കമ്യൂണിസ്റ്റാവുക എന്നാൽ പുരയ്ക്കുപുറത്താവുക എന്നൊരു കാലമുണ്ടായിരുന്നു. നാടിനും നാട്ടാർക്കും കൊള്ളാവുന്നവൻ വീടിനു കൊള്ളാത്തവനാകുന്ന കാലം. അന്നും മനുഷ്യർ കോൺഗ്രസ് സോഷ്യലിസ്റ്റായും കമ്യൂണിസ്റ്റായും ജീവിച്ചു. ഒളിവിലും തെളിവിലും പടപൊരുതിയ അക്കൂട്ടരോടാണ് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ കടപ്പെട്ടിരിക്കുന്നത്.
ചെറുകാടിന്റെ ‘ജീവിതപ്പാത’ പുറത്തുവന്നിട്ട് അമ്പതാണ്ട്. അതിനും അരനൂറ്റാണ്ടു മുമ്പുള്ള കേരളീയ ജീവിതത്തെയാണ് ജീവിതപ്പാത നിവർത്തിവയ്‌ക്കുന്നത്. വള്ളുവനാട്ടിലും ഏറനാട്ടിലും പുരോഗമന പ്രസ്ഥാനങ്ങൾ വേരുറപ്പിച്ചതിന്റെയും പടർന്നുപന്തലിച്ചതിന്റെയും രൂപരേഖയാണ് ഒരർഥത്തിൽ ഈ ആത്മകഥ. എന്നെങ്കിലും അധികാരത്തിൽ വരുമെന്നോ ഏതെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കുമെന്നോ കിനാവുകാണാൻ കഴിയാത്ത കാലത്ത് പാർടിക്കുവേണ്ടി അഹോരാത്രം പാടുപെട്ട മനുഷ്യരോടാണ് കേരളത്തിലെ കമ്യൂണിസ്റ്റുപാർടിയും സഖാക്കളും കടപ്പെട്ടിരിക്കുന്നതെന്ന് പറയാതെ പറയുകയാണ് ജീവിതപ്പാത. ആവിഷ്കരിക്കപ്പെടുന്ന സാമൂഹ്യജീവിതത്തിന്റെ സവിശേഷതകൊണ്ടാണ് അമ്പതാണ്ട് പിന്നിടുമ്പോഴും ഇത് പ്രസക്തമാകുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും സോഷ്യലിസ്റ്റുകളുടെ വിപ്ലവബോധ്യങ്ങളും കമ്യൂണിസ്റ്റുകളുടെ ഒളിവുജീവിതവും ഇതിൽ കാണാം. കൂടെ സമരവും സർഗാത്മകതയും ഒന്നിച്ചുനീങ്ങുന്നതിന്റെ ദൃശ്യങ്ങളും.
ചെറുകാട് വിപ്ലവം ആരംഭിക്കുന്നത് വീട്ടിൽനിന്നാണ്. തനിക്കവകാശപ്പെട്ടതൊക്കെയും തറവാട്ടു കാരണവരോട് ചോദിച്ചും ചോദിക്കാതെയും കവർന്നെടുക്കാനുള്ള ത്രാണി ചെറുപ്പത്തിലേ പ്രകടിപ്പിച്ചു. പഠനം നിർത്തുകയും തുടരുകയും ചെയ്തു. കുടുമ മുറിച്ച് പാരമ്പര്യങ്ങളോട് കലഹിച്ചു. കെട്ടുകല്യാണ സമ്പ്രദായത്തിനെതിരെ പ്രതിഷേധിച്ചു. വിപ്ലവത്തിന്റെ പാദുകം പുറത്തഴിച്ചുവച്ച് അകത്തുകയറുന്നതായിരുന്നില്ല, ചെറുകാടിന്റെ രീതി. തറവാടിന്റെ കൈകാര്യസ്ഥത കൈവന്നപ്പോൾ പത്തായപ്പുരയും കലവറയും തുറന്നിട്ടുകൊണ്ട് സർവതന്ത്ര സ്വാതന്ത്ര്യമാണ് നടപ്പിലാക്കിയത്. ഭരിക്കലും ഭരിക്കപ്പെടലുമില്ലാത്ത സ്വച്ഛന്ദതയായിരുന്നു ചെറുകാടിന്റെ സ്വപ്നം. പാരമ്പര്യമായി കിട്ടിയതൊക്കെയും ഉരുക്കിവിറ്റ് കൃഷിപ്പണിക്കൊരുങ്ങുന്ന അദ്ദേഹം കലഹപ്രിയനായ വിപ്ലവകാരിയായിരുന്നു എന്നതിൽ തർക്കമില്ല.
കഴിഞ്ഞുകൂടാൻ വഴിയുണ്ടായിട്ടും ദേശീയപ്രസ്ഥാനത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർടിയിലും പ്രവർത്തിച്ച പാരമ്പര്യമാണ് ചെറുകാടിന്റേത്. രാഷ്ട്രീയ കാരണങ്ങളാൽ പലപ്പോഴും തൊഴിലുപേക്ഷിക്കേണ്ടിവന്നു. രഹസ്യമായി പാർടി സെല്ലുകൾ രൂപീകരിക്കുന്നതിൽ ഭാഗഭാക്കായി. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ഭരണത്തിലേറിയപ്പോൾ അവർ കമ്യൂണിസ്റ്റുകളെ മുഖ്യശത്രുക്കളായി പ്രഖ്യാപിക്കുകയും വേട്ടയാടുകയും ചെയ്തു. പലർക്കും ജോലി നഷ്ടപ്പെട്ടു. ചെറുകാടുൾപ്പെടെയുള്ള അന്നത്തെ സഖാക്കൾ അനുഭവിച്ച യാതനകളുടെ നേർചിത്രം ജീവിതപ്പാത വരച്ചുകാണിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് കവി, നാടകകൃത്ത്, കലാകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ പല വേഷങ്ങളാടിയ ചെറുകാടിന്റെ ബഹുമുഖ വ്യക്തിത്വത്തെയും ഇവിടെ കാണാം.
കെട്ടുകല്യാണം, തിരണ്ടുകുളി, പുല തുടങ്ങിയ അനാചാരങ്ങളെ ജീവിതപ്പാത പ്രശ്നവൽക്കരിക്കുന്നു. മാതൃഭാഷാധ്യാപകർ അനുഭവിച്ചിരുന്ന അരികുവൽക്കരണത്തെയും വിദ്യാഭ്യാസമേഖലയിലെ ഭാഷാവരേണ്യതയെയും തുറന്നുകാട്ടാനും മടികാണിക്കുന്നില്ല. കോൺഗ്രസിനകത്തെ ചേരിതിരിവുകളും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പാർടികളുടെ രൂപീകരണവും പാർടിയിലെ പിളർപ്പും അതുണ്ടാക്കിയ അങ്കലാപ്പും ചെറുകാടിന്റെ വസ്തുനിഷ്ഠാവതരണത്തിന് വഴങ്ങുന്നു. ഇ എം എസും എ കെ ജിയും കൃഷ്ണപ്പിള്ളയും ഉറച്ചുനിന്ന വഴി സ്വീകരിക്കുകയായിരുന്നു ചെറുകാട്. വള്ളുവനാട്ടിലും ഏറനാട്ടിലും കമ്യൂണിസ്റ്റ് പാർടിയെ വളർത്തുന്നതിലും കർഷകത്തൊഴിലാളികളെയും അധ്യാപകരെയും സംഘടിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ജന്മികുടുംബാംഗം എന്ന പോരിമയെ തൃണവൽഗണിച്ചാണ് ചെറുകാടിനെപ്പോലെയുള്ളവർ പുരോഗമനപക്ഷത്ത് നിലകൊണ്ടത് എന്ന ചരിത്രയാഥാർഥ്യത്തെ ഇത്തരം കൃതികൾ ഓർമിപ്പിക്കുന്നു. താൻ ജീവിച്ച കാലത്തെ ചരിത്രവും പുരോഗമനപക്ഷത്തിന്റെ പോരാട്ടവീര്യവും ജീവിതപ്പാത മുന്നോട്ടുവയ്‌ക്കുന്നുണ്ട്. അതിന്റെ വെളിച്ചം തിരിനീട്ടുന്നു, ഇപ്പുറത്തേക്കും അരനൂറ്റാണ്ടിനപ്പുറത്തേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..