19 September Thursday

സീൻ മാറും ; മങ്ങുന്ന ‘താര’ യാഥാർഥ്യങ്ങൾ

ദിനേശ്‌ വർമUpdated: Monday Aug 19, 2024


തിരുവനന്തപുരം
സിനിമാമേഖലയിലെ ചൂഷണങ്ങൾക്ക്‌ വിരാമമിടാനുള്ള വഴി തുറന്നിരിക്കുകയാണ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. അനാവശ്യ വിവാദത്തിന്‌ നിൽക്കാതെ  സിനിമാമേഖലയെ നവീകരിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. സിനിമ കോൺക്ലേവ്‌ അടക്കമുള്ള അനന്തര നടപടികൾ ഇതിന്റെ ഭാഗമാണ്‌. സിനിമാരംഗത്തെ ചില പ്രശ്നങ്ങളെ സംബന്ധിച്ച്‌ മുൻപും പരാതികളുയർന്നിരുന്നുവെങ്കിലും ചർച്ചയിലേക്കോ നടപടികളിലേക്കോ കടന്നിരുന്നില്ല. ഒന്നാം പിണറായി സർക്കാരാണ്‌ ധീരമായ തീരുമാനമെടുത്തത്‌. ഡബ്ല്യുസിസിയുടെ പരാതി കൂടി പരിഗണിച്ച്‌  പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു.

സ്‌ത്രീ സുരക്ഷയിൽ എൽഡിഎഫ്‌ സർക്കാർ കൈക്കൊള്ളുന്ന നടപടികളിൽ  നാഴികക്കല്ലായ ഒന്നായി ഹേമ കമ്മിറ്റി റിപ്പോർട്ട്‌. അപ്പോഴും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ്‌ ഒരു കൂട്ടം മാധ്യമങ്ങളും  പ്രതിപക്ഷവും ശ്രമിച്ചത്‌. റിപ്പോർട്ട്‌ 2019ൽ സമർപ്പിച്ചതാണെങ്കിലും അതേപടി പുറത്തുവിട്ടാലുണ്ടാകാവുന്ന പ്രത്യാഘാതം ജസ്‌റ്റിസ്‌ ഹേമ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പുറത്തുവിടരുതെന്ന്‌ കത്തുംനൽകി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലും അനുകൂലമായ നിലപാടല്ല അന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷൻ വിൻസൺ എം പോൾ എടുത്തത്‌.

ഇപ്പോഴും പുറത്തുവിടുന്നത്‌ വൈകാനുണ്ടായ യഥാർഥ കാരണത്തെ കുറിച്ച മാധ്യമങ്ങളോ പ്രതിപക്ഷമോ മിണ്ടുന്നില്ല. സിനിമാമേഖലയിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുകയെന്ന അടിസ്ഥാന വിഷയത്തിൽ നിന്ന്‌ മാറി പൈങ്കിളി–-അപസർപ്പക കഥകൾ മെനയാനുമുള്ള അവസരമായാണ്‌ പലരും റിപ്പോർട്ടിനെ കണ്ടിട്ടുള്ളതും.

മങ്ങുന്ന ‘താര’ യാഥാർഥ്യം
നമ്മുടെ കാഴ്ചയും യഥാർഥ വസ്തുതയും തമ്മിലുള്ള അന്തരം ഓർമപ്പെടുത്തിയാണ്‌ ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ആരംഭിക്കുന്നത്. ദുരൂഹതകൾ നിറഞ്ഞ സിനിമ മേഖലയിലെ താരജീവിതം പുറമേ കാണുന്നതു പോലെ സുന്ദരമല്ലെന്ന്‌  റിപ്പോർട്ട് ആമുഖമായിത്തന്നെ സൂചിപ്പിക്കുന്നു. വിശാലമായ ആകാശമെന്ന തുടക്കം റിപ്പോർട്ടിലെ വിഷയങ്ങളുടെ ഉള്ളടക്കത്തിലേക്കുള്ള ഗൗരവത്തിന്റെ സൂചന മാത്രമാണ്. വിഷയത്തിന്റെ അന്തസ്സത്തകൊണ്ട് സൂക്ഷ്മവും ശക്തവും ഭാവിയിലേക്ക് ദിശബോധം പകരുന്നതുമാണ് റിപ്പോർട്ട്‌. സിനിമാമേഖലയിലെ പ്രശ്നങ്ങൾ റിപ്പോർട്ട്‌  ഗൗരവമായി അക്കമിട്ട്‌ നിരത്തുന്നു. സിനിമയിലെ മോശം പ്രവണതകൾക്കെതിരെ  പരാതിപ്പെടുന്നവരെ യും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെയും ഒഴിവാക്കുന്ന അലിഖിത നിയമം  സിനിമയിലുണ്ട്‌.

ഈ ഭയം സ്ത്രീകളെ നിശബ്ദരാക്കുന്നു എന്നതുൾപ്പെടെയുള്ള മൊഴികളും പരാമർശങ്ങളും വിഷയങ്ങളുടെ  ഭീകരതയും  നിസഹായതയും വെളിവാക്കുന്നു. സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെ രൂക്ഷമായ ഭാഷയിലാണ്‌ റിപ്പോർട്ട്‌  വിമർശിക്കുന്നത്‌. ഒപ്പം ഒട്ടേറെ ആശങ്കകളും പങ്കുവയ്ക്കുന്നു. കമ്മിറ്റിയുടെ നിരീക്ഷണവും  വിമർശനവും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതെ  സുരക്ഷിതമായ തൊഴിലിടം സൃഷ്‌ടിക്കാനുള്ള  മാർഗ നിർദേശങ്ങളോടെയാണ്‌  റിപ്പോർട്ട്‌ അവസാനിക്കുന്നത്‌.

ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നു (ഫയൽചിത്രം)

ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നു (ഫയൽചിത്രം)


 

പുരുഷന്മാർക്കും 
വിലക്ക്‌
സ്‌ത്രീകൾ മാത്രമല്ല, പുരുഷന്മാരും സിനിമാ രംഗത്ത്‌ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നതായി കമീഷന്റെ കണ്ടെത്തൽ. പ്രമുഖ നടന്മാരടക്കം സിനിമാരംഗത്ത്‌ ദീർഘകാലത്തെ അപ്രഖ്യാപിത വിലക്ക്‌ നേരിടുന്നവർ അനവധിയാണ്‌. നിസാരകാര്യങ്ങൾക്കാണ്‌ ഇത്തരം വിലക്കുകൾ എന്നത്‌ ഞെട്ടിപ്പിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്ന ‘പവർ ലോബി’യുടെ ശത്രുതയ്‌ക്ക്‌ അറിഞ്ഞോ അറിയാതെയോ പാത്രമായതാണ്‌ ഇതിനു കാരണം. അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയത്താൽ ഇക്കാര്യങ്ങൾ തുറന്നുപറയാൻ പലരും മടിക്കുന്നു. ഡബ്ല്യുസിസിയുടെ രൂപീകരണം സിനിമാ മേഖലയ്‌ക്ക്‌ ഗുണമായെന്നും ഇവരിൽ ചിലർ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിലുണ്ട്‌.

വൈകിപ്പിച്ചിട്ടില്ല; 
തെളിവായി  കത്ത്‌
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ സർക്കാർ വൈകിപ്പിക്കുകയോ വിമുഖത കാണിക്കുകയോ ചെയ്തിട്ടില്ലെന്ന്‌ വ്യക്‌തമാക്കുകയാണ്‌ ജസ്റ്റിസ് ഹേമ തന്നെ സർക്കാരിന് എഴുതിയ കത്ത്‌. 2020 ഫെബ്രുവരി 19ന് ജസ്റ്റിസ് ഹേമ,സാംസ്കാരിക  വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്‌ റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ  പുറത്ത് വിടാൻ പാടില്ല എന്നാണ്‌.
സിനിമാ മേഖലയിലെ ചില സ്ത്രീകൾ നൽകിയ വെളിപ്പെടുത്തലുകളിൽ ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും ചൂഷണവുമെല്ലാം  പരാമർശിച്ചിട്ടുണ്ട്. തികച്ചും രഹസ്യാത്മകമായി നടത്തിയ വെളിപ്പെടുത്തലാണ് അത്‌. അതിനാൽ ഒരു കാരണവശാലും റിപ്പോർട്ട് പുറത്ത് വിടാൻ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തിൽ മുന്നയിപ്പ് നൽകുന്നു.

ഞെട്ടിപ്പിക്കുന്നത്: 
മഹിളാ   അസോസിയേഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ട്  ഞെട്ടിപ്പിക്കുന്നതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. സിനിമാ മേഖലയിൽ തുടരുന്ന ഗുരുതര സ്‌ത്രീവിരുദ്ധ പ്രവണതകളെയും ചൂഷണങ്ങളെയും തുറന്നുകാട്ടാൻ റിപ്പോർട്ടിനായി. സർക്കാർ മുൻകൈയെടുത്ത് അന്വേഷണ സമിതി രൂപീകരിച്ചതും അത് നിക്ഷ്‌പക്ഷമായി പ്രവർത്തിച്ചതും ശുഭപ്രതീക്ഷ തരുന്നു. കമ്മിറ്റി നിർദ്ദേശങ്ങളെ സർക്കാർ ഗൗരവപൂർവം പരിഗണിക്കണം. സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതിപരിഹാര സമിതി (ഐസിസി) യെ പോലും ഭീഷണിപ്പെടുത്തുന്ന പ്രവണതയുണ്ട്‌. സിനിമാമേഖല ഉൾപ്പടെയുള്ള തൊഴിലിടങ്ങളിൽ സ്‌ത്രീസുരക്ഷ ഉറപ്പുവരുത്താനും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥകൾ തടയാനും ഉതകുന്ന നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
 

ഹേമ കമ്മിറ്റി 
നാൾവഴി
• 2017 ഫെബ്രുവരി 17: നടി ആക്രമിക്കപ്പെട്ടു
• 2017 മെയ്‌:  വിമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രൂപീകരിച്ചു
• 2017 ജൂലായ് ഒന്ന്: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചു. നടി ശാരദ, റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി( കേരള സർക്കാർ) കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങൾ
• 2019 ഡിസംബർ 31: കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ റിപ്പോർട്ട് കൈമാറി
•2020: റിപ്പോർട്ട്‌ പുറത്തുവിടേണ്ടെന്ന്‌ വിവരാകാശകമീഷണറുടെ നിർദേശം
• 2024 ജൂലായ്‌ 6: റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമീഷൻ ഉത്തരവ്
• 2024 ജൂലായ്‌ 24: ഇത്‌ ചോദ്യം ചെയ്‌ത്‌ ചലച്ചിത്രനിർമാതാവിന്റെ ഹർജി
• 2024 ആഗസ്‌ത്‌ 13: ഹൈക്കോടതി സ്‌റ്റേ പിൻവലിച്ചു
• 2024 ആഗസ്‌ത്‌ 16: റിപ്പോർട്ട്‌ കണ്ടശേഷമേ പുറത്തുവിടാവുവെന്ന്‌ മൊഴി നൽകിയ നടിയുടെ ഹർജി
• 2024 ആഗസ്‌ത്‌ 19: ഹൈക്കോടതി നടിയുടെ ഹർജി പരിഗണിച്ചില്ല. പകൽ 2.3--0 ന്‌ വിവരാകാശപ്രകാരം അപേക്ഷ നൽകിയവർക്ക്‌ റിപ്പോർട്ട്‌ നൽകി

പ്രധാന കണ്ടെത്തൽ
പവർ ഗ്രൂപ്പുകൾ നിലനിൽക്കുന്നു
ലൈംഗികാധിക്ഷേപം, ചൂഷണം, അധിക്ഷേപം
പുരുഷനും സ്‌ത്രീക്കും വ്യത്യസ്‌ത വേതനം
ശുചിമുറിയടക്കം നിഷേധിക്കുന്നു
സൈബർ ആക്രമണം
അനൗദ്യോഗിക വിലക്ക്‌
പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തൽ
ലിംഗവിവേചനവും പുരുഷാധിപത്യവും

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top