30 December Monday

ഹിബാക്കുഷയുടെ നാനാർഥങ്ങൾ

വിനോദ്കുമാർ കുട്ടമത്ത്Updated: Thursday Aug 8, 2024

ചരിത്രത്തിലെ ചോരകിനിയുന്ന  ഓർമപ്പെടുത്തലുകളാണ് ഹിരോഷിമയും നാഗസാക്കിയും. ലിറ്റിൽ ബോയി, ഫാറ്റ്മാൻ;  ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ, പതിനായിരങ്ങളെ നിത്യരോഗികളാക്കിയ  അവയ്‌ക്ക്‌ എന്തൊരു  സുന്ദരൻ  പേരുകളായിരുന്നെന്നോ!  നമുക്കുവേണ്ടത് ചോര മണമുള്ള ലോകമല്ല, മനുഷ്യത്വം പൂക്കുന്ന സുഗന്ധഭരിതമായ ലോകമാണ്.


യുദ്ധം മാനവരാശിയോട് എന്താണ് ചെയ്യുന്നത്? ഈ ചോദ്യം സാമൂഹ്യശാസ്ത്ര ക്ലാസുകളിൽ എത്രവട്ടം ചോദിച്ചിട്ടുണ്ടാവണം. എന്നാൽ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് ആ ചോദ്യം മുഴങ്ങണം. പഠിച്ചുവെച്ച ഉത്തരങ്ങൾക്കപ്പുറത്തേക്ക് അതിന് ആഴമുണ്ടാകണം. 2008ൽ ഇറങ്ങിയ ‘ദ ബോയ് ഇൻ സ്ട്രൈപ്പ്ഡ് പാജാമാസ്’  എന്ന സിനിമ അത്തരം ചില മൂർച്ചയുള്ള  ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

നാസി ഭരണത്തിൽ, ജർമൻ പട്ടാളത്തിലെ ഒരു  ഉന്നതോദ്യോഗസ്ഥന്റെ എട്ടുവയസ്സുകാരനായ മകൻ ബ്രൂണോയാണ് സിനിമയിലെ മുഖ്യകഥാപാത്രം. ബെർലിനിൽനിന്ന്‌ കുടുംബസമേതം അച്ഛന്റെ കൂടെ അവൻ പുതിയൊരിടത്തേക്ക് താമസം മാറുന്നു. പുതിയ സ്ഥലത്ത് അവന് കൂട്ടുകാരില്ല. വീടിന്റെ പിറകിലെ  ജനാലയിലൂടെ കാണുന്ന അകലെയല്ലാത്ത കെട്ടിടത്തിലാണ്‌ ജൂതരെ തടവിലിട്ട്‌, ശിക്ഷിയ്‌ക്കുന്ന ഒരു കോൺസെൻട്രേഷൻ ക്യാമ്പ്‌.

ഒരു ദിവസം അവിടെ, ഇരുമ്പ് വേലിക്കപ്പുറം, വളരെ ക്ഷീണിതനായ, സമപ്രായക്കാരനായ  ഷ്‌മെല്ലിനെ ബ്രൂണോ കാണുന്നു. നിറയെ അഴുക്കുപുരണ്ട വരയൻ പൈജാമ ധരിച്ച അവനുമായി ബ്രൂണോ ചങ്ങാത്തത്തിലാകുന്നു. ഇരുമ്പ് വേലിക്ക് ഇരുവശംനിന്ന് അവർ പന്ത് കളിക്കുന്നുണ്ട്. പക്ഷേ, പുതിയ ചങ്ങാത്തത്തെക്കുറിച്ച് വീട്ടുകാരോട് ഒന്നും പറയുന്നില്ല. തടവിലുള്ള അച്ഛനെ കാണാതായതായി ഒരുനാൾ ഷ്‌മെൽ പറഞ്ഞപ്പോൾ കണ്ടെത്താൻ സഹായിക്കാമെന്ന് ബ്രൂണോ വാക്കു നൽകുന്നു. പക്ഷേ, ആ കെട്ടിടത്തിൽ പ്രവേശിക്കാനും  തിരിച്ചറിയാതിരിക്കാനും തടവുകാരുടെ യൂണിഫോം വേണമെന്നതിനാൽ  കൂട്ടുകാരന്റെ, പഴകി മുഷിഞ്ഞ വരയൻ പൈജാമയും തൊപ്പിയും ധരിച്ച് ബ്രൂണോ ഇരുമ്പ് വേലിക്കടിയിലൂടെ നുഴഞ്ഞുകയറി അവനരികിലെത്തി. വൈകാതെ പട്ടാളക്കാർ ഇരുവരെയും പിടികൂടുന്നു.  

അതിനിടെ ബ്രൂണോയെ കാണാതായതറിഞ്ഞ് അച്ഛനുമമ്മയും അന്വേഷിക്കാൻ തുടങ്ങി. ക്യാമ്പിന്റെ ഇരുമ്പ് വേലിക്കരികെ അവർ ബ്രൂണോയുടെ  വസ്ത്രങ്ങൾ  കണ്ടെത്തുന്നു. തകർത്തുപെയ്യുന്ന മഴയിൽ ബ്രൂണോയുടെ അച്ഛൻ ജൂതത്തടവുകാരുടെ കെട്ടിടത്തിലേക്ക് ഓടിക്കയറുമ്പോഴേക്കും മറ്റൊരു പട്ടാളക്കാരൻ ആൾക്കാരെ തിക്കിക്കയറ്റിയ കണ്ടെയ്നറിൽ വിഷവാതകം നിറച്ചിരുന്നു. അനാഥമാക്കപ്പെട്ട രണ്ട് കുഞ്ഞുവരയൻ പൈജാമകൾ മാത്രം അയാളുടെ കാഴ്ചയിലുടക്കുന്നു.
 


നാം അവരെ എന്തിന്‌ ഓർക്കണം!

ആ പൈജാമകളിൽനിന്ന്‌ കാഴ്‌ചകളെ നമുക്ക്‌ പതിയെ പിൻവലിക്കാം... നമ്മുടെ പാഠഭാഗങ്ങളിൽ മനുഷ്യ ചരിത്രത്തെക്കുറിച്ചും മനുഷ്യ പുരോഗതിയോടൊപ്പം യുദ്ധങ്ങളെക്കുറിച്ചും പഠിക്കുന്നുണ്ടല്ലോ. അതിൽ ഹിരോഷിമയും നാഗസാക്കിയുമുണ്ട്. ഹിബാക്കുഷയുണ്ട്. വിയറ്റ്നാമും  അഫ്ഗാനിസ്ഥാനും ഇറാഖുമെല്ലാമുണ്ട്. ഹിരോഷിമയിലെയും നാഗസാക്കിയിലേയും മഹാദുരന്തത്തെ അതിജീവിച്ചവരെ ബോംബ് സ്ഫോടനത്തെ അതിജീവിച്ചവർ എന്ന അർഥത്തിൽ ഹിബാക്കുഷ (hibakusha)യെന്നാണ് വിളിച്ചിരുന്നത്. ഫുകുഷിമ ഉൾപ്പെടെ വിവിധ ന്യൂക്ലിയർ ദുരന്തങ്ങളെ അതിജീവിച്ചവരെല്ലാം പിന്നീട് പൊതുവിൽ ഹിബാക്കുഷയായി. എല്ലായിടത്തും ഹിബാക്കുഷമാരുണ്ട്. നമ്മളിലുമുണ്ട്. നാം ഇത്‌  ഓർക്കുന്നത് ഇനിയൊരു ഹിരോഷിമ ഉണ്ടാകാതിരിക്കാനാണ്; ഹിബാക്കുഷമാരുണ്ടാകാതിരിക്കാനാണ്.

ലോകത്ത് സന്തോഷവും സമാധാനവും മാത്രം പുലരാനാണ്. അതിന് ചരിത്രം പഠിച്ചേ തീരൂ. സാമൂഹ്യശാസ്ത്രവിഷയങ്ങളിലൂടെ മനുഷ്യരുടെയും അവരുടെ സംസ്കാരങ്ങളെയും അതിലെ വൈവിധ്യങ്ങളെയും തിരിച്ചറിയാനാകണം. അവയെ അംഗീകരിക്കാനും ബഹുമാനിക്കാനും കൂടിയാണത്‌. നമ്മളിൽ പലതരക്കാർ ഉണ്ടെങ്കിലും എല്ലാവരും തുല്യരാണെന്ന് തിരിച്ചറിയുന്നതാണ്‌ മാനവികത. യുദ്ധത്തിന് ഒരു മറുപടിയേയുള്ളൂ.. അത് മാനവികതയുടെ പക്ഷത്തു നിൽക്കുകയാണ്.
 


ഇനിയൊരു യുദ്ധം വേണോ..?

യുദ്ധം കുട്ടികളോട് എന്താണ് ചെയ്യുന്നതെന്ന്‌ ‘ദ ബോയ് ഇൻ സ്ട്രൈപ്പ്ഡ് പാജാമാസ്’ സിനിമയ്ക്ക് ശേഷം നാം വീണ്ടും  ചോദിക്കും. ‘യുദ്ധത്തിന്റെ ഏറ്റവും വലിയ ദുരന്തം നിഷ്‌കളങ്കതയുടെ  നാശമാണ്’ (The greatest tragedy of war is the destruction of innocence.) എന്ന പഴയൊരു വാക്യത്തിലേക്ക് ഈ ചോദ്യത്തിലൂടെ ചിലപ്പോൾ നാമെത്തും. അതിരുകളും അന്യരുമെന്നില്ലാതെ ലോകത്തെ സമഭാവനയോടെ കാണുന്ന കുട്ടിത്തത്തിന്റെ നിഷ്കളങ്കതയെ യുദ്ധം തുടച്ചു കളയുന്നതിന്റെ ലോക വർത്തമാനങ്ങൾ അവ മുന്നിൽ തുറന്നുവയ്‌ക്കും.

ലോകത്തിന്റെ നിഷ്കളങ്ക മുഖത്തെ യുദ്ധം ഇല്ലാതാക്കുന്നുവല്ലോയെന്ന്‌ നാം വല്ലാതെ ആകുലപ്പെടും.  ബ്രൂണോയുടെയും കൂട്ടുകാരന്റെയും മുഖങ്ങളിൽ ഗാസയിലേയും ഉക്രയ്‌നിലേയും കുട്ടികൾ ആവർത്തിച്ചു പ്രത്യക്ഷപ്പെടും.  ഏറെ വേദനിപ്പിച്ച ആ മുഖങ്ങൾ മനസ്സിൽനിന്ന്‌ മായുംമുമ്പാണ് മറ്റൊരു ഹിരോഷിമാദിനത്തിലേക്ക്‌ നാം കടക്കുന്നത്‌. എന്താണ് ഹിരോഷിമയിൽനിന്ന്‌ നാം പഠിച്ചതോ പഠിക്കാതെ പോയതോ ആയ പാഠങ്ങൾ ?

രണ്ടാംലോകമഹായുദ്ധത്തിലെ ഏറ്റവും ഭീകരനിമിഷങ്ങളായിരുന്നു 1945 ആഗസ്‌ത്‌ ആറിനും ഒമ്പതിനുമായി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച ആറ്റം ബോംബുകൾ. ലിറ്റിൽ ബോയി, ഫാറ്റ്മാൻ; ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയ, പതിനായിരങ്ങളെ നിത്യരോഗികളാക്കിയ അവയ്‌ക്ക്‌ എന്തൊരു രസികൻ പേരുകളായിരുന്നെന്നോ!  അണുപ്രസരണത്തിന്റെ ഇരകളായി അതിലേറെപ്പേർ ജീവിതകാലം മുഴുവൻ മാനസിക സംഘർഷത്തിലും ജീവിതനൈരാശ്യത്തിലുംപെട്ടു. നഗരങ്ങളില്ലാതായി. ഇതിലും വലിയൊരു ദുരന്തം സംഭവിച്ചേക്കാമെന്ന പേടി മനുഷ്യരാശിയെ പിടികൂടി. അരക്ഷിതമായ ലോകസാഹചര്യത്തിൽ രാഷ്ട്രങ്ങൾ വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചു തുടങ്ങിയതോടെ വികസന മുൻഗണനകൾ വഴിതെറ്റി. ദാരിദ്ര്യത്തിലും പട്ടിണിയിലും  ജനം കഷ്ടപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top