22 December Sunday

ഉരുകി ഉരുകി

ഡോ. പി വി മോഹനൻ Updated: Sunday Jul 28, 2024

 

കാലാവസ്ഥയെയും പരിസ്ഥിതിയെയും നിയന്ത്രിക്കുന്നതിലും സംരക്ഷിക്കുന്നതിലും മുഖ്യപങ്ക്‌ ധ്രുവപ്രദേശങ്ങൾക്കുണ്ട്‌. ആർട്ടിക്ക്‌, അന്റാർട്ടിക്‌ മേഖലകളുടെ പരിസ്ഥിതിയാകെ താളംതെറ്റുകയാണ്‌. ആഗോളതാപനവും ഇതര പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റു മേഖലയിലേതുപോലെ ഉത്തര, ദക്ഷിണ ധ്രുവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ആർട്ടിക്‌ മേഖലയിൽ സ്ഥിതിഗതി  കൂടുതൽ ഗുരുതരമാകുകയാണ്‌. അന്തരീക്ഷ ഊഷ്‌മാവ് കഴിഞ്ഞ 10 വർഷത്തിനിടെ നാല്‌ ഡിഗ്രി സെൽഷ്യസ്‌ വർധിച്ചു. മഞ്ഞുമലകൾ  മുഴക്കത്തോടെ ഇടിഞ്ഞുവീഴുകയും പാളികൾ പിളർന്നുമാറുകയും ചെയ്യുന്നു. ഹിമക്കരടികളുടെ എണ്ണം 40 ശതമാനം കുറഞ്ഞു. വാൽറസ്, സീൽ എന്നിവയുടെയും എണ്ണവും കുറയുകയാണ്‌. തദ്ദേശീയ പക്ഷികൾ വംശനാശത്തിലേക്കും നീങ്ങുന്നു.

ജലത്തിന്റെ ഊഷ്മാവ് കൂടുന്നതിനാൽ പ്ലവങ്ങൾ നശിക്കുന്നു. ഇവയെ ആശ്രയിച്ചുജീവിക്കുന്ന ചെറുജീവികൾ മുതൽ ഹിമക്കരടി വരെയുള്ള ഭക്ഷ്യശൃംഖലയും നഷ്ടമാകുന്നു. ആർട്ടിക്കിൽ എത്തുന്ന  ദേശാടന പക്ഷികളുടെയും  തീരപ്പക്ഷികളുടെയും  പ്രജനന ആവാസവ്യവസ്ഥയും ഗുരുതര ഭീഷണിയിലാണ്‌.

ഹിമവ്യാപ്‌തി കുറയുന്നു
2020-ൽ സൈബീരിയയിലെ താപനില ഉയർന്നനില രേഖപ്പെടുത്തി. 1979- മുതലാണ്‌ ഉപഗ്രഹ ചിത്രങ്ങൾ അടിസ്ഥാനമാക്കി പഠനങ്ങൾ ആരംഭിച്ചത്‌. ഇതനുസരിച്ച്‌  ആർട്ടിക് സമുദ്രത്തിലെ ഹിമത്തിന്റെ  വ്യാപ്തി ഭയാനകമായ തോതിൽ കുറഞ്ഞുവരികയാണ്. സാധാരണയായി സെപ്തംബറിൽ നിരീക്ഷിക്കുന്ന  വേനൽക്കാലത്ത്‌ മഞ്ഞിന്റെ വ്യാപ്തി ഏകദേശം 40 ശതമാനം കുറഞ്ഞു. 2012, 2016, 2020 വർഷങ്ങളിൽ ഏറ്റവും താഴ്ന്ന കടൽമഞ്ഞ് വിസ്തൃതിയാണ് രേഖപ്പെടുത്തിയത്‌. മഞ്ഞുരുകൽ പ്രക്രിയ കൂടുതൽ രൂക്ഷമാക്കുന്നതിന്‌ അനുകൂല ഘടകങ്ങളാണ്‌ രൂപപ്പെടുന്നത്‌. 

മഞ്ഞുമലകൾ ഉണ്ടാകുന്നത്‌
ഹിമാനി രൂപപ്പെടൽ സങ്കീർണവും നീണ്ടുനിൽക്കുന്നതുമായ ഒരു പ്രക്രിയയാണ്. മഞ്ഞിന്റെ ശേഖരണം, ഒതുക്കം, പുനർ ക്രിസ്റ്റൽ രൂപീകരണംഎന്നിവ ഉൾപ്പെടുന്ന ഘട്ടങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. മഞ്ഞുവീഴ്ചയോടെയാണ് ഉതിന്റെ ആരംഭം. ഇത് പ്രാഥമികമായി മഞ്ഞുകാലത്ത് താപനില കുറവുള്ള മാസങ്ങളിൽ സംഭവിക്കുന്നു.

ആർട്ടിക് പ്രദേശത്തെ പൊതുവെ തണുത്ത കാലാവസ്ഥ, വേനൽക്കാലത്ത് ഉരുകുന്നതിനു പകരം വർഷം മുഴുവനും മഞ്ഞ് നിലനിൽക്കാൻ അനുവദിക്കും. മഞ്ഞിന്റെ  ഞെരുക്കമാണ് അടുത്ത ഘട്ടം. കാലക്രമേണ, മഞ്ഞിന്റെ പാളികൾ ഒന്നിനുമുകളിൽ മറ്റൊന്നായി അടിഞ്ഞുകൂടുന്നു. അതോടൊപ്പം മഞ്ഞിന്റെ  ഓരോ പുതിയ പാളിയും അതിനടിയിലുള്ള പാളികളെ അമർത്തുകയും ചെയ്യുന്നു. മുകളിലെ മഞ്ഞിന്റെ  ഭാരം താഴത്തെ പാളികൾ ഒതുക്കുന്നതിന് കാരണമാകും. അതോടെ അവയുടെ സാന്ദ്രതയും വർധിക്കുന്നു. പിന്നീട് അയഞ്ഞ മഞ്ഞ് അടരുകളിൽനിന്ന് ഫിർൺ (Firn) എന്നറിയപ്പെടുന്ന കൂടുതൽ ഒതുക്കമുള്ള മഞ്ഞുകട്ടകളായി മാറാൻ തുടങ്ങുന്നു. ഫിർൺ ആഴത്തിൽ താഴ്ത്തപ്പെടുമ്പോൾ ഉണ്ടാകുന്ന മർദം ഐസ് പരലുകൾക്കിടയിൽനിന്ന് വായുവിനെ പുറന്തള്ളുന്നു. ഇത്‌ മഞ്ഞുകട്ടയുടെ സാന്ദ്രത വർധിപ്പിക്കുന്നു. പിന്നീട് പതിറ്റാണ്ടുകൾ മുതൽ നൂറ്റാണ്ടുകൾ വരെ എടുത്താണ് ഫിർൺ ക്രിസ്റ്റലീകരണത്തിന് വിധേയമാകുന്നത്. അതോടെ ഐസ് പരലുകൾ വളരുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ഇടതൂർന്ന ഗ്ലേഷ്യൽ ഐസാക്കി മാറ്റുന്നു. പ്രദേശത്തെ തണുത്ത കാലാവസ്ഥയാണ്‌ ഈ പ്രക്രിയക്ക്‌ കാരണമാകുന്നത്‌. 

ആർട്ടിക് ആംപ്ലിഫിക്കേഷൻ
ഏതാനും ദശകങ്ങളായി ഇവിടത്തെ താപനിലയിൽ ആഗോള ശരാശരിയുടെ ഇരട്ടിയിലധികം മാറ്റമുണ്ടാകുന്നുണ്ട്‌. ഈ പ്രതിഭാസത്തെ ആർട്ടിക് ആംപ്ലിഫിക്കേഷൻ എന്നറിയപ്പെടുന്നു. ഈ ത്വരിതഗതിയിലുള്ള താപനത്തിനു കാരണം ആൽബിഡോ ഇഫക്റ്റ്പോലെയുള്ള ഫീഡ്‌ബാക്ക് മെക്കാനിസങ്ങളാണ്. ഇവിടെ പ്രതിഫലിക്കുന്ന ഹിമത്തിന്റെയും  മഞ്ഞിന്റെയും നഷ്ടം, ഇരുണ്ട സമുദ്രവും കരയും കൂടുതൽ സൗരോർജത്തെ ആഗിരണം ചെയ്യുന്നതിലേക്ക് നയിക്കുന്നു.
ഗ്ലേഷ്യൽ ഉരുകലിന്റെ  പ്രധാന പ്രേരകങ്ങളിലൊന്ന് ആഗോളതാപനമാണ്. ഉയരുന്ന താപനില മഞ്ഞ് ത്വരിതഗതിയിൽ ഉരുകുന്നതിലേക്ക് നയിക്കുന്നു, ഇത് ഹിമാനികളുടെ മൊത്തത്തിലുള്ള പിണ്ഡം കുറയ്ക്കുന്നു.

ഹിമാനികൾ ഉരുകുമ്പോൾ, അവ പുറത്തുവിടുന്ന ജലം സമുദ്രനിരപ്പ് ഉയരുന്നതിനു കാരണമാകും. ഗ്രീൻലാൻഡിലെ മഞ്ഞുപാളി  ഉരുകിയാൽ ആഗോള സമുദ്രനിരപ്പ് ഏഴു മീറ്ററോളം ഉയരുമെന്നാണ്‌ കണക്ക്‌.  സമുദ്ര ചംക്രമണ പാറ്റേണുകളെ തടസ്സപ്പെടുത്താൻ ഹിമാനികളുടെ ഉരുക്കത്തിനു കഴിയും. ഈ  മാറ്റങ്ങൾ ആഗോള കാലാവസ്ഥാ സംവിധാനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തും. ആർട്ടിക്കിലെ തണുത്തുറഞ്ഞ നിലമായ പെർമാഫ്രോസ്റ്റും താപനില ഉയരുന്നതിനാൽ അപകടത്തിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top