14 November Thursday

ഇടതുപക്ഷം എന്റെ ഉരകല്ല്...നടി രോഹിണി സംസാരിക്കുന്നു

രോഹിണി / കവിൻ മലർUpdated: Wednesday Jan 5, 2022

രോഹിണി

രോഹിണി

രോഹിണി

തമിഴ്‌ സിനിമയിലെന്ന പോലെ, മറ്റ്‌ തെന്നിന്ത്യൻ ഭാഷകളിലും പ്രാഗത്ഭ്യം തെളിയിച്ച ചലച്ചിത്ര പ്രതിഭയാണ്‌ രോഹിണി.സിനിമാനടി എന്ന പൊതുബോധ ബിംബത്തിന് പുറത്തുനിൽക്കുന്ന വ്യക്തിത്വം കൂടിയാണ്‌ അവർ. ആധുനിക തമിഴ് സാഹിത്യവുമായുള്ള ബന്ധം, കവിതയെഴുത്ത്, ഗാനരചന, നാടകപ്രവർത്തനം, സാമൂഹ്യപ്രവർത്തനം, പ്രഭാഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രോഹിണി ഇടതുപക്ഷ കലാസാഹിത്യ സാംസ്‌കാരിക സംഘടനയായ തമിഴ് നാട് മുർപ്പോക്ക് എഴുത്താളർകൾ കലൈഞ്ജർകൾ സംഘത്തിന്റെ (ത മു എ ക സ) സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്. ‘കക്ക’ എന്ന സിനിമയിൽ രഘുവരനോടൊപ്പം അഭിനയിച്ചാണ്‌ മലയാള സിനമിയിൽ രോഹിണി തുടക്കമിട്ടത്‌. തുടർന്ന്‌ നിരവധി സിനിമകളിൽ വേഷമിട്ട്‌  അവർ എൺപതുകളിലെ കേരളത്തിലെ ജനപ്രിയ താരമായി മാറി.

ചലച്ചിത്രപ്രയാണത്തെക്കുറിച്ചും സാമൂഹ്യ സംഘടനകളോടുള്ള ബന്ധങ്ങളെക്കുറിച്ചും എഴുത്തുകാരിയും പത്രപ്രവർത്തകയുമായ കവിൻ മലർ  രോഹിണിയുമായി നടത്തിയ സംഭാഷണം

?  നമസ്‌കാരം, താങ്കളുടെ ബാല്യകാലത്തിൽ നിന്നുതന്നെ  തുടങ്ങാമെന്ന്‌ കരുതുന്നു.

=  ആന്ധ്രപ്രദേശിലെ രാജമുന്ദ്രിക്കടുത്തുള്ള ഇപ്പണപ്പാട് എന്ന ഗ്രാമമാണ് അമ്മയുടെ സ്ഥലം. അച്ഛന്റേത്‌ അനഹപ്പള്ളി. കിഴക്ക് ഗോദാവരി ജില്ലയിലെ ഗ്രാമങ്ങളാണ് ഈ രണ്ടു സ്ഥലങ്ങളും. എനിക്ക് മൂത്തവരായി മൂന്ന് ആങ്ങളമാർ, നാലാമത്തെ ആളായി ഞാനും. എന്റെ അനിയൻ ജനിച്ചയുടൻ അമ്മ മരിച്ചു.

?  ആദ്യത്തെ സിനിമയിലേക്കുള്ള അവസരം എങ്ങനെയാണ് കിട്ടിയത്.

=  അച്ഛന് ഒരു നടൻ ആകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതിനായി വിവാഹത്തിനുമുൻപ് വീട് വിട്ടുപോവുകപോലും ചെയ്‌തു അദ്ദേഹം. അമ്മയുടെ മരണശേഷം ആ ദുഃഖം താങ്ങാനാവാതെ അച്ഛൻ വീണ്ടും നാടുവിട്ടുപോയി. ‘ഞങ്ങളുടെ മോളെ നിങ്ങൾ നല്ലവണ്ണം നോക്കിയില്ല, നിങ്ങളുടെ മകളെ നോക്കാൻ ഞങ്ങൾക്കുമാവില്ല’ എന്ന്‌ പറഞ്ഞ് അമ്മയുടെ വീട്ടുകാർ എന്നെ അച്ഛനോടൊപ്പം പറഞ്ഞയച്ചു. അങ്ങനെ അച്ഛൻ നാല് ആൺമക്കളെയും അമ്മയുടെ വീട്ടുകാരുടെയടുത്ത് വിട്ടിട്ട് എന്നെ മാത്രം കൂട്ടി ചെന്നൈയിലേക്ക് വന്നു.

നടനാകാൻ ശ്രമിച്ചുകൊണ്ടിരുന്നത് അച്ഛനാണെങ്കിലും ചാൻസ് കിട്ടിയത് എനിക്കായിരുന്നു. ‘യശോദ കൃഷ്‌ണ’(1974) ആയിരുന്നു ആദ്യത്തെ സിനിമ. കൃഷ്‌ണന്റെ വേഷം. യശോദയും കൃഷ്‌ണനും തമ്മിലുള്ള ബന്ധത്തെ പ്രമേയമാക്കിയ സിനിമ. കൃഷ്‌ണന്റെ ബാല്യകാലത്തെ ഞാനും കൗമാരപ്രായത്തെ ശ്രീദേവിയും അവതരിപ്പിച്ചു. ആന്ധ്രയിൽ നല്ലവണ്ണം വിജയിച്ച ചിത്രം. അവിടെ എൻ  ടി  രാമറാവു കൃഷ്‌ണനായി അഭിനയിച്ച് പ്രശസ്തി നേടിയിരുന്നു. എന്നെയും അവിടെ കൃഷ്‌ണനായി കണക്കാക്കാൻ തുടങ്ങി. പോകുന്ന സ്ഥലത്തൊക്കെ ജനങ്ങൾ ആരതി ഉഴിഞ്ഞ് എന്നെ എതിരേറ്റിരുന്നു. അതിനുശേഷം കുറെ തെലുഗു സിനിമകളിൽ അഭിനയിച്ചു.

? തമിഴിലെ ആദ്യത്തെ അവസരം.

=  മൂന്ന് വർഷങ്ങൾക്കുശേഷം തേവർ ഫിലിംസ് എടുത്ത ‘മുരുകനടിമൈ’യിൽ മുരുകനായി അഭിനയിക്കാനുള്ള ചാൻസ് ലഭിച്ചു. മുത്തുരാമനും കെ ആർ വിജയയും അഭിനയിച്ച സിനിമ. അക്കാലത്ത് എനിക്ക് തമിഴറിയില്ലായിരുന്നു. ലൈവ് സൗണ്ട് റെക്കോർഡിങ് ആയതുകൊണ്ട് തമിഴ് പഠിക്കേണ്ടിവന്നു. ഒരാൾ വീട്ടിലെത്തി തമിഴ് ട്യൂഷൻ എടുത്തിരുന്നു. ആ സിനിമയിൽ തെലുഗു വാസനയുള്ള തമിഴിലാണ് ഞാൻ സംസാരിച്ചിരുന്നത് എന്നത് ഇപ്പോൾ ആ സിനിമ കാണുമ്പോൾ എന്നിൽ ചിരി യുണർത്തും. അക്കാലത്ത് എനിക്കു കിട്ടിയ ചാൻസുകളിൽ ഇരുപതു ശതമാനവും ദൈവങ്ങളുടെ വേഷങ്ങളായിരുന്നു, കൂടുതലും ആൺകുട്ടികളായിട്ട്.

ആഡംബരുലു അനുബന്ധുലു എന്ന തെലുഗു ചിത്രത്തിൽ രോഹിണി (വലത്ത്‌)

ആഡംബരുലു അനുബന്ധുലു എന്ന തെലുഗു ചിത്രത്തിൽ രോഹിണി (വലത്ത്‌)

?  ഒരു ബാലതാരമായി മാറിയതുകാരണം ബാല്യകാലത്തെക്കുറിച്ച് നഷ്ടബോധമുണ്ടായിട്ടുണ്ടോ.

=  സ്‌കൂളിൽ പോകാനുള്ള അവസരം കിട്ടിയില്ല. വീട്ടിൽ വന്ന് തമിഴ് പഠിപ്പിച്ചിരുന്ന ബാലാജി എന്ന അധ്യാപകനെത്തന്നെയാണ് ഇംഗ്ലീഷ് ഭാഷയും മറ്റു വിഷയങ്ങളും പഠിപ്പിക്കാനായി അച്ഛൻ ഏർപ്പാട് ചെയ്തിരുന്നത്. ഇതിനൊരു മാറ്റം സംഭവിക്കുന്നത് എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്, ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് മാറുന്ന ഘട്ടത്തിൽ. ആ പ്രായത്തിന് ഇണങ്ങുന്ന വേഷങ്ങളൊന്നും ബാലതാരങ്ങൾക്ക്‌ സാധാരണയായി കിട്ടാറില്ല. അങ്ങനെ തേനാംപേട്ടയിലെ കെന്നഡി കിന്റർഗാർട്ടൻ സ്‌കൂളിൽ എന്നെ അഞ്ചാം ക്ലാസ്സിൽ ചേർത്തു. ക്ലാസ് ടീച്ചർ ബാലത്രിപുരസുന്ദരി എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നേരത്തെ  നഷ്ടപ്പെട്ട സ്‌കൂൾ ജീവിതത്തെക്കുറിച്ചുള്ള ചിന്ത എന്നെ അലട്ടിയിരുന്നതുകൊണ്ട് അവർ പറയുന്നതപ്പാടെ അനുസരിച്ചായിരുന്നു പഠനം. ഞാൻ പിന്നീട് സിനിമയിൽ കഥാനായികയായി അഭിനയിക്കാൻ തുടങ്ങിയതിനുശേഷം അവരെ പോയി കണ്ടിരുന്നു. ഇപ്പോൾ  ജീവിച്ചിരിപ്പില്ല. അച്ഛൻ ഇടയ്‌ക്ക്‌ ഫിലിം ഡിസ്ട്രിബ്യൂഷൻ ആരംഭിച്ച കാലത്ത് രണ്ടു വർഷത്തോളം ഞാൻ അഭിനയിച്ചിരുന്നില്ല. അഞ്ചാം ക്ലാസ്സിൽ നിന്നും നേരിട്ട് ഏഴാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ആ വർഷം അച്ഛൻ വിതരണച്ചുമതല ഏറ്റിരുന്ന ഒരു സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് എനിക്ക് പഠിത്തം നിർത്തി വീണ്ടും സിനിമയിലേക്ക് വരേണ്ടിവന്നു.

എന്റെ ആങ്ങളമാർക്കൊക്കെ നല്ലരീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്നു. ഒരാൾക്ക് ഐ ഐ ടിയിൽ പഠിക്കാനായി. എനിക്കു മാത്രം നല്ല വിദ്യാഭ്യാസം ലഭിക്കാതെ പോയതിൽ അച്ഛന് വിഷമമുണ്ടായിരുന്നു. പതിനഞ്ച് വയസ്സായപ്പോൾ അച്ഛൻ എന്നെക്കൊണ്ട്  ആന്ധ്രപ്രദേശ് മെട്രിക് എക്‌സാം എഴുതിപ്പിച്ചു. പരീക്ഷ ജയിക്കുകയും ചെയ്തു. വലിയ താല്പര്യമായിരുന്നു പഠിക്കാൻ, പക്ഷേ, സമയം കിട്ടാത്തതുകൊണ്ട് അതു നടക്കാതെ പോയതിൽ വേദനയുമുണ്ടായിരുന്നു. 

? സിനിമയിലേക്കുള്ള രണ്ടാമത്തെ വരവ് എങ്ങനെയായിരുന്നു.

=  ആ രണ്ടുംകെട്ട പ്രായത്തിൽ ഏതുതരം വേഷങ്ങളാണ് ലഭിക്കുക? പിന്നെ അനിയത്തി വേഷങ്ങളിൽ അഭിനയിച്ചുതുടങ്ങി. തുളസിയും ആ സമയത്താണ് സിനിമയിലേക്ക് വരുന്നത്. ‘ഇളമൈ കാലങ്ങൾ’ സിനിമയിൽ അഭിനയിച്ചതെല്ലാം ആ സമയത്താണ്. നൃത്തസംവിധായക പുലിയൂർ സരോജ എന്നെ എപ്പോഴും ശകാരിക്കുമായിരുന്നു. ‘നീയൊക്കെ എന്തിനാണ് അഭിനയിക്കാൻ വരുന്നത്? കല്യാണം കഴിച്ച് പിള്ളാരെ പ്രസവിച്ച് കഴിഞ്ഞുകൂടെ’ എന്നൊക്കെയായിരിക്കും ശകാരം. ഞാൻ കരയുമായിരുന്നു. എനിക്ക്‌ സിനിമയോട് വലിയ മമത ഒന്നുമില്ലാതിരുന്ന

നെടുമുടി

നെടുമുടി

സമയമായിരുന്നു. അത് മാറ്റിയെടുത്തത് നെടുമുടി വേണുച്ചേട്ടനായിരുന്നു. ‘നീ എന്തു ചെയ്തുകൊണ്ടിരിക്കുകയാണ്, നിനക്കെത്രമാത്രം അവസരങ്ങളും കഥാപാത്രങ്ങളും ലഭിക്കുന്നു, നീ നിൽക്കുന്നതു കലാരംഗത്താണ്, പലരും ഇതിനായി തപസ്സിരിക്കുന്ന കാര്യം നിനക്കറിയാമോ? നിനക്ക് അത് എളുപ്പത്തിൽ കിട്ടി. അഭിനയം എന്നത് എത്ര വലിയ സംഗതിയാണ്. നീ അത് ആസ്വദിച്ചു ചെയ്യണം. കലയാണ്, വളരെ ഇഷ്ടത്തോടെ ചെയ്യേണ്ടതാണ് ’ എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ്  ഒരു വലിയ രംഗത്താണ് ഞാൻ പ്രവർത്തിക്കുന്നത്, അതിന്റെ ഗൗരവം ഇതുവരെ എനിക്ക്‌ മനസ്സിലായിരുന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത്‌. അതിനുശേഷമാണ് അഭിനയകലയോട് അഭിനിവേശം ഉണ്ടായത്. അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും ഒരുപാട്  കാര്യങ്ങൾ മനസ്സിലാക്കി. പിന്നീടാണ് ബാലു മഹേന്ദ്രയുടെ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായതും അദ്ദേഹത്തോടുതന്നെ ചാൻസ് ചോദിച്ചതും. ആ അഭ്യർഥന മറക്കാത്ത അദ്ദേഹം പിന്നീട് എനിക്ക് ‘മറുപടിയും’ സിനിമയിൽ അഭിനയിക്കാനുള്ള അവസരവും തരികയുണ്ടായി. അത്‌ എന്റെയൊരു ലൈഫ്ടൈം ക്യാരക്ടർ ആയി മാറി.

? മലയാള സിനിമയിൽ എത്തിയത് എപ്പോഴാണ്.

=  1983ൽ പതിനഞ്ചാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ നിന്നും അവസരം ലഭിക്കുന്നത്. എന്റെ ആദ്യത്തെ മലയാള സിനിമ ‘കക്ക’യിൽ രഘുവരനായിരുന്നു കഥാനായകൻ.

മോഹൻലാൽ

മോഹൻലാൽ

നല്ല രീതിയിൽ നിരൂപകപ്രശംസ ലഭിച്ച സിനിമ. അതിനു ശേഷം ‘കുയിലിനെ തേടി’. പ്രിയദർശന്റെ കഥ, ആരോമ മണി സംവിധാനം. വില്ലൻ കഥാപാത്രമായി മോഹൻലാലും. ആ ചിത്രം വിജയിച്ചതിനെ തുടർന്ന് ഒരുപാട് അവസരങ്ങൾ തേടിയെത്തി. ഒരു വർഷത്തിന് ശേഷം മോഹൻ ലാൽ ആദ്യമായി നായകനായി അഭിനയിച്ച ‘ഇവിടെ തുടങ്ങുന്നു’ സിനിമയിൽ അദ്ദേഹത്തിന്റെ അനിയത്തിയായി ഞാൻ അഭിനയിച്ചു. അതിനുശേഷം ലാൽ പുതിയ ഉയരങ്ങളിലെത്തി.

ആ സിനിമയിൽ എനിക്ക്‌ ജോഡിയായി റഹ്‌മാൻ അഭിനയിച്ചിരുന്നു. റഹ്‌മാൻ ‐ രോഹിണി ജോഡി അക്കാലത്ത് വളരെ പോപ്പുലർ ആയിരുന്നു (തമിഴിലെ സുരേഷ് ‐ നദിയ ജോഡി പോലെ). ഡിസ്‌കോ ഡാൻസ്, ഒരേ ഡിസൈനിലുള്ള  ഡ്രസ് ധരിച്ചുകൊണ്ടുള്ള നൃത്തങ്ങൾ എന്നിവ അക്കാലത്തെ പ്രത്യേകത ആയിരുന്നു.  ഗാനരംഗങ്ങൾക്ക് സിനിമയിൽ  പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. സുന്ദരം മാസ്റ്റർ ആയിരുന്നു മിക്ക  സിനിമകളുടെയും നൃത്തസംവിധായകൻ  . ‘പൊമറേനിയൻ പട്ടിക്കുട്ടി പോലെ ചുറുചുറുക്കോടെ അഭിനയിക്കുന്നവൾ’ എന്ന് എനിക്ക്‌ പേര് ലഭിച്ചു. കുറേയേറെ വേഷങ്ങൾ  ഞാൻ മലയാളത്തിൽ ചെയ്തു.

റഹ്‌മാനൊപ്പം രോഹിണി

റഹ്‌മാനൊപ്പം രോഹിണി

അതിനുശേഷം വീണ്ടും തമിഴിലേക്ക്‌ വന്നു. ‘അണ്ണി’ എന്ന സിനിമയിൽ മോഹനനോടൊപ്പം. തമിഴിൽ വളരെ സെലക്ടീവ് ആയി മാത്രം ഞാൻ അഭിനയിച്ചു. മലയാളത്തിൽ  ഞാൻ ഏത് കഥാപാത്രത്തിൽ അഭിനയിച്ചാലും സ്വീകരിക്കും. ഒരു സിനിമയിൽ കഥാനായിക, വേറൊന്നിൽ അനിയത്തി, മറ്റൊന്നിൽ കൂട്ടുകാരി എന്നിങ്ങനെ ഏത് വേഷത്തിലായാലും. ആ കഥാപാത്രത്തിന് യോജിക്കുമോ എന്നത്‌  മാത്രമായിരുന്നു എന്റെ  പരിഗണന. എന്നെ കുഞ്ഞുന്നാളിലേ കാണുന്നവരാണ്. തമിഴിൽ അങ്ങനെയല്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ശ്രീധറിന്റെ സംവിധാനത്തിൽ ‘തന്തുവിട്ടേൻ എന്നൈ’ എന്ന സിനിമയിൽ അഭിനയിച്ചു. ചിത്രം വിജയിച്ചില്ല. പക്ഷേ, ഇളയരാജയുടെ അഞ്ചു ഗാനങ്ങളും മനോഹരമായിരുന്നു.

മലയാള സിനിമയുടെ സുവർണകാലഘട്ടമെന്ന് പറയാവുന്ന കാലത്ത് മികച്ച സംവിധായകരായ കെ എസ്‌ സേതുമാധവൻ, ശശികുമാർ, രാജീവ്നാഥ്, സിബി മലയിൽ, സത്യൻ അന്തിക്കാട്, ബാലചന്ദ്ര മേനോൻ എന്നിവരുടെ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇന്ന് പ്രശസ്തരായിട്ടുള്ള പല സംവിധായകരും സഹസംവിധായകരായി പ്രവർത്തിച്ചിട്ടുള്ള പല സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.

? തായ്‌മൊഴി തെലുഗ് ആയിട്ടും വളരെ മനോഹരമായി തമിഴിൽ സംസാരിക്കുന്നു, എഴുതുന്നു. കവിതകളും എഴുതുന്നു. ഈ ഭാഷാനൈപുണ്യം കൈവന്നത് എങ്ങനെയാണ്.

= എന്നെ തമിഴ് പഠിപ്പിച്ച അധ്യാപകൻ ബാലാജി തന്നെയാണ് തമിഴിനോടുള്ള എന്റെ അഭിനിവേശത്തിനും കാരണം. അദ്ദേഹത്തിന്റെ മാതൃഭാഷ കന്നടയാണെങ്കിലും തമിഴിനോട് വലിയ മമത പുലർത്തിയ ആളായിരുന്നു. അദ്ദേഹം പകർന്നുതന്നതാണ്‌ തമിഴറിവ്. ഞാൻ വളർന്നു വലുതായതിനുശേഷവും തമിഴിൽ എഴുതി കാണിക്കാൻ എന്നോട്‌ അദ്ദേഹം പറയുമായിരുന്നു. ഇപ്പോൾ ഞാൻ ചിന്തിക്കുന്നതുപോലും തമിഴിലാണ്. ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ തക്കവണ്ണം കവിതകൾ എഴുതിവെച്ചിട്ടുണ്ട് ഞാൻ.

? സമൂഹത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് എപ്പോഴാണ്.

=  ‘മകളിർ മട്ടും’ സിനിമയിൽ അഭിനയിക്കുന്ന നേരത്താണത്. നടൻ നാസറിന്റെ ജീവിതം എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്‌. കടകളുടെയൊക്കെ ഉദ്ഘാടനത്തിന് ചെല്ലുന്ന നാസർ അവിടെനിന്നും കിട്ടേണ്ട പ്രതിഫലത്തുക ഏതെങ്കിലും ഒരു അനാഥാലയത്തിലേക്ക് ആ കടകളുടെ ഉടമകളെക്കൊണ്ടുന്നെ നേരിട്ട് അയപ്പിക്കുകയാണ് പതിവ്. നൂറു രൂപയുടെ ഒരു ഷാൾ ആണെങ്കിൽ പോലും അതിനു സമാനമായ തുക അവർക്ക് കൊടുക്കാൻ നിർദേശിക്കും. അദ്ദേഹത്തിൽ നിന്നും കുറേയേറെ ഞാൻ  പഠിച്ചു. താരത്തിളക്കം കൊണ്ട് കിട്ടുന്ന പ്രതിഫലം സമൂഹത്തിന് ഏതെങ്കിലും ഒരു രീതിയിൽ പ്രയോജനപ്പെടണം എന്ന ചിന്ത അങ്ങനെയാണ് ഉണ്ടായത്.

‘മകളിർമട്ടും’ എന്ന ചിത്രത്തിൽ രേവതി, ഉർവശി, രോഹിണി

‘മകളിർമട്ടും’ എന്ന ചിത്രത്തിൽ രേവതി, ഉർവശി, രോഹിണി

ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഞാൻ ആഗ്രഹിച്ചു. അമ്മത്തൊട്ടിൽ പദ്ധതിയിൽ നിന്നും  കുഞ്ഞിനെ ദത്തെടുക്കാനായി സമീപിച്ചപ്പോൾ എനിക്ക് ഇരുപത് വയസ്സായിരുന്നു പ്രായം. അത്രയും ചെറിയ വയസ്സിൽ കുഞ്ഞിനെ തരാൻ സാധിക്കില്ലെന്ന് അവർ പറഞ്ഞു. ഒരു ദിനപത്രം മുഖേന അറിഞ്ഞ, കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഒരു കുട്ടിയുടെ ചെലവ് ഞാൻ ഏറ്റെടുത്തു. അന്നതിനു വേണ്ടിവന്നത് 350 രൂപയായിരുന്നു. പിന്നീട് വേറെ ഒരു കുട്ടിയുടെ ചെലവും ഏറ്റെടുത്തു. എന്നെ അവർ ‘അക്കാ’  , ‘അക്കാ’ എന്നു വിളിക്കുന്നത് കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു. ഒരു ദീപാവലി ദിവസം ആ രണ്ടു കുട്ടികളെയും എന്റെ വീട്ടിൽ കൊണ്ടുവരാൻ ആഗ്രഹിച്ചു. ആ രണ്ടു കുട്ടികളെ മാത്രം അങ്ങനെ അയക്കുന്നത് നീതിയാവില്ല എന്നവർ അഭിപ്രായപ്പെട്ടപ്പോൾ അവിടത്തെ എട്ട് കുട്ടികളെയും എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഈ കുഞ്ഞുങ്ങൾ ഇങ്ങനെ കൈവിടപ്പെടാൻ കാരണമെന്തായിരിക്കും എന്നാലോചിച്ചപ്പോൾ, ആ കുട്ടികൾ നിർധന കുടുംബത്തിൽ അല്ലെങ്കിൽ സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന ജാതിയിൽ ജനിച്ചതുകാരണം അനാഥരാക്കപ്പെട്ടവരാണെന്ന്‌ മനസ്സിലായി.

ഈ നേരത്ത് ‘മകളിർ മട്ടും’ ചിത്രീകരണം തുടങ്ങി. ഷൂട്ടിങ് സ്‌പോട്ടിനുപുറത്ത് ഞാനും രേവതിയും ഞങ്ങളുടെ ചിന്തകൾ പങ്കുവെച്ചു. ബന്യാൻ പോലുള്ള സംഘടനകൾക്ക് സംഭാവന പിരിക്കാൻ സഹായിച്ചു. ബന്യാൻ അന്ന് ഒരു ചെറിയ സംഘടനയായിരുന്നു. സ്‌പാസ്റ്റിക് സൊസൈറ്റിയെയും അതേപോലെ സഹായിച്ചു. ഇന്ത്യയെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും വിദ്യാർഥികളോട് സംസാരിക്കാൻ തുടങ്ങിയ യുവ ശക്തി എന്ന സംഘടനെയെയും സഹായിച്ചു. പല പൊതുപ്രശ്നങ്ങൾക്കുവേണ്ടിയും സംസാരിച്ചു.  ഉയർച്ചതാഴ്‌ചകൾ നിറഞ്ഞതാണ്‌ ഈ സമൂഹമെന്ന ബോധ്യമാണ് എന്റെ എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. നിലനിൽക്കുന്ന അസമത്വം എന്നെ അസ്വസ്ഥയാക്കുന്നു.

തെലുഗു ചിത്രമായ ‘ത്യാഗയ്യ’യുടെ ലൊക്കേഷനിൽ അച്ഛൻ അപ്പറാവു നായിഡു, നിർമാതാവ്‌ നവത കൃഷ്‌ണം രാജു എന്നിവർക്കൊപ്പം രോഹിണി

തെലുഗു ചിത്രമായ ‘ത്യാഗയ്യ’യുടെ ലൊക്കേഷനിൽ അച്ഛൻ അപ്പറാവു നായിഡു, നിർമാതാവ്‌ നവത കൃഷ്‌ണം രാജു എന്നിവർക്കൊപ്പം രോഹിണി

?  വായനാശീലം തുടങ്ങിയത് എപ്പോഴാണ്.

= പഠിത്തം കുറവാണെന്നുള്ള കാര്യം എന്നെ വിഷമിപ്പിച്ചിരുന്നു. മറ്റുള്ളവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ‘എനിക്കൊന്നും അറിയില്ല, ഞാനൊന്നും പഠിച്ചിട്ടില്ല’ എന്ന അപകർഷതാബോധം ഉണ്ടായിരുന്നു. അത് മറികടക്കാനായി ലൈബ്രറിയിലേക്ക് പോകാൻ തുടങ്ങി. ഒന്നിച്ച് പത്തു പുസ്തങ്ങൾ എടുക്കും. അതിൽ അഞ്ചെണ്ണം മിൽസ് ആൻഡ്‌ ബൂൺ ആയിരിക്കും. പുസ്തകങ്ങൾലൊക്കേഷനിലും കൊണ്ടുപോകും; ഇടവേളകളിൽ വായിക്കാനായി. മാലതി സൻതൂർ എന്ന തെലുഗു എഴുത്തുകാരൻ നിർദേശിക്കുന്ന പുസ്തങ്ങളെ അന്വേഷിച്ചു കണ്ടെത്തി വായിക്കും. ആ പുസ്തങ്ങളുടെ രചയിതാക്കൾ എഴുതിയ മറ്റു പുസ്തങ്ങളും വായിക്കും.

? തമിഴിലെ വായന എപ്പോഴാണ് ആരംഭിച്ചത്.

=  തമിഴ് വാധ്യാർ വിതച്ച താല്പര്യം കാരണം ‘പൊന്നിയിൻ ശെൽവൻ’ പോലുള്ള പുസ്തങ്ങൾ വായിക്കാൻ തുടങ്ങി. അച്ഛനും നിറയെ വായിക്കുന്ന കൂട്ടത്തിലാണ്. തിരക്കഥയൊക്കെ എഴുതും. ദൂരദർശൻ മാത്രമുള്ള കാലം. ആഴ്‌ചയിൽ ഒരിക്കലത്തെ ‘ഒളിയും ഒലിയും’ പരിപാടിക്കായി കാത്തിരുന്ന കാലം. മാസത്തിൽ ഇരുപതു ദിവസം ഷൂട്ടിങ്ങിലാണെങ്കിൽ ബാക്കിയുള്ള പത്തു ദിവസങ്ങളെയും  വായിക്കാനായി മാറ്റിവയ്‌ക്കും.

? താങ്കളുടെ സിനിമാജീവിതത്തിൽ ചില വർഷങ്ങളുടെ ഇടവേള വന്നതെങ്ങനെയാണ്.

=  ഞാൻ പ്രണയാതുരയായ സമയത്തായിരുന്നു അത്. എനിക്കും അച്ഛനുമിടയിൽ അതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. അങ്ങനെ ഞാൻ പ്രത്യേകം താമസമായി. ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ രഘുവരൻ എന്നോട് പ്രണയാഭ്യർഥന നടത്തി. ഞങ്ങൾ ആദ്യമായി ഒന്നിച്ചഭിനയിച്ച കാലത്ത് എനിക്ക് പതിനഞ്ചും രഘുവിന് ഇരുപതും വയസായിരുന്നു. രഘുവിന് ഒരു മാറ്റവും സംഭവിച്ചതായി എനിക്ക് തോന്നിയില്ല. ഞങ്ങൾ 1996ൽ വിവാഹിതരായി. പലരും ഈ തീരുമാനത്തെ കുറ്റപ്പെടുത്തി. ഇടയിൽ എന്ത് സംഭവിച്ചിട്ടുണ്ടായിരുന്നാലും അതിനെ മാറ്റിയെടുക്കാം എന്ന വിശ്വാസത്തിലാണ് ഞാൻ ആ വിവാഹത്തിന് തയാറായത്. പക്ഷേ, ഒന്നും മാറ്റിയെടുക്കാൻ സാധിച്ചില്ല. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് മകൻ ജനിച്ചത്. അവന് അഞ്ചു വയസ്സായ നേരത്ത് ഞങ്ങൾ വിവാഹമോചിതരായി. വിവാഹത്തിനുശേഷം ഏഴു വർഷങ്ങൾ ഞാൻ സിനിമയിൽ നിന്ന് വിട്ടുനിന്നു. അതിനുശേഷം ആദ്യമായി അഭിനയിച്ച സിനിമ ‘വിരുമാണ്ടി’ ആണ്.

? സിനിമയെ വിമർശനാത്മകമായി വീക്ഷിക്കാൻ തുടങ്ങിയത് എപ്പോൾ മുതൽക്കാണ്.

ബാലു മഹേന്ദ്ര

ബാലു മഹേന്ദ്ര

= അതിന് കാരണം ബാലുമഹേന്ദ്രയാണ്. ‘മറുപടിയും’ ചിത്രീകരണ സമയത്താണ് അദ്ദേഹം ലോകസിനിമകളെ എനിക്ക് പരിചയപ്പെടുത്തി തന്നത്. ചെന്നൈയിൽ നടന്ന ഫിലിം അപ്രിസിയേഷൻ കോഴ്സിൽ എന്നോട് ചേരാൻ പറഞ്ഞു. അതിനുശേഷമാണ് എന്റെ വീക്ഷണത്തിൽ മാറ്റം സംഭവിക്കുന്നത്. ഏതാണ് നല്ല സിനിമ എന്ന് തിരിച്ചറിയാൻ കഴിഞ്ഞു. ഗാനങ്ങൾ റെക്കോഡ്‌ ചെയ്യുന്ന നേരത്ത് അഭിനേതാക്കളെ ബാലുമഹേന്ദ്ര സാർ വിളിക്കും. കഥാപാത്രങ്ങളെ പൂർണമായി ഉൾക്കൊള്ളാൻ അത് നിർബന്ധമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എനിക്ക് സാങ്കേതികമായി സിനിമയെ സമീപിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിത്തന്നത്‌ അദ്ദേഹമാണ്. ഞാൻ സീരിയസ് സിനിമ ‐ എന്റർടെയ്ൻമെന്റ്‌ സിനിമ എന്ന വ്യത്യാസമില്ലാതെ അഭിനയിച്ച ആളാണ്. മലയാളത്തിൽ ഭരതനെപ്പോലുള്ളവരുടെ സിനിമകളിലും ജോഷിയെപ്പോലുള്ളവരുടെ സിനിമകളിലും ഒരേ കാലഘട്ടത്തിൽ ഞാൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ എന്റെ ആദ്യത്തെ സിനിമ ‘കക്ക’യെ ഒരു സമാന്തര സിനിമയായി കാണുന്നവരുണ്ട്. ഭരതനും ബാലുമഹേന്ദ്രയുമൊക്കെ എന്തുകൊണ്ടാണ് വ്യത്യസ്ത രീതികളിൽ സിനിമ എടുക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. കല എത്രമാത്രം മഹത്തരമാണെന്നും എങ്ങനെയെല്ലാം അതിനെ പ്രയോജനപ്പെടുത്താം എന്നുമൊക്കെ ആ കോഴ്സ് വഴി ബോധ്യപ്പെട്ടു. ഓരോ ഭാഷാചിത്രങ്ങളും പല രീതിയിൽ നൽകിയ സംഭാവനകളെയും കണ്ടറിഞ്ഞു. അവാങ്ഗാർദ്‌ (avant-guard) സംവിധാന രീതിയെക്കുറിച്ചെല്ലാം പഠിക്കുന്നത് ഈ കോഴ്‌സിലൂടെയാണ്‌. യഥാർഥ ജീവിതത്തിലെങ്ങനെയാണോ അതുപോലെ സിനിമയിലും വരികയാണ് ഓരോരുത്തരും.

കക്ക എന്ന ചിത്രത്തിൽ രോഹിണി

കക്ക എന്ന ചിത്രത്തിൽ രോഹിണി

എന്നാൽ സിനിമയുടെ കഥയും സന്ദർഭങ്ങളും ശരിക്കും ഫിക്‌ഷൻ ആയിരിക്കും. ഈ സന്ദർഭങ്ങളിൽ നിങ്ങൾ ആ കഥാപാത്രമായിരുന്നാൽ നിങ്ങൾ എന്തു ചെയ്യും എന്നതിനെ സിനിമയാക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ പല കാര്യങ്ങളും മനസ്സിലാക്കി. എന്തുകൊണ്ട്‌ ഇന്ത്യൻ സിനിമകൾ ഈ നിലയിലേക്കൊന്നും എത്തുന്നില്ല എന്ന ചോദ്യം ഞാൻ സ്വയം ചോദിച്ചു. സാമൂഹ്യബോധം എന്നിൽ ഉറവെടുത്ത അതേനേരത്താണ് ഇക്കാര്യങ്ങളും നടക്കുന്നത്. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എഴുത്തായിട്ടോ നാടകമായിട്ടോ സിനിമയായിട്ടോ വെളിപ്പെടുത്തുക എന്നതാണ് ശരി എന്ന് ചിന്തിച്ചു.

? സഹസംവിധായകയായി ആരുടെ കൂടെയെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ.

= എല്ലാ കാര്യങ്ങളെയും സശ്രദ്ധം വീക്ഷിച്ചിരുന്നു. ‘രേവതി’ എന്ന പേരിൽ സുരേഷ് മേനോൻ സൺ ടിവിക്ക്‌ വേണ്ടി സംവിധാനം ചെയ്ത പരമ്പരയിൽ സഹസംവിധായകയായി പ്രവർത്തിച്ചു. രേവതി, സുരേഷ് മേനോൻ എന്നീ പരിചയക്കാരോടൊപ്പം ഒരു യൂണിറ്റിൽ പ്രവർത്തിക്കുന്നതിൽ ഒരു കംഫർട്ട്‌ ഉണ്ടായിരുന്നു. രണ്ട് എപ്പിസോഡുകളുടെ സംഭാഷണം സുരേഷ് മേനോൻ എന്നെക്കൊണ്ട്‌  എഴുതിപ്പിച്ചു. തിരക്കഥാരചന, ഛായാഗ്രഹണം എന്നിവയൊക്കെ അങ്ങനെയാണ് പഠിക്കുന്നത്. ഭരതൻ സാർ, തെലുഗിൽ ബാബു സാർ എന്നിവരോടൊത്ത് മോണിറ്റർ ഇല്ലാത്ത കാലത്ത് എങ്ങനെയാണ് ചിത്രീകരണം നടത്തിയത് എന്നത് സസൂക്ഷ്‌മം നിരീക്ഷിച്ചിട്ടുണ്ട്. ഒരു സീനിൽ എന്തിനാണ് ഒരു വശത്തെ മുഖം മാത്രം ആവശ്യം, ചില വികാരങ്ങൾ പ്രകടിപ്പിക്കാൻ മുഖത്തിന്റെ ക്ലോസപ്പിന്‌ പകരം നടുങ്ങുന്ന വിരലുകളോ അല്ലെങ്കിൽ പിന്നിൽ നിന്നെടുക്കുന്ന ശരീരഭാഷയോ മതിയാവും എന്നതുപോലുള്ള കാര്യങ്ങൾ അവരിൽ നിന്നാണ് പഠിച്ചത്. ക്യാമറയെ നോക്കി സംഭാഷണങ്ങൾ പറയുന്നത് മാറ്റി കാര്യങ്ങളെ വേറെ രീതിയിൽ സിനിമയാക്കുക എന്നതാണ് പ്രധാനമെന്ന് മനസ്സിലായി.

കമൽ ഹാസൻ

കമൽ ഹാസൻ

എഡിറ്റിങ് പഠിക്കാൻ തീരുമാനിച്ചു. സംഗീതത്തിൽ അറിവ് പോരാ എന്ന് കരുതി വീണ അഭ്യസിക്കാൻ ആരംഭിച്ചു. ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ട കാര്യങ്ങളൊക്കെ പഠിക്കാൻ തുടങ്ങി, ഇപ്പോഴും അത്‌ തുടർന്നുകൊണ്ടിരിക്കുന്നു. ശിങ്കിതം ശ്രീനിവാസ റാവുവിനെ പോലുള്ള സംവിധായകർ, പി സി ശ്രീറാം പോലുള്ള ഛായാഗ്രാഹകർ, കമൽഹാസൻ, എഡിറ്റർ ലെനിൻ എന്നിവരിൽ നിന്നെല്ലാം കുറേയേറെ പഠിച്ചിട്ടുണ്ട്. കമൽ സാറിന്റെ പുസ്തകവായന എന്നെ ആകർഷിച്ച ഒന്നാണ്. നല്ലൊരു അഭിനേതാവാകണമെങ്കിൽ ‘ധാരാളം വായിക്കണം, പ്രാക്ടീസ് ചെയ്യണം’ എന്ന് അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. അന്നൊക്കെ എനിക്കത് വലിയ കാര്യമായി തോന്നിയില്ല. ‘ക്യാമറയുടെ മുന്നിൽ ചെന്നുനിന്നാൽ അഭിനയം വരുമല്ലോ, പിന്നെന്തിനാണ് പ്രാക്ടീസ് ’ എന്ന് കരുതിയിരുന്നു. നസറുദ്ദീൻ ഷായുടെ അഭിനയം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്, മനോരമയുടെ അഭിനയം എങ്ങനെയാണ് വേറിട്ടുനിൽക്കുന്നത് എന്നതൊക്കെ പിന്നീടാണ് മനസ്സിലായത്. അവരൊക്കെ നാടകകലയുടെ മർമം അറിഞ്ഞവരാണ്.

?  താങ്കൾ നാടക രംഗത്തേക്ക് വരാൻ കാരണം ഇത്തരം നിരീക്ഷണങ്ങളാണോ.

നാസർ

നാസർ

=  അതെ. നാസർ സാറിനോട് വളരെയധികം സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ‘കൂത്തുപ്പട്ടറൈ’ എന്ന നാടകസമിതിയുമായി നല്ല അടുപ്പത്തിലായിരുന്നു. ‘മാക്‌ബത്ത്’  നാടകം ചെയ്യണമെന്ന് ചർച്ച ചെയ്തിട്ടുണ്ട്. അതൊക്കെ വിവാഹത്തിനു മുമ്പ് നടന്ന കാര്യങ്ങളാണ്. നാടകത്തിലുള്ള താല്പര്യം ജനിക്കുന്നതിനു മുമ്പുതന്നെ റിയലിസ്‌റ്റിക്‌ ആയിരുന്നു എന്റെ അഭിനയരീതി. മലയാള സിനിമാ സംവിധായകർക്കാണ് അതിന്റെ ക്രെഡിറ്റ്. എന്തുചെയ്താലും എനിക്ക് ഡ്രാമ വരില്ല. അതുകൊണ്ടാവാം തമിഴിൽ പല സിനിമകളിലും എന്നെ പ്രയോജനപ്പെടുത്താത്തത് എന്ന് കരുതുന്നു. എന്നെ ഒരു ഗ്ലാമറസ് നടിയായി ഞാൻ കണക്കാക്കിയിട്ടില്ല. അങ്ങനെ വെളിപ്പെടുത്താനും എനിക്കറിയില്ല. മലയാള സിനിമകളുടെ സ്വാധീനം എന്നിൽ അധികം കാണാൻ പറ്റും. ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്ന സിനിമകളും അങ്ങനെയായിരിക്കും. തെലുഗിലെ ഒരു സിനിമയിൽ ഞാൻ അഭിനയിക്കുകയാണെങ്കിൽ അതിനെ അതേ രീതിയിൽ മലയാളത്തിലും ഉൾപ്പെടുത്താൻ സാധിക്കും. എനിക്ക് ആ രീതിയിലാണ് അഭിനയിക്കാൻ സാധിക്കുന്നത്. തമിഴിൽ, തെലുഗിൽ, മലയാളത്തിൽ പുതിയ രീതിയിൽ സിനിമ നിർമിക്കാൻ ആഗ്രഹിക്കുന്ന പുതിയ സംവിധായകർ എന്നെ സമീപിക്കുന്നതിന് കാരണവും ഇതാകാം.

അമ്മ വേഷം ചെയ്യുമ്പോഴും അതിലും ഫേയ്‌ക്ക്‌ ആയി എനിക്ക് ഡ്രാമ വരില്ല. ഓരോ റോളിനും ആവശ്യമായ പ്രത്യേകതയോടുകൂടി അഭിനയിക്കാൻ കാരണം എന്തെന്നാൽ എനിക്ക് കിട്ടിയ ശിക്ഷണം അങ്ങനെയായിരുന്നു എന്നതാണ്‌. മലയാള ചലച്ചിത്ര ലോകത്തെ അഭിനയം പഠിച്ച കലാലയം എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് അടുത്തുവരുന്ന തലമുറയിലേക്കും  ഇതിനെയൊക്കെ കൊണ്ടെത്തിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

രഘുവരനും രോഹിണിയും മകനോടൊപ്പം

രഘുവരനും രോഹിണിയും മകനോടൊപ്പം

വിവാഹമോചനത്തിനുശേഷം ‘വിരുമാണ്ടി’യിൽ അഭിനയിക്കുമ്പോഴാണ് നാടകരംഗത്തും പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്. പ്രസന്നാ രാമസ്വാമി, പ്രളയൻ എന്നിവരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സുന്ദര രാമസാമിയുടെ എഴുപത്തഞ്ചാം പിറന്നാളിന് പ്രസന്നാ രാമസാമി ഒരുക്കിയ നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴത്തെ എം പി തമിഴച്ചി തങ്കപ്പാണ്ടിയനൊപ്പം ചേർന്ന് ഭാരതിയുടെ ചൊൽക്കവിതകളെയും സുന്ദര രാമസാമിയുടെ കവിതകളെയും സ്റ്റേജിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനുശേഷമാണ് പൊതു പരിപാടികളിൽ അധികമായി പങ്കെടുക്കാൻ തുടങ്ങിയത്.

? ഇടത് സംഘടനകളുമായി അടുക്കുന്നത്‌  എങ്ങനെയാണ്.

= പുരോഗമന കലാസാഹിത്യ സാംസ്‌കാരിക സംഘടനയായ തമി‌ഴ്‌നാട് മുർപ്പോക്ക് എഴുത്താളർകൾ കലൈഞ്ജർകൾ സംഘവുമായി (ത മു എ ക സ) ബാലു മഹേന്ദ്ര നല്ല അടുപ്പത്തിലായിരുന്നു. ‘മറുപടിയും’ സിനിമാടീമിനെ ത മു എ ക സ ആദരിച്ചിരുന്നു. ഞാൻ അവരുടെ കലൈ ഇരവിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ഇതൊക്കെ മുമ്പേ നടന്നതാണെങ്കിലും ഞാൻ നാടകരംഗത്തും ചില പൊതുപരിപാടികളിലും തുടർന്ന് പങ്കെടുത്തുവന്നതുകൊണ്ട് കിട്ടിയ സൗഹൃദങ്ങളാണ് വീണ്ടും ത മു എ കസയുമായി അടുക്കാൻ കാരണം. ഞാൻ ഇടപെടുന്ന സാമൂഹ്യ വിഷയങ്ങളിൽ എന്റെയും ത മു എ ക സയുടെയും വീക്ഷണങ്ങളിലെ സമാനത ആ അടുപ്പത്തെ വർധിപ്പിച്ചു. സിനിമാതാരം എന്ന നിലയിലല്ല, മറിച്ച് എനിക്ക് സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ അറിയാം, നല്ല നിലപാട് ഉണ്ടാകും എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ എന്നെ ക്ഷണിച്ചിരുന്ന സംഘടനയാണത്. 2006ൽ തുടങ്ങിയ ബന്ധം. കഴിഞ്ഞ മൂന്നുകൊല്ലമായി സംഘടനയിലെ അംഗമാണ്.

സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം എന്നെ അലോസരപ്പെടുത്തുന്നതുകൊണ്ടാണ് ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നത്. ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾക്കും അവർ പ്രവർത്തനത്തിൽ കൊണ്ടുവരുന്ന കാര്യങ്ങൾക്കും തമ്മിൽ നല്ല സമാനതകളുണ്ട്. എന്തൊക്കെ വായിക്കണം, ചില പ്രശ്നങ്ങളെക്കുറിച്ചുള്ള വീക്ഷണം എങ്ങനെ ആയിരിക്കണം എന്നറിയാൻ ക്ഷണിക്കാതെ തന്നെ അവരുടെ പൊതുയോഗങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ആശയങ്ങളിൽ വ്യത്യസ്തത ഇല്ലാതായപ്പോൾ ഒന്നിച്ച് യാത്ര ചെയ്യുന്നതിന് വേറെ തടസ്സമൊന്നുമില്ലാതിരുന്നു. സംഘടനയിൽ അംഗമായി പ്രവർത്തിക്കാൻ വളരെയധികം പ്രോത്സാഹിപ്പിച്ചത് സഖാവ്‌ സ തമിഴ് ശെൽവനാണ്.

സമയമില്ലായ്‌മക്കെതിരായി ആദ്യം നേരിട്ടിറങ്ങുന്നത് ആരെന്നു നോക്കുമ്പോൾ അയാൾ ഒരു കമ്യൂണിസ്റ്റ് ആണെന്ന് ഞാൻ കാണുന്നു. അവരുടെ ഇടപെടൽ ഇല്ലാതെ തമിഴ്നാട്ടിൽ ഒരു കാര്യവും നടക്കില്ല എന്നും എനിക്ക് മനസ്സിലാകുന്നു. അംഗീകാരങ്ങളൊന്നും പ്രതീക്ഷിക്കാതെ ഒരു തോഴനായി മാത്രം പ്രവർത്തിക്കുന്നവരെ ഞാൻ കാണുന്നു. വളരെ വലിയ കാര്യങ്ങൾ ചെയ്യുമ്പോഴും ഒരു പരസ്യവും ഇല്ലാതെയാണവർ അതിൽ പങ്കെടുക്കുന്നത്.

പൊതുബോധത്തിൽ ഉള്ള   സ്വാതന്ത്ര്യസമരം എന്തായിരുന്നു എന്നും സത്യത്തിൽ ആ സമരങ്ങൾ എങ്ങനെയായിരുന്നു എന്നും സമഗ്രതയോടെ അറിഞ്ഞത് ഇടതുപക്ഷത്തിന്റെ പുസ്തകങ്ങൾ വഴിയാണ്.

പല കാര്യങ്ങളും ചരിത്രത്തിൽ തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ചരിത്രമെഴുത്തിലും അസമത്വം ഉണ്ടായിരുന്നു. ഗാന്ധി തന്നെക്കൊണ്ട് കഴിയുന്നതൊക്കെ തന്റെ വിശ്വാസങ്ങൾ അനുസരിച്ച് ചെയ്തതിനെ അംഗീകരിക്കുമ്പോൾത്തന്നെ നേതാക്കൾ എന്ന് കരുതപ്പെടുന്ന വേറെ ചിലർ പ്രതിസന്ധി ഘട്ടങ്ങളിൽ ആരുടെ ഒപ്പമാണ് നിന്നതെന്ന കാര്യങ്ങളൊക്കെ ഇടതുപക്ഷത്ത് നിന്നുള്ളവർ വഴിയാണ് അറിയുന്നത്. ഇപ്പോഴും ഞാൻ ഇടതുപക്ഷത്തെയും അവരുടെ സാഹിത്യങ്ങളെയും സസൂക്ഷ്‌മം പിന്തുടരുകയാണ്.

കമ്യൂണിസത്തെ ഒരു ഫിലോസഫി എന്ന രീതിയിൽ വായിച്ചിട്ടല്ല ഇതിനുള്ളിൽ വന്നത്. എന്നിൽ ഉറവെടുത്ത പുതിയ ചിന്തകൾ കമ്യൂണിസത്തിലും ഉണ്ടെന്നറിയുമ്പോൾ സന്തോഷം തോന്നും. നിലപാടുകളിൽ സമാനതകൾ വരുന്നു. ‘ജയ് ഭീം’ വിഷയത്തിൽ സൂര്യയ്‌ക്കൊപ്പം നിൽക്കണം എന്ന് തീരുമാനിക്കുന്നതിനുമുമ്പ് ആരുമായും ആലോചിച്ചിരുന്നില്ല. ഇടതുപക്ഷം എടുത്ത തീരുമാനവും സൂര്യയ്‌ക്കൊപ്പം നിൽക്കുക എന്നതായിരുന്നു. എന്റെ ആശയങ്ങളിലെ ശരി അറിയാനുള്ള ഉരകല്ലായി എനിക്ക് അത് ഉതകുന്നു.

ബ്രഹ്മചാരിയായ ആഞ്ജനേയനെ കാണാൻ അനുവാദം ഉള്ളപ്പോൾ അതുപോലെ ബ്രഹ്മചാരിയായ അയ്യപ്പനെ കാണാൻ സ്ത്രീകൾക്ക് അനുമതി നിഷേധിക്കുന്നതിനെതിരെ ശബരിമല പ്രശ്നത്തിൽ ഞാൻ ചോദ്യമുയർത്തി. ആരാധനാലായങ്ങളിൽ പോകേണ്ട ആവശ്യമില്ലെന്ന ഒരു നിലപാടുണ്ടെങ്കിലും ജനങ്ങളെ ആകർഷിക്കുന്ന, ചില ധാർമിക മൂല്യങ്ങൾക്ക് സ്ഥാനമുണ്ടെന്നു കരുതുന്ന സ്ഥലങ്ങളാണവ. അതുകൊണ്ട് അത് നിഷേധിക്കാൻ നമുക്ക് അവകാശമില്ലെന്ന് കരുതുന്ന ആളാണ് ഞാൻ. കമ്യൂണിസം ഒരുപക്ഷേ, ഇതിനെക്കുറിച്ച് വേറെ രീതിയിൽ പറയുമായിരിക്കും. ഇതിൽ പലർക്കും പല അഭിപ്രായങ്ങളാണ്. പ്രശ്നങ്ങൾ നേരിടുമ്പോൾ ‘കടവുളേ’ എന്ന്‌ എളിയ മക്കൾ വിളിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസമുണ്ടല്ലോ, അത് തട്ടിപ്പറിക്കാനാവില്ല. ദൈവത്തിന്റെ പേരിൽ നടക്കുന്ന അന്ധവിശ്വാസങ്ങളെ ഞാൻ എതിർക്കുന്നു.

ഇത് ഇപ്പോഴത്തെ എന്റെ നിലപാടാണ്. വരുംനാളുകളിൽ ഇതിൽ മാറ്റമുണ്ടാവാം. എന്തെന്നാൽ ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പത്തിൽ പഠിച്ച പലതിനെയും തള്ളിപ്പറഞ്ഞുകൊണ്ട് സാമൂഹ്യമുന്നേറ്റത്തിന് ഏതാണ് നല്ലതെന്ന് തിരഞ്ഞെടുത്തുകൊണ്ട് നെടുംദൂരം താണ്ടി വന്നതാണ്, യാത്ര ഇനിയും മിച്ചമുണ്ട്.ആ യാത്രയിൽ ചില ചിന്തകളിൽ മാറ്റമുണ്ടാകാം. ഒഴിവാക്കാനാകത്ത ചില സംഗതികൾ ഇപ്പോഴും എന്നോടൊപ്പം ഉണ്ട്. അത് എന്തുകൊണ്ടാണെന്ന് ഞാൻ ആലോചിക്കാറുണ്ട്. അതൊരു പ്രക്രിയ ആണ്. അതിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒരു സംഗതി അതിരുകളിൽ കഴിയുന്ന മനുഷ്യരെ ഒരിക്കലും കൈവിടരുത് എന്നതാണ്. കമ്യൂണിസവും ഇതിനെക്കുറിച്ചല്ലേ പറയുന്നത്. ഇതേക്കുറിച്ചൊക്കെ സംസാരിക്കാൻ തക്ക വലിയ വ്യക്തിയൊന്നുമല്ല ഞാൻ. എന്നാൽ ഞാനും ഇവരിൽ ഒരാളായി ഇവിടെയുണ്ട്.

?  ഇടതുപക്ഷം വ്യത്യസ്തമാകുന്നത് എങ്ങനെയാണെന്നാണ്‌ താങ്കൾ കരുതുന്നത്.

= കോവിഡ് അടച്ചുപൂട്ടൽ കാലത്ത് ബിഹാർ, ഒഡീസ എന്നിവിടങ്ങളൽെ നിന്നും വന്ന തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക്‌  മടങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങളിൽ അത് ആശങ്കയുണ്ടാക്കി. അത്രയും ദൂരം അവരെങ്ങനെ നടന്നെത്തും എന്ന ഭയാശങ്ക. അങ്ങനെ നടന്നുചെല്ലുന്ന പല ഗ്രൂപ്പുകളുടെയും ഫോൺ നമ്പരുകൾ കളക്ട്‌ ചെയ്യുകയും അധികാരികളോട് സംസാരിച്ച് അവർക്ക് വാഹന സൗകര്യം ഏർപ്പാട് ചെയ്യുവാനുമായി ചില സുഹൃത്തുക്കളോടൊപ്പം ഞാൻ പ്രവർത്തിച്ചു. അപ്പോൾ എഐഎഡിഎംകെ ആയിരുന്നു ഭരണത്തിൽ. കുറച്ചു തൊഴിലാളികളെ ഞങ്ങൾ ഗുമ്മിഡിപ്പൂണ്ടിയിലെ ഒരു കോളേജിൽ താൽക്കാലികമായി പാർപ്പിച്ചിരുന്നു. ആ കോളേജ് ഒരു ഡിഎംകെ പാർടിക്കാരന്റേതായതുകൊണ്ട് അധികാരികൾ ആ തൊഴിലാളികളെ അർധരാത്രിയിൽത്തന്നെ ബസ്സിൽ കേറ്റി ഒരു സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി. വിഭ്രമത്തിലായ തൊഴിലാളികളെ ‘ഭയപ്പെടേണ്ടാ, നിങ്ങളെ ഏതുവിധേനയെങ്കിലും അവരവരുടെ സ്വന്തം സ്ഥലങ്ങളിൽ ഞങ്ങൾ കൊണ്ടെത്തിക്കും’ എന്ന, ഹിന്ദി അറിയാവുന്ന, എന്റെ വാക്കുകൾ ആശ്വസിപ്പിച്ചു. അവർക്കുവേണ്ടിയുള്ള പ്രത്യേക െട്രയിൻ ഏർപ്പാടാകുന്നതുവരെ അവരോടൊപ്പം നിന്നു. ഇങ്ങനെ പല കാര്യങ്ങളിലും ഇടപെടുവാൻ ഇടതുപക്ഷ സഖാക്കളാണ് ഒപ്പമുണ്ടായിരുന്നത്. സു വെങ്കടേശൻ എം പി, ബാലകൃഷ്‌ണൻ ഐഎഎസ്, പൂവുലക് സുന്ദർരാജൻ എന്നിവർ വളരെ സഹായിച്ചു.

രോഹിണിയും കവിൻ മലരും നാടക അരങ്ങിൽ

രോഹിണിയും കവിൻ മലരും നാടക അരങ്ങിൽ


ആന്ധ്രയിൽ ഇത്തരം കാര്യങ്ങളെ കവിതാ ഗുരുഗന്ധി ഏകോപിപ്പിച്ചു. ആന്ധ്ര അതിർത്തിവരെ കൊണ്ടെത്തിച്ചാൽ അവർ അവിടെനിന്നും വേറെ വാഹനം ഏർപ്പാടാക്കി തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിൽ കൊണ്ടാക്കും. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ ഇടതുപക്ഷ സഖാക്കൾ എപ്പോഴും മുൻനിരയിലുണ്ടാവും. ഡിഎംകെയിലെ ഒരു വ്യക്തിയുടെ കോളേജിൽ തൊഴിലാളികളെ പാർപ്പിച്ചത് എഐഡിഎംകെ സർക്കാരിന് ഇഷ്ടപ്പെട്ടില്ല. അവിടെ നിന്നും എന്തിനാണ് അവരെ മാറ്റുന്നത്? ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. അവർ ഇങ്ങനെ ചെയ്യില്ല. ഇതൊക്കെയാണ് ഇടതിനോട് എനിക്ക് ആഭിമുഖ്യമുണ്ടാവാൻ കാരണങ്ങൾ.

ഇടതുപക്ഷ സംഘടനകളിൽ മനുഷ്യർ തമ്മിലുള്ള ബന്ധം വ്യത്യസ്തമാണ്. മറ്റു സംഘടനകളിൽ ഒന്നുകിൽ ‘ഞങ്ങളാണ് ഉയർന്നവർ’ എന്ന്‌ അവരിൽ ചിലർ കരുതും, അല്ലെങ്കിൽ ഞങ്ങളെപ്പോലുള്ളവരെ ഉന്നതരായി കണക്കാക്കും. പക്ഷേ, ഇടതുപക്ഷ സംഘടനകളിൽ ഞങ്ങളെയും തുല്യരായി കണക്കാക്കും. സമൂഹത്തിൽ നടി എന്നാൽ പുച്ഛത്തോടെ അല്ലെങ്കിൽ അതിന്‌ നേർവിപരീതമായി വളരെ ആരാധനയോടെ പെരുമാറും. അഞ്ചുവയസ്സ് മുതൽ ഈ രംഗത്ത് വന്നതുകൊണ്ട് ഓർമവെച്ച നാൾ മുതലുള്ള അനുഭവമിതാണ്. അപ്രകാരമല്ലാതെ ഒരു സഹജീവിയായി എന്നെ കാണുന്നത് വളരെ വിരളമായി എന്റെ കുടുംബത്തിൽ നടക്കാറുണ്ട്. പക്ഷേ, അവിടെയും എന്നെയൊരു അച്ചീവർ ആയി കാണും. ഒരു കിരീടം തലയിൽ വെച്ചുതരികയും അതിന്റെ ഭാരം അനാവശ്യമായൊരു സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ആ കിരീടമില്ലാതെ ഇടതുപക്ഷ സഖാക്കളുടെ ഇടയിൽ എനിക്ക് പ്രവർത്തിക്കാൻ പറ്റുന്നുണ്ട്. മറ്റു രാഷ്ട്രീയകക്ഷികളിലും ഇതുപോലെ എന്നോട് പെരുമാറുന്ന സുഹൃത്തുക്കൾ ഉണ്ട്. അങ്ങനെയുള്ള സുഹൃത്തുക്കൾ അവർ ഏത് കക്ഷിയിലാണെങ്കിലും എന്റെ അഭിപ്രായത്തിൽ മാനസികമായി അവരും ഇടതുപക്ഷമാണ്.

സാധാരണയായി കലാലയങ്ങളിലോ അല്ലെങ്കിൽ പൊതുപരിപാടികൾക്കോ ചെല്ലുമ്പോൾ ‘ആശൈ അധികം വച്ച്’ പാട്ടിന് ഡാൻസ് ചെയ്തവൾ അല്ലെങ്കിൽ രഘുവരന്റെ ഭാര്യ അല്ലെങ്കിൽ ഒരു നടി എന്ന നിലയിലാണ് കാണുക. അങ്ങനെ വീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് സ്വാതന്ത്ര്യവും ധൈര്യവും അധികമുണ്ടാവുക. ഈ സ്വാതന്ത്ര്യം വളരെ വിലപ്പെട്ടതാണ്. സഖാക്കൾ ഇങ്ങനെയായിരിക്കുവാൻ കാരണം പ്രസ്ഥാനമാണ്.

നല്ല ഒരു സാമൂഹിക പ്രവർത്തകയായിരിക്കുക എന്നതാണ് എന്റെ നിലപാട്. കക്ഷിരാഷ്ട്രീയത്തിൽ എനിക്ക്‌ താല്പര്യമില്ല. പക്ഷേ, കക്ഷിരാഷ്ട്രീയമാണ് എല്ലാം നിർണയിക്കുന്നത്. അതുകൊണ്ട് നല്ലവരെയാണ് അധികാരത്തിലെത്തിക്കേണ്ടത്. അതിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തെ പിന്തുണച്ചത്. കേന്ദ്രത്തിലെ ബിജെപി ഭരണമാണ് അതിനുകാരണം. അവരുടെ ആർജവമില്ലായ്‌മയെയും ചരിത്ര തമസ്‌കരണങ്ങളെയും നിഷ്ഠൂരതകളെയും പുതിയ രീതിയിലുള്ള പീഡനങ്ങളെയും നേരിടേണ്ടിയിരിക്കുന്നു. ഇവിടെ ഡിഎംകെ ഭരണം വന്നശേഷം ചെറിയൊരു ആശ്വാസം ഉണ്ട്. പുതിയ സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

കുറച്ചുകാലം മുമ്പുവരെ നടൻ സൂര്യ ഇങ്ങനെ ആയിരുന്നില്ല. വിദ്യാർഥികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശത്തോടെ സമൂഹത്തിലേക്ക് ഇറങ്ങിവന്ന സൂര്യ കുറെ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കി. ഇത്രയധികം വിദ്യാർഥികളുടെ ദരിദ്രാവസ്ഥയ്‌ക്ക്‌ കാരണമെന്താണ്? അതിന്റെ സാമൂഹ്യവശങ്ങൾ എന്താണ് എന്ന അദ്ദേഹത്തിന്റെ ചിന്തകളാണ് സമൂഹത്തിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് മനസ്സിലാക്കുവാനും കേന്ദ്ര ഗവൺമെന്റിന്റെ പുതിയ വിദ്യാഭാസ നയത്തിനെതിരെ ദൃഢ നിശ്ചയത്തോടെ എതിർത്തുനിൽക്കാനും കാരണം. ഇപ്പോഴിതാ ‘ജയ് ഭീം’ എടുക്കുകയും അതിനെതിരെ ഉണ്ടായ ആക്രമണങ്ങളെ സധൈര്യം നേരിടുകയും ചെയ്യുന്നു.

? മാധ്യമങ്ങൾ ഉണ്ടാക്കിവച്ചിട്ടുള്ള പൊതുബോധത്തിൽ സിനിമാ നടി എന്നവൾ അഹന്തയുള്ളവൾ, ഷൂട്ടിങ്‌ ഇടവേളകളിൽ ജ്യൂസ് കുടിച്ചുകൊണ്ട് ഇംഗ്ലീഷ് നോവൽ വായിച്ച് ജാഡ കാണിക്കുന്നവൾ, പ്രത്യേകിച്ച് ഒരു വിവരമില്ലാത്തവൾ എന്നൊക്കെയാണല്ലോ. എന്താണ് ഇതിനെക്കുറിച്ചുള്ള അഭിപ്രായം.

=  മാധ്യമങ്ങൾ മാത്രമല്ല, നല്ല എഴുത്തുകാർപോലും ഇങ്ങനെയുള്ള ഒരു ബിംബം സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. അശോക മിത്രന്റെ ‘കരൈന്ത നിഴൽകൾ’ വായിച്ചപ്പോൾ വിഷമം തോന്നി. അതുകൊണ്ടാണ്  അദ്ദേഹം ഇങ്ങനെ എഴുതിയത് വായിച്ചു ഞാൻ ആശ്ചര്യപ്പെട്ടുപോയി’ എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ പറയാൻ കാരണം. എസ് രാമകൃഷ്‌ണന്റെ ‘സഞ്ചാരം’  നോവലിൽ ഒരു നടിയെക്കുറിച്ച് രണ്ടു പേജുകളിലായി എഴുതുമ്പോൾ അവരുടെ തുടയെക്കുറിച്ചും എഴുതുകയാണ്, നടി എന്നാൽ ശരീരം പ്രദർശിപ്പിക്കുന്നവൾ എന്ന കാഴ്‌ചപ്പാടിൽ. ഇതിൽ സത്യമില്ലാതില്ല. പക്ഷേ, പൊതുബോധത്തിലുള്ള മാലിന്യങ്ങളെ എഴുത്തുകാർ എന്തിനാണ്‌ വിളമ്പുന്നത്?
ഇപ്പോഴും മുഖചിത്രങ്ങളായി നടിമാരുടെ പടമാണ് ഉപയോഗിക്കുന്നത്. ഇവർ ഇതിനാണ് പറ്റിയവർ, ഇവർക്ക് ക്യാരക്ടർ എന്നൊന്നില്ല എന്ന ബിംബം ഉണ്ടാക്കിവെച്ചിട്ടുണ്ട്.

സിനിമാതാരങ്ങൾക്ക്‌ പബ്ലിസിറ്റി വേണം, പത്രങ്ങൾക്ക് വാർത്തകളും. ഇവ രണ്ടും ചേർന്ന് നിരർഥകമായ പലതും സൃഷ്ടിക്കപ്പടുന്നു. ക്രിയാത്മകമായ പ്രവൃത്തികൾ ചെയ്യുമ്പോൾ നല്ല രീതിയിലുള്ള വാർത്തകൾ മാധ്യമങ്ങൾ ഇടയ്‌ക്കൊക്കെ നൽകാറുണ്ട് എന്നതിനെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ആർഥവത്തായ കാര്യങ്ങളിൽ പങ്കുകൊള്ളുന്ന നടിമാർ ഉണ്ടെന്ന കാര്യം പോലും പല മാധ്യമങ്ങളുടെയും ശ്രദ്ധയിലില്ല,

രോഹിണി ഇടതുപക്ഷത്തിനായി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്നു

രോഹിണി ഇടതുപക്ഷത്തിനായി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്നു

? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥനാർഥികൾക്കുവേണ്ടി ഇലക്ഷൻ പ്രചാരണം ചെയ്തതിന്റെ അനുഭവം.

= ഞാൻ ഭാഗമായിട്ടുള്ള സംഘടനക്കുവേണ്ടി വളരെ താല്പര്യപൂർവം ചെയ്തതാണത്. വ്യത്യസ്തമായ അനുഭവം. ഇവിടെ സജീവമായി നിന്നതുകാരണം കേരളത്തിൽ സഖാവി പിണറായി വിജയൻ പങ്കെടുത്ത ഒരു പരിപാടിയിൽ വിളിച്ചിട്ടും പോകാൻ പറ്റിയില്ല. ഒരു വീഡിയോ അയച്ചിട്ടുണ്ടായിരുന്നു. ഞാൻ പോയി പങ്കെടുത്ത് പിണറായിക്കുവേണ്ടി സംസാരിച്ചിട്ടുവേണം വോട്ടുകിട്ടാൻ എന്ന മോശം അവസ്ഥയിലൊന്നുമല്ല അവിടത്തെ പാർടി.

? പ്രായം എത്ര കൂടിയാലും ആണുങ്ങൾ നായകന്മാരായി തുടരുന്നതും ഒരു പ്രായം കഴിഞ്ഞാൽ പെണ്ണുങ്ങൾ മാത്രം ചേച്ചി, ചേട്ടത്തി വേഷങ്ങളിലേക്ക് മറ്റപ്പെടുന്നതിനെയും കുറിച്ച്.

=  ഇത് അന്യായമാണ്. ഇപ്പോൾ ചെറിയൊരു മാറ്റമുണ്ട്. കാജോൾ, ജ്യോതിക എന്നിവർ വിവാഹത്തിനു ശേഷവും സിനിമയിൽ നല്ല വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. അവരുടെ കുടുംബങ്ങളും അവരെ സഹായിക്കുന്നുണ്ട്. പക്ഷേ, സിമ്രാന്റെ കാര്യത്തിൽ അതുണ്ടായില്ല. രൂപത്തിൽ ഒരു മാറ്റവും ഇല്ലാതിരുന്നിട്ടുകൂടി നദിയ മൊയ്‌തുവിന്‌ ലഭിച്ചത് അമ്മ വേഷങ്ങളാണ്. ആണുങ്ങൾക്ക് പ്രായം ഒരു പ്രശ്നമേയല്ല. നയൻതാരയ്‌ക്കും സാമന്തയ്‌ക്കും ഇതിനെ തരണം ചെയ്യാൻ പറ്റുന്നുണ്ട്. സ്വന്തമായിട്ട് പ്രൊഡക്‌ഷൻ കമ്പനി ഉള്ളതും ഒരു സഹായമാണ്. ഞാൻ  മുപ്പത്തിനാലാം വയസിൽ അമ്മവേഷം ചെയ്തു. അതിനൊരു കാരണവുമുണ്ടായിരുന്നു.

രഘുവരനെ പിരിയുമ്പോൾ അത് താൽക്കാലികമായിരിക്കുമെന്നാണ് കരുതിയത്. രണ്ടു വർഷം കൊണ്ട് സാഹചര്യങ്ങൾ മാറി വീണ്ടും അദ്ദേഹത്തോടൊത്ത്‌ ജീവിക്കുമ്പോൾ ഞാൻ ഹിറോയിൻ ആയി അഭിനയിക്കുന്നതിനെ ഉൾക്കൊള്ളാൻ അദ്ദേഹത്തിനാവില്ല എന്ന് ചിന്തിച്ചിട്ടാണ്‌  ആ അമ്മ വേഷം സ്വീകരിച്ചത്; ‘അയ്യാ’ എന്ന സിനിമയിൽ നയൻതാരയുടെ അമ്മയായിട്ട്. കഥയനുസരിച്ച് എനിക്കും നടി ലക്ഷ്‌മിക്കും ഒരേ പ്രായം. ആ വേഷം ഏറ്റെടുത്തത്തിന് ലക്ഷ്‌മി എന്നെ ശകാരിച്ചു. എനിക്കും മകനും ജീവിക്കാനുള്ള വരുമാനം വേണമായിരുന്നു. രഘുവരനെ ഓർത്ത് എടുത്ത പുതിയ തീരുമാനം എന്നെ പ്രായം കൂടിയ വേഷങ്ങളിൽ മാത്രമായി ഒതുക്കി.

?  സംവിധായക എന്ന നിലയിലെ അനുഭവം. താങ്കളുടെ സിനിമ എപ്പോഴാണ് തിയേറ്ററിൽ വരിക.

=  ‘ചിന്ന ചിന്ന ആശൈ’ എന്ന സീരിയൽ ആയിരുന്നു അത്. ഞാൻ സംവിധാനം ചെയ്ത എപ്പിസോഡ് ‘ഗംഗ’യിൽ ഞാൻ വളരെയധികം ആരാധിക്കുന്ന എസ് പി ബാലസുബ്രഹ്‌മണ്യത്തെ അഭിനയിപ്പിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ അഭിനയിപ്പിക്കാൻ വേണ്ടി മാത്രമായി എഴുതിയ കഥയാണ് അത്.

സൂര്യ

സൂര്യ

സ്‌കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്കുവേണ്ടി ഒരു സായാഹ്ന  സ്‌കൂളും നടത്തിയിരുന്നു ഞാൻ. ഇതൊക്കെ ചെയ്താലും ‘ജയ് ഭീം’ പോലെ സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമയാണ് എന്റെ ലക്ഷ്യം. ഞാൻ സംവിധാനം ചെയ്ത ‘അപ്പാവിൻ മീശൈ’ സിനിമ ചില കാരണങ്ങളാൽ റിലീസ് ചെയ്യാൻ പറ്റാതെ ഇരിക്കുകയാണ്. മകന്റെ പഠനത്തിനുള്ള ചെലവുകൾ നോക്കേണ്ടതുണ്ട്. ഈ വർഷത്തോടുകൂടി അവന്റെ വിദ്യാഭ്യാസം അവസാനിക്കുകയാണ്. ഇനി എന്റെ താല്പര്യങ്ങൾക്ക് യോജിച്ച രീതിയിലുള്ള കാര്യങ്ങളിലേക്ക് കടക്കണം.

? ഡബ്ബിങ്‌ ആർട്ടിസ്റ്റ് എന്നത് താങ്കളുടെ വേറൊരു അടയാളമാണല്ലോ. അതിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു.

= ‘ഗീതാഞ്ജലി’ ആണ് ഞാൻ ആദ്യമായി ഡബ്ബിങ്‌ ചെയ്ത തെലുഗു സിനിമ. അതിനുശേഷം വന്ന ഒരു ഡബ്ബിങ്‌ ചാൻസിനെ ‘ഞാൻ ഒരു നടിയാണ്, എനിക്കങ്ങനെ ഡബ്ബിങ്‌ മേഖലയിൽ തുടരനാവില്ല’ എന്നുപറഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചു. പക്ഷേ, തുടർന്നും അവർ നിർബന്ധിച്ചുകൊണ്ടിരുന്നു. രാംഗോപാൽ വർമ്മയാണ്‌ ഞാൻ തന്നെ ഡബ്ബിങ്‌ ചെയ്യണമെന്ന്‌ നിർബന്ധം പിടിച്ചത്‌. അദ്ദേഹത്തിന്റെ അപേക്ഷയെ തള്ളിക്കളയാൻ പറ്റാതെ ‘സിനിമ കണ്ടിട്ട് ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം ചെയ്യാം’ എന്ന് നിബന്ധന വെച്ചു. സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. തെലുഗിൽ ‘ശിവാ’ എന്നും തമിഴിൽ ‘ഉദയം’ എന്നുമാണ്‌ ആ സിനിമയുടെ പേര്‌. സരിതയും റോജാ രമണിയും അഭിനയത്തോടൊപ്പം ഡബ്ബിങ്ങും ചെയ്തിരുന്നത് അറിഞ്ഞപ്പോൾ ഞാനും തുടരാമെന്ന് തീരുമാനിച്ചു.

എല്ലാവർക്കും ഒരേപോലെ ഡബ്ബിങ്‌ ചെയ്യുന്നവരെ കാണാം. സിനിമ കാണുമ്പോൾ കഥാപാത്രം മാത്രമാവണം മനസ്സിൽ നിൽക്കേണ്ടത്. ‘ഇന്ന ആളാണ് ശബ്ദം നൽകിയിരിക്കുന്നത്’ എന്ന് തിരിച്ചറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മാത്രമല്ല ഞാൻ എനിക്കുവേണ്ടി ഡബ്ബിങ്‌ ചെയ്യുമ്പോൾ പ്രശ്നമാകുമോ എന്നും തോന്നി. ‘ബോംബെ’ സിനിമയിൽ മനീഷാ കൊയ്‌രാളയ്‌ക്കും ‘ഇരുവറി’ൽ സിനിമയിൽ ഐശ്വര്യാ റായിക്കും ശബ്ദം നൽകി. എന്റെ ശബ്ദത്തിന്റെ പ്രത്യേകത ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതോടെ ഡബ്ബിങ്‌ നിർത്തി.

? ഇഷ്ടപ്പെട്ട എഴുത്തുകാർ.

=  പൂമണി, മൗനി, കു അഴഗിരി സാമി, ബാമാ, മനുഷ്യപുത്രൻ, സുകുമാരൻ, സ തമിഴ്ശെൽവൻ. ഇവരിൽ തമിഴ്ശെൽവനിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ട്. തമിഴിൽ ഞാൻ വായിക്കേണ്ട എഴുത്തുകാർ വേറെയും ഒരുപാടുപേർ ഉണ്ട്. തെലുഗിൽ ശ്രീ ശ്രീ, സലം എന്നിവരെ ഇഷ്ടം. തെലുഗു സാഹിത്യകൃതികൾ വായിക്കാൻ തുടങ്ങിയത് ഈയിടെയാണ്. മലയാളത്തിൽ തകഴി, ബഷീർ, സക്കറിയ എന്നിവരുടെ സൃഷ്ടികൾ വായിച്ചിട്ടുണ്ട്‌. എന്റെ മനസിനുള്ളിൽ ബഷീറിന് ‘ഒരു തമിഴ് എഴുത്തുകാരൻ’ എന്നതാണ് സ്ഥാനം. മലയാളം വായിക്കാനാറിയാമെങ്കിലും ബഷീറിനെ തമിഴ് വിവർത്തനങ്ങളിൽ കൂടി വായിച്ചതുകൊണ്ടാവണം അങ്ങനെ തോന്നാൻ കാരണം.

? താങ്കളുടെ ഇടതുപക്ഷ ബന്ധത്തെ സിനിമാലോകം എങ്ങനെയാണ് കാണുന്നത്.

= നല്ല മതിപ്പാണ്. ഇവൾ വായിക്കുന്നവളാണ്, പറയുന്നത് ശരിയായ കാര്യങ്ങളാണ് എന്നൊക്കെയുള്ള ഒരു ഇമേജ്. സിനിമാമേഖലയിൽ ഏതെങ്കിലും പ്രശ്നം ഉരുത്തിരിയുകയാണെങ്കിൽ   അഭിപ്രായം അറിയാനായി അവർ സമീപിക്കുന്ന നാലുപേരിൽ ഒരാൾ ഞാനായിരിക്കും. നടികർ സംഘവും പ്രൊഡ്യൂേസഴ്‌സ് കൗൺസിലും  ഏത് കാര്യങ്ങൾക്കാവും എന്നെ സമീപിക്കുക എന്ന കാര്യത്തിൽ നല്ല ധാരണയുണ്ട്. പൊതുവായ അല്ലെങ്കിൽ സാമൂഹ്യപരമായ കാര്യങ്ങളിൽ, ഉദാഹരണത്തിന് ജല്ലിക്കട്ട്, തൂത്തുക്കുടി പോലീസ് വെടിവെയ്‌പ്പ്‌ പോലുള്ളവയിൽ, എന്ത്‌ നിലപാടെടുക്കണം എന്നു വരുമ്പോൾ എന്നെയും ഉൾപ്പെടുത്തുന്നത്  നല്ല കാര്യമായാണ്  കാണുന്നത്  .
മൊഴിമാറ്റം: സുജിത്‌കുമാർ

(ദേശാഭിമാനി വാരികയിൽ നിന്ന്‌)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top