22 November Friday

ജോയിക്ക്‌ കണ്ണീരോടെ വിട

സ്വന്തം ലേഖകൻUpdated: Monday Jul 15, 2024

ജോയിയുടെ മൃതദേഹത്തിനുസമീപം അമ്മ മെൽഹിയും സഹോദരങ്ങളായ ജെസിയും ജോളിയും. 
മേയർ ആര്യാ രാജേന്ദ്രൻ, സി കെ ഹരീന്ദ്രൻ എംഎൽഎ തുടങ്ങിയവർ സമീപം


തിരുവനന്തപുരം
രണ്ടു രാപകലുകൾ തലസ്ഥാന നഗരം നടത്തിയ മഹാരക്ഷാദൗത്യത്തിനൊടുവിൽ ലഭിച്ചത്‌ ജോയിയുടെ ചേതനയറ്റ ശരീരം.  തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുൻവശത്തുനിന്ന്‌ ഒരു കിലോമീറ്റർ വടക്കുമാറി  തകരപ്പറമ്പിനും ഉപ്പിടാമൂട്‌ പാലത്തിനും ഇടയിൽ ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത്‌ തിങ്കൾ രാവിലെ എട്ടോടെ മൃതദേഹം കണ്ടെത്തിയത്‌. രാവിലെ ആറോടെ നാവികസേനയുടെ മുങ്ങൽ വിദഗ്‌ധർ എത്തി  സോണാർ സംവിധാനം ഉപയോഗിച്ച്‌ റെയിൽവേ ടണലിൽ പരിശോധന നടത്തുന്നതിനിടെയാണ്‌ വിവരം ലഭിച്ചത്‌. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കോർപറേഷൻ നിയോഗിച്ച രാത്രികാല സ്‌ക്വാഡിലെ തൊഴിലാളികളും യാത്രക്കാരുമാണ്‌ ആദ്യം മൃതദേഹം കണ്ടത്‌. ഞായർ രാത്രി പെയ്‌ത കനത്തമഴയിൽ മൃതദേഹം ഒഴുകിനീങ്ങിയെന്നാണ്‌ നിഗമനം. രാവിലെ ഒമ്പതോടെ അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ്‌ സംഘം സ്ഥലത്തെത്തി അഴുകിത്തുടങ്ങിയ മൃതദേഹം  മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കൾ എത്തി ജോയി ആണ്‌ എന്ന്‌ ഉറപ്പിച്ചശേഷമാണ്‌ പോസ്‌റ്റുമോർട്ടം നടത്തിയത്‌. വൈകിട്ട്‌ 4.30 ഓടെ മാരായമുട്ടം വടകര മലഞ്ചേരി വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ജോയി അവിവാഹിതനാണ്‌. അമ്മ: മെൽഹി. സഹോദരങ്ങൾ: കോശി, ജെസി, ജോളി.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, മന്ത്രി എം ബി രാജേഷ്‌ ഉൾപ്പെടെയുള്ളവർ ആശുപത്രിലെത്തി അന്തിമോപചാരമർപ്പിച്ചു.

റെയിൽവേയ്‌ക്കുവേണ്ടി മാലിന്യം നീക്കുന്നതിനാണ്‌ കൂലിത്തൊഴിലാളിയായ ജോയി ശനിയാഴ്‌ച രാവിലെ ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയത്‌. പകൽ 11 ഓടെ മഴവെള്ളപ്പാച്ചിലിൽ റെയിൽവേ ട്രാക്കിനടിയിലൂടെ നിർമിച്ച ടണലിനുള്ളിലേക്ക്‌ വീഴുകയായിരുന്നു. റെയിൽവേയ്‌ക്കുവേണ്ടി നിർമിച്ച 93 വർഷം പഴക്കമുള്ള ടണലിൽ മാലിന്യം അടിഞ്ഞുകൂടിക്കിടന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ഡൈവിങ്‌ സംഘം, ദുരന്തനിവാരണ സേന എന്നിവ റോബോട്ടിക്‌ സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച്‌ നടത്തിയ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top