21 December Saturday

വമ്പന്‍ ഭൂരിപക്ഷം നേടിയത് നാലുപേര്‍; റെക്കോഡിട്ട് ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

കണ്ണൂര്‍ > നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയത്തോടൊപ്പം വമ്പന്‍ ഭൂരിപക്ഷം നേടിയതും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍. കെ കെ ശൈലജ (മട്ടന്നൂര്‍, ഭൂരിപക്ഷം-60963), പിണറായി വിജയന്‍ (ധര്‍മടം, ഭൂരിപക്ഷം-50123), ടി ഐ മധുസൂദനന്‍ (പയ്യന്നൂര്‍, ഭൂരിപക്ഷം-49780), എം വിജിന്‍ (കല്യാശേരി, ഭൂരിപക്ഷം-44393) എന്നിവരാണ് നാല്‍പതിനായിരത്തിലധികം ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍. എല്ലാവരും എല്‍ഡിഎഫില്‍ നിന്ന് മത്സരിച്ച സിപിഐ എം സ്ഥാനാര്‍ത്ഥികളുമാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ മട്ടന്നൂരില്‍ നിന്ന് നേടിയത്. 2016ല്‍ സിപിഐ എമ്മിലെ ഇ പി ജയരാജന്‍ ഇവിടെ 43,381 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.

2006ല്‍ ആലത്തൂരില്‍ സിപിഐ എമ്മിലെ എം ചന്ദ്രന്‍ നേടിയ 47,671 വോട്ടായിരുന്നു സംസ്ഥാനത്തെ കൂടിയ ഭൂരിപക്ഷം. തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പി ജെ ജോസഫിന്റെ 45,587 ആണ് 2016ലെ വലിയ ഭൂരിപക്ഷം. 2005ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ പി ജയരാജന്‍ കൂത്തുപറമ്പില്‍ 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.

മുസ്ലിം ലീഗിന്റെ ജേതാക്കളില്‍ ഇക്കുറി മുപ്പതിനായിരത്തിലധികം ഭൂരിപക്ഷം നേടിയത് രണ്ടുപേര്‍ മാത്രമാണ്, വേങ്ങരയില്‍ നിന്ന് വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്തുനിന്ന് വിജയിച്ച പി ഉബൈദുള്ളയും. രണ്ടുപേര്‍ക്കും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം കുറുയുകയും ചെയ്തു. ഇതില്‍ കുഞ്ഞാലിക്കുട്ടിക്ക് 7461 വോട്ടുകളാണ് കുറഞ്ഞത്.

ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് മണ്ഡലങ്ങളാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ, ഭൂരിപക്ഷം-38), കെ പി കുഞ്ഞഹമ്മദ്കുട്ടി (കുറ്റ്യാടി, ഭൂരിപക്ഷം-333), എകെഎം അഷ്‌റഫ് (മഞ്ചേശ്വരം, ഭൂരിപക്ഷം-745), പി ബാലചന്ദ്രന്‍ (തൃശൂര്‍, ഭൂരിപക്ഷം-946), വി അബ്ദുറഹ്‌മാന്‍ (താനൂര്‍, ഭൂരിപക്ഷം-985), കെ ബാബു (തൃപൂണിത്തുറ, ഭൂരിപക്ഷം-992).

2001ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയിലെ എ എ അസീസ് ഇരവിപുരത്ത് നേടിയ 21 വോട്ടാണ് സംസ്ഥാനത്തെ കുറഞ്ഞ ഭൂരിപക്ഷം. പെരിന്തല്‍മണ്ണയിലാണ് ഇക്കുറി കുറഞ്ഞ ഭൂരിപക്ഷം. മുസ്ലിംലീഗിലെ നജീബ് കാന്തപുരം 38 വോട്ടിനാണ് ഇവിടെ ജയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top