08 September Sunday

മരിച്ചുപോയവർ തിരിച്ചുവന്ന ദിവസം...!

സത്യപാൽUpdated: Monday Jul 15, 2024

 

ടോഗ്ലിയാറ്റിയുടെ അന്ത്യയാത്രയാണ് റെനാറ്റോ ഗുട്ടൂസോയുടെ 'ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’ എന്ന ചിത്രത്തിനാധാരം. പുഷ്പാലംകൃതമായ ടോഗ്ലിയാറ്റിയുടെ മൃതദേഹം കിടത്തിയിരിക്കുന്നതിനു ചുറ്റും നിറഞ്ഞുനിൽക്കുന്ന ജനാവലി. അവർക്കിടയിൽ  ഉയർന്നുനിൽക്കുന്ന അനേകം ചെങ്കൊടികൾ. ചെങ്കൊടിയുടെ തണലിലാണ് അവരെല്ലാം നിൽക്കുന്നത്.  മുഷ്ടി ചുരുട്ടി ടോഗ്ലിയാറ്റിയെ വണങ്ങുന്ന ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി നേതാവും സൈദ്ധാന്തികനുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ ശവമഞ്ചത്തിനടുത്തു കാണാം. ലോക കമ്യൂണിസ്റ്റ് നേതാവായിരുന്ന ലെനിൻ അവിടെയുണ്ട്. ടോഗ്ലിയാറ്റി മരിക്കുന്നതിന് നാല്പതു വർഷം മുൻപാണ് ലെനിൻ മരിച്ചത്. ഗ്രാംഷിയാകട്ടെ 27 വർഷം മുമ്പ്‌ രക്തസാക്ഷിയായി. 45 വർഷം മുമ്പ് ജർമനിയിൽ കൊലചെയ്യപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് റോസാ ലക്സംബർഗ് അവിടെ സന്നിഹിതയാണ്.

 

മരിച്ചുപോയവർ ഒരു ദിനം  തിരിച്ചുവന്നു.  പൾമിറോ മൈക്കിൾ നിക്കോളോ ടോഗ്ലിയാറ്റിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ്  മരിച്ചവർ തിരിച്ചെത്തിയത്. പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനും ഫാസിസ്റ്റ് വിരുദ്ധ

‘ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’  റെനാറ്റോ ഗുട്ടൂസോയുടെ
വിഖ്യാത പെയിന്റിങ്‌ 

പോരാളിയുമായ റെനാറ്റോ ഗുട്ടൂസോയുടെ 'ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’ എന്ന ശീർഷകത്തിലുള്ള മാജിക് റിയലിസത്തിന്റെ മാസ്മരികത തുളുമ്പുന്ന കലാസൃഷ്ടിയിലാണ് മരിച്ചുപോയ നിരവധി പേർ  തിരിച്ചെത്തിയത്.

ലോകപ്രശസ്തമായ ഈ ചിത്രം റെനാറ്റോ ഗുട്ടൂസോയുടെ  മാസ്റ്റർപീസുകളിലൊന്നാണ്‌.  കമ്യൂണിസ്റ്റ് പാർടി ചരിത്രത്തിൽ നടത്തിയിട്ടുള്ള  പോരാട്ടങ്ങളുടെ ഓർമച്ചെപ്പാണ് ഈ ചിത്രകാവ്യം. ഇപ്പോൾ ഈ ചിത്രം ബൊലോനയിലെ മാംബോയിൽ സൂക്ഷിച്ചിരിക്കുന്നു.

റെനാറ്റോ ഗുട്ടൂസോ തന്റെ കാഴ്ചപ്പാടുകളെ രാഷ്ട്രീയ പ്രതിബദ്ധതയാർന്ന ചിത്രങ്ങളാക്കി വിവർത്തനം ചെയ്യുകയാണ് കലയിലൂടെ. ഈ കൃതിയിൽ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ അന്ത്യയാത്രയെ സാങ്കൽപ്പികമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്  ആവിഷ്കരിക്കുകയാണ് ചിത്രകാരൻ.

വാസ്തവത്തിൽ ടോഗ്ലിയാറ്റിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാത്ത  വ്യക്തികളിലേറെയും ചിത്രം രചിച്ച 1972ൽ ജീവിച്ചിരുന്നവരല്ല. പൾമിറോ മൈക്കിൾ നിക്കോളോ ടോഗ്ലിയാറ്റി നാല്പതു വർഷക്കാലം ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയെ നയിച്ച ആദരണീയനായ നേതാവായിരുന്നു. ഒന്നാം ലോക യുദ്ധത്തിൽ മുറിവേറ്റ

പൾമിറോ 
ടോഗ്ലിയാറ്റി

സൈനികനായിരുന്നു അദ്ദേഹം. മുസോളിനി  കൊന്നുതള്ളേണ്ടവരുടെ ലിസ്റ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു.

ഇറ്റാലിയൻ ജനത അദ്ദേഹത്തെ ഇറ്റലിയുടെ രാഷ്ട്രപിതാക്കളിൽ ഒരാളായാണ് കരുതിയത്. ടോഗ്ലിയാറ്റിയോടുള്ള സ്നേഹ ബഹുമാനങ്ങളാൽ ഇറ്റാലിയൻ ജനത അദ്ദേഹത്തിന് ഒരു ഇരട്ടപ്പേര് നൽകിയിരുന്നു.

ഏറ്റവും നന്മയുള്ളവൻ എന്നർഥം വരുന്ന 'ഇൽ മിഗ്ലിയോർ’ എന്നായിരുന്നു അത്. ലോക നേതാക്കളുമായി ഊഷ്മളമായ സൗഹൃദം പങ്കിട്ടിരുന്ന നേതാവായിരുന്ന ടോഗ്ലിയാറ്റിയെ ലോകം അളവറ്റാദരിച്ചിരുന്നു.

അദ്ദേഹത്തോടുള്ള ബഹുമാനാർഥം  സോവിയറ്റ് യൂണിയൻ അവിടെയുള്ള ഒരു  നഗരത്തിന് ടോഗ്ലിയാറ്റി എന്നു പേരു നൽകിയിരുന്നു. ടോഗ്ലിയാറ്റിയുടെ നേതൃത്വത്തിൽ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു ഇറ്റലിയിൽ പ്രവർത്തിച്ചിരുന്നത്. മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിന് അറുതി വരുത്തുന്നതിനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതിൽ പ്രധാനിയാണ് പൾമിറോ മൈക്കിൾ നിക്കോളോ ടോഗ്ലിയാറ്റിയെന്ന കമ്യൂണിസ്റ്റ് നേതാവ്.

അന്റോണിയോ
ഗ്രാംഷി
ലെനിൻ

1964ലാണ് ടോഗ്ലിയാറ്റി മരിക്കുന്നത്. അദ്ദേഹത്തിന്റെ  അന്ത്യയാത്രയാണ് റെനാറ്റോ ഗുട്ടൂസോയുടെ 'ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’  എന്ന ചിത്രത്തിനാധാരം.പുഷ്പാലംകൃതമായ ടോഗ്ലിയാറ്റിയുടെ മൃതദേഹം കിടത്തിയിരിക്കുന്നതിനു ചുറ്റും  നിറഞ്ഞുനിൽക്കുന്ന ജനാവലി. അവർക്കിടയിൽ  ഉയർന്നുനിൽക്കുന്ന അനേകം ചെങ്കൊടികൾ.

ചെങ്കൊടിയുടെ തണലിലാണ് അവരെല്ലാം നിൽക്കുന്നത്.  മുഷ്ടി ചുരുട്ടി ടോഗ്ലിയാറ്റിയെ വണങ്ങുന്ന ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി നേതാവും സൈദ്ധാന്തികനുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ ശവമഞ്ചത്തിനടുത്തു കാണാം.

ലോക കമ്യൂണിസ്റ്റ് നേതാവായിരുന്ന ലെനിൻ അവിടെയുണ്ട്. ടോഗ്ലിയാറ്റി മരിക്കുന്നതിന് നാല്പതുവർഷം മുൻപാണ് ലെനിൻ മരിച്ചത്. ഗ്രാംഷിയാകട്ടെ ഇരുപത്തി ഏഴ് വർഷം മുന്പ്‌ രക്തസാക്ഷിയായി.

45 വർഷം മുമ്പ് ജർമനിയിൽ കൊല ചെയ്യപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് റോസാ ലക്സംബർഗ് അവിടെ സന്നിഹിതയാണ്. ചിത്രകാരൻ ഗുട്ടൂസോയുടെ സാന്നിധ്യവും കാണാം. മരിച്ചുപോയവരും ജീവിച്ചിരുന്നവരുമായമഹാപ്രതിഭകളുടെ സംഗമവേദിയാണ് ഗുട്ടൂസോയുടെ ഈ ചിത്രം.

റോസാ
ലക്സംബർഗ് 
നെരൂദ

അന്തരിച്ച ടോഗ്ലിയാറ്റിയും ഈ ചടങ്ങിൽ പങ്കെടുക്കുന്നത് കാണികളെ ഒരേസമയം ചരിത്രത്തിന്റെ സ്ഫോടനാത്മകമായ ഭൂതകാലത്തിലേക്കും പോരാട്ടം നിലയ്ക്കാത്ത വർത്തമാനത്തിലേക്കും നയിക്കുന്നു.ഹോച്ചിമിൻ, സ്റ്റാലിൻ, ദിമിത്രോവ്, ബ്രഷ്നേവ്, അന്ന കുൾസ്സിയോഫ്, റിക്കാർഡോ ലോമ്പാർഡി, സാർത്ര്, പാസ്സോളിനി, ലോർക്ക, നെരൂദ, എലിയോ വിറ്റോറിനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും കവികളും ചലച്ചിത്രകാരൻമാരുൾപ്പെടെ അനേകം പ്രതിഭകൾ അവിടെയുണ്ട്.

ചരിത്രത്തെ മാത്രമല്ല സ്ഥലകാലങ്ങളെ അട്ടിമറിക്കുന്ന  ഭ്രമകല്പനകൾ നിറഞ്ഞ ഈ ചിത്രം മനുഷ്യരാശിക്കു വേണ്ടി പോരാടിയവരുടെ സംഗമസ്ഥലിയാണ്. ടോഗ്ലിയാറ്റിയുടെ അന്ത്യയാത്രയിൽ പങ്കെടുത്തവരിൽ മരിച്ചവരും അന്നു ജീവിച്ചിരിക്കുന്നവരുമുണ്ടായിരുന്നു. ടോഗ്ലിയാറ്റിയും ചിത്രകാരൻ ഗുട്ടൂസോയും ഒരുമിച്ചു നിന്ന്‌ മുസോളിനിയെയും ഫാസിസത്തെയും പ്രതിരോധിച്ച കമ്യൂണിസ്റ്റുകാരാണ്.

'ഹിറ്റ്ലറുടെ വിജയം നമ്മുടേതു കൂടിയാണ്’‐ 1933ൽ ഹിറ്റ്ലർ  ജർമനിയിൽ അധികാരമേറ്റതിനെ തുടർന്ന് ഫാസിസത്തിന്റെ ഉപജ്ഞാതാവും ഇറ്റലിയിലെ മനുഷ്യവേട്ടക്കാരനും ഏകാധിപതിയുമായ ബെനിറ്റോ അമിൽക്കരെ അന്ത്രിയ മുസ്സോളിനിയുടെ ഒരു പ്രസംഗത്തിലെ ഉന്മാദം നിറഞ്ഞ വാക്കുകളാണിത്. 1922 മുതൽ 1943 വരെയുള്ള  ഇരുപത്തിയൊന്നു വർഷങ്ങളിൽ മുസോളിനി ഇറ്റലിയിൽ നടത്തിയ ഫാസിസ്റ്റ് ഭരണത്തിൽ പതിനായിരക്കണക്കിന് മനുഷ്യജന്മങ്ങൾ പിടഞ്ഞൊടുങ്ങി.

ആൽബിന
ഗിപ്സൺ

 ഫാസിസത്തിന്റെ കരിനിഴലിൽ മുസോളിനി നടത്തിയ തേർവാഴ്ചയും നരവേട്ടയും  ജർമനിയിൽ അഡോൾഫ് ഹിറ്റ്ലറെയും നാസികളെയും ആഹ്ളാദഭരിതരാക്കിയിരുന്നു.

ഫാസിസ്റ്റ് വാഴ്ചയുടെ തുടക്കത്തിൽത്തന്നെ  മുസോളിനിക്കു നേരെ വധശ്രമങ്ങൾ നടന്നു. 1926ൽ ഫാസിസ്റ്റ് വിരുദ്ധയായ വയലറ്റ് ആൽബിന ഗിപ്സൺ എന്ന ഐറിഷ് യുവതി റോമിൽ  നടന്ന ഒരു പൊതുയോഗത്തിൽ വച്ച് മുസോളിനിക്കു നേരെ വെടിയുതിർത്തു. രക്ഷപ്പെട്ടെങ്കിലും മുസോളിനിയുടെ മൂക്കിന് സാരമായി മുറിവേറ്റു. വയലറ്റ് ആൽബിന ഗിപ്സണെ മാനസിക രോഗിയായി മുദ്രകുത്തുകയും മരണം വരെ ഭ്രാന്താശുപത്രിയിലടയ്ക്കുകയും ചെയ്തു.

1933നു ശേഷം ഹിറ്റ്ലറുടെ നിർദേശങ്ങൾ നിരന്തരം സ്വീകരിച്ചുകൊണ്ടായിരുന്നു മുസോളിനിയുടെ ഭരണം മുന്നേറിയത്. ക്രമേണ ഇറ്റലിയും ജർമനിയും കൊലക്കളങ്ങളായി മാറി. വംശീയ നിയമങ്ങൾ സൃഷ്ടിച്ചും പീഡനങ്ങളിൽ ഉന്മത്തനായും ഭരണം കയ്യാളിയിരുന്ന മുസോളിനി ഇറ്റലിയിലെ കലാസമൂഹത്തെയും തന്റെ ആജ്ഞാനുവർത്തികളാക്കി വരുതിയിൽ നിർത്തുന്നതിൽ വിജയിച്ചിരുന്നു.

കലയിലൂടെ മനുഷ്യവിരുദ്ധ ഫാസിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി  കലാകാര സംഘടനയായ നോവെസെന്റോ ഗ്രൂപ്പിനെയാണ് മുസോളിനി ആദ്യം കീഴ്പ്പെടുത്തിയത്. മുസോളിനിയുടെ പ്രീതി പിടിച്ചു പറ്റാൻ ഫാസിസ്റ്റ് ഭരണത്തിന്റെ അപദാനങ്ങൾ വാഴ്‌ത്തിക്കൊണ്ട് കലാസൃഷ്ടികളൊരുക്കാൻ കലാ

മുസോളിനിയും ഹിറ്റ്‌ലറും

കാരർ പരസ്പരം മത്സരിച്ചിരുന്ന ഇരുട്ടു നിറഞ്ഞ കാലത്തിലേക്ക് ഇറ്റാലിയൻ കലാസമൂഹം വഴുതി വീണിരുന്നു.

പ്രശസ്തരും അപ്രശസ്തരുമായ ചിത്രകാരന്മാരുടെയും ശില്പികളുടെയും നിരവധി പ്രദർശനങ്ങൾ മുസോളിനിയുടെ  നേരിട്ടുള്ള നിയന്ത്രണത്തിൽ ഇറ്റലിയിൽ സംഘടിപ്പിച്ചു.

1930 കളിൽ മിലാൻ, റോം തുടങ്ങിയ നഗരങ്ങളിൽ അന്റോനെല്ലോ നെഗ്രിയെ പോലുള്ള ക്യുറേറ്റർമാരെയാണ് പ്രദർശനം സംഘടിപ്പിക്കുന്നതിന്  മുസോളിനി ചുമതലപ്പെടുത്തിയിരുന്നത്.

അഡോൾഫോ വൈൽഡ്‌ എന്ന ശില്പി മുസോളിനിയുടെ പല ഭാവങ്ങളിലുള്ള നിരവധി ശില്പങ്ങൾ നിരന്തരം നിർമിച്ചുകൊണ്ടായിരുന്നു ഫാസിസ്റ്റ് ശക്തികളോടുള്ള തന്റെ കൂറ് തെളിയിച്ചത്.

മരിയോ സിറോണി, മരിയോ റാഡിസ്, ഓസ്വാൾഡോ ലിസിനി, ജോർജിയോ മൊറാൻഡി തുടങ്ങിയവരും ഫാസിസ്റ്റ് ആശയാവലികൾ കലയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരിൽ ചിലരായിരുന്നു.

മനുഷ്യവിരുദ്ധമായ ആശയങ്ങളെ കല നിരാകരിക്കുമെന്നുള്ള യാഥാർഥ്യം വെളിവാക്കുന്നതായിരുന്നു മേൽ സൂചിപ്പിച്ചവരുടെ സൃഷ്ടികൾ. ജർമനിയിൽ നാസികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആശയ  വൈകൃതങ്ങളുടെ പ്രാകൃതമായ  മാതൃകകളുടെ അനുബന്ധങ്ങളായിരുന്നു  ഇറ്റലിയിൽ നടന്ന കലാപ്രദർശനങ്ങൾ.

പ്രദർശനങ്ങൾ കാണാൻ ഇറ്റാലിയൻ ജനതയ്ക്കു മേൽ ഭരണകൂടം നിരന്തരം സമ്മർദ്ദം ചെലുത്തി. ഫാസിസ്റ്റ്  ആശയങ്ങളുടെ പ്രചാരവേലകൾ നിറഞ്ഞ ഒരു പ്രദർശനം 1932 മുതൽ 1934 വരെ റോമിലെ പലാസോ ഡെല്ലെ എസ്‌പോസിയോണിയിൽ നടന്നു. 1932 ഒക്ടോബർ 28ന് ബെനിറ്റോ മുസോളിനി ഉദ്ഘാടനം ചെയ്ത ഈ പ്രദർശനം രണ്ടുവർഷത്തോളം നീണ്ടുനിന്നു.

മുസോളിനിയുടെയും  കാമുകി
ക്ലാരിയുടെയും  മൃതദേഹങ്ങൾ

നരവേട്ടയും  നാടുകടത്തലും കൊടിയ പീഡനങ്ങളും അരങ്ങേറിയ നാളുകളിൽ സംഘടിപ്പിക്കപ്പെട്ട പ്രദർശനം  ഭയം മൂലം നാല് ദശലക്ഷം പേർ കാണുകയുണ്ടായി. ഫാസിസ്റ്റ് ഭരണകൂടം സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പ്രദർശനമായിരുന്നു ഇത്.

ഇത് പാഠമാക്കിയ ലോകമെമ്പാടുമുള്ള ഏകാധിപതികൾ  കലയെ പ്രതിലോമപരമായി ഉപയോഗിക്കാൻ പരിശീലിച്ചു. മുസോളിനിയെ അധികാരത്തിലേറ്റിയ ഫാസിസ്റ്റുകൾക്കുള്ള സമർപ്പണമായിരുന്നു ഈ പ്രദർശനം. 'പൂർവികരുടെ വീരസ്മരണകളിലൂടെ പുതിയ തലമുറയെ  ആവേശഭരിതരാക്കുന്ന  പ്രക്രിയ’ എന്നാണ് മുസോളിനി ഈ പ്രദർശനത്തെ വിശേഷിപ്പിച്ചത്. 1940 ലാണ് ഇറ്റലി രണ്ടാം ലോകയുദ്ധത്തിൽ പങ്കാളിയാകുന്നത്.

തുടർന്ന് ഹിറ്റ്ലർ ഹിരോഹിതോ സഖ്യത്തിൽ ചേർന്നതോടെ മുസോളിനി നിണദാഹിയായി മാറി. ജർമനി‐ ജപ്പാൻ‐ ഇറ്റലി അച്ചുതണ്ട് ലോകം മുഴുവൻ പിടിച്ചടക്കുമെന്ന വ്യാമോഹത്താൽ മുസോളിനി പുരോഗമനവാദികളേയും കമ്യൂണിസ്റ്റുകാരേയും ഇറ്റലിയിലുടനീളം കൊന്നൊടുക്കി. കമ്യൂണിസ്റ്റുകാരെ തേടിപ്പിടിച്ച് വകവരുത്തുന്നത് ഇറ്റലിയിൽ നിത്യേനയെന്നോണം അരങ്ങേറി.

എതിർ ശബ്ദമുയർത്തിയവരുടെ ശ്വാസം നിലച്ചുകൊണ്ടിരുന്ന ശ്മശാന ഭൂമിയായി മാറി ഇറ്റലി.  സൈദ്ധാന്തികനും ബുദ്ധിജീവിയും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയുടെ നേതാവുമായിരുന്ന അൻ്റോണിയോ  ഗ്രാംഷിയെ  ഇറ്റലിയിലെ തടവറകളിലിട്ട്  ഇഞ്ചിഞ്ചായി  മുസോളിനി കൊലപ്പെടുത്തി. ഇറ്റാലിയൻ ജനതയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ പിന്തുണച്ചുകൊണ്ട് ഇറ്റലിയിലും ലോകത്തിൻ്റെ വിവിധ കോണുകളിലും കലാവിഷ്കാരങ്ങൾ നടന്നിരുന്നു.

ഇറ്റലിയിൽ ഇരമ്പിയുയർന്ന ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റങ്ങളിൽ ഫാസിസ്റ്റ് ചിഹ്നങ്ങളും മുസോളിനിയുടെ ചിത്രങ്ങളും  ശില്പങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. മുസോളിനിയെ കലയിലൂടെ പ്രകീർത്തിച്ച കലാകാരർ തന്നെ ഫാസിസത്തിനെതിരെ തിരിഞ്ഞു. അവരും മുസോളിനിക്കെതിരെ പോരാടാൻ തയ്യാറായി.

പ്രക്ഷോഭങ്ങളുടെ അലകളിൽ ആടിയുലഞ്ഞ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണം നിലം പതിച്ചതിനു ശേഷം 1945 ഏപ്രിൽ 28 ന് ഇരുട്ടിന്റെ മറവിൽ ഇറ്റലിയിൽനിന്ന് ഒളിച്ചോടിയ മുസോളിനിയേയും കാമുകിയായ ക്ലാരിയേയും കൂട്ടാളികളെയും ഡോങ്കോ പ്രദേശത്തു വെച്ച് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ജനങ്ങൾ വളഞ്ഞു. ജനങ്ങളുടെ കല്ലേറിൽ ശരീരമാസകലം മുറിവേറ്റ മുസോളിനിക്കും ക്ലാരയ്ക്കും നേരെ വാൾട്ടർ ഓടീസിയോ എന്ന കമ്യൂണിസ്റ്റുകാരൻ നിറയൊഴിച്ചു. 

വാൾട്ടർ ഒഡീസ്സിയോ

ഇരുവരുടെയും മൃതദേഹങ്ങൾ വികൃതമാക്കി മിലാനിലെ തെരുവിലെ അറവുശാലയ്ക്കു സമീപം തലകീഴായി കെട്ടിത്തൂക്കിക്കൊണ്ട്‌ ജനങ്ങൾ  ആഹ്ളാദ നൃത്തം ചവിട്ടി. ഇവരുടെ കൂട്ടാളികളെയും വകവരുത്തിയ ജനക്കൂട്ടം അവരുടെ ശവശരീരങ്ങളും അവിടെത്തന്നെ കെട്ടിത്തൂക്കി.

കൊന്നിട്ടും പക തീരാത്ത ഇറ്റലിയിലെ ജനങ്ങൾ മൃതദേഹങ്ങൾക്കു നേരെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. നരാധമൻമാരായ ഫാസിസ്റ്റുകൾക്കുള്ള ശിക്ഷകൾ ചരിത്രം ഇങ്ങനെയൊക്കെയാണ് കരുതിവെക്കുക.

രണ്ടു നാൾ കഴിഞ്ഞ് ഏപ്രിൽ 30 ന് മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ ചെമ്പട ബെർലിനിലേക്ക് ഇരച്ചു കയറിയപ്പോൾ ഭാര്യ ഇവ ബ്രൗണിന് സൈനെയ്‌ഡ്‌ ഗുളികകൾ നൽകിയതിനു ശേഷം കിരാതനായ ഹിറ്റ്ലർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. വിശ്വസ്തനായ ജോസഫ് ഗീബൽസിനെ ജർമനിയുടെ ചാൻസിലറായി നിയമിച്ചതിനു ശേഷമായിരുന്നു ഹിറ്റ്ലറുടെ  ആത്മഹത്യ.

ഒരു ദിവസം മാത്രം ജർമനിയുടെ ചാൻസിലറായിരുന്ന ഗീബൽസ്‌  ഭാര്യ മഗ്‌ദക്കും ആറു മക്കൾക്കും സൈനെയ്‌ഡ്‌ നൽകി കൊലപ്പെടുത്തിയതിനു ശേഷം മെയ് ഒന്നിന് ആത്മഹത്യ ചെയ്തു. മനുഷ്യജീവനു വില കൽപ്പിക്കാതെ അധികാരാർത്തിയിൽ അഴിഞ്ഞാടിയ ഏകാധിപതികൾക്ക്‌  കാലം കരുതിവെച്ചിരുന്നത് ഭയാനകമായ വേട്ടയാടലുകൾ നിറഞ്ഞ അന്ത്യങ്ങളായിരുന്നു.

ഇറ്റലിയുടെ സമ്പദ്‌വ്യവസ്ഥയും സാംസ്കാരിക മൂല്യങ്ങളും സാമൂഹ്യ ജീവിതവും മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ തകർന്നടിഞ്ഞു. ഇറ്റലിയുടെ മോചനത്തിനു വേണ്ടി ജനങ്ങളോടൊപ്പം നിന്ന്‌ പൊരുതിയ കലാകാരൻമാരായിരുന്നു റെനാറ്റോ ഗുട്ടൂസോ, എമിലിയോ വെഡോവ, അലിഗി സാസു, എനിയോ മൊർലോട്ടി, റെനാറ്റോ ബിറോളി, മിനോ മക്കാരി തുടങ്ങിയവർ. ഇവരിൽ പ്രധാനിയായിരുന്നു റെനാറ്റോ ഗുട്ടൂസോ. ഇറ്റലിയിലെ  ആദരണീയരായ ചിത്രകാരന്മാരിൽ ഒരാളാണ് ഗുട്ടൂസോ.  

ഒന്നാം ലോകയുദ്ധ കാലത്തായിരുന്നു റെനാറ്റോ ഗുട്ടൂസോയുടെ ബാല്യം. 1911 ൽ  ഇറ്റലിയിലെ സിസിലിയിലെ ബഗേരിയയിലാണ് ഗുട്ടൂസോ ജനിച്ചത്.  ഒന്നാം ലോകയുദ്ധം ആരംഭിക്കുമ്പോൾ ഗുട്ടൂസോയുടെ പ്രായം മൂന്നു വയസ്സാണ്. യുദ്ധം അവസാനിക്കുമ്പോൾ എട്ടു വയസ്സും. വെടിയൊച്ചകളും ബോംബ്‌ വർഷങ്ങളും യുദ്ധസന്ദർഭങ്ങളിലെ ഭീതിദമായ കാഴ്ചകളും  ബാലനായ ഗുട്ടൂസോയുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു.

 ഇറ്റലിയിലെ പ്രശസ്തനായ ശിൽപി ഉംബർട്ടോ ബോക്കിയോണിയും വാസ്തുശില്പിയായ അന്റോണിയോ സാന്റു എലിയയും യുദ്ധത്തിൽ മരിച്ചതിന്റെ ഓർമകളും ഗുട്ടൂസോയുടെ മനസ്സിൽ നീറി നിന്നു. ചിത്രകാരനായിരുന്ന പിതാവ് ജിവായ്ച്ചിനോ ഗുട്ടൂസോയിൽ നിന്നാണ് റെനാറ്റോ ഗുട്ടൂസോ ചിത്രകലയുടെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. പതിമൂന്നു വയസ്സായപ്പോൾ പർവതങ്ങൾ നിറഞ്ഞ നിരവധി ലാൻഡ്‌സ്‌കേപ്പുകൾ ഗുട്ടൂസോ പൂർത്തിയാക്കി.

പർവതങ്ങളും നദികളും  ഒലിവ് മരങ്ങളും ഓറഞ്ച്  വൃക്ഷങ്ങളും കാർഷിക വിഭവങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാല ചിത്രങ്ങൾ. പർവതങ്ങളുടെ ചിത്രകാരൻ എന്ന പേര് ബാല്യത്തിൽത്തന്നെ ഗുട്ടൂസോ സമ്പാദിച്ചിരുന്നു. കർഷക സമൂഹത്തോട് ചാഞ്ഞുനിൽക്കുന്ന മനസ്സാണ് ഗുട്ടൂസോയുടെ ബാല്യകാല ചിത്രങ്ങളിൽ പ്രകടമാകുന്നതെന്ന്  കലാചരിത്രകാരന്മാർ വിലയിരുത്തുന്നുണ്ട്.

പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ പിപ്പോ റിസോയുടെ സ്റ്റുഡിയോയിൽ കലാപരിശീലനം നേടിയ  ഗുട്ടൂസോ 1930 ൽ റോമിലേയ്ക്ക് പോയി. പ്രായപൂർത്തിയായ പൗരന്മാർക്ക് പട്ടാളസേവനം ഇറ്റലിയിൽ നിർബന്ധമായിരുന്നു.

രണ്ടാം ലോകയുദ്ധം ആരംഭിക്കുന്നതിന് നാലുവർഷം മുമ്പ് 1935ൽ അദ്ദേഹം  പട്ടാളത്തിൽ ചേർന്നു. യുവാവായിരുന്ന ഗുട്ടൂസോയുടെ പ്രായം 24 വയസ്സായിരുന്നു. മിലാനിലായിരുന്നു അദ്ദേഹത്തിന്റെ പട്ടാളജീവിതം.

അവിടെ  കലാകാരന്മാരായ ലൂസിയോ ഫോണ്ടാന,  റെനാറ്റോ ബിറോളി, അലിഗി സാസു, ജിയാകോമോ മാൻസോ എന്നിവരുമായും ബുദ്ധിജീവികളായ സാൽവത്തോർ ക്വാസിമോഡോ, റഫേൽ ഡി ഗ്രാഡ, എലിയോ വിറ്റോറിനി,

‘ദി ഓക്യുപ്പേഷൻ’

അന്റോണിയോ ബാൻഫി, റഫേലെ കാരിയേരി, എഡോർഡോ പെർസിക്കോ എന്നിവരുമായും സൗഹൃദത്തിലായി. ഡി കൊറെന്റെ എന്ന  സാംസ്കാരിക കൂട്ടായ്മയിലെ അംഗമായിരുന്ന അദ്ദേഹം രാഷ്ട്രീയ സാംസ്കാരികാനുഭവങ്ങളും സൗഹൃദങ്ങളും ഉണ്ടായിരുന്നിട്ടും അക്കാലത്ത് കടുത്ത വിഷാദരോഗത്തിനടിപ്പെട്ടിരുന്നു.

യുദ്ധ മുന്നണിയിൽ ദൈനംദിനം നടന്നിരുന്ന ഹിംസാത്മകതയുടെ ദൃശ്യങ്ങൾ ഗുട്ടൂസോയെ രോഷാകുലനാക്കി. സൈനിക സേവനത്തിനായി യുദ്ധമുന്നണിയിൽ ചേർന്ന ഗുട്ടൂസോ യുദ്ധവിരുദ്ധനായിട്ടാണ് തിരിച്ചുവന്നത്. അർജന്റീനയിൽ നിന്ന് ഇറ്റലിയിലേക്ക് വന്ന പ്രശസ്തനായ കലാകാരനായിരുന്നു ഗുട്ടൂസോയുടെ  സൗഹൃദവൃന്ദത്തിൽ ഉണ്ടായിരുന്ന ലൂസിയോ ഫോണ്ടാന. അദ്ദേഹവുമായുള്ള അടുപ്പം തന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി ഗുട്ടൂസോ പിന്നീട് ഓർത്തെടുക്കുന്നുണ്ട്.

 സ്പെഷ്യലിസ്റ്റ് ആവിഷ്കാര ധാരണകളെ ഗുട്ടൂസോ മനസ്സിലാക്കുന്നത്‌ ലൂസിയോ ഫോണ്ടാനോയിൽ നിന്നായിരുന്നു. വൈവിധ്യമാർന്ന മാധ്യമങ്ങളായ ശബ്ദവും ദൃശ്യവും നിറങ്ങളും നിറഞ്ഞ അമൂർത്ത കലാപ്രയോഗങ്ങളുടെ ചിന്താധാരയാണ്  സ്പെഷ്യലിസം.

അസമത്വങ്ങളും ഫാസിസ്റ്റു വാഴ്ചയും  അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർടിക്ക് കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിൽ രൂഢമൂലമായിരുന്നു. ഏണസ്റ്റോ ട്രെക്കാനി എന്ന കലാകാരന്റെ ആശയത്തിൽ 1938 ൽ മിലാനിൽ സ്ഥാപിതമായ പ്രസിദ്ധീകരണമാണ് കോറന്റെ ഡി വിറ്റാ ജിയോവാനിലെ. ഗുട്ടൂസോ  അതിന്റെ പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു. 

ഈ പ്രസിദ്ധീകരണത്തിൽ നടന്ന സംവാദങ്ങളെത്തുടർന്നു രൂപം കൊണ്ട കലാപ്രസ്ഥാനമായ കോറന്റെയുടെ പ്രധാന വക്താവായിരുന്നു  ഗുട്ടൂസോ. ഫാസിസ്റ്റ് ചേരിയിലെ കലാസംഘടനയായ നോവെസെന്റോയെ നിരന്തരം എതിർക്കുകയും അതിൽ പ്രവർത്തിച്ചിരുന്ന കലാകാരരിൽ പലരെയും ആശയസംവാദങ്ങളിലൂടെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നതിൽ  ഗുട്ടൂസോ പ്രധാന പങ്ക്‌ നിർവഹിച്ചു.

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശക്തിയിൽ നിന്ന്  മോചിപ്പിച്ച ക ലയുടെ മനുഷ്യപക്ഷ ആശയങ്ങളുമായി ഇറ്റാലിയൻ ജനതയെ കണ്ണി ചേർക്കുക എന്നതായിരുന്നു ഗുട്ടൂസോയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാൽ മുസോളിനി മാസിക കണ്ടുകെട്ടുകയും കോറന്റെയെ നിരോധിക്കുകയും ചെയ്തു. 1940ൽ ഗുട്ടൂസോ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി.

അദ്ദേഹം തൊഴിലാളികളോടും കർഷകരോടുമൊപ്പം സമരങ്ങളിൽ പങ്കാളിയാവുകയും പ്രക്ഷോഭങ്ങളുടെ ആശയങ്ങൾ കലയിലൂടെ നിരന്തരം ആവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബാല്യകാല രചനകളിൽ നിറഞ്ഞു നിന്ന പ്രകൃതിയോടും കർഷകരോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹവായ്പുകൾ പിൽക്കാല രചനകളിലും തുടർന്നു. 

ലോര്‍ക

മണ്ണും മനുഷ്യനും അവരുടെ അധ്വാനവും തുടിച്ചുനിൽക്കുന്ന അനവധി ചിത്രങ്ങൾ അദ്ദേഹം രചിച്ചു. അക്കാലത്ത് ഫാസിസത്തെ നേരിടാനുള്ള ആയുധമായിരുന്നു അദ്ദേഹത്തിന്‌ ചിത്രകല. ഫാസിസത്തിനെതിരെയുള്ള ചെറിയ ജാഥകൾ മുതൽ ജനസാഗരങ്ങൾ ഇരമ്പിയെത്തിയ പോരാട്ടങ്ങൾ വരെ അദ്ദേഹത്തിന്റെ പ്രധാന പ്രമേയങ്ങളായിരുന്നു. മുസോളിനിയുടെ നേതൃത്വത്തിൽ നടന്ന ശിരച്ഛേദങ്ങളും കൊടിയ പീഡനങ്ങളും നരവേട്ടകളും ഗുട്ടൂസോയുടെ  രചനകളിൽ ആവിഷ്കരിക്കപ്പെട്ടു.

ഇറ്റലിക്ക് പുറത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഏകാധിപതികളുടെ ഭരണത്തിൻ കീഴിൽ നടന്ന കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും അദ്ദേഹം തന്റെ ചിത്രങ്ങളിൽ ആവിഷ്കരിച്ചു. സ്പാനിഷ് സ്വേച്ഛാധിപതി ഫ്രാങ്കോയുടെ ഭരണകൂടം കൊല ചെയ്ത മഹാനായ കവി ലോര്‍കയുടെ രക്തസാക്ഷിത്വവും അദ്ദേഹം തന്റെ കൃതിയിലൂടെ ആവിഷ്കരിച്ചു.

ഗ്രാംഷിയൻ ചിന്തകൾ ആഴത്തിൽ ആവേശിച്ച  ചിത്രകാരനായിരുന്നു ഗുട്ടൂസോ. ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളെ  കലയിലൂടെ അവതരിപ്പിച്ച കലാകാരന്മാരെയും കമ്യൂണിസ്റ്റുകളെയും മുസോളിനി വേട്ടയാടാൻ തുടങ്ങിയതിനെത്തുടർന്ന്‌ ഗുട്ടൂസോയ്ക്ക്‌ പാരീസിലേക്ക് നാടു വിടേണ്ടി വന്നു. പാരീസിൽ വെച്ചാണ് അദ്ദേഹം പ്രശസ്ത സ്പാനിഷ് ചിത്രകാരൻ പാബ്ലോ പിക്കാസോയെ കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും.

പിക്കാസോ

കമ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു പിക്കാസോയും. പിക്കാസോ കമ്യൂണിസ്റ്റ് പാർടിയുടെ അനിവാര്യതയെക്കുറിച്ച്  ഗുട്ടൂസോയോട് നിരന്തരം സംസാരിച്ചിരുന്നു. പിക്കാസോയുമായുള്ള ചങ്ങാത്തമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരവധി തവണ ആവർത്തിച്ചു വായിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗുട്ടൂസോ അനുസ്മരിക്കുന്നുണ്ട്. സമാനചിന്താഗതിക്കാരായിരുന്നതിനാൽ ഇരുവരുടെയും സൗഹൃദം ദൃഢതയുള്ളതായി വളർന്നു.

ഫാസിസ്റ്റ് വിരുദ്ധ കലയുടെ ഉത്തമോദാഹരണമാണ് പിക്കാസോയുടെ ഗോർണിക്ക. ഗോർണിക്ക എന്ന ചിത്രം ഗുട്ടൂസോയുടെ കലാപ്രയോഗ രീതികളെ മാറ്റിമറിച്ചു. ഗോർണിക്ക രചിച്ച 1937ൽ തന്നെ  കലാചരിത്രകാരനും നിരൂപകനുമായ സുഹൃത്ത് സിസേർ ബ്രാണ്ടി ന്യൂയോർക്കിൽ നിന്ന് ഒരു പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള ഗോർണിക്കയുടെ പ്രിന്റ് ഗുട്ടൂസോക്ക്‌ റോമിലേക്ക് അയച്ചു കൊടുത്തിരുന്നു.

അന്നു മുതൽ ഗോർണിക്ക തന്റെ പേഴ് സിൽ എക്കാലവും അദ്ദേഹം സൂക്ഷിച്ചിരുന്നു. അത്രമേൽ ആരാധന ഗുട്ടൂസോയ്ക്ക്‌  ഗോർണിക്ക എന്ന ചിത്രത്തോടുണ്ടായിരുന്നു. ഫാസിസവും നാസി അധിനിവേശവും ലോകമാകെ വ്യാപിച്ച ജനാധിപത്യ നിരാകരണത്തിന്റെയും ശീതയുദ്ധത്തിന്റെയും കാലഘട്ടം വരെയുള്ള ഇറ്റാലിയൻ ഭീകരത നടമാടിയ മധ്യ നൂറ്റാണ്ടിലെ അക്രമങ്ങളെയും കലയിലൂടെ പ്രതിരോധി ക്കാനുള്ള ഭാഷ ഗുട്ടൂസോ ഗോർണിക്കയിൽ കണ്ടെത്തി.

ക്യൂബിസത്തിലൂടെയും സർറിയലിസത്തിലൂടെയും പിക്കാസോ വികസിപ്പിച്ചെടുത്ത ഭാഷയെ സ്വാംശീകരിച്ചുകൊണ്ടാണ്  രാഷ്ട്രീയ ഇടപെടലിനു ശേഷിയുള്ള  ഗുട്ടൂസോയുടെ സ്വതന്ത്ര ശൈലിയിലുള്ള  ചിത്രഭാഷ രൂപപ്പെട്ടത്.  

റെനാറ്റോ
ഗുട്ടൂസോ

അന്റോണിയോ ഗ്രാംഷിയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും കമ്യൂണിസ്റ്റ് പാർടിയിലെ പ്രവർത്തനവും പ്രത്യശാസ്ത്രബോധവും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ അനുഭവങ്ങളും ലയിച്ചു ചേർന്നതാണ് ഗുട്ടൂസോയുടെ കലാലോകം. പ്രതിരോധത്തിന്റെ  മൂർച്ചയുള്ള ഭാഷയിലൂടെയാണ് തന്റെ കലാസൃഷ്ടികളെ അദ്ദേഹം സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്‌.

പ്രക്ഷുബ്ധമായ രാഷ്ട്രീയ സന്ദർഭങ്ങളെയും പ്രഹേളികകൾ നിറഞ്ഞ ചരിത്രത്തെയും ആവിഷ്കരിക്കുന്നതിനുള്ള മതിയായ ചിത്രഭാഷയുടെ അഭാവം നില നിന്നിരുന്ന ഇറ്റലിയിൽ അത്‌ പരിഹരിക്കപ്പെട്ടത് എക്സ്പ്രഷനിസവും ക്യൂബിസവും ലയിച്ചുചേർന്ന ഗുട്ടൂസോയുടെ നിയോ റിയലിസ്റ്റിക് ശൈലിയിലൂടെയാണ്.

1965 മുതൽ അദ്ദേഹം റോമിൽ പലാസോ ഡെൽ ഗ്രില്ലോയിലെ  സ്റ്റുഡിയോയിൽ തന്റെ ചിത്രകലാ സപര്യ തുടർന്നു. രാഷ്ട്രീയ ജീവിതം അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചില്ല. കമ്യൂണിസ്റ്റ് പാർടിയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം മരണം വരെ തുടർന്നു. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയായ പിസിഐയിലെ സെനറ്റർ എന്ന നിലയിൽ വരെ അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ജയിൽവാസവും പീഡനങ്ങളും സഹിച്ചുകൊണ്ട്‌ വേട്ടയാടലുകളേയും നിരന്തരമായ പലായനങ്ങളെയും അതിജീവിച്ച ഗുട്ടൂസോ ഫാസിസത്തിനെതിരെ സമാനതകളില്ലാത്ത സമരങ്ങളിൽ നിലയുറപ്പിച്ച് പൊരുതിയ കലാകാരനാണ്.

ഗുട്ടൂസോ അനുഭവിച്ച യാതനകളുടെയും പീഡനത്തിനിരയായ ഇറ്റാലിയൻ ജനതയുടെ വേദനാജനകമായ അനുഭവങ്ങളുമാണ് കുരിശുമരണം എന്ന ചിത്രത്തിലൂടെ പ്രതീകാത്മകമായി അദ്ദേഹം അനാവരണം ചെയ്യുന്നത്. 

 

‘ക്രൂസിഫിക്കേഷൻ’ റെനാറ്റോ ഗുട്ടൂസോയുടെ  
പെയിന്റിങ്‌

ഫാസിസ്റ്റ് ഭരണം ഇറ്റലിയെ പൂർണമായും ഇരുട്ടിലാഴ്‌ത്തിയ 1941ലാണ് ക്രൂസിഫിക്കേഷൻ എന്ന രചന അദ്ദേഹം പൂർത്തിയാക്കുന്നത്. അദ്ദേഹത്തിന്റെ മികച്ച കൃതികളിൽ ഒന്നായി ഈ രചനയെ കലാ ചരിത്രകാരന്മാർ കണക്കാക്കുന്നു.

ഈ കൃതിയുടെ രചനയിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആർട്ട് കളക്ടർമാരും ഉപദേശിച്ചിരുന്നു. ഈ ചിത്ര നിർമിതിയെത്തുടർന്ന് വത്തിക്കാൻ ഗുട്ടൂസോയെ വിശേഷിപ്പിച്ചത്  'ചെകുത്താന്റെ ചിത്രകാരൻ’  എന്നായിരുന്നു.

ഈ ചിത്രം വാങ്ങുന്നതിൽ നിന്ന് ആർട്ട് കളക്ടർമാർ പോലും പിന്മാറി. ചിത്രത്തിനു നേരെ വിവാദങ്ങളുടെ കൊടുങ്കാറ്റ്‌ വീശിയിട്ടും  ഗുട്ടൂസോ കുലുങ്ങിയില്ല. 'ഇറ്റലിയുടെ വർത്തമാനകാല ചരിത്രത്തെക്കുറിച്ചുള്ള എന്റെ ബോധ്യങ്ങളാണ് ഈ ചിത്രം’ എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഇറ്റാലിയൻ ജനത ഏറ്റുവാങ്ങിക്കൊണ്ടിരുന്ന പീഡനങ്ങളെ ക്രിസ്തുവിന്റെ കുരിശു മരണത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഈ കൃതി.

ബന്ധനസ്ഥനാക്കി കുരിശിൽ തറച്ചു കൊല ചെയ്യപ്പെട്ട ക്രിസ്തുവിന്റെ രൂപമാണ് ഈ ചിത്രത്തിലെ കേന്ദ്ര ബിംബം. കറുത്ത കുരിശിലാണ് ചുവന്ന രൂപത്തിലുള്ള ക്രിസ്തുവിന്റെ നഗ്നമായ മൃതദേഹം.

ക്രിസ്തുവിന്റെ വരിഞ്ഞുമുറുക്കി ബന്ധിച്ച കൈകാലുകൾ കാണികൾക്കു നേരെ തുറിച്ചുനിൽക്കുന്നു.  കുരിശുകളിൽ ആണിയടിച്ചു കൊല ചെയ്യപ്പെട്ട നിരവധി ഇറ്റാലിയൻ പോരാളികളുടെ നഗ്നമായ രൂപങ്ങളും ഈ ചിത്രത്തിൽ കാണാം.

വാവിട്ട് കരയുന്ന മഗ്ദലന മറിയവും മറ്റൊരു സ്ത്രീയും വിവസ്ത്രരാണ്. നീല വസ്ത്രം ധരിച്ച മറ്റൊരു സ്ത്രീ മുഖം പൊത്തിക്കൊണ്ട്‌ നിലവിളിക്കുന്നു. ക്രിസ്തു ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ ഘാതകർ ആയുധങ്ങളുമേന്തി ചുറ്റും നിലയുറപ്പിച്ചിരിക്കുന്നു.

‘ദി മാർക്കറ്റ്’

നിലവിളിക്കുന്ന കുതിരകൾ. വിറളി പൂണ്ട കുതിരകളിലൊന്നു തന്റെ പുറത്തുനിന്ന് ഒറ്റുകാരനായ ഒരു കൊലയാളിയെ കുതറി തെറിപ്പിച്ചതിനു ശേഷം ആകാശത്തേക്ക് കഴുത്തുനീട്ടി തല ഉയർത്തി നിൽക്കുന്നു.

ചുവന്ന തിരുവസ്ത്രം കുതിരയുടെ മേൽ വീണു കിടക്കുന്നു. ഒറ്റുകാരനായ കൊലയാളി കയ്യിൽ നിറയെ വെള്ളിക്കാശുകൾ നീട്ടിപ്പിടിച്ചിരിക്കുന്നു. ക്രിസ്തുവിനെ തറച്ച കറുത്ത കുരിശിനു സമീപത്തായി ഒരു പീഠത്തിൽ മദ്യക്കുപ്പികളും ആണികളും ആയുധങ്ങളും കാസയിൽ കീറി വീണ തിരുവസ്ത്രത്തിന്റെ ബാക്കിയും കാണാം.

പശ്ചാത്തലത്തിൽ അംബര ചുംബികളായ കെട്ടിടങ്ങൾ. വൈവിധ്യമാർന്ന നിറങ്ങളിൽ സമചതുരാകൃതിയിൽ രചിച്ചിരിക്കുന്ന ഈ കൃതി ഇറ്റലിയിലെയും ജർമനിയിലെയും ഫാസിസ്റ്റ് കോൺസെൻട്രേഷൻ ക്യാമ്പുകളുടെ തനിപ്പകർപ്പ് തന്നെയാണ്. 

ഷൂട്ടിങ്‌ ഇൻ ദി കൺട്രി സൈഡ്
(ലോർക്കയുടെ മരണം)

വെള്ളകീറിത്തുടങ്ങിയ നീലാകാശത്തിന്റെ വിദൂരദൃശ്യം ചിത്രകാരനിൽ തുടിക്കുന്ന പ്രത്യാശയുടെ വെള്ളിരേഖയാണ്. ക്യൂബിസവും എക്സ്പ്രഷനിസവും സമന്വയിച്ച ഈ ഭ്രമാത്മക ചിത്രം ഫാസിസ്റ്റുകളെ അക്ഷരാർഥത്തിൽ ഭ്രാന്തു പിടിപ്പിച്ചു.

നിരീശ്വരവാദിയെന്നും നിഷേധിയെന്നും മതവിദ്വേഷിയെന്നുമുള്ള സഭയുടെയും ഭരണകൂടത്തിന്റെയും ശകാരവർഷങ്ങൾ നേരിട്ട ഗുട്ടൂസോയെ ഈ സൃഷ്ടിയുടെ പേരിൽ ഫാസിസ്റ്റുകൾ വേട്ടയാടിയതിനെത്തുടർന്നാണ് അദ്ദേഹം ഇറ്റലിയിൽ നിന്നു പലായനം ചെയ്തത്.

'ഇന്നത്തെ ദുരന്തങ്ങളാണ് എന്റെ ചിത്രത്തിൽ. ഭയാനകമായ യുദ്ധമാണിവിടെ  നടക്കുന്നത്. പ്രകോപനങ്ങളും, നിറയുന്ന തടവറകളും, കൊടിയ പീഡനങ്ങളും, തൂക്കുമരങ്ങളിൽ തൂങ്ങിയാടുന്ന ജഡങ്ങളും, ശിരഛേദങ്ങളും നിത്യേന ഞാൻ കാണുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും  നിലയ്ക്കാത്ത നിലവിളികളാണ് ഞാൻ നിരന്തരം കേൾക്കുന്നത്‌. 

പേടിസ്വപ്നങ്ങളുടെ ദിനരാത്രങ്ങൾ നിറഞ്ഞ, ഉറക്കം നഷ്ടപ്പെട്ട ഇറ്റലിയെയാണ്  ക്രിസ്തുവിന്റെ വേദനയിലൂടെ ഞാൻ ചിത്രീകരിച്ചത്. ഇങ്ങനെയല്ലാതെ വേറൊരു രീതിയിൽ അതു സാധ്യമല്ല. എല്ലാവർക്കും സ്വീകാര്യമായ ആശയങ്ങൾ നിറഞ്ഞ കല സൃഷ്ടിക്കുക അസാധ്യമാണ്. അസഹിഷ്ണുതയുള്ളവർ സഹിക്കുക മാത്രമാണ് പോംവഴി’‐ ഗുട്ടൂസോ ഡയറിയിൽ കുറിച്ചു.

പെസൻ്റ്സ് അറ്റ് വർക്ക്‌, ദി വിക്കൂറിയ, ഫ്ലൈറ്റ് ഫ്രം എറ്റ്ന, ഷൂട്ടിംഗ് ഇൻ ദി കൺട്രി സൈഡ്, ദി മാർക്കറ്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. ഇറ്റാലിയൻ ജനതയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് മനോഹരമായ വർണങ്ങളിൽ സൃഷ്ടിച്ച ദി മാർക്കറ്റ് എന്ന ചിത്രം.

ഗുട്ടൂസോയുടെ ഓരോ ചിത്രങ്ങളും വിശദമായ പ്രതിപാദനത്തിനുള്ള സാധ്യതകൾ നിറഞ്ഞതാണ്. ലെനിൻ പുരസ്കാരം, വാഴ്‌സോ അവാർഡ് തുടങ്ങി നൂറുകണക്കിന് അന്തർദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

പെസ്സൻ്റ്സ് അറ്റ് വർക്ക്‌’

വെനീസ്‌  ബിനാലയിൽ അദ്ദേഹം ആറു തവണ പങ്കെടുത്തു. ലോകോത്തരങ്ങളായ മ്യൂസിയങ്ങളിലും ഗാലറികളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.
'പൗരാണിക സങ്കല്പങ്ങളായാലും നിയോക്ലാസിക്കലായാലും ആധ്യാത്മികമായാലും ബൗദ്ധിക ബോധ്യമുള്ളതായാലും സർവതിനെയും മുൻധാരണകളിൽ നിന്നു വിമുക്തമാക്കിക്കൊണ്ട്‌ പൂർണമായ ആത്മാർഥതയോടെയും ആത്മതൃപ്തിയോടെയും യാഥാർഥ്യ ബോധത്തോടെ കലയിലൂടെ സമൂഹത്തിനു മുന്നിൽ സമർപ്പിക്കുക എന്നതാണ് നമ്മുടെ പ്രധാന കടമ.

സാമൂഹ്യമായ പ്രതിബദ്ധതയെ കൈവിടാതെ കലയെ സമീപിക്കുമ്പോൾത്തന്നെ രാഷ്ട്രീയമായ ധാർമികത ഹൃദയത്തിൽ സൂക്ഷിച്ചിരിക്കണം’  ഗുട്ടൂസോ ഒരു കുറിപ്പിൽ വിശദമാക്കി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉൾക്കാമ്പറിഞ്ഞ  റെനാറ്റോ ഗുട്ടൂസോയുടെ രചനകൾ പോരാട്ടങ്ങൾ നടക്കുന്ന രാജ്യങ്ങളിലെ കലാകാരന്മാർക്കു മുന്നിൽ മുൻകൂറായി അവതരിപ്പിച്ച പ്രകടന പത്രികകളാണ്.  പോരാളിയായ കലാകാരൻ റെനാറ്റോ ഗുട്ടൂസോ 1987 ജനുവരി 18 ന് എഴുപത്തിയഞ്ചാം വയസ്സിൽ ശ്വാസകോശാർബുദം മൂലം റോമിൽ അന്തരിച്ചു.

 

ദേശാഭിമാനി വാരികയിൽ നിന്ന്    

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top