയർത്തിവെച്ച് തികച്ചും സൗമ്യനായി മുഹമ്മദ് അസറുദ്ദീൻ നടത്തുന്ന ഉജ്ജ്വല ക്യാച്ചുകൾ.. ചിറകുവിരിച്ചു പറക്കുന്ന ജോണ്ടിറോഡ്സിന്റെ ഫീൽഡിങുകൾ.. ചോന്നമുഖ വുമായി സച്ചിനെന്ന കൗമാരപ്പയ്യന്റെ പാക്കിസ്ഥാനെതിരേയുള്ള അരങ്ങേറ്റം.(ഇരുപത്തിയെട്ടോളം തവണയാണ് 90ൽ എത്തി നിൽക്കുമ്പോൾ അദ്ദേഹം ഔട്ടായിട്ടുള്ളത്.) കുപ്പായമഴിച്ച് സിംഹത്തെപ്പോലെ ഗാലറി യിലിരുന്ന് വിജയാരവം മുഴക്കുന്ന ക്യാപ്റ്റൻ സൗരവ് ഗാംഗുലി.

നൃത്തച്ചുവടോടെ ക്രീസിലേക്കെത്തുന്ന പാക്കി സ്ഥാന്റെ ലെഗ്സ്പിന്നർ അബ്ദുൾഖാദർ. ഇന്ത്യയുടെ സ്പിൻചക്രവർത്തി അനിൽകുബ്ലെ. കരീബിയൻ ചുവടോടെ യുള്ള മാന്ത്രിക ബാറ്റിങുമായി ബ്രയൻലാറ. കണ്ണട ധരിച്ച് പന്തെറിയാനെത്തുന്ന ന്യൂസിലാൻഡ്‌  ബൗളർ ഡാനി യൽ വെട്ടോറി.. പടക്കുതിരയെപോലെ മുടി തുള്ളിച്ചെത്തുന്ന ശുഹൈബ് അക്തർ.. മുടി നീട്ടിവളർത്തി വിക്കറ്റിനു പിന്നിൽ കാവൽ നിൽക്കുന്ന എംഎസ് ധോണി..

ചുമലും ശരീരവും വളച്ചുള്ള ഷെയിൻവോണിന്റെ ഓവർസ്പി ന്നോടു കൂടിയ ലെഗ്ബ്രേക്ക്.. നെഞ്ചുലച്ചുള്ള ലോകകപ്പിലെ വിനോദ് കാംബ്ലിയുടെ കണ്ണീര്. മെഹ്രാബ് ഹുസൈ ന്റെ ബാറ്റിങിനിടയിൽ ക്രിക്കറ്റ്ബോളുകൊണ്ട് ക്രീസിൽ ജീവിതം പൊലിഞ്ഞുപോയ രാമൺലംബ..  ഒരു കുന്നോളം പേരുകളങ്ങനെ തിങ്ങിനിറഞ്ഞാണ് മനസ്സിലേക്ക് വരുന്നത്.. പെട്ടെന്ന് ഓർമ്മയിൽ വന്നതൊക്കെ കുറിച്ചെന്നേയുള്ളു.. വായനക്കാർക്ക് പൂരിപ്പിക്കുവാൻ ഇനിയുമേറെ ഇടങ്ങളുണ്ടെന്നറിയാം...

ചെറുവിരലും മോതിരവിരലും ഒടിഞ്ഞതോടെയാണ്  ക്രിക്കറ്റ് കളി മതിയാക്കുന്നത്.. ക്രിക്കറ്റ് കളിക്കാൻ പോകുന്നതിനോട് വീട്ടിലുള്ളവർക്ക് അത്ര താൽപ്പര്യമില്ലായിരുന്നു.. അപകടം പിടിച്ച കളിയാണെന്നതായിരുന്നു കാരണം..

ചെറുവിരലും മോതിരവിരലും ഒടിഞ്ഞതോടെയാണ്  ക്രിക്കറ്റ് കളി മതിയാക്കുന്നത്.. ക്രിക്കറ്റ് കളിക്കാൻ പോകുന്നതിനോട് വീട്ടിലുള്ളവർക്ക് അത്ര താൽപ്പര്യമില്ലായിരുന്നു.. അപകടം പിടിച്ച കളിയാണെന്നതായിരുന്നു കാരണം.. പാലായിലുള്ള ഞങ്ങളുടെയൊരു ബന്ധു നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു.. രഞ്ജിയിലൊക്കെ കളി ക്കുമെന്ന ശ്രുതി കേൾക്കുന്ന സമയത്താണ് ക്രിക്കറ്റ്ബോളുകൊണ്ട് ഹെഡ്ഇൻജുറി ഉണ്ടായത്.. പത്തുപന്ത്രണ്ട് സ്റ്റിച്ച്.. അതോടെ പാലായിലെ അച്ചായൻ

ചിത്രീകരണം: ദേവപ്രകാശ്‌

ചിത്രീകരണം: ദേവപ്രകാശ്‌

മകനോട്  കളി മതിയാക്കാൻ പറഞ്ഞു..

ആ സമയത്താണ് എന്റെ ചെറുവിരൽ ഒടിയുന്നത്.. വീട്ടിൽ പറയാനൊരു മടി.. വിരലൊടിഞ്ഞെന്ന് എനിക്കറിയില്ല.. വൈകുന്നേരമായപ്പോഴേക്കും നീരുവെച്ചു വിങ്ങി.. തൊട്ടടുത്ത വീട്ടിലെ നേഴ്സിനെ കാണിച്ചു.. അവർ ഹോസ്പ്പിറ്റലിൽ കാണിക്കാൻ പറഞ്ഞു.. എന്തെങ്കിലും മരുന്നുവെച്ച് കെട്ടിത്തന്നാ മതിയെന്ന് ഞാനും.. മാഗ്സെൽഫും ഗ്ളിസറിനും( Magsulf and Glycerin)  ചേർത്തൊരു കുഴമ്പ് വിരലിൽ തേച്ച് അവർ ബാന്റേജിട്ടു തന്നു.. എല്ലാ ദിവസവും വൈകിട്ട് അവരുടെ അടുത്തുചെന്ന് ഈ ചികിത്സ ആവർത്തിക്കും.. ഒരാഴ്ച്ച കഴിഞ്ഞിട്ടും നീരും വേദനയും മാറാതെ വന്നതോടെ അസ്ഥിഡോക്ടറെ കാണിച്ചു.. നടന്ന കാര്യങ്ങളൊക്കെ അപ്പോത്തിക്കരി യോട് പറഞ്ഞു.. പെൻസിൽ ഒടിഞ്ഞിട്ടുണ്ട്..  ഒടിഞ്ഞ അവസ്ഥയിൽ തന്നെ അതു ചേർന്നുപോയി.. അതുകൊണ്ട് വിരല് വളയാൻ പാടാണ്.. വേറെ കുഴപ്പമൊന്നുമില്ല..

ടൈപ്പ്റൈറ്റർ ഹയറിന് പഠിച്ചുകൊണ്ടിരിക്കുന്ന കാര്യം ഡോക്ടറിനോട് സൂചിപ്പിച്ചു.. എങ്ങനെയെങ്കിലും വിരല് വളഞ്ഞു കിട്ടണം അല്ലെങ്കിൽ പഠനം നിലയ്ക്കും.. തിളച്ചവെള്ളത്തിൽ ഉപ്പ് ചേർത്ത് അതിൽ മുക്കി മെല്ലെ വളച്ചുനോക്കാനായിരുന്നു ഉപദേശം.. ഇരുമ്പുകമ്പി തീയിൽ ചുട്ട് വളച്ചെടുക്കുന്നതിനോളം കടുപ്പം അതിനുണ്ടായി രുന്നു.. വേദനകൊണ്ടു പുളഞ്ഞെങ്കിലും ഒരു മാസത്തെ പരിശ്രമത്തിനൊടുവിൽ വിരൽ ഏകദേശം വളയാനും നിവരാനുമായി.. എന്നാലും പൂർവ്വസ്ഥിതിയിലേക്ക് അതെത്തിയതുമില്ല.. ടൈപ്പുപഠനം മുടങ്ങി.. ക്രിക്കറ്റ് തന്ന സമ്മാ നംപോലെ ഇപ്പോഴും എന്റെ ഇടംകൈയിലെ ചെറുവിരൽ വളഞ്ഞാണിരിക്കുന്നത്..

 ക്രിക്കറ്റ് കളിയിലൂടെ പ്രശസ്തനും അനശ്വരനും ആകണമെന്ന ആഗ്രഹവുമായി കഴിഞ്ഞിരുന്ന ഒരാളാ യിരുന്നു പ്രശസ്ത എഴുത്തുകാരനായ സുഭാഷ്ചന്ദ്രൻ.. അടുത്തയിടെ വന്ന  അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ഓർത്തെടുത്ത് പറയുന്നുണ്ട്.. ക്രിക്കറ്റ് കളിയുമായി ബന്ധമുള്ള എത്ര സാഹിത്യകാരൻമാർ മലയാളത്തിലുണ്ടെ ന്നത് എനിക്ക് കൃത്യമായി അറിയില്ല.. എന്നാലും

സാഹിത്യലോകത്തിൽ നിന്നൊരു ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സ്വപ്നം മനസ്സിലുണ്ട്.. സുഭാഷ്ചന്ദ്രൻ തന്നെയാവട്ടെ ക്യാപ്റ്റൻ.. ടീം മാനേജർ എൻ.എസ്. മാധവനാകുന്നതാണ് ഇഷ്ടം.. ഓപ്പണിംഗ് ബാറ്റ്സ്മാനായി വി.എം. ദേവദാസ് മതി.. കീഴ്ത്താടിയിലേക്ക് വളർന്നിറങ്ങുന്ന അദ്ദേഹത്തിന്റെ മീശയും വെളുത്തുതുടുത്ത മുഖവും കാണുമ്പോൾ പഴയ ആസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് ബൂണിനെ ഓർമ്മ വരും..

സാഹിത്യലോകത്തിൽ നിന്നൊരു ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സ്വപ്നം മനസ്സിലുണ്ട്.. സുഭാഷ്ചന്ദ്രൻ തന്നെയാവട്ടെ ക്യാപ്റ്റൻ.. ടീം മാനേജർ എൻ.എസ്. മാധവനാകുന്നതാണ് ഇഷ്ടം.. ഓപ്പണിംഗ് ബാറ്റ്സ്മാനായി വി.എം. ദേവദാസ് മതി.. കീഴ്ത്താടിയിലേക്ക് വളർന്നിറങ്ങുന്ന അദ്ദേഹത്തിന്റെ മീശയും വെളുത്തുതുടുത്ത മുഖവും കാണുമ്പോൾ പഴയ ആസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് ബൂണിനെ ഓർമ്മ വരും.. അജിജേഷ് പച്ചാട്ടും അമൽ പിരപ്പിൻകോടും ചേർന്ന് ഓപ്പണിംഗ് സ്പെൽ എറിയട്ടെ.. അബിൻജോ സഫിനെ വൺഡൌണായി ഇറക്കിയാലോ.. ജീവിതത്തിലും സാഹിത്യത്തിലും പക്ഷംചേരാതെ നിൽക്കുന്ന ടി ഡി  രാമകൃഷ്ണൻ അമ്പയറാവുമോ? കാടുകയറിപ്പോകുന്നൊരു ക്രിക്കറ്റ് ഭാവനയാണിത്.. വായനക്കാർ അവ ർക്കിഷ്ടമുള്ളവരെ സെലക്റ്റ് ചെയ്യട്ടെ.. എന്തായാലും കഥാകാരൻമാരുടെ ടീമിന്റെ എതിർനിരയിൽ കവികൾ തന്നെ വരുന്നതാവും ഉശിര്.. കീപ്പിംഗ് ഗ്ലൌവും അണിഞ്ഞ് കിർമാനിയെപ്പോലെ വിക്കറ്റ്കീപ്പ് ചെയ്യുന്ന സുധീഷ് കോട്ടേമ്പ്രേത്തിന്റെ കണ്ണുമിഴിച്ചുള്ള അപ്പീൽ എനിക്കിപ്പോഴേ കാണാം.. ഹിർവാണിയെപ്പോലെ തലയിലൊരു കെട്ടുംകെട്ടി സ്റ്റംപ് വളഞ്ഞെത്തി സ്പിൻ ബൌളിംഗ് ചെയ്യുന്ന എസ്  കലേഷാണ് മറ്റൊരു കാഴ്ച്ച..

ക്രിക്കറ്റ് എനിക്കെന്നും ഭ്രാന്തായിരുന്നു.. ഈ കുറിപ്പിലും ഇത്തിരി  ഭ്രാന്തൻചിന്തകളിങ്ങനെ കൂടിക്കു ഴഞ്ഞ് കിടക്കട്ടെ. കടുത്തവേനലിൽ പൊള്ളി നിൽക്കുന്നൊരു മൈതാനംപോലെയുള്ള ജീവിതത്തിൽ ബൗൺസറുകളാ യെത്തുന്ന ദുരിതദിനങ്ങൾക്കൊപ്പം മെച്ചപ്പെട്ട ഇന്നിംഗ്സുകളും ഷോട്ടുകളും കളിക്കാൻ ക്രിക്കറ്റെന്ന കായിക മാമാങ്കം എന്നെയേറെ സഹായിച്ചിട്ടുണ്ട്.. വായനയിലേക്കും എഴുത്തിലേക്കും മുഴുകിയതിൽ പിന്നെ ക്രിക്കറ്റ് കളിക്കുന്നതും മുഴുനീളലൈവുകൾ കാണുന്നതും നിലച്ചുപോയെങ്കിലും ഹൈലൈറ്റ്സുകളിലേക്ക് ഇടയ്ക്കെല്ലാമൊന്ന് തലയെത്തിച്ച് ഇപ്പോഴും മടങ്ങാറുണ്ട്..

ഒരു ദേശത്തെ അപ്പാടെ ഒപ്പിയെടുക്കുന്ന വികാരമാണ് ക്രിക്കറ്റ്.. ദേശത്തിന്റെ പുറംപൂച്ചുകൾക്കപ്പുറം രാജ്യത്തിന്റെ ആത്മാംശം കൂടി അതിൽ കലരുന്നുണ്ടെന്നതാണ് അതിന്റെ രാഷ്ട്രീയം.. അതുകൊണ്ടുതന്നെയാണ് സഞ്ജു സാംസണെന്ന മലയാളിയെ ഇപ്പോഴും അസ്പർശനാക്കുന്ന അതിന്റെ അന്തർനാടകങ്ങൾ ഈ ദേശം കട ന്നുപോകുന്ന വഴികളുടെ കാലസൂചകങ്ങളാവുന്നത്.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top