വിപ്ലവനായകനായ ചെ ഗുവേരയുടെ ലോകപ്രശസ്‌തവും ഏറെ പുനർനിർമിക്കപ്പെട്ടതുമായ ചിത്രത്തെക്കുറിച്ച് വിനീത് രാജന്റെ കുറിപ്പ്.
ഹവാനയിലെ വീടുകളുടെ ചുവരുകളിലെല്ലാം ഒരു ചിത്രമുണ്ടായിരുന്നു. ഓർമ്മകളുടെ വിറയ്‌ക്കുന്ന മെഴുകുതിരി വെളിച്ചത്തിൽ ആ ചിത്രത്തെ അവർ "സെയിന്റ് ചെ' എന്ന് വിളിച്ച് പോന്നു. ആൽബർട്ടോ കോർഡെ എന്ന ഫാഷൻ ഫോട്ടോഗ്രാഫറുടെ സൃഷ്ടിയായിരുന്നു അവരുടെയെല്ലാം ചെ. ലോകമൊന്നാകെ ആ ചിത്രത്തെ നെഞ്ചിലേറ്റ് വാങ്ങി. മോണോലിസയ്‌ക്കും, മെർലിൻ മൺറോയ്‌ക്കുമൊപ്പം, ഒരുപക്ഷേ അതിനേക്കാളേറെ കോർഡേയുടെ ചെ ലോകത്തിലേറ്റവുമധികം പുനർ നിർമ്മിക്കപ്പെടുന്ന ചിത്രമായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചെ മാർച്ച് ചെയ്‌തുകൊണ്ടിരുന്നു. ഭൂമിയിൽ നിന്ന് ചൂഷണം തുടച്ച് നീക്കാനെത്തിയ പുതിയ മനുഷ്യനായിരുന്നു ചെ എന്ന് ലോകത്തിലെ പല പ്രതിഷേധങ്ങളിലും പങ്കാളിയായി കൊണ്ട് അയാൾ ലോകത്തെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
വിദ്യാർഥി പ്രതിഷേധങ്ങളിലേക്ക്, മഡോണയുടെ ആൽബം കവറിലേക്ക്, ഫിറ്റ്സ് പാട്രിക്കിന്റെ പോസ്റ്ററുകളിലേക്ക്, ജീൻ പോൾ ഗൗൾട്ടിയറുടെ സൺ ഗ്ലാസിലേക്ക്, സിഗർ ബോക്‌സുകൾ മുതൽ പാദരക്ഷകളിലേക്ക്, ടീഷർട്ടുകളിലൂടെ യുവത്വത്തിന്റെ ഇടനെഞ്ചിലേക്ക്, അഭയാർത്ഥി ക്യാമ്പുകളിലേക്ക്, ഗേ പ്രൈഡ് മാർച്ചുകളിലേക്ക്.. അങ്ങനെ ചെയുടെ ആ ചിത്രമെത്താത്ത ഇടങ്ങളില്ല ഈ ഭൂമിയിൽ എന്ന് തന്നെ പറയാവുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
കോർഡെയുടെ ചെ ഒരു പ്രതിച്ഛായ നിർമ്മിതിയായിരുന്നില്ല. അന്ധവിശ്വാസത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രത്യയശാസ്‌ത്രത്തിന്റെയും വിശ്വസ്‌തതയുടെയും ഭയത്തിന്റെയും മിശ്രിതമായിരുന്നു ആ ചിത്രം. ഏതൊരു വിപ്ലവകാരിക്കും ആവശ്യമായി വരുന്ന ഒരു നായകൻ. പക്ഷേ, വിദൂരമായ ഏതോ പറുദീസയിലേക്ക് നമ്മെ നയിക്കാനെത്തുന്ന ശക്തനായ ഒരു വീരന്റെ ചിത്രമല്ലത്. മറിച്ച് ഒരു ജനതയെ സ്വപ്‌നം കാണാൻ കൊതിപ്പിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് കാഴ്‌ചയായിരുന്നു.
ആ ചിത്രത്തിനൊരു കഥയുണ്ട്. 1960 മാർച്ച് 4 വെള്ളിയാഴ്ച, ഹവാന ഹാർബറിൽ ഒരു കപ്പൽ പൊട്ടിത്തെറിച്ചു. നൂറിലധികം തൊഴിലാളികൾ ആ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു. ക്യൂബൻ സർക്കാർ ബൽജിയത്തിൽ നിന്ന് വാങ്ങിയ ടൺ കണക്കിന് ആയുധങ്ങളടങ്ങിയ, കരീബിയനിലേക്ക് രഹസ്യമായി കൊണ്ടുപോവുകയായിരുന്ന 'ലാ കൂബ്രെ' എന്ന കപ്പലായിരുന്നു സ്ഫോടനത്തിൽ തകർന്നത്.
റെവല്യൂഷൻ എന്ന പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്ന ആൽബർട്ടോ കോർഡെയെയായിരുന്നു തൊട്ടടുത്ത ദിവസം ശവസംസകാര ചടങ്ങുകൾ കവർ ചെയ്യാനായി നിയോഗിച്ചിരുന്നത്. ജീൻ പോൾ സാർത്രും സിമോൺ ഡി ബ്യൂവോയറുമെല്ലാം പങ്കെടുക്കുന്ന ആ ചടങ്ങിൽ ചെയും സന്നിഹിതനായിരുന്നു. അന്ന് ആ ചടങ്ങിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് സംസാരികുന്നത് ഫിദൽ കാസ്ട്രോയും. ആ പ്രസംഗത്തിലാണ് ക്യൂബയുടെ റിപ്പബ്ലിക്കൽ കാലഘട്ടത്തിലെ മുദ്രാവാക്യമായ മാതൃരാജ്യം അല്ലെങ്കിൽ മരണം എന്ന് ആദ്യമായി ഉപയോഗിക്കുന്നത്.
അന്നത്തെ ആ പ്രസംഗത്തിനെത്തി ചെഗുവേരയെ കണ്ട കാഴ്ചയെക്കുറിച്ച് കോർഡേ പറയുന്നത് ഇങ്ങനെയാണ്. വിലാപത്താൽ മുഖരിതമായ ഒരു അന്തരീക്ഷത്തിന് നടുവിൽ സ്ഥാപിച്ച ഒരു പോഡിയത്തിന്റെ ചുവട്ടിൽ നിന്ന് ഞാൻ എന്റെ പഴയ ലെയ്‌ക കാമറയുടെ വ്യൂ ഫൈന്ററിലൂടെ നോക്കി. കാസ്ട്രോയുടെയും കൂടെയുൾലവരുടെയും മുഖത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എന്റെ 90 എംഎം ലെൻസിന്റെ ഫോക്കസ് ഉറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ആ ലെൻസിലൂടെ അവർക്ക് പിൻ വശത്ത് നിന്ന് ചെ ഉയർന്ന് വന്നു. അവന്റെ കണ്ണുകളിലെ നോട്ടം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഉടൻ തന്നെ എന്റെ ഫോക്കസ് മാറ്റി ഞാൻ ക്യാമറ തിരിച്ചും മറിച്ചും രണ്ട് ചിത്രങ്ങളെടുത്തു. മൂന്നാമത്തേതിനായി ഞാൻ ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. ചെ അപ്പോഴേക്കും പിൻ നിരയിലേക്ക് മാറിപ്പോയിരുന്നു. ഇതെല്ലാം സംഭവിച്ചത് വെറും അരമിനിറ്റിനുള്ളിലാണ്. അപ്പോൾ സംഭവിച്ച എന്റെ ക്ലിക്കുകളെല്ലാം റിഫ്ലക്‌സ് ആയിരുന്നു.
തിരിച്ചെത്തിയ കോർഡെ അന്നെടുത്ത ഒരു ചിത്രം ക്രോപ്പ് ചെയ്തെടുത്തു. ഒറിജിനൽ ചിത്രത്തിൽ ഈന്തപ്പനയുടെ ശിഖരങ്ങൾ ഇടത് ഭാഗത്ത് കാണുന്നത് ആ ചിത്രത്തിന് അഭംഗി നൽകുന്നതായി അദ്ദേഹത്തിന് തോന്നി. പത്രത്തിലേക്ക് ഈ ചിത്രം സമർപ്പിച്ചെങ്കിലും എഡിറ്റർ അത് നിരസിച്ച് മറ്റ് ചിത്രങ്ങളായിരുന്നു പ്രസിദ്ധീകരണത്തിനായി തെരെഞ്ഞെടുത്തത്.
കോർഡേയ്‌ക്ക് പക്ഷേ ഈ ചിത്രം ഒരുപാട് ഇഷ്ടപെട്ടിരുന്നു, അദ്ദേഹമത് തന്റെ അപ്പാർട്ട്മെന്റിലെ ചുവരിൽ 'ഗറില്ലേറോ ഹീറോയിക്ക' എന്ന പേര് നൽകി ആ ചിത്രം തൂക്കിയിട്ടു. അതിലെ ചെയുടെ നോട്ടത്തിൽ വിഷമവും വേദനയുമുള്ള ഒരു മനുഷ്യന്റെ കാഴ്ചയുണ്ടെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അങ്ങനെ ആ ചിത്രം കോർഡേയുടെ അപ്പാർട്ട്മെന്റ് ചുവരിൽ നീണ്ട നാൾ ചേർന്ന് കിടന്നു.
ചെയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇറ്റാലിയൻ വ്യവസായി ഫെണ്ട്രിനെല്ലി കോർഡയെ കാണാനെത്തി. തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഇടത് രാഷ്‌ട്രീയപ്രവർത്തനങ്ങൾക്കായി ചെലവിട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായിരുന്നു അത്. ക്യൂബൻ വിപ്ലവത്തിന്റെ പ്രത്യയശാസ്തം സാംസ്‌കാരിക വിനിമയങ്ങളിലൂടെ മറ്റിടങ്ങളിലേക്കെത്തിക്കുന്നതിനായി ശ്രമിക്കുകയാണെന്നയാൾ പറഞ്ഞു. അത്തരം പ്രവർത്തനങ്ങൾക്കായി ചെയുടെ നല്ലൊരു ചിത്രം വേണമെന്നയാൾ ആവശ്യപ്പെട്ടപ്പോൾ കോർഡെക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അയാൾ തന്റെ അപ്പാർട്ട്മെന്റിന്റെ ചുവരിലേക്ക് വിരൽ ചൂണ്ടി. 'ഇതാണ് ചെയുടെ ഏറ്റവും മികച്ച ചിത്രം'. നിലച്ച് പോയ പത്രത്തിന് വേണ്ടിയെടുത്ത ആ ചിത്രത്തിലേക്ക് നോക്കി കോർഡെ പറഞ്ഞു.
തനിക്ക് രണ്ട് കോപ്പികൾ നൽകണമെന്ന് ഫെൻട്രിനെല്ലി കോർഡെയോട് ആവശ്യപ്പെട്ടു. അത് പ്രകാരം 8X10 സൈസിലുള്ള രണ്ട് ചിത്രങ്ങൾ തയ്യാറാക്കി കോർഡെ അദ്ദേഹത്തിന് നൽകി. വിലയെ കുറിച്ച് ചോദിച്ചപ്പോൾ അത് തന്റെ സമ്മാനമാണെന്ന് പറഞ്ഞ് കോർഡെ പണം കൈപ്പറ്റാൻ വിസമ്മതിച്ചു. ഫെൻട്രിനെല്ലി ചിത്രങ്ങളുമായി മടങ്ങി.
ചെ മരണപ്പെട്ടു. ഓർമ്മകൾ രാഷ്ട്രീയമായി മാറാൻ തുടങ്ങി. ഫെൻട്രിനെല്ലി കോർഡെയെടുത്ത ചെഗുവേരയുടെ ഫോട്ടോ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് പോസ്റ്ററുകൾ പുറത്തിറക്കി. അതിലൊന്നും തന്നെ കോർഡെയെന്ന ക്യൂബൻ ഫോട്ടോഗ്രാഫറെ കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ചെ യുടെ ഡയറിക്കുറിപ്പുകൾ ഫിദൽ കാസ്റ്റ്റോ ഫെൻട്രിനെല്ലിക്ക് നൽകിയപ്പോൾ അദ്ദേഹമതിലും ഈ ചിത്രം മുഖചിത്രമായി ഉപയോഗിച്ചു. എന്നാലവിടെയും കോർഡെ എന്ന പേര് വിസ്‌മൃതിയിലേക്ക് പോയി. മൊത്തം വില്പനയുടെ ഒരു ശതമാനം പോലും ആ ചിത്രത്തിന്റെ പ്രതിഫലമായി കോർഡെയ്‌ക്ക് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ വിപ്ലവകരമായിരുന്നു ആ ലാഭം. മരണത്തിന് തൊട്ട് മുമ്പ് നിയമപരമായ ചില ഇടപെടലുകളിലൂടെ ലണ്ടൻ ഹൈക്കോടതിയിൽ നിന്ന് അദ്ദേഹത്തിന് ആ ചിത്രത്തിന്മേലുള്ള പകർപ്പാവകാശം അനുവദിച്ച് കിട്ടി. തന്മൂലം അവസാനകാലത്ത് വാണിജ്യാവശ്യത്തിനായി ആ ചിത്രം ഉപയോഗിക്കുന്നതിനെതിരെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതൊഴിച്ചാൽ ആ ചിത്രം കൊണ്ട് മറ്റുള്ളവർ ഉണ്ടാക്കിയെടുത്ത സമ്പാദ്യത്തിന്റെ ഒരു ഭാഗമോ ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ എന്ന പേരോ അവസാനകാലം വരെയും അദ്ദേഹത്തിന് അന്യമായി തന്നെ നിന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..