26 December Thursday

നവോത്ഥാനമൂല്യങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ഹിന്ദുത്വ രാഷ്‌ട്രീയം

കെ എ വേണുഗോപാലൻUpdated: Saturday Oct 14, 2023


ദേവസ്വം മന്ത്രിക്കെതിരെ ബ്രാഹ്മണ പുരോഹിതർ ജാതി വിവേചനം കാണിച്ച സംഭവത്തിൽ ഒരു ഇടതുപക്ഷ ചിന്തകന്റെ ഭാഗത്തു നിന്ന് വന്ന പ്രതികരണം ശ്രദ്ധേയമായി തോന്നി. “നാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ നൂറ്റാണ്ടു മുമ്പത്തെ ആളുകളാണ്. അവരുടെ പേരിൽ ഊറ്റം കൊണ്ടാൽ അവസാനിക്കുന്ന ഒന്നല്ല ജാതിയും ജാതി വിവേചനവും’ എന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പിലെ ശ്രദ്ധേയമായ വാചകം. കേരളത്തിൽ ജാതി സംഘടനകൾക്ക് ഉണ്ടായ വളർച്ചയും അവരുടെ പരിപാടികളിൽ ഇടതുപക്ഷ മന്ത്രിമാരടക്കം പങ്കെടുക്കുന്നതും ഒക്കെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അതൊക്കെയാണ് ജാതി വിവേചനം തിരിച്ചുവരാൻ കാരണം എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് മഹത്തുക്കളായ വ്യക്തികൾ തന്നെയാണ്. എന്നാൽ അവരുടെ പ്രവർത്തന വിജയത്തിനാധാരമായ ഭൗതിക സാഹചര്യങ്ങളും അന്ന് ഒത്തുവന്നിരുന്നു. മുതലാളിത്ത വളർച്ച ഉണ്ടാവുന്നതിന് മുമ്പാണ് മാർക്സ് ജനിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ മൂലധനമോ എഴുതാൻ കഴിയുമായിരുന്നില്ല.

മുതലാളിത്തം വളർന്നതിനുശേഷം ജനിക്കുന്ന മറ്റൊരു ബുദ്ധിജീവി ആയിരിക്കും ആ കടമ നിർവഹിച്ചിട്ടുണ്ടാവുക. അതുപോലെ ഇന്ത്യയിൽ മുതലാളിത്ത വളർച്ചയ്ക്ക് മുമ്പ് നവോത്ഥാന പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. ഇന്ത്യയിൽ മുതലാളിത്തം വളർച്ച പ്രാപിച്ച പ്രദേശങ്ങളിലാണ് നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. കേരളത്തിൽ വൈകിയാണ് നവോത്ഥാന പ്രസ്ഥാനം വളരാനാരംഭിച്ചത്. ബംഗാളിനെ അപേക്ഷിച്ച് വൈകിയാണ് കേരളത്തിൽ മുതലാളിത്ത വികസനമുണ്ടായത് എന്ന കാര്യം ഇതുമായി കൂട്ടിവായിക്കേണ്ട കാര്യമാണ്.



ഇന്ത്യയിൽ നടന്ന ജാതി വിരുദ്ധ സമരങ്ങളിൽ ഏറ്റവും മഹത്തരമായിരുന്നത് ശ്രീനാരായണ പ്രസ്ഥാനം തന്നെയായിരുന്നു. കേരളത്തിലുണ്ടായ മുതലാളിത്ത വളർച്ചയോടൊപ്പമാണ് ശ്രീനാരായണ പ്രസ്ഥാനവും വളരുന്നത്. കേരളം അന്ന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് കിടന്നിരുന്നത്. ഇതിൽ മലബാർ, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗം എന്ന നിലയിൽ പൂർണമായും ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നു.

കൊച്ചിയും തിരുവിതാംകൂറും രാജഭരണത്തിന് കീഴിലും. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ഉണ്ടായ ഭൂപരിഷ്കരണ നടപടികളിൽ നിന്നും ഈഴവരും സിറിയൻ ക്രിസ്ത്യാനികളുമാണ് നേട്ടമുണ്ടാക്കിയത്. വൻകിട ഭൂപ്രഭുക്കളായിരുന്ന പലർക്കും ഭൂമി നഷ്ടപ്പെടുകയും കൃഷിഭൂമിയുടെ അഞ്ചിൽ നാല് ഭാഗവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സർക്കാർ ഉടമസ്ഥതയിൽ വരികയും ചെയ്തു.

തുടർന്ന് 1860ൽ നെൽവയലുകളുടെ പരിപൂർണ ഉടമസ്ഥത കർഷകർക്ക് നൽകുകയും അവരെ ഏകപക്ഷീയമായി കുടിയൊഴിപ്പിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. 75ശതമാനം വരുന്ന കർഷകരും അവർ കൃഷി ചെയ്യുന്ന ഭൂമിയുടെ ജന്മികളായിത്തീരുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്. ബ്രിട്ടീഷ് മലബാറിൽ 8% പേർക്ക് മാത്രമാണ് അവരുടെ കൃഷിഭൂമിയിൽ ജന്മാവകാശമുണ്ടായിരുന്നത്. ഇതും കാർഷിക രംഗത്തുണ്ടായിരുന്ന അനുകൂല അവസ്ഥയും തിരുകൊച്ചി ഭാഗത്തെ ഈഴവ കർഷകരെ തെങ്ങ് പോലുള്ള വാണിജ്യവിളകൾ കൃഷി ചെയ്യുന്നതിന് പ്രോത്സാഹിപ്പിച്ചതായി ഇന്ത്യയിലെ നവ മുതലാളിമാർ എന്ന ഗ്രന്ഥത്തിൽ ഹരീഷ് ദാമോദരൻ അഭിപ്രായപ്പെടുന്നു.

ഇതിലുപരി 1859ൽ ഐറിഷ്‌ ജാതനായ അമേരിക്കക്കാരനായ ജെയിംസ് ഡേര ആലപ്പുഴയിൽ ഒരു കയർഫാക്ടറി സ്ഥാപിച്ചു. കയർ സംസ്കരണത്തിനും കയറ്റുപായ നെയ്ത്തിനുമുള്ള വ്യവസായമായിരുന്നു അത്. ചകിരി നാരെടുക്കുന്ന ജോലി വികേന്ദ്രീകരിക്കപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് 1919ലും 1927ലുമായി രണ്ട് കയർ ഫാക്ടറികൾ കൂടി ആലപ്പുഴയിൽ സ്ഥാപിക്കപ്പെട്ടു. ഈഴവ സമുദായക്കാരനായ കെ സി കരുണാകരനാണ് ഇത് സ്ഥാപിച്ചത്.

തെങ്ങ് ചെത്തലും കള്ളു വില്പനയും കുലത്തൊഴിലായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ഈഴവരിൽ നിന്ന് ആധുനിക വ്യവസായം നടത്തുന്ന ഒരു മുതലാളി വളർന്നുവന്നതായാണ് ഇത് കാണിക്കുന്നത്. ഈ വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പിന് തൊഴിലാളി വർഗ്ഗത്തിന്റെ വർഗ്ഗപരമായ യോജിപ്പ് അനിവാര്യമായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വെച്ചുകൊണ്ട് തൊഴിലാളികൾക്ക് കയർ ഫാക്ടറികളിൽ തൊഴിലെടുക്കാൻ ആകുമായിരുന്നില്ല.

അതായത് കേരളത്തിൽ വളർന്നുവരുന്ന ആധുനിക മുതലാളിത്തത്തിന്റെ ആവശ്യം കൂടിയായിരുന്നു ജാതീയമായ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിക്കുക എന്നത്. മുതലാളിത്തവളർച്ചയുടെ അനുബന്ധമായോ മുന്നോടിയായോ ആണ് നവോത്ഥാന പ്രസ്ഥാനം വളർന്നുവന്നത് എന്നാണ് ഇത് കാണിക്കുന്നത്. ലോകമെമ്പാടും ഇതു തന്നെയായിരുന്നു സ്ഥിതി.



എന്നാൽ സ്വാതന്ത്ര്യലബ്ധിയോടെ മുതലാളിത്തം ഭരണാധികാരി വർഗ്ഗമായി മാറി. തൊഴിലാളി വർഗ്ഗത്തിന്റെ യോജിപ്പിനെയും സമരൈക്യത്തെയുമാണ് അവർ ഏറ്റവും പ്രധാനപ്പെട്ട എതിരാളിയായി കണ്ടത്. 1957 ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് എതിരായി നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത സംഘടനകളിൽ അണിനിരന്നവരെ തന്നെ ജാതി സംഘടനകളിൽ അണിനിരത്താനും വിമോചന സമരം സംഘടിപ്പിക്കാനും ഭരണവർഗത്തിന് കഴിഞ്ഞു.

തുടർന്ന് ജാതി സംഘടനകൾ രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുന്നതും അവർ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിൽ സഖ്യകക്ഷികൾ ആയി മാറുന്നതും മന്ത്രിസഭയിൽ പങ്കാളിത്തം വഹിക്കുന്നതും നാം കണ്ടു. വിമോചന സമരവും അതിൽ ഉണ്ടായ വിജയവുമാണ് കേരളത്തിൽ ജാതിസംഘടനകൾ ശക്തിപ്പെടുന്നതിലേക്ക് നയിച്ചത്. വ്യത്യസ്ത ജാതികളിൽപെട്ടവർ തുടർന്ന് സംഘടനകൾ രൂപീകരിക്കുന്ന സ്ഥിതിയുണ്ടായി.

സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ ഒരു പരിധിവരെ തടഞ്ഞു. തുടർന്ന് നവലിബറൽ നയങ്ങൾ നടപ്പിലാക്കാനാരംഭിച്ചതോടെ ഉത്തരാധുനിക ചിന്താഗതിക്ക് സ്വാധീനം ലഭിക്കുകയും സ്വത്വ രാഷ്ട്രീയം ശക്തിപ്പെടുകയും ചെയ്തു. അസംഘടിത തൊഴിലാളി വർഗം എണ്ണത്തിൽ വർധനവുണ്ടാക്കുകയും സംഘടിത തൊഴിലാളിവർഗം എണ്ണത്തിൽ കുറയുകയും ചെയ്തു. ഇത് സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചക്കിടയാക്കി. ഈ സ്വത്വ രാഷ്ട്രീയത്തിന്റെ ഒരു സവിശേഷ രൂപമായാണ് ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ വേരുപിടിക്കാനാരംഭിച്ചത്.

ജാതി സംഘടനകളെ സ്വന്തം മുന്നണിയിൽ കൊണ്ടുവരുന്നതിനുള്ള നിരന്തരമായ ശ്രമം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായി. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ഒരു സംഘടനയുടെ രാഷ്ട്രീയപാർട്ടി അവരുടെ മുന്നണിയുടെ ഘടകകക്ഷിയായി മാറി. ജാതി സംഘടനകളിൽ അണിനിരക്കുന്ന സാധാരണക്കാരായ ജനങ്ങളെ കൂടെ നിർത്തണമെങ്കിൽ അവരുടെ പരിപാടികളിൽ മന്ത്രിമാർ സഹകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറി. അത്തരം പരിപാടികളിൽ പങ്കെടുക്കാൻ കമ്മ്യൂണിസ്റ്റുകാരും നിർബന്ധിതരായി.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ മുതലാളിത്തത്തിന് ഉണ്ടായ മാറ്റവും ഭരണവർഗത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റവും ഘടനാപരമായി തൊഴിലാളി വർഗത്തിനിടയിൽ വന്ന മാറ്റവും കണക്കിലെടുക്കാതെ ഇതിനൊക്കെ കുറ്റക്കാർ ഇടതുപക്ഷക്കാരും വിശിഷ്യാ കമ്മ്യൂണിസ്റ്റുകാരും ആണ് എന്ന് കുറ്റപ്പെടുത്തുന്നത് കാല്പനികമായ ബൗദ്ധിക വ്യായാമം മാത്രമാണ്.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top