25 December Wednesday

കടലിന്‌ പനി പിടിക്കു’മ്പോൾ

ഇ കെ സോമശേഖരൻUpdated: Sunday Nov 24, 2024


കടലിനും ‘പനി പിടിക്കു’മോ... പിടിച്ചെന്ന്‌ ശാസ്‌ത്രലോകം.. സാധാരണ പനിയല്ല. ‘തുള്ളൽ പനി’ തന്നെ പിടിച്ചുവെന്നാണ്‌ അവർ പറയുന്നത്‌. കഴിഞ്ഞ ഒരു ശതാബ്ദത്തിനിടെ സമുദ്ര വാർഷിക താപതരംഗങ്ങളുടെ എണ്ണവും ശരാശരി സമുദ്രോപരിതല താപനിലയും (Sea surface temperature–-SST) പരമാവധി കവിയുന്ന അവസ്ഥ, 5 ദിവസമോ അതിൽ കൂടുതലോ തുടർച്ചയായി രേഖപ്പെടുത്തിയത്‌ കണക്കിലെടുത്താണ് കടലിന് ‘പനി പിടിച്ച’തായി ശാസ്ത്ര സമൂഹം സ്ഥിരീകരിച്ചത്.

മറൈൻ ഹീറ്റ്‌ വേവ്‌
ഒരു പ്രത്യേക പ്രദേശത്തെ ശരാശരി സമുദ്രോപരിതല താപനില 5 ദിവസത്തിൽ കൂടുതൽ കാലാനുസൃതമായ പരമാവധി പരിധി കവിയുമ്പോഴാണ് ഗവേഷകർ അതിനെ "മറൈൻ ഹീറ്റ് വേവ്’ എന്ന്‌ വിളിക്കുന്നത്. 1925നും 2023നും ഇടയിൽ, സമുദ്രത്തിലെ വാർഷിക താപതരംഗ സംഭവങ്ങളുടെ എണ്ണം 34% വർധിച്ചതായും അവ ശരാശരി 17% നീണ്ടുനിന്നതായും അവർ കണ്ടെത്തി. 1925–-54, 1987-–-2016 കാലങ്ങളെ താരതമ്യം ചെയ്തപ്പോൾ, രണ്ട് കാലഘട്ടങ്ങൾക്കിടയിൽ പ്രതിവർഷം താപതരംഗങ്ങളുടെ എണ്ണം 54% വർധിച്ചതായും അവർ കണ്ടെത്തി. കഴിഞ്ഞ 6 മാസത്തിനിടെ കടലിന്റെ ഉപരിതല ഊഷ്മാവ് ഉയർന്നത് ശരാശരി 20.98 ഡിഗ്രി  സെന്റീഗ്രേഡിൽനിന്നും ശരാശരി 21.06 ഡിഗ്രി സെന്റീഗ്രേഡിലേക്കാണ്. 1979ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. മറൈൻ ഹീറ്റ് വേവ് എന്ന പ്രത്യേക അവസ്ഥ സമുദ്രങ്ങളെയാകെ ബാധിച്ചുവെന്ന്‌ പഠനങ്ങൾ പറയുന്നു.

അമ്പരപ്പിക്കുന്ന കണക്കുകൾ
കടൽ, കടൽകാലാവസ്ഥ, തീരങ്ങൾ എന്നിവയിലെ മാറ്റങ്ങൾ മനസ്സിലാക്കാനും പ്രവചിക്കാനുമായുള്ള നാഷനൽ ഓഷ്യാനിക്ക് ആൻഡ്‌ അറ്റ്മോസ്ഫിയറിക്ക് അഡ്മിനിസ്‌ട്രേഷനും (NOAA) കാലാവസ്ഥാ വ്യതിയാന പഠനത്തിനായുള്ള അന്താരാഷ്ട്ര സ്ഥാപനമായ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രവും ശേഖരിച്ച സ്ഥിതിവിവര കണക്കുകൾ അമ്പരപ്പിക്കുന്നതാണ്‌. ഈ രേഖകൾ പ്രകാരം 2023 മാർച്ച് മുതൽ, കടൽ താപനില അസാധാരണമാംവിധം ഉയരുകയാണ്. ഭൂമധ്യരേഖാ പസഫിക്കിന്റെ മധ്യ, കിഴക്കൻ പ്രദേശങ്ങളിൽ ഭൂരിഭാഗവും അസാധാരണമാംവിധം ചൂടായിരുന്നു. ജപ്പാന് സമീപമുള്ള വടക്കുപടിഞ്ഞാറൻ പസഫിക്കിലും കാലിഫോർണിയക്കും ഒറിഗോണിനും സമീപമുള്ള വടക്കുകിഴക്കൻ പസഫിക്കിലും ഇന്ത്യൻ, തെക്കൻ ആർട്ടിക് സമുദ്രങ്ങളുടെ ഭാഗങ്ങളിലും അസാധാരണമായ ചൂടാണ് രേഖപ്പെടുത്തിയത്. ശരാശരി പ്രതിദിന താപനില വിശകലനം ചെയ്യുമ്പോൾ കണ്ടെത്തുന്ന പ്രവണതകളാണ് മറൈൻ ഹീറ്റ് വേവിന്റെ സാന്നിധ്യത്തിലേക്ക് ഗവേഷകരെ നയിച്ചത്. 

കഴിഞ്ഞ 4 മാസങ്ങളിൽ, ലോകത്താകെ അസാധാരണമാംവിധം ഉയർന്ന സമുദ്രോപരിതല താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സമുദ്രോപരിതല താപനില 2023 ഏപ്രിൽ, മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഏറ്റവും ഉയർന്ന തലത്തിലായിരുന്നു. സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രമാണ് സമുദ്രോപരിതല താപനില ഏറ്റവും ഉയർന്ന നില രേഖപ്പെടുത്താറ്. എന്നാൽ 2016 മാർച്ചിൽ 20.95 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ മുൻകാല റെക്കോഡിനേക്കാൾ ഉയർന്ന നിരക്കാണ് 2023 ഏപ്രിൽമുതൽ ജൂലായ് വരെ രേഖപ്പെടുത്തിയത്‌.


 

കാരണങ്ങൾ പലത്‌
കടലിന് പനിക്കാനുള്ള പ്രധാനകാരണങ്ങളെല്ലാം മനുഷ്യ നിർമിതമാണ്. അവയിലൊന്നാണ് ഫോസിൽ ഇന്ധനങ്ങളുടെ കത്തിക്കൽ. ഇത്‌ വഴി പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും അജൈവ മാലിന്യങ്ങൾ കരയിലും കടലിലും നിറയ്ക്കുന്നതും എല്ലാം കാരണങ്ങളാണ്‌. അന്തരീക്ഷത്തിലെ ചൂടിന്റെ 90 ശതമാനവും ആഗിരണം ചെയ്യുന്നത് കടലുകളാണ്. ഇതിനുപുറമേ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ വലിയ തോതിൽ നിറയുന്നതും കടൽ താപനില ഉയർത്തുകയാണ്‌. ഇത്‌ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ആഘാതമേൽപ്പിക്കും.

ചൂട് കൂടുന്നത് സമുദ്ര ആവാസ വ്യവസ്ഥയിലെ പ്രധാന ജീവികളായ ഫൈറ്റോപ്ലാങ്ക്ടണിന്റെ വളർച്ചയെ തകിടം മറിക്കും. സമുദ്രത്തിലെ ഭൂരിഭാഗം ജീവികളുടെയും ഭക്ഷണ പദാർഥങ്ങളിലൊന്നാണിവ.  ലോകത്തെ ഓക്സിജൻ ഉൽപ്പാദനത്തിന്റെ പകുതിയും സംഭാവന ചെയ്യുന്നത്‌ ഇവയാണ്‌.  ക്രമാനുഗതമായ കുടിയേറ്റങ്ങൾ ജലജീവികൾക്കിടയിൽ നിരന്തരം നടക്കാറുണ്ട്. എന്നാൽ വെള്ളത്തിന് ചൂട് കൂടുന്നതോടെ അത്തരം കുടിയേറ്റങ്ങൾ താളം തെറ്റും. ചൂട്‌ കൂടുന്നത്‌ കടൽ വെള്ളത്തിന്റെ ബാഷ്പീകരണ നിരക്ക് വർധിപ്പിക്കും. ഇത്‌ തുടർച്ചയായ തീവ്ര കൊടുങ്കാറ്റുകൾക്കും   പേമാരികൾക്കും വഴിവയ്‌ക്കും. ലോക കാലാവസ്ഥതന്നെ തകിടം മറിയും.കടലിന്റെ ആരോഗ്യം വീണ്ടെടുക്കൽ ലോക നിലനിൽപ്പിന്‌ അനിവാര്യമെന്ന തിരിച്ചറിവ്‌ ഉണ്ടാകേണ്ടതുണ്ട്‌. ലോകം ഒറ്റക്കെട്ടായി ഈ കാര്യത്തിൽ മുന്നോട്ടു പോകണം.  

(ഹരിത കേരളം മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്ററാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top